TopTop
Begin typing your search above and press return to search.

ലോക സിനിമയുടെ അതിരിലേക്ക് കുമ്പളങ്ങി നൈറ്റ്സ് ഒരു കസേര വലിച്ചിട്ടിരിക്കുമ്പോള്‍/ റിവ്യൂ

ലോക സിനിമയുടെ അതിരിലേക്ക് കുമ്പളങ്ങി നൈറ്റ്സ് ഒരു കസേര വലിച്ചിട്ടിരിക്കുമ്പോള്‍/ റിവ്യൂ

ഈ കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു ജാപ്പനീസ് ചിത്രമുണ്ടായിരുന്നു. ഷോപ്പ് ലിഫ്റ്റേഴ്സ് (Shoplifters). കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം. എവിടെ നിന്നൊക്കെയോ വന്നു ഒരു വീട്ടില്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. അതില്‍ 80 കഴിഞ്ഞ വൃദ്ധ മുതല്‍ കൌമാരക്കാരിയും കുട്ടികളും ഒക്കെയുണ്ട്. എന്താണ് വ്യവസ്ഥാപിത കുടുംബം എന്ന സങ്കല്‍പ്പത്തെ പ്രശ്നവത്ക്കരിക്കുകയായിരുന്നു ഹിരോകാസു കൊറീഡ സംവിധാനം ചെയ്ത ഷോപ്പ് ലിഫ്റ്റേഴ്സ്.

ഷോപ്പ് ലിഫ്റ്റേഴ്സ് കണ്ടിറങ്ങിവരുമ്പോള്‍ അനുഭവിച്ച അതേ ആന്തലും സംത്രാസവുമാണ് നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് കണ്ട് തിയറ്റര്‍ വിട്ട് പോരുമ്പോള്‍. ഒന്നു നമുക്ക് ഉറപ്പിച്ച് പറയാം മലയാള സിനിമ ലോക സിനിമയുടെ അതിരുകളെ കീഴടക്കി തുടങ്ങിയിരിക്കുന്നു. കഥപറച്ചിലിന്റെ രീതിയിലും പ്രമേയത്തിന്റെ കരുത്തിലും.

ആണുങ്ങള്‍ മാത്രമുള്ള കുടുംബത്തിലേക്ക് ചില പെണ്ണുങ്ങള്‍ കടന്നുവരുന്നതും ആണ്‍ തുണയില്ലാത്ത കുടുംബത്തിലേക്ക് പുതുതായി എത്തിയ ആണൊരുത്തനും ചേര്‍ന്ന് കുമ്പളങ്ങിയുടെ രാവിനെയും പകലിനെയും സംഘര്‍ഷപൂരിതമാക്കുന്നതാണ് കുമ്പളങ്ങി നൈറ്റ്സിന്റെ കഥ എന്നു വേണമെങ്കില്‍ ചുരുക്കി പറയാം.

കുമ്പളങ്ങിയിലെ വരത്തനാണ് ഫഹദിന്‍റെ ഷമ്മി. എന്നാല്‍ അമല്‍ നീരദിന്റെ വരത്തനെ പോലെ തുടക്കത്തില്‍ ഒതുങ്ങി ഒഴിഞ്ഞു മാറി നില്‍ക്കുന്നവനും പിന്നീട് വീരനായകനാകുന്നവനും അല്ല. ഒരു ടിപ്പിക്കല്‍ മലയാളി സദാചാര കുല പുരുഷന്‍. ആണ്‍ രൂപത്തിന്റെ എല്ലാ അധികാരങ്ങളും കയ്യാളുന്ന ഒരുവന്‍.

ഇനിയാരും അടുക്കളയിലും അവിടെ ഇവിടെയും മാറി നിന്നു ഭക്ഷണം കഴിക്കേണ്ട, പകരം ഒരു കുടുംബമായി നമുക്ക് ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് കഴിക്കാം എന്നു പറഞ്ഞു അമ്മായിഅമ്മയെയും, ഭാര്യയെയും ഭാര്യയുടെ അനുജത്തിയേയും പിടിച്ചിരുത്തുന്ന ഷമ്മി തനിക്ക് ചുറ്റും കറങ്ങുന്ന കുടുംബത്തെ ഉണ്ടാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഒറ്റ തന്തയ്ക്കു പിറന്നതിന്റെ വീരസ്യം പറയുന്നതും എന്നാല്‍ പല തന്തയ്ക്ക് പിറക്കുക എന്നത് സാങ്കേതികമായി സാധ്യമല്ല എന്ന ബേബി എന്ന അനിയത്തി കൊച്ചിന്റെ മറുപടിക്ക് മുന്നില്‍ അയാള്‍ ചൂളുന്നതും പിന്നീട് കലി തുള്ളുന്നതും നമ്മള്‍ കണ്ടു. ‘ഏത് ടൈപ്പ് ഏട്ടൻ ആണേലും മര്യാദക്ക് പെരുമാറണം’ എന്നു അയാളുടെ ഭാര്യ തന്നെ മോസ്കിടറ്റോ ബാറ്റ് ടേബിളില്‍ അടിച്ചു പൊട്ടിച്ചുകൊണ്ട് ശബ്ദമുയര്‍ത്തുന്നുണ്ട്.

അപ്പുറത്ത് പരസ്പരം തമ്മില്‍ പേര്‍ വിളിക്കുന്ന ഏട്ടനനിയന്‍മാര്‍ താമസിക്കുന്ന ഒരു കുടുംബമാണ്. ഒരു തുരുത്തില്‍, പുറമ്പോക്കില്‍, തീട്ടപ്പറമ്പിനടുത്ത്, ചെത്തിത്തേക്കാത്ത, അടച്ചുറപ്പുള്ള വാതിലുള്ള മുറികള്‍ ഇല്ലാത്ത, കക്കൂസിലാത്ത ഒരു വീടാണ് അവരുടേത്. അമ്മയും അച്ഛനുമില്ലാത്തതിന്റെ അവ്യവസ്ഥയാണ്, അനാഥത്വമാണ് അവിടെ സീന്‍ ഡാര്‍ക്കാക്കുന്നത്. ഷമ്മി പറയുന്നതുപോലെ കുടുംബത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കയറിചെല്ലാന്‍ പറ്റാത്ത ഇടമാണ് അത്. അവിടെ സജിയും (സൌബിന്‍ ഷാഹിര്‍) ബോബിയും (ഷെയ്ന്‍ നിഗം) മദ്യപിക്കുകയും തല്ലു കൂടുകയും പരസ്പരം പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നുണ്ട്. ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യമില്ലാത്തവരാണ് അവര്‍. ബാറില്‍ പോയി മദ്യപിക്കാന്‍ വേണ്ടി മാത്രം മീന്‍ പിടിക്കുന്ന സുഹൃത്തായ തേപ്പുകാരന്‍ തമിഴനെ ഓസി ജീവിക്കുന്ന ഒരു തരത്തിലും പൊതുസമൂഹത്തിന്റെ ജീവിത ക്രമവുമായി സമരസപ്പെട്ടു പോകാത്തവരാണ് രണ്ടുപേരും. എന്നാല്‍ കുഞ്ഞനുജന്‍ ഫ്രാങ്കിയും (മാത്യു തോമസ്) മിണ്ടാന്‍ വയ്യാത്ത ബോണിയും (ശ്രീനാഥ് ഭാസി) അങ്ങനെയല്ല. അവര്‍ കുടുംബത്തിന്റെ തണല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Read More: “എഴുത്ത് കഴിഞ്ഞതിന് ശേഷം ഞാൻ ഫഹദിനോട് പറഞ്ഞു; ഭരത് ഗോപി ചേട്ടനൊക്കെ ചെയ്യുന്ന ടൈപ്പ് ഒരു റോൾ ആണ്‌”: കുമ്പളങ്ങി നൈറ്റ്സ് വിശേഷങ്ങളുമായി ശ്യാം പുഷ്ക്കരന്‍/അഭിമുഖം

