TopTop
Begin typing your search above and press return to search.

മലയാള സിനിമയിലെ ഔദാര്യങ്ങളുടെയും സഹായങ്ങളുടെയും കഥകള്‍; ലളിതയെ പോലുള്ളവര്‍ പറയുന്ന പുതുകഥകളും

മലയാള സിനിമയിലെ ഔദാര്യങ്ങളുടെയും സഹായങ്ങളുടെയും കഥകള്‍; ലളിതയെ പോലുള്ളവര്‍ പറയുന്ന പുതുകഥകളും

ചേര്‍ത്തലയില്‍ വയലാര്‍ രാമവര്‍മയ്ക്കു നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവം. രാമവര്‍മയെ മരണം വരെ വേദനിപ്പിച്ചിരുന്നു. ഇതേ കുറിച്ച് വയലാറിന്റെ ആത്മമിത്രവും സിനിമചരിത്രകാരനുമായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍, അദ്ദേഹമെഴുതിയ 'വയലാര്‍' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നു തുടങ്ങുന്ന ഗാനരചനയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മദ്രാസില്‍ അദ്ദേഹത്തിനു ചിലര്‍ സ്വീകരണം നല്‍കി. ജന്മനാടായ ചേര്‍ത്തലയില്‍ ഒരു ഗംഭീര സ്വീകരണം നല്‍കാന്‍ ഞങ്ങളും തീരുമാനിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോ രക്ഷാധികാരിയായ ഒരു കമ്മിറ്റി രൂപികരിച്ചു.

ഈ സമയത്ത് പ്രേംനസീര്‍, ഉമ്മര്‍, വിജയശ്രീ തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഷൂട്ടിംഗിനായി ഉദയായില്‍ എത്തിയിട്ടുണ്ടെന്ന് അറിവു കിട്ടി. അവിടെ രാമവര്‍മയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെയും കുഞ്ചാക്കോയുടെയും സാന്നിദ്ധ്യത്തില്‍ അവരെയെല്ലാം ഞങ്ങള്‍ ക്ഷണിച്ചു. അപ്പോള്‍ നസീറും ഉമ്മറും പറഞ്ഞു. "അല്ലേ, ഇതിനൊക്കെ ഞങ്ങളെ ക്ഷണിക്കണോന്നുണ്ടോ? കുട്ടന്‍ ഞങ്ങടെയല്ലേ? ഉച്ചയ്ക്ക് മുമ്പായി ഞങ്ങള്‍ കുട്ടന്റെ വീട്ടില്‍ വരും. അവിടെ ഉണ്ണും. പിന്നെ യോഗത്തില്‍ പ്രസംഗിക്കും. പോരെ?" മതിയേ മതിയെന്ന് ഞങ്ങള്‍. പിന്നെ വിജയശ്രീയെ ചെന്നു കണ്ടു. അവര്‍ പറഞ്ഞു. "അന്നു ഞാന്‍ രാവിലെ വയലാറിലെ വീട്ടിലെത്തും. എല്ലാം കഴിഞ്ഞേ മടങ്ങൂ." സ്വീകരണവിവരം വിളംബരം ചെയ്യുന്ന ബോര്‍ഡുകളിലും ബാനറുകളിലും താരങ്ങളുടെ പേര് വലിയ അക്ഷരത്തിലെഴുതി സ്ഥാപിക്കാന്‍ തുടങ്ങി. ഇഷ്ടതാരങ്ങളെക്കാണുന്ന സുദിനം കാത്ത് കാത്തിരുന്നു നാട്ടുകാര്‍.

ഇതിനിടയില്‍ കോതമംഗലത്ത് ഒരു തിയേറ്ററിന്റെ ഉദ്ഘാടനത്തിന് നസീര്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ സ്വീകരണയോഗത്തിന്റെ നോട്ടീസുമായി ചെന്നു. അപ്പോള്‍ നസീര്‍: "എന്റെ ഗോപാലകൃഷ്ണാ കൂടെക്കൂടെ എന്തിനാ ഇക്കാര്യം പറയണത്. കുട്ടന്റെ കാര്യത്തിനു ഞാന്‍ വരാതിരിക്കുമോ? അന്നുച്ചയ്ക്ക് കുട്ടന്റെ വീട്ടിലാ ഊണെന്ന് പറഞ്ഞേക്കണം കേട്ടോ."

സ്വീകരണയോഗത്തിന്റെ തലേദിവസം അടൂര്‍ഭാസി, രാമവര്‍മയെ വിളിച്ചറിയിച്ചു. "അവരാരും യോഗത്തിനു വരില്ല, അവര്‍ പെരിങ്ങല്‍കുത്തില്‍ ഷൂട്ടിംഗിനു പോയി". അവിടെ അപ്പോഴുണ്ടായിരുന്ന എന്നെ വിളിച്ച് രാമവര്‍മ പറഞ്ഞു. "അവരു ചതിച്ചല്ലോടോ. കൊലച്ചതിയായിപ്പോയി. അതും എന്നോട്". എനിക്കും വല്ലാത്ത വിഷമമായി. സിനിമാക്കാരനായ എനിക്കും ഇത്തരം പറഞ്ഞുപറ്റിക്കല്‍ അനുഭവമുണ്ടായിട്ടുണ്ടല്ലോ.

രാമവര്‍മ പറഞ്ഞു: "ഞാനെഴുത്തു തരാം. താന്‍ വെളുപ്പിനു പെരിങ്ങല്‍കുത്തിനു പോണം." സിനിമാക്കാരുടെ കാലുപിടിക്കാന്‍ ഞാനില്ലെന്നു പറഞ്ഞുനോക്കിയെങ്കിലും രാമവര്‍മ വിട്ടില്ല. ഒടുവില്‍ മനസില്ലാമനസോടെ ഞാന്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ രാമവര്‍മയുടെ എഴുത്തും പോക്കറ്റിലിട്ട് ഞാന്‍ പെരിങ്ങല്‍കുത്തിലേക്ക് പോയി.

ഷൂട്ടിംഗ് സ്ഥലത്തു ചെന്ന് നസീറിനും ഉമ്മറിനും കത്തുകള്‍ നല്‍കിയിട്ട് പറഞ്ഞു: "വയലാറിന്റേതാ." നസീര്‍ ഒന്നും മിണ്ടിയില്ല. എന്നിട്ട് മുറിയിലേക്ക് നടന്നു. ഞാന്‍ വന്ന കാര്യം ഓര്‍മിപ്പിച്ചെങ്കിലും മൗനം തന്നെ. ഉമ്മറിന്റെ പ്രതികരണവും അതു തന്നെ. വിജയശ്രീക്കു കത്തു കൊടുത്തപ്പോള്‍ അവളുടെ മറുപടി: "ആരാ ഈ വളയാര്‍ രാമവര്‍മ". പിന്നെ നസീറിന്റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം ഉറക്കം നടിച്ചു കിടക്കുന്നു. ഉമ്മറിന്റെ മുറിയിലും അതു തന്നെ സ്ഥിതി. ഒടുവില്‍ നസീറിനെ വിളിച്ചുണര്‍ത്തി പറഞ്ഞു, കാര്‍ കൊണ്ടു വന്നിട്ടുണ്ട്. നസീര്‍ പറഞ്ഞു. "വേണ്ട, ഞങ്ങള്‍ക്കു കാറുണ്ട്. അതില്‍ വന്നോളാം."

ഒടുവില്‍ ഒഴിഞ്ഞ കാറുമായി ഞാന്‍ യോഗസ്ഥലത്തെത്തിയപ്പോള്‍ ഭാസിയും രാമു കാര്യാട്ടും പ്രസംഗിച്ചു കഴിഞ്ഞു. തിക്കുറിശ്ശി സുകുമാരന്‍നായര്‍ പ്രസംഗിക്കാന്‍ തുടങ്ങി. അപ്പോള്‍ അകലെ മൈക്കില്‍ ഒരു ശബ്ദം കേട്ടു. ചേര്‍ത്തല ടൗണിലെ ഒരു റേഡിയോക്കട ഉദ്ഘാടനം ചെയ്ത് ഉമ്മറിന്റെ പ്രസംഗം. ഞാന്‍ കാറുമായി അങ്ങോട്ട് പാഞ്ഞു. അപ്പോള്‍ ഉമ്മര്‍ അവിടെ നിന്നു മുങ്ങി, ഇതിനിടെ നസീറും ചേര്‍ത്തല വഴി തെക്കോട്ടേക്ക് പോയി. ഇത് രാമവര്‍മയെ വളരെ വേദനിപ്പിച്ചു. എങ്കിലും അദ്ദേഹം ആരോടും വിരോധം കാട്ടാനോ പ്രതികാരം ചെയ്യാനോ പോയില്ല.'

സഹപ്രവര്‍ത്തകനോട് സിനിമാക്കാര്‍ കാണിച്ചിട്ടുള്ള സ്‌നേഹത്തിന്റെയും ഔദാര്യത്തിന്റെ പുതിയ കാലകഥകള്‍ കേള്‍ക്കുമ്പോള്‍ ചേലങ്ങാടന്റെ പുസ്തകത്തിലെ ഈ സംഭവം ഓര്‍ത്തു പോയി.

മേല്‍പ്പറഞ്ഞ കഥയില്‍ നെഗറ്റീവ് റോളിലാണെങ്കിലും മലയാള സിനിമയിലെ ഏറ്റവും മനുഷ്യസനേഹിയായി ഇന്നും വാഴ്ത്തപ്പെടുന്നൊരാള്‍ സാക്ഷാല്‍ പ്രേം നസീറാണ്. നസീര്‍ ചെയ്ത ഉപകാരത്തിന്റെയും ഔദാര്യത്തിന്റെയും കഥകള്‍ ആളാംവീതം പറയാന്‍ ഉണ്ടാകുമെങ്കില്‍ മുഖദാവില്‍ കേട്ടൊരനുഭവം പറയാം. യശ്ശഃശരീരനായ പറവൂര്‍ ഭരതനാണ് ഈ കഥ പറയുന്നത്; "അക്കാലത്ത് അഭിനേതാക്കള്‍ക്കു പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടിച്ചെക്കുകളായിരുന്നു. നസീറിനു വരെ വണ്ടിച്ചെക്കു കൊടുക്കും. പക്ഷേ അദ്ദേഹമതിനാരോടും പരാതി പറയാനൊന്നും നിന്നില്ല. എന്നാല്‍ ഒരിക്കല്‍ നസീര്‍ ഇതേകാര്യത്തില്‍ ദേഷ്യപ്പെട്ട് സംസാരിച്ചത് എനിക്കു വേണ്ടിയായിരുന്നു. ഒരു സിനിമയുടെ പ്രതിഫലമായി എനിക്ക് കിട്ടിയത് വണ്ടിച്ചെക്കാണെന്ന് അറിഞ്ഞപ്പോള്‍ നസീറിന്റെ സ്വതസിദ്ധതമായ ശാന്തത കൈവിട്ടു. എന്റെയൊക്കെ ജീവിതാവസ്ഥ അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് എനിക്ക് വണ്ടിച്ചെക്കു കൊടുത്തു പറ്റിക്കാന്‍ നോക്കുന്നൂവെന്നറിഞ്ഞപ്പോള്‍ രോഷം വന്നത്. ഉടന്‍ തന്നെ പ്രൊഡ്യൂസറെ വിളിച്ചു, എന്താ... അസേ, ആ ഭരതന്‍ മാഷിന് വണ്ടിച്ചെക്ക് കൊടുത്തത്? അവര്‍ക്കൊക്കെ കാശ് കിട്ടിയാലെ ജീവിക്കാന്‍ കഴിയൂ... ഇത്തരത്തില്‍ ഒരുവട്ടമല്ല പലവട്ടം കിട്ടില്ലെന്നു കരുതിയ കാശ് എനിക്കടക്കമുള്ളവര്‍ക്ക് നസീര്‍ വാങ്ങിത്തന്നിരുന്നു."

സിനിമയിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കുമെല്ലാം ഇരുകൈയറിയാതെ ധാരാളം സഹായം ചെയിതിട്ടുള്ള നസീറിന്റെ അവസാന കാലം എങ്ങനെയായിരുന്നുവെന്നും നമുക്കറിയാം. ഇപ്പോഴിതാ മലയാളത്തിന്റെ ആ പ്രിയനായകന് ഓര്‍മിക്കാന്‍ ഒരു നല്ല സ്മാരകം പോലുമില്ലെന്നു സ്വന്തം മകള്‍ പരിതപിക്കുന്നതിന്റെ വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ നാം കേട്ടു. ഇതുപോലെ പേരെടുത്ത് പറയേണ്ട ഒരാളായിരുന്നു ബഹദൂര്‍. അദ്ദേഹത്തെയൊക്കെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ?

സിനിമ ഇങ്ങനെയാണ്; അതെന്നും ബ്ലാക് ആന്‍ഡ് വൈറ്റ് ലോകമാണ്. അതിനകത്തുളളവരുടെ കാര്യവും അതു തന്നെ. വെളിച്ചവും ഇരുളും നിറഞ്ഞവര്‍. സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ക്ക് സഹായങ്ങളും ഔദാര്യങ്ങളും ചെയ്യുന്നവര്‍ പലരുണ്ട് സിനിമാക്കാരായി. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്ന ഒരു പേരുകാരന്‍ തന്നെയാണ് നടന്‍ ദിലീപ്. പുറത്തും അകത്തും നില്‍ക്കുന്ന ദിലീപിന്റെ സഹായം കിട്ടിയവര്‍ പലരുണ്ട്. ആ കൂട്ടത്തില്‍ കെപിഎസി ലളിതയെപോലുള്ളവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തയാളാണ് ദിലീപ്. മകളുടെ കല്യാണത്തിനടക്കം ദിലീപ് ചെയ്ത സഹായം ലളിത പല വേദികളില്‍ പറഞ്ഞിട്ടുള്ളതുമാണ്. സഹായിച്ചവരോട് നന്ദി കാട്ടേണ്ടതും അവരെ ജീവിതാവസാനം വരെ സ്മരിക്കേണ്ടതും വേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ കെപിഎസി ലളിത എന്ന ചലച്ചിത്ര നടി ദിലീപിനെ ജയിലില്‍ പോയി കണ്ടതില്‍ തെറ്റ് പറയാന്‍ പറ്റില്ല. അവരുടെ സംഗീതനാടക അക്കാദമി അധ്യക്ഷസ്ഥാനവും പേരിനു മുന്നിലുള്ള നാലക്ഷരം പേറുന്ന ചരിത്രവുമെല്ലാം പറഞ്ഞ് പുറത്തുള്ളവര്‍ക്ക് വിമര്‍ശിക്കാം. ലളിതയ്ക്ക് അതിനെയെല്ലാം ന്യായീകരിക്കാന്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ തന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളില്‍ ഒരു ആപത്ബാന്ധവനായി നിന്ന 'ആ നല്ല ചെറുപ്പക്കാരന്‍' എന്ന സ്ഥാനം മതി.

ഒരു ലളിതയില്‍ മാത്രം ഒതുക്കി പറയുന്നതല്ല, വന്നുപോയവരും വരാന്‍ ഇരിക്കുന്നവരുമായ നിരവധി പേരുണ്ടല്ലോ! ഗണേശന്റെ ഭാഷയില്‍ 'ഔദാര്യം പറ്റിയവര്‍'.

