TopTop
Begin typing your search above and press return to search.

മലയാള സിനിമയുടെ പുതിയ മുഖത്തിന് യവനിക ഉയര്‍ന്നിട്ട് 35 വര്‍ഷം

മലയാള സിനിമയുടെ പുതിയ മുഖത്തിന് യവനിക ഉയര്‍ന്നിട്ട് 35 വര്‍ഷം

കെജി ജോര്‍ജിന്റെ യവനിക മലയാള സിനിമയിലെ ഒരു ട്രെന്‍ഡ് സെറ്ററായാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച അന്വേഷണാത്മക ത്രില്ലര്‍ സിനിമകളില്‍ ഒന്ന്. മലയാള സിനിമയുടെ ചരിത്രത്തില്‍, അതിന്റെ ഗതിമാറ്റത്തില്‍ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള യവനിക തീയറ്ററുകളിലെത്തിയിട്ട് ഇന്ന് 35 വര്‍ഷമാകുന്നു. 1982 ഏപ്രില്‍ 30നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവര്‍ ആരും അന്നത്തെ വലിയ താരങ്ങളായിരുന്നില്ല. അന്ന് മമ്മൂട്ടി താരപദവിയിലേയ്ക്ക് എത്തിയിട്ടില്ല. വലിയ നടന്മാരാണ് പ്രധാന കഥാപാത്രങ്ങളായത്. ഭരത് ഗോപി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍. യവനിക ഒരു വലിയ ബോക്സ് ഓഫീസ് വിജയം തന്നെയായിരുന്നു. എന്നാല്‍ അത് മലയാള സിനിമയിലെ നാഴികക്കല്ലാവുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാരും പ്രതീക്ഷിച്ചിരുന്നില്ല. കച്ചവട സിനിമയില്‍ അല്ലെങ്കില്‍ മുഖ്യധാരാ സിനിമ എന്നറിയപ്പെടുന്ന ശ്രേണിയില്‍ റിയലിസത്തിന്റെ ആദ്യ കാഴ്്ചകളില്‍ ഒന്നായിരുന്നു മലയാളിക്ക് യവനിക.

ഒരു നാടകസംഘത്തെ കേന്ദ്രീകരിച്ചാണ് യവനികയുടെ കഥ. മുഴുക്കുടിയനും സ്ത്രീ ലമ്പടനുമായ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനമാണ് ചിത്രം പറയുന്നത്. ഭരത് ഗോപി അനശ്വരമാക്കിയ കഥാപാത്രം. അയ്യപ്പന്റെ തിരോധാനത്തിലെ ദുരൂഹത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജേക്കബ് ഈരാളി മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ജനപ്രിയ പൊലീസ് കഥാപാത്രങ്ങളുടെ തുടക്കങ്ങളില്‍ ഒന്നുമായിരുന്നു അത്. മമ്മൂട്ടിയെ ശ്രദ്ധേയനാക്കിയതും ഈ ചിത്രമാണെന്ന് പറയാം. നാടക കമ്പനി പ്രൊപ്രൈറ്റര്‍ വക്കച്ചനായി രംഗത്തെത്തിയ തിലകന്‍ എടുത്ത് പറയേണ്ട മികച്ച പ്രകടനമാണ് നടത്തിയത്. ജലജയും വേണു നാഗവള്ളിയും അശോകനുമെല്ലാം തങ്ങളുടെ ഭാഗം ഭംഗിയാക്കി.

കാസ്റ്റിംഗില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കെജി ജോര്‍ജ് തയ്യാറായിരുന്നില്ലെന്ന് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കെ രാമചന്ദ്ര ബാബു ഓര്‍ക്കുന്നു. ജേക്കബ് ഈരാളിയെ മമ്മൂട്ടി തന്നെ അവതരിപ്പിക്കണമെന്ന് കെജി ജോര്‍ജിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് മുമ്പ് അത്ര ശ്രദ്ധേയമായ വേഷങ്ങളൊന്നും മമ്മൂട്ടി ചെയ്തിരുന്നില്ല. തമിഴിലേയ്ക്കും കന്നഡയിലേയ്ക്കും ചിത്രം റീ മേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പറ്റിയ അഭിനേതാക്കളെ കണ്ടെത്താനാവാത്തത് കൊണ്ട് ഉപേക്ഷിച്ചു. കെടി മുഹമ്മദുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ആദ്യം ജോര്‍ജ് ആലോച്ചതെങ്കിലും അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റില്‍ ജോര്‍ജ് തൃപ്തനായിരുന്നില്ല. പിന്നീടാണ് എസ്എല്‍ പുരം വരുന്നത്. ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം നിര്‍ത്തി വച്ചിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷമാണ് പുനരാരംഭിച്ചത്. ചിത്രം തീയറ്ററുകളില്‍ വിജയം നേടിയത് തങ്ങള്‍ക്കെല്ലാം അദ്ഭൂതമായിരുന്നുവെന്ന് രാമചന്ദ്ര ബാബു പറഞ്ഞു. നല്ലൊരു സിനിമയാണ് ഞങ്ങള്‍ ഉണ്ടാക്കിയതെന്ന ബോദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ചിത്രം മാറുമെന്ന് കരുതിയില്ല. മലയാള സിനിമാ രംഗത്ത് പാഠപുസ്‌കങ്ങളില്‍ ഒന്നായി കരുതുന്ന യവനികയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാമചന്ദ്ര ബാബു പറഞ്ഞു.

എസ്്എല്‍ പുരം സദാനന്ദനും കെജി ജോര്‍ജും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ ചിത്രത്തിന് കരുത്ത് പകര്‍ന്നു. കെജി ജോര്‍ജ് തിരക്കഥാ രചനയില്‍ പങ്കാളിയായിരുന്നെങ്കിലും യവനികയുടെ തിരക്കഥാ രചനയില്‍ പ്രധാന പങ്ക് എസ്എല്‍ പുരത്തിന് തന്നെയാണ്. അത് സാക്ഷാത്കരിക്കുന്നതിലാണ് കെജി ജോര്‍ജ് എന്ന മാസ്റ്റര്‍ ഫിലിം മേക്കറുടെ പ്രതിഭ പ്രവര്‍ത്തിച്ചത്.


Next Story

Related Stories