ഇതിനിടയിലേക്കാണ് 'ട്രൂ ലവ്' ആയും ‘ഡേറ്റിംഗ്’ ആയും മരിച്ചുപോയ സജിയുടെ തമിഴന്‍ ചങ്ങാതിയുടെ ഭാര്യയായും മൂന്നു സ്ത്രീകള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അത് പതിയെ ഒരു ‘കുടുംബ’മായി രൂപപ്പെടുന്നതും. അതേസമയം രക്ത ബന്ധത്താലും വൈവാഹിക ബന്ധത്താലും അടയാളപ്പെടുത്തുന്ന കുടുംബത്തെ കുറിച്ചുള്ള പൊതുബോധത്തെ ഉല്ലംഘിക്കുകയാണ് ഈ കുടുംബം. സ്നേഹത്താലും തീവ്ര വൈകാരിക ബന്ധത്താലും പരസ്പരം കലരുന്ന ജീവിത സംയുക്തമായി വേണം ഒരു കൂരയ്ക്ക് കീഴില്‍ കഴിയുന്ന ഈ മനുഷ്യരെ കാണാന്‍.

തുടക്കത്തില്‍ തന്നെ പ്രണയത്തെ കുറിച്ചുള്ള പൊതുബോധത്തെ അട്ടിമറിക്കുന്നുണ്ട് ബോബിയുടെ സുഹൃത്തിന്റെ പ്രണയത്തെ അവതരിപ്പിച്ചുകൊണ്ട് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും സംവിധായകന്‍ മധുവും. കറുത്ത നിറമുള്ള, കാണാന്‍ അത്ര ‘ഭംഗി’യില്ലെന്ന് കരുതപ്പെടുന്ന അവനെ കാണാന്‍ അത്ര ‘മോശമല്ലാത്ത’ ഒരു പെണ്‍കുട്ടി തീവ്രമായി പ്രണയിക്കുന്നു എന്നത് ബോബിക്ക് മാത്രമല്ല പ്രേക്ഷകനും അലോസരമുണ്ടാക്കുന്നുണ്ട്. ഇതെന്തൊരു പ്രണയമാണ് എന്നു അവന്‍ പരിഹാസം കൊള്ളുന്നുണ്ട്. അവളെ കല്യാണം കഴിക്കാന്‍ പോകുകയാണ് എന്നു പറയുന്ന സുഹൃത്തിനോട് ബോബി പറയുന്നതു ചായ കുടിക്കാന്‍ ആരെങ്കിലും ചായക്കട തുടങ്ങുമോ എന്നാണ്. എന്നാല്‍ പതിയെ ബോബിയും പ്രണയത്തെ അനുഭവിക്കാന്‍ തുടങ്ങുന്നു. അവന്റെ ജീവിതത്തിനും ലക്ഷ്യമുണ്ടാകുന്നു.

മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കി എന്ന പോലെ ഇവിടെ കുമ്പളങ്ങി ഒരു കഥാപാത്രമായി നില്‍ക്കുകയാണ്. നിലാവ് വീണ കായലും ചീനവലയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും ഏകാന്തമായ തുരുത്തും ഓളപ്പരപ്പിന്റെ ശബ്ദവും ഒക്കെ ചേര്‍ന്ന് ആ ദേശം നിറഞ്ഞു നില്‍ക്കുന്നുണ്ട് സിനിമയില്‍. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന് നന്ദി പറയ്യാം. ആദ്യ പകുതിയിലെ ഇരുണ്ട ഷെയ്ഡില്‍ നിന്നും സിനിമ പതുക്കെ തെളിച്ചത്തിലേക്ക് വളരുന്നത് ക്യാമറയുടെ ഇന്ദ്രജാലം പോലെ പ്രേക്ഷകര്‍ അനുഭവിക്കുന്നു.