മറ്റൊരു കഥകൂടി പറഞ്ഞിട്ട് വിഷയത്തിലേക്ക് തിരികെ വരാം. ഇന്നത്തെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ആദ്യകാലം. വില്ലന്‍ വേഷങ്ങളും ഇടക്കിടെ കിട്ടുന്ന ഉപനായക വേഷങ്ങളുമൊക്കെയായി പോകുന്നു. കഴിവുള്ളവനാണ്, ഭാവിയുണ്ട് എന്നൊക്കെ മനസിലാക്കി അക്കാലത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ തന്റെ ചിത്രത്തില്‍ നായകനാക്കി. പടം ഹിറ്റ്. പിന്നെയും ഇതേ നടനെ നായകനാക്കി സംവിധായകന്‍ പടമെടുത്തു. ഈ കാലയളവിലെല്ലാം നടന്‍ തന്റെ വളര്‍ച്ചയുടെ ഓരോഘട്ടം പിന്നിട്ടുകൊണ്ടിരിക്കുകയായിരുന്നു. വന്നുവന്ന് മഹാനടനായി മാറി. ഈ പരിവേഷത്തില്‍ നില്‍ക്കുമ്പോള്‍ പഴയ സംവിധായകന്‍ ഒരു കഥയുമായി കാണാന്‍ ചെന്നു. അപ്പോഴേക്കും സംവിധായകന്‍ സിനിമയുടെ സൈഡ്‌ലൈനില്‍ കാലെടുത്തുവച്ചിരുന്നു. കളത്തിലേക്ക് തിരികെ കയറണമെങ്കില്‍ ഒരു സിനിമ വിജയിക്കണം. അതിനാണ് ഈ വരവ്. പക്ഷേ ശാന്തസ്വഭാവിയായ നായകന്‍, സംവിധായകനോട് വളരെ മയത്തില്‍ പറഞ്ഞു; കഥ എന്താണെന്നു മറ്റേ പുള്ളിയോട് പറഞ്ഞാല്‍ മതി. അയാള്‍ കേട്ടു നോക്കട്ടെ... സംവിധായകന്റെ മുഖമടച്ച് അടികിട്ടിയപോലെയായി. പക്ഷേ തിരികെ പോകുന്നതിനു മുമ്പ് ഒരു വാക്ക് പറയാന്‍ മറന്നില്ല; അവനെ (മറ്റേ പുള്ളി) ജോലിക്ക് ഇങ്ങോട്ട് പറഞ്ഞുവിട്ടതു ഞാനായിരുന്നു...

ഒരു കാലത്ത് ഔദാര്യം പറ്റിയവരൊക്കെ പില്‍ക്കാലത്ത് ആ ഔദാര്യം കാണിച്ചവരോടൊക്കെ എങ്ങനെയാണ് പെരുമാറിയിരുന്നതെന്നു പറയാന്‍ ഇതുപോലെയുള്ള കഥകള്‍ ഇനിയുമുണ്ട് ഏറെ. അതുകൊണ്ടാണല്ലോ സിനിമ നന്ദികേടിന്റെ ലോകമാണെന്ന് ആരോ പറഞ്ഞത്. എന്നാല്‍ ആ ദുഷ്‌പേര് ഇല്ലാതാക്കാന്‍ ഇപ്പോള്‍ ഒരു നടനുവേണ്ടി, അയാളുടെ ഔദാര്യം പറ്റിയവരൊക്കെ ടോക്കണ്‍ എടുത്തെന്നപോലെ ആലുവായിലേക്ക് വണ്ടിയോടിക്കുമ്പോള്‍ അതത്ര നല്ല ഉദ്ദേശ്യമല്ലെന്നു പറയേണ്ടി വരികയാണ്. ബാങ്ക് മോഷണത്തില്‍ പ്രതിയായ സ്വന്തം മകനെക്കുറിച്ചു പൊലീസിനു വിവരം കൊടുത്ത ഒരമ്മയുടെ വാര്‍ത്ത വായിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മനസിലുണ്ട്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ കൊല്ലപ്പെട്ട സ്വന്തം മകന്റെ മൃതശരീരം എനിക്കു കാണേണ്ടതില്ലെന്നു പറഞ്ഞ രാജ്യസ്‌നേഹിയായ ഉമ്മയുടെ വാര്‍ത്തയും ഒരിക്കലും മറക്കില്ല. ഇതൊന്നും സിനിമയിലെ കഥകളല്ല, യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ മകന്‍, ഉപകാരം ചെയ്തവന്‍ എന്നൊക്കെയുള്ള വൈകാരിക മാനങ്ങളില്‍ ലളിതയെപോലുള്ളവരുടെ ജയില്‍ സന്ദര്‍ശനത്തെ വിമര്‍ശിക്കേണ്ടി വരുന്നതില്‍ യുക്തിയുണ്ട്. ലളിത താമസിക്കുന്ന വീട്ടില്‍ നിന്നും ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആലുവയിലേക്കുള്ളതില്‍ കുറവേ ദൂരം കാണുകയുള്ളൂ. പക്ഷേ അവിടം വരെ പോകാന്‍ ലളിതയ്ക്ക് തോന്നാതിരുന്നത് താന്‍ അവളുടെ ഔദാര്യമൊന്നും പറ്റിയിട്ടില്ലല്ലോ എന്ന കാരണം കൊണ്ടായിരുന്നോ? ഇവിടെയാണ് ലളിതയെപോലെയുള്ളവരുടെ ഉപകാരസ്മരണകള്‍ വിമര്‍ശിക്കപ്പെടുന്നത്.

കെപിഎസി ലളിത സിനിമയിലെ മൂന്നുകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നടിയാണ്. ഉദയായുടെ കാലത്തൊക്കെ അവര്‍ക്ക് സിനിമയില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. അന്നുതൊട്ടിന്നോളം സിനിമയുടെ പിന്നിലെ പല കഥകളും അവരും കേട്ടിരിക്കണം. അങ്ങനെയുള്ളൊരാള്‍ക്ക് ഇപ്പോള്‍ നടന്നിരിക്കുന്ന സംഭവത്തില്‍ ഏതുപക്ഷത്താണ് നിലയുറപ്പിക്കേണ്ടതെന്നു മനസിലാകാതെ വരുമോ? അങ്ങനെ സംഭവിച്ചെങ്കില്‍, മലയാള സിനിമയുടെ ദുരന്ത നായികമാരെക്കുറിച്ചും ഇന്നത്തെ പിള്ളേരേക്കാള്‍ കേട്ടറിവുള്ളൊരാളെന്ന നിലയില്‍ ഒന്നോര്‍ത്തു നോക്കിയാല്‍ ആ പേരുകാരൊക്കെ മനസില്‍ വരാതെയിരിക്കില്ല. ആ കൂട്ടത്തിലേക്ക് ഈ പെണ്‍കുട്ടിയേയും ഒന്നെടുത്തുവച്ചാല്‍ മതി.

ഈ സിനിമയ്ക്കും അപ്പുറം ലളിത പ്രവര്‍ത്തിച്ചൊരു മേഖലയുണ്ടായിരുന്നു. നാടകം. ഇന്നുമവര്‍ അഭിമാനത്തോടെ തനിക്കൊപ്പം ചേര്‍ത്തുവച്ചിരിക്കുന്ന ആ നാലക്ഷരങ്ങള്‍ വികസിപ്പിച്ചാല്‍ കിട്ടുന്നത് കേരളത്തിന്റെ ചരിത്രമാണ്. ആ ചരിത്രം ആരുടെയൊക്കെ കണ്ണീരും കഷ്ടപ്പാടുമെന്നുകൂടി ആലോചിക്കുക. എന്തിനെയെല്ലാം എതിര്‍ക്കാനായിരുന്നോ കെപിഎസി നാടകങ്ങള്‍ ശ്രമിച്ചത്, അന്നത്തെ തമ്പ്രാനും ജന്മിയുമെല്ലാം തന്നെയാണ് ഇന്നു തിരിച്ചുവന്നിരിക്കുന്നതെന്നും അവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതും പിന്തുണ പറയുന്നതുമെന്നൊക്കെ, കാണുന്ന ജനം ഇനി മുതല്‍ ലളിത വെറും ലളിത മാത്രമാണെന്നു പറയാനും മതി.

ഔദാര്യം പറ്റുന്നത് തെറ്റല്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനു തയ്യാറാകേണ്ടി വന്നവരാണ് മനുഷ്യര്‍. അല്ലെങ്കില്‍ അങ്ങനെ വരേണ്ടി വരുന്നവര്‍. എന്നാല്‍ അതിന്റെ പേരില്‍ ഒരു തെറ്റിനെ ന്യായീകരിക്കാന്‍ പില്‍ക്കാലത്ത് വിധേയപ്പെടേണ്ടി വരുന്നുണ്ടെങ്കില്‍ അതിനെ അടിമത്തം എന്നാണു പറയേണ്ടത്.


Next Story

Related Stories