TopTop
Begin typing your search above and press return to search.

ആനന്ദത്തിലെ സൂചിമോന്‍ ഇടിച്ചുകയറി 'കൂടെ'യില്‍ എത്തിയ കഥ/ അഭിമുഖം

ആനന്ദത്തിലെ സൂചിമോന്‍ ഇടിച്ചുകയറി കൂടെയില്‍ എത്തിയ കഥ/ അഭിമുഖം

2016-ല്‍ പ്രദര്‍ശനത്തിനെത്തിയ ഗണേഷ് രാജ് ചിത്രം ആനന്ദത്തില്‍ ഗൗതം മേനോന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ കൈയടി നേടിയ അഭിനേതാവാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ റോഷന്‍ അതിലുമിരട്ടി കൈയ്യടി നേടിയിരിക്കുകയാണ് അഞ്ജലി മേനോന്‍ ചിത്രമായ 'കൂടെ'യിലെ അഭിനയത്തിന്. ചിത്രത്തിന്റെ വിശേഷങ്ങള്‍ റോഷന്‍ മാത്യു, അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.

'കൂടെ'യിലെ കഥാപാത്രമികവില്‍ വീണ്ടും പ്രേക്ഷപ്രീതി നേടിയിരിക്കുകയാണല്ലോ?

'കൂടെ' നന്നായിട്ട് പോകുന്നുണ്ട്, എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്, തിയേറ്ററുകളെല്ലാം ഹൗസ്ഫുള്‍ ആയി ഓടുന്നുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ടുതന്നെ വളരെയധികം സന്തോഷമുണ്ട്. ജീവിതത്തില്‍ വെച്ച് എനിക്ക് ഏറ്റവും നല്ല ഫീഡ്ബാക്ക് റിലീസ് ചെയ്ത ഉടനെ തന്നെ ലഭിച്ചിട്ടുള്ളത് കൂടെയിലെ കഥാപാത്രത്തിനാണ്.

അഞ്ജലി മേനോന്‍ എന്ന സംവിധായകയിലേക്ക് എത്തിചേരുന്നത് എങ്ങനെയാണ്?

ആനന്ദം സിനിമ ചെയ്തു കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് അഞ്ജലി മേഡം ആനന്ദത്തിലെ സംവിധായകന്‍ വഴി എന്നെ കോണ്ടാക്ട് ചെയ്തിരുന്നു. തുടര്‍ന്ന് നേരില്‍ കണ്ട് സംസാരിച്ചു. ഈ സിനിമയെപ്പറ്റി ഒന്നുമല്ലായിരുന്നു വാസ്തവത്തില്‍ സംസാരം നടന്നത്. എന്നിട്ടും അന്ന് സംസാരിച്ച സമയത്ത് മേഡം പറഞ്ഞിരുന്നു, ചെറിയ സൂചന നല്‍കിയിരുന്നു... എനിക്കെന്റെ ആക്ടേഴ്‌സിനെ പരിചയപ്പെട്ടിട്ട് സ്‌ക്രിപ്റ്റ് എഴുതുന്നതാണ് താല്പര്യം എന്ന്. അല്ലാതെ അതില്‍ കൂടുതലായി മറ്റൊന്നും പറഞ്ഞില്ല. പിന്നീട് കുറെക്കാലം പ്രത്യേകിച്ചൊന്നും അതിനെ പറ്റി കേട്ടതും ഇല്ല. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ 'കൂടെ' വര്‍ക്ക് ഓണ്‍ ആയെന്നു കേട്ട സമയത്ത് ഞാന്‍ മേഡത്തെ അങ്ങോട്ടു വിളിച്ചപ്പോള്‍ മാഡം പറഞ്ഞു, ഇല്ല എഴുതിവന്നപ്പോള്‍ കഥാപാത്രം റോഷന്‍ ചെയ്താല്‍ ശരിയാകുമെന്ന് തോന്നുന്നില്ല എന്ന്. പക്ഷെ ഞാന്‍ അങ്ങനെ വിടാന്‍ തയാറായില്ല. പകരം ഞാന്‍ വന്ന് ഒന്ന് ഒഡീഷന്‍ ചെയ്‌തോട്ടെ എന്നു ചോദിച്ചു. എന്റെ ആ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് തന്നെ മേഡം എന്നെ ഒഡീഷന് വിളിച്ചു. അങ്ങനെ ഒഡീഷന്‍ വഴി ഉണ്ടായ തിരഞ്ഞെടുപ്പിലൂടെ കിട്ടിയതാണ് ആ കഥാപാത്രം.

അഞ്ജലി മേനോന്‍ എന്ന സംവിധായകയില്‍ താങ്കളിലെ കലാകാരന്‍ തീര്‍ത്തും സുരക്ഷിതനായിരുന്നോ?

ഞാന്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും സാറ്റിസ്ഫൈഡ് ആയിട്ടുള്ള മൂവിയാണ് കൂടെ. പ്രത്യേകിച്ചും അഞ്ജലി മേനോന്‍ എന്ന സംവിധായക. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്നത് നടനെയല്ല, കഥാപാത്രത്തെയാണ്. അതുകൊണ്ട് തന്നെ ഒരു നടന്‍ എന്ന നിലയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ചിലത് നമുക്ക് അവര്‍ക്ക് മുന്‍പില്‍ ചെയ്യാന്‍ സാധിക്കും. ഒരു ഡയറക്ടറുടെ പവര്‍ മനസ്സിലാകുന്നത് അഞ്ജലി മേനോനില്‍ നിന്നാണ്. എനിക്ക് 10, 20 ദിവസത്തെ വര്‍ക്കേ അതിനകത്ത് ഉണ്ടായിരുന്നുള്ളു. വാസ്തവത്തില്‍ നമ്മള്‍ കഥാപാത്രത്തിനായി മനസ്സില്‍ ഒരുപാട് ബില്‍ഡപ്പ് ചെയ്ത് ചെന്നു കഴിഞ്ഞാലും ഒട്ടും നിരാശിനാകില്ല അവര്‍ക്ക് മുന്‍പില്‍. അത്രയും നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു.

കുസൃതിയായ നസ്രിയയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍?

നസ്രിയ കളിയും ചിരിയും തമാശയുമൊക്കെയായി എനര്‍ജി ലെവല്‍ എല്ലായിപ്പോഴും കംപ്ലീറ്റ്ലി ഹൈ ആയിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ നസ്രിയയുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നുള്ളത് അത്രയും തന്നെ രസകരമായിട്ടുള്ള കാര്യമാണ്. നസ്രിയ എപ്പോഴും നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. പല സമയങ്ങളിലും എനിക്ക് കെഞ്ചി പറയേണ്ടി വന്നിട്ടുണ്ട്.. പ്ലീസ് ചിരിപ്പിക്കരുത്, എന്റെ ഷോട്ടാണ് ഷൂട്ട് ചെയുന്നത്, ഇങ്ങനെ ചിരിപ്പിച്ചാല്‍ എനിക്ക് അത് ചെയ്യാന്‍ പറ്റില്ല എന്നൊക്കെ. നസ്രിയ അങ്ങനെയാണ്, ഫുള്‍ ടൈം തമാശയും ആക്ഷന്‍ പറയുന്ന സമയത്തു മാത്രം അഭിനയവും എന്ന രീതി. പിന്നെ ഞങ്ങള്‍ തമ്മിലുള്ള സിനിമയിലെ കെമിസ്ട്രി എന്നതുതന്നെ നസ്രിയയുടെ ക്രെഡിറ്റ് ആണ്. ഞാന്‍ ആളുകളുമായുള്ള സൗഹൃദം വളരെ പതുക്കെ സ്ഥാപിക്കുന്ന ഒരാളാണ്. അതിന് അല്പം സമയം തന്നെ എനിക്ക് വേണം. നസ്രിയയും ആയിട്ട് പരിചയപ്പെടാന്‍ അങ്ങനെ ഒരു സമയം കിട്ടിയിട്ടില്ലായിരുന്നു. വര്‍ക്ക്‌ഷോപ്പ് ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ കഴിഞ്ഞു. പിന്നെ പെട്ടെന്ന് തന്നെ നേരെ ഷൂട്ടിലേക്ക് പോയി. വാസ്തവത്തില്‍ ആ കെമിസ്ട്രി ഉണ്ടാക്കിയെടുത്തത് തന്നെ നസ്രിയ ആണ്. ഇപ്പോള്‍ സിനിമ കണ്ട് ആളുകള്‍ക്ക് ഞങ്ങളുടെ ജോഡി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ സന്തോഷമാണ്. പിന്നെ പാര്‍വതി, പ്രിഥ്വിരാജ് തുടങ്ങിയവര്‍ ഒക്കെ നല്ല സപ്പോര്‍ട്ടീവ് ആണ്.

ഊട്ടിയിലെ ലൊക്കേഷന്‍ അനുഭവങ്ങള്‍?

നല്ല തണുപ്പായിരുന്നു. രാവിലെ എണീറ്റ് കഴിഞ്ഞാല്‍ കുളിക്കലും തയ്യാറെടുപ്പുകളും എല്ലാം അത്യാവശ്യം ബുദ്ധിമുട്ടുതന്നെയായിരുന്നു. അതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കി എല്ലാം തന്നെ എന്‍ജോയ്ബ്ള്‍ ആയിരുന്നു. തീര്‍ച്ചയായും ഊട്ടിയിലെ എല്ലാ സ്ഥലങ്ങളും കാണാന്‍ നല്ല ഭംഗി തന്നെയാണ്. പിന്നെ ലിറ്റിലിന്റെ വര്‍ക്കിന്റെ ഒരു ക്വാളിറ്റി അനുസരിച്ച് നേരിട്ടു കാണുന്നതിന്റെ പതിന്മടങ്ങിനും അപ്പുറം ഭംഗിയാണ് സിനിമയിലെ ഊട്ടിയില്‍ വന്നിട്ടുള്ളത്. ലിറ്റില്‍ ഊട്ടിയെ അത്രയും ഭംഗിയാക്കി എടുത്തിട്ടുള്ളതാണ് വാസ്തവത്തില്‍.

സിനിമയിലേക്ക് ഉള്ള വരവ് എങ്ങനെയായിരുന്നു?

2010 മുതല്‍ ഞാന്‍ നാടകങ്ങള്‍ ചെയ്തു തുടങ്ങിയ ആളാണ്. അങ്ങനെ ചെന്നൈയില്‍ കുറെക്കാലം ഞാന്‍ നാടകങ്ങള്‍ ചെയ്തു, പിന്നെ ബോംബയിലേക്ക് മൂവ് ചെയ്ത് അവിടെ ഡ്രാമ സ്‌കൂളില്‍ പഠിച്ചു. അത് കഴിഞ്ഞു കൊച്ചിയില്‍ ഉണ്ടായിരുന്ന സമയത്ത് കിരീടം സിനിമയുടെ നിര്‍മ്മാതാവ് ഉണ്ണി സാറിനെ പരിചയപ്പെട്ടു. സര്‍ വഴി മലയാളത്തിലെ ഒന്നുരണ്ട് പ്രൊഡ്യൂസേഴ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സ് തുടങ്ങിയവരേയൊക്കെ പരിചയപ്പെട്ടു. അങ്ങനെ അതില്‍ ഒരാളാണ് പുതിയ നിയമം എന്ന സിനിമയുടെ ഓഡിഷന് വേണ്ടി വിളിക്കുന്നത്. പുതിയനിയമത്തിന് ശേഷം, അടി കപ്യാരെ കൂട്ടമണി, ആനന്ദം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ആനന്ദം സിനിമക്ക് ശേഷം സിനിമയില്‍ സജീവമാവാത്തതിനു പുറകിലെ കാരണം എന്തായിരുന്നു?

ആനന്ദം ചെയ്തിട്ട് ഒട്ടും ഗ്യാപ്പ് വന്നിട്ടില്ല, ഞാന്‍ നിരന്തരം സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അത് ആരുമറിഞ്ഞില്ല എന്നതാണ് സംഭവിച്ച കാര്യം. ആനന്ദം കഴിഞ്ഞിട്ട് കടങ്കഥ, മാച്ച് ബോക്‌സ്, വിശ്വാസപൂര്‍വം മന്‍സൂര്‍, ചാര്‍ലീസ് എയ്ഞ്ചല്‍ തുടങ്ങിയ സിനിമകളില്‍ ഒക്കെയാണ് അഭിനയിച്ചത്.

വരാനിരിക്കുന്ന മൂത്തോന്‍ എന്ന സിനിമയെക്കുറിച്ച്?

മൂത്തോനില്‍ അമീര്‍ എന്ന കഥാപാത്രമാണ് ചെയ്തത്. നിവിന്‍ ചെയ്ത കഥാപാത്രത്തിന്റെ കൂടെ ലക്ഷദ്വീപില്‍ തൊട്ടടുത്ത് താമസിക്കുന്ന കഥാപാത്രം, അതാണ് അമീര്‍. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും റിസ്‌ക്കിയായിട്ടുള്ള കഥാപാത്രമാണ് അമീര്‍. ഗീതു മോഹന്‍ദാസിനെപ്പോലുള്ള ഒരു ബ്രില്യന്റ് ഡയറക്ടര്‍ക്ക് കീഴില്‍ എത്തിയത് കൊണ്ടുമാത്രം ആ കഥാപത്രം ചെയ്‌തെടുക്കാന്‍ സാധിച്ചു എന്നു തന്നെ പറയാം. ഇപ്പോള്‍ ആ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുന്നു.

അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്... രണ്ടു വനിതാ സംവിധായകമാര്‍, ഇവര്‍ തമ്മില്‍ വ്യത്യസ്തരാകുന്നത് എങ്ങനെയെന്നാണ്, റോഷന്റെ അഭിപ്രായത്തില്‍?

ഓരോ ഡയറക്ടറും മറ്റൊരാളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. അഞ്ജലി മേഡം ആയാലും ഗീതു മേഡം ആയാലും രണ്ടും രണ്ടു തന്നെയാണ്. അവരുടെ പടത്തിനോടുള്ള അപ്രോച്ച്, ഡയറക്ഷനോടുള്ള അപ്രോച്ച് തുടങ്ങി എല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. അത് പറഞ്ഞു മനസ്സിലാക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ കണ്ടറിയുന്നതായിരിക്കും.

കുടുംബം ?

അച്ഛന്‍, അമ്മ, ചേച്ചി എന്നിവരടങ്ങിയതാണ് എന്റെ കുടുംബം. എന്റെ ഫുള്‍ സപ്പോര്‍ട്ട് എന്നു പറയുന്നതും അവരാണ്.

https://www.azhimukham.com/film-review-of-koode-by-safiya/


Next Story

Related Stories