കുമ്പളങ്ങി നൈറ്റ്സ് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ അത് സൌബിന്‍ ഷാഹിറിന്റെ സജി എന്ന മൂത്തേട്ടന്‍ കഥാപാത്രം ആണ് എന്നുറപ്പിച്ചു പറയാം. പുറത്തു കക്കൂസിന്റെ പണി നടക്കുന്നതു നോക്കി ജനലിലൂടെ അനുജനെ വിളിച്ച് തന്റെ കിളി പറന്നിരിക്കുകയാണ് തന്നെയൊന്ന് ഡോക്ടറെ കാണിക്കുമോ എന്നു ചോദിക്കുന്ന സൌബിന്‍, ഡോക്ടറോട് കഥ പറഞ്ഞു അയാളുടെ നെഞ്ചില്‍ തല ചായ്ച്ച് കരയുന്ന സൌബിന്‍, മദ്യപിക്കുമ്പോള്‍ പഴയ കഥകള്‍ ഓര്‍ത്തെടുക്കുന്ന സൌബിന്‍... അങ്ങനെ നിരവധി സൌബിന്‍ നിമിഷങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് സിനിമ.

കൂടാതെ ഷെയ്ന്‍ നിഗവും, ശ്രീനാഥ് ഭാസിയും, പുതുമുഖം മാത്യു തോമസും കൊച്ചു സുന്ദരിയായ, ഷമ്മിയുടെ ആണ്‍ കുന്നായ്മയ്ക്ക് വെടിച്ചില്ല് പോലെ മറുപടി കൊടുത്ത നായികയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

സമാനതകളില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഫഹദ് ഫാസില്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഷമ്മി എന്ന 'കംപ്ലീറ്റ് മാന്‍' ഫഹദിന്‍റെ കയ്യില്‍ ഭദ്രം. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രതിനായക കഥാപാത്രങ്ങളില്‍ ഒന്നാണ് ഷമ്മി.

മഹേഷിന്റെ പ്രതികാരത്തില്‍ അനുഭവിച്ചറിഞ്ഞ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ചെറുകഥാ തുല്യമായ ചലച്ചിത്രാനുഭവം കുമ്പളങ്ങിയിലും അനുഭവിക്കാം. അസാമാന്യമായ ജീവിത നിരീക്ഷണവും സാമൂഹ്യ നിരീക്ഷണവും ചിത്രത്തിലുടനീളം ഉണ്ട്. സീരിയല്‍ മാത്രം കണ്ടാല്‍ പോര ഇടക്ക് ന്യൂസും കാണണം എന്നു തന്റെ വീട്ടിലെ പെണ്ണുങ്ങളോട് പറയുന്ന പ്രതിനായകനായ ഷമ്മി പ്രതിനിധാനം ചെയ്യുന്നത് അറിവിന്റെ അധിപന്‍ താനാണെന്ന പുരുഷ അഹന്തയും അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ വാര്‍ത്ത കാഴ്ചകളോട് പുരുഷനുള്ള അഭിനിവേശവും ആണ്.

പ്രതിഭാശാലിയായ ഒരു സംവിധായകനെ കൂടി കിട്ടിയിരിക്കുന്നു മധു സി നാരായണനിലൂടെ. എവിടെ വേണമെങ്കിലും പാളിപ്പോകാവുന്ന കഥ പറച്ചിലിന്റെ പതിഞ്ഞ താളത്തെ, ജീവിതത്തെ കറുത്ത ഫലിതമായി തുറന്നു വെക്കുന്ന അവതരണത്തെ, കഥാപാത്രങ്ങളും അവര്‍ ജീവിക്കുന്ന ദേശവും തമ്മിളുള്ള വൈകാരിക ലോകത്തെ അസാമാന്യ കൃതഹസ്തതയോടെ മധു അവതരിപ്പിച്ചിരിക്കുന്നു.


Next Story

Related Stories