UPDATES

സിനിമ

ട്രാഫിക് ബ്ലോക്കില്‍ പെട്ട് 10 മിനിട്ട് താമസിച്ചു, എന്റെ അവാര്‍ഡ് മറ്റൊരാള്‍ക്ക് കിട്ടി; ഫിലിം ഫെയര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ അവാര്‍ഡുകളെ പരിഹസിച്ച് കങ്കണ

2014 മുതല്‍ സ്വകാര്യ അവാര്‍ഡ് ദാന ചടങ്ങുകള്‍ താന്‍ ബോയ്‌കോട്ട് ചെയ്തിരിക്കുകയാണെന്നും കങ്കണ

പ്രശസ്തമായ ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള ബോളിവുഡിലെ സ്വകാര്യ അവാര്‍ഡ് ഷോകളെല്ലാം വെറും പൊള്ളത്തരമാണെന്നു പറയുകയാണ് കങ്കണ റണൗട്ട്. ക്വീന്‍ നായികയുടെ പുതിയ തുറന്നു പറച്ചിലും പതിവുപോലെ ബോളിവുഡില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

സ്വകാര്യ അവാര്‍ഡ് ഷോകളില്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ കഴിവ് മാനദണ്ഡമാക്കി അല്ലെന്നാണ് കങ്കണ പറയുന്നത്. സിനിമ നിരൂപകരായ അനുപമ ചോപ്ര, രാജീവ് മസന്ദ് എന്നിവരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിനിടയിലാണ് കങ്കണ പുതിയ വെടി പൊട്ടിച്ചത്.

ഒരിക്കല്‍ ട്രാഫിക്കില്‍പ്പെട്ട് പത്തുപതിനഞ്ച് താമസിച്ചു പോയതിനു തനിക്ക് പ്രഖ്യാപിച്ച അവാര്‍ഡ് മറ്റൊരാള്‍ക്ക് നല്‍കിയ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. 2014 മുതല്‍ താന്‍ അവാര്‍ഡ് ഷോകള്‍ ബോയ്‌കോട്ട് ചെയ്തിരിക്കുകയാണെന്നും കങ്കണ. അതിനുള്ള കാരണങ്ങളും തുടര്‍ന്നു പറയുന്നുണ്ട്. ലൈഫ് ഇന്‍ എ മെട്രോ എന്ന എന്ന സിനിമയിലെ പ്രകടനത്തിന് സപ്പോര്‍ട്ടിംഗ് താരത്തിനുള്ള അവാര്‍ഡിനായിരുന്നു തന്നെ തെരഞ്ഞെടുത്തത്. ഏത് അവാര്‍ഡ് ചടങ്ങായിരുന്നുവെന്ന് മറന്നു പോയി. പോകുന്നവഴിയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു. സംഘാടകര്‍ പലവട്ടം ഫോണില്‍ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു, ഞാനെവിടെയാണ് , എവിടെയാണെന്ന്. ഇതെന്നെ ഭയപ്പെടുത്തുകയും ഒരു തരം ഹിസ്റ്റീരിയ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. ഒടുവില്‍ ഞാന്‍ എത്താന്‍ താമസിച്ചതോടെ എനിക്ക് പ്രഖ്യാപിച്ച അവാര്‍ഡ് സോഹ അലിഖാന് നല്‍കുകയാണ് ചെയ്തത്. ഒരു പെണ്‍കുട്ടിയെ എത്രത്തോളം ഇത്തരം അനുഭവങ്ങള്‍ തകര്‍ക്കാം, ഇങ്ങനെയൊരു അവാര്‍ഡ് അവള്‍ സ്വീകരിക്കാന്‍ പോകുന്നുവെന്ന് എല്ലാം അറിഞ്ഞശേഷമാണ് ഈ മാറ്റം. പത്തോ പതിനഞ്ചോ മിനിട്ട് മാത്രം താമസിച്ചു പോയതിന്റെ പേരിലായിരുന്നു എനിക്ക് ആ അവാര്‍ഡ് അവര്‍ തരാതെ മറ്റൊരാള്‍ക്ക് നല്‍കിയത്!

മറ്റൊരു സംഭവം കങ്കണ പറയുന്നത് ഫിലിം ഫെയര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ്. 2015 ല്‍ താന്‍ അമേരിക്കയില്‍ തിരക്കഥ പഠനവുമായി ബന്ധപ്പെട്ട് താമസിക്കുന്ന സമയം. ഫിലിംഫെയറില്‍ നിന്നും ഒരു ഫോണ്‍ വരികയാണ്. ക്രിഷ് 3 യിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് ഉണ്ടെന്നും ഒരു ദിവസത്തേക്കായി ഇന്ത്യയില്‍ എത്തണം എന്നും. ഞാനിപ്പോള്‍ അമേരിക്കയില്‍ ആണെന്നും ഒരു ദിവസത്തേക്കായി ഇന്ത്യയില്‍ പോയി മടങ്ങി വരാന്‍ എനിക്ക് പത്തുലക്ഷം രൂപയെങ്കിലും ചെലവാകുമെന്ന് ഞാനവരോട് പറഞ്ഞു. അങ്ങനെ പറയാന്‍ കാരണം, പോയാല്‍ ക്ലാസ് മുടങ്ങും. അതുകൊണ്ട് അവാര്‍ഡ് സ്വീകരിക്കാന്‍ എത്താന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞു. അവര്‍ എന്തു ചെയ്തു, എനിക്ക് ആണെന്നു പറഞ്ഞ പുരസ്‌കാരം സുപ്രിയ പഥകിന് നല്‍കി, രാം ലീലയിലെ കഥാപാത്രം ചെയ്തതിന്. ഇതൊന്നും ഫിലിംഫെയറിന്റെ പേരിന് കോട്ടം വരുത്തുന്ന കാര്യമല്ല, നിങ്ങള്‍ അറിയാന്‍ പറഞ്ഞെന്നേയുള്ളൂ; കങ്കണ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളൈ ട്വീറ്റ് ചെയ്തത്. ക്രിഷ് 3 യിലെ കഥാപാത്രത്തിന് കങ്കണയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നതായി ഒരു റേഡിയേ അഭിമുഖത്തില്‍ അവര്‍ പറയുന്നത് കേട്ടു, അവര്‍ക്ക് മതിഭ്രമം ഉണ്ടോ? ഞാനവരോട് ഒരിക്കലും ക്രിഷ് സിനിമയുമായി ബന്ധപ്പെട്ട് ഒരു സംഭാഷണവും നടത്തിയിട്ടില്ല; എഡിറ്റര്‍ ട്വീറ്റ് ചെയ്യുന്നു.

ക്വീനിലെ പ്രകടനത്തിന് തനിക്ക് അവാര്‍ഡ് നല്‍കാതെ ഹാപ്പി ന്യൂ ഇയറിലെ കഥാപാത്രത്തിന് ദീപിക പദുകോണിന് അവാര്‍ഡ് നല്‍കിയ അനുഭവവും കങ്കണ പറയുന്നുണ്ട്. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ തന്റെ കഥാപാത്രത്തെ അവഗണച്ച് മറ്റൊരാള്‍ക്ക് അവാര്‍ഡ് നല്‍കി. പക്ഷേ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എനിക്കും കിട്ടി; കങ്കണ പറയുന്നു.

ആദ്യം ക്രിഷ്, പിന്നെ ക്വീന്‍; രണ്ട് അനുഭവങ്ങളും ഉണ്ടായതോടെയാണ് സ്വകാര്യ അവാര്‍ഡുകളുടെ പുറകെ പോകണ്ടാന്നു തീരുമാനിച്ചത്. ദേശീയ പുരസ്‌കാരത്തെ ഞാന്‍ ബഹുമാനിക്കുന്നു. ദേശീയ അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ പേരില്‍ വേദിയില്‍ ഒരു പെര്‍ഫോമന്‍സ് നടത്തണം എന്ന് ആരും നിര്‍ബന്ധിക്കാറില്ല; കങ്കണ സ്വകാര്യ അവാര്‍ഡ് ദാന ചടങ്ങുകളെ പരിഹസിച്ച് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