TopTop
Begin typing your search above and press return to search.

മഹാനടന്മാര്‍ക്കിടയിലെ മഹാനടി; ഒരു സത്യസന്ധമായ അടയാളപ്പെടുത്തല്‍

മഹാനടന്മാര്‍ക്കിടയിലെ മഹാനടി; ഒരു സത്യസന്ധമായ അടയാളപ്പെടുത്തല്‍

അശ്വിന്‍ നാഗിന്റെ 'മഹാനടി' പല കാരണങ്ങളാല്‍ ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയിരുന്നു. തെന്നിന്ത്യയിലെ ആദ്യകാല സൂപ്പര്‍താരങ്ങളില്‍ ഒരാളായ സാവിത്രിയുടെ ജീവിതകഥയാണ് ഇതെന്നതായിരുന്നു ഒരു പ്രധാന കാരണം. ബഹുഭാഷാ സിനിമ ആണ് മഹാനടി. തെലുങ്കും തമിഴും ഒരു പോലെ ഉപയോഗിക്കുന്നുണ്ട് സിനിമയില്‍. ചിത്രം 'നടികര്‍ തിലകം' എന്ന പേരില്‍ തമിഴിലേക്കും മലയാളത്തിലേക്കും ഡബ് ചെയ്തിട്ടും ഉണ്ട്. തെലുങ്ക് വേര്‍ഷന്‍ മെയ് 9 നും തമിഴും മലയാളവും 11 നും ആണ് റിലീസ് ചെയ്തത്. ദുല്‍കര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് റിലീസ് ആണ് മഹാനടി. മലയാളി കൂടി ആയ കീര്‍ത്തി സുരേഷ് ആണ് ടൈറ്റില്‍ കഥാപാത്രമാകുന്നത്. പീരീഡ് ഡ്രാമ ഗണത്തില്‍ വരുന്ന സിനിമ കