Top

കുട്ടിമാമാ.. ഞാൻ പെട്ടു മാമ; ശ്രീനിവാസനെ കുറിച്ച് ഒന്നും പറയുന്നില്ല...

കുട്ടിമാമാ.. ഞാൻ പെട്ടു മാമ; ശ്രീനിവാസനെ കുറിച്ച് ഒന്നും പറയുന്നില്ല...
തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി ഭേദപ്പെട്ട സിനിമകൾ സംവിധാനം ചെയ്തിരുന്ന ആളാണ് വി എം വിനു. ബാലേട്ടൻ, പല്ലാവൂർ ദേവനാരായണൻ, വേഷം, മായിലാട്ടം തുടങ്ങി ശ്രദ്ധേയമായ പല ചിത്രങ്ങളും പുള്ളിയുടെ ക്രെഡിറ്റിൽ ഉണ്ട്. എന്നാൽ പത്തുകൊല്ലമായി പുള്ളിയുടെ കരിയർ ശോകമാണ്.. തിരിച്ചു വരാനുള്ള വിനുവിന്റെ മറ്റൊരു ശ്രമമാണ് കുട്ടിമാമ. രക്ഷയൊന്നുമില്ലെന്നു മാത്രം.

2009 ൽ ഇറങ്ങിയ മകന്റെ അച്ഛൻ എന്ന സിനിമയിലൂടെ വിനു ശ്രീനിവാസനെയും വിനീത് ശ്രീനിവാസനെയും ഒപ്പം നിർത്തി ഒരു പിടി പിടിച്ചുനോക്കിയതാണ്. പക്ഷെ പത്തുകൊല്ലമായി ശ്രീനിവാസന്റെ കാര്യം വിനുവിനെക്കാൾ കട്ടപ്പൊക ആണെന്ന് പ്രേക്ഷകർക്കല്ലേ അറിയൂ. അത് ഇപ്പോഴും മനസിലാക്കാൻ ശ്രമിക്കാതെ സംവിധായകൻ കുട്ടിമാമയിലൂടെ വീണ്ടും അകാൽവിളക്കുകൾ തെളിയുന്ന മെയ്മാസത്തിൽ ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും തെളിച്ച് മലയാളികൾക്ക് മുന്നിൽ എത്തുകയാണ്.

അച്ഛൻമകൻ കളിയല്ല ഇത്തവണ. എക്‌സ് മിലിട്ടറി ഫ്‌ളാഷ്ബാക്ക് സെറ്റപ്പിൽ ആണ് ഇത്തവണ ശ്രീനിവാസനേയും ഇളയ മകനെയും സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. തള്ളുവീരനായ ശേഖരൻ കുട്ടി എന്ന കുട്ടിമാമയുടെ ഗീർവാണങ്ങളിലൂടെ ആണ് പടം തുടങ്ങുന്നതും പുരോഗമിക്കുന്നതും.. ശേഖരൻകുട്ടിയുടെ ഫ്‌ളാഷ്ബാക്കുകളിലെ ചെറുപ്പകാലങ്ങളിൽ ശ്രീനിവാസൻ ധ്യാൻ ആയി മാറുന്നു.

തക്കാളിപ്പെട്ടിക്ക് ഗോദ്റേജിന്റെ ലോക്ക് എന്നൊരു നാട്ടുചൊല്ല് ഇവിടങ്ങളിൽ ഒക്കെ ഉണ്ട്. ശേഖരന്റെ ഭൂതകാലം കാണുമ്പോൾ തീർച്ചയായും അത് ഓർത്തുപോകും. അത്രമാത്രം എനർജെറ്റിക് ആണ് ധ്യാൻ അവതരിപ്പിക്കുന്ന യൗവനകാലം. തുടക്കത്തിൽ കാണുന്ന വൃദ്ധനായ ആ മരപ്പാഴിന് ഒട്ടും യോജിക്കാത്ത ഒന്ന്. ഒട്ടും പൊരുത്തമില്ലാത്ത സ്വഭാവ സവിശേഷതകളും. തള്ളുകഥകളിൽ പോലും പട്ടാളക്കാർക്ക് ചോറും കറികളും ഉണ്ടാക്കികൊടുത്ത വീരവാദം പറയുന്ന ശേഖരൻ കുട്ടിയുടെ ഫ്‌ളാഷ്ബാക്കുകളിൽ വിനു തിരുകി കേറ്റുന്ന വീരസാഹസികതകൾ അസഹനീയം.

ശേഖരൻകുട്ടിയുടെ ജീവചരിത്രത്തിലെ ഫ്‌ളാഷ്ബാക്കിൽ പട്ടാളക്കഥ മാത്രമല്ല, പ്രണയം, വിവാഹം എന്നിങ്ങനെ എല്ലാ ഖണ്ഡങ്ങളും വേവാത്ത കഷ്ണങ്ങളായി പൊങ്ങിയും മുങ്ങിയും അണ്ണാക്കിൽ തടയുന്നു. കാർഗിൽ യുദ്ധത്തിൽ ഇരുപത് പാക്കിസ്ഥാൻകാരെ അറഞ്ചം പുറഞ്ചം വധിച്ച ഒരു വീരജവാനെ നാടും വീടും മീഡിയകളും രാജ്യവും തിരിച്ചറിയാൻ ഇരുപത് കൊല്ലമെടുക്കുന്നതൊക്കെ വി എം വിനുവിനും തിരക്കഥ എഴുതിയ മനാഫിനും മാത്രം മനസ്സിലാവുന്ന യുക്തികൾ ആണ്.

കോമഡി ലക്ഷ്യം വെക്കുന്ന വൃദ്ധശേഖരൻകുട്ടിയുടെ ആദ്യ പാതിയിലെ ഗീർവാണസാഹസങ്ങളും ശുദ്ധ വെയിസ്റ്റ് ആയി മാറുന്നു. സമയം കിട്ടുമ്പോൾ വിനുവും ശ്രീനിവാസനും ജാലിയൻ കണാരനെയും മറ്റ്‌ ഹരീഷ് പെരുമണ്ണ കോമഡിക്ലിപ്പുകളെയും ഒക്കെ മൊബൈലിൽ ഒന്ന് കാണുന്നത് നല്ലതായിരിക്കും. ഇതൊക്കെ സംഭവിച്ചുകഴിഞ്ഞ ഒരു നാട്ടിലേക്കാണ് സാധുക്കളേ നിങ്ങൾ ഈ അറുപഴഞ്ചൻ ചരക്കുമായി യാതൊരു ചമ്മലുമില്ലാതെ വരുന്നത്. രണ്ടാംപാതിയിലെ നായികയുടെ "അമ്ലേഷ്യത്തെ" കുറിച്ചൊക്കെ കൂടുതൽ പറയാതിരിക്കുന്നതാവും ഭേദം എന്ന് തോന്നുന്നു.

മുഴച്ചുനിൽക്കുന്ന ഫ്‌ളാഷ്ബാക്ക് റോൾ ആണെങ്കിലും ധ്യാനിന് അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്യാവുന്ന കുറെ സമയങ്ങൾ കുട്ടിമാമയിൽ ഉണ്ട്. കുപ്പി വൈശാഖ്, മഞ്ജു പത്രോസ്, എന്നിവർ സ്വാഭാവിക പ്രകടനം കൊണ്ട് മനസിൽ കേറി. ശ്രീനിവാസനെ കുറിച്ച് ഒന്നും പറയുന്നില്ല.. പാവം. ജീവിച്ച് പൊക്കോട്ടെ..

Read More: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

Next Story

Related Stories