TopTop
Begin typing your search above and press return to search.

മാസ് ലാലിനെ സൃഷ്ടിച്ച് പൃഥ്വിരാജ്; ഇനി അയാൾക്ക് ധൈര്യമായി ഇംഗ്ലീഷ് പറയാം

മാസ് ലാലിനെ സൃഷ്ടിച്ച് പൃഥ്വിരാജ്; ഇനി അയാൾക്ക് ധൈര്യമായി ഇംഗ്ലീഷ് പറയാം

മാസ് മസാല സിനിമകളോട് പൊതുവിൽ മലയാളിക്ക് ഒരു പുച്ഛമാണ്. എന്നാൽ അവ സൃഷ്ടിക്കുക എന്നത് അത്ര ലഘുവായ ഒരു കർമ്മമല്ല. ലോകത്തിൽ നിലവിലുള്ള സൂപ്പര്‍താരങ്ങളായ സൂപ്പർതാരങ്ങൾ എല്ലാം കാലങ്ങളായി പെടാപ്പാട് പെട്ടുകൊണ്ടേയിരിക്കുന്നത് ഈ മസാല ഫോർമുലകൾ ഒന്ന് വക്കും മൂലയുമൊപ്പിച്ച് കൂട്ടിച്ചേർത്ത് ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ചെടുക്കാൻ വേണ്ടിയിട്ടാണ്. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ.. കൊല്ലങ്ങൾ കാത്തു നിന്നാലെ ഇതൊന്ന് ജനത്തിന്ന് ഇഷ്ടമാകും മട്ടിൽ ജോയന്റായി കിട്ടൂ..

മോഹൻലാൽ എന്ന സൂപ്പർസ്റ്റാർ കുറച്ചു ദിവസമായി എല്ലാ ഇന്റർവ്യൂവിലും പറയുന്നു. താൻ ഇതുവരെ അഭിനയിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ലൂസിഫർ ആണ് എന്ന്. പ്രിവ്യൂ കണ്ട ആവേശത്തിൽ ആവാം. ഷൂട്ടിംഗ് അനുഭവങ്ങളിലെ ആത്മവിശ്വാസങ്ങളിൽ നിന്നാവാം അല്ലെങ്കിൽ മറ്റ്‌ പലതിൽ നിന്നുമാവാം. ഏതായാലും അദ്ദേഹത്തെ അവിശ്വസിക്കേണ്ടതില്ല. ഇന്ന് ലൂസിഫർ കണ്ടിറങ്ങുന്ന ആരാധകരും മറ്റ്‌ പ്രേക്ഷകരും അത് അംഗീകരിച്ച് അടിവരയിടുന്നു. ലാലേട്ടന്റെ തങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മുഖം എന്ന്.

താരത്തിനും ആരാധകർക്കും സാദാ പ്രേക്ഷകർക്കും എല്ലാം സംതൃപ്തി നൽകും വണ്ണം ഒരു ഫോർമുല സിനിമ ഒരുക്കിയ പൃഥ്വിരാജ് എന്ന സംവിധായകൻ ചില്ലറക്കാരനല്ല അപ്പോൾ. അയാളെ വേണമെങ്കിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി വിശേഷിപ്പിക്കാം. ഇത്രയും ഓണ്‍ സ്ക്രീന്‍ ഡിമാൻഡ് ഉള്ളപ്പോൾ മലയാളത്തിൽ വേറൊരു നായകനും സംവിധാനത്തിന് ഇറങ്ങിയിട്ടില്ല എന്നത് മാത്രവുമല്ല അഭിനയിക്കുമ്പോഴോ നിർമ്മിക്കുമ്പോഴോ അയാൾ ഇത്തരം ഫോർമുല സിനിമകൾ തെരഞ്ഞെടുക്കാറില്ല എന്നതും പരിഗണിക്കേണ്ട വിഷയമാണ്.

സ്റ്റീഫൻ നെടുംപള്ളിയുടെ ജീവിതവും അതിലെ ദുരൂഹതകളും ആണ് ലൂസിഫറിന്റെ പ്രമേയം. 15 വയസ് വരെ അത് അനാഥമാണ്. പിന്നിടുള്ള 26 വർഷങ്ങൾ അയാൾ മിസ്സിംഗ് ആണ്. അദൃശ്യവര്‍ഷങ്ങളിലെ അയാളെ കുറിച്ച് ആർക്കുമറിയില്ല. സിനിമ തീർന്നു കഴിഞ്ഞ ശേഷമുള്ള അയാളാവട്ടെ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്കാണ് നടന്നു പോകുന്നത്. ആരാധകരുടെ കെട്ട് പൊട്ടി പോവുന്നത് ഇവിടെ ആണ്.

കൃത്യമായ ഒരു സ്ഥിരം ഫോര്‍മുലയിലേക്ക് ആണ് പൃഥ്വിയും മുരളീഗോപിയും ലൂസിഫറിനെയും സ്റ്റീഫനേയും ഇമ്പ്ലിമെന്റ് ചെയ്യുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായൻ ആയ മുഖ്യമന്ത്രി കെ പി രാമദാസ് അകാലത്തിൽ മരിക്കുന്നു. മകൾ പ്രിയദർശിനി, മരുമകൻ ബോബി, മകൻ ജതിൻ, പാർട്ടിയിലെ സീനിയർ ലീഡറായ വർമ്മ, ഓപ്പോസിറ്റ് ലീഡറായ മേടയിൽ രാജൻ.. ഇവരുടെയൊക്കെ സ്ഥാപിത താൽപര്യങ്ങൾ. അതിന്റെയൊക്കെ ഇടയിലേക്ക് ആണ് മരണമടഞ്ഞ നേതാവിന്റെ വളർത്തുപുത്രനായ സ്റ്റീഫൻ വരുന്നത്. പ്രിയദർശിനിക്ക് ഒറ്റ കണ്ടീഷൻ. സ്റ്റീഫനെ അച്ഛന്റെ ബോഡി കാണിക്കരുത്.

ഒട്ടും പുതുമയില്ലാത്ത ഈ സ്റ്റോറി ലൈൻ തച്ചിന് പണിഞ്ഞാണ് പൃഥ്വിരാജ് മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമയുടെ അവസാനവാക്ക് ആക്കിയിരിക്കുന്നത്. മേയ്ക്കിംഗ് സ്റ്റൈൽ, ക്രാഫ്റ്റ്, മോഹൻലാൽ എന്ന താരശരീരത്തിന്റെ സ്‌ക്രീൻ പ്രസൻസ്, ചലനങ്ങൾ, മാസ് ഡയലോഗ്സ്, അവയിൽ പോലുമുള്ള സംവിധായകന്റെയും സ്ക്രിപ്റ്റിന്റെയും പിടിമുറുക്കൽ, നന്നായി ഡിഫൈൻ ചെയ്യപ്പെട്ട ബാക്കി ക്യാരക്ടറുകൾ, അതിൽ വിവേക് ഒബ്രോയി, ടോവിനോ, മഞ്ജു എന്നിവരുടെ താരമൂല്യത്തിനൊപ്പം സംവിധായകന്റെ കൂടി ഗസ്റ്റ് റോൾ, സംഭാഷണങ്ങൾ ഇവയൊക്കെ ആണ് ലൂസിഫറിന്റെ മൂന്നുമണിക്കൂറുകളെ ഒട്ടും മുഷിച്ചിലില്ലാതെ ലൈവാക്കി നിർത്തുന്നത്.

ഫസ്റ്റ് ഹാഫിനെ വച്ച് നോക്കുമ്പോൾ സെക്കണ്ട് ഹാഫ് ഇത്തിരി ലാഗ് ആയി എന്നൊക്കെ ഒരു കുറ്റത്തിനായി വേണമെങ്കിൽ പറയാം . പക്ഷെ ക്ളൈമാക്‌സും പിന്നീട് വരുന്ന ഭാഗങ്ങളും വായടപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞ കൊമേഴ്‌സ്യൽ സംവിധായകരുടെ മുൻ നിരയിൽ ഏതായാലും പൃഥ്വിരാജ് ഉണ്ട് ഇന്നുമുതൽ. അയാൾക്ക് ധൈര്യമായി ഇംഗ്ലീഷ് പറയാം.


Next Story

Related Stories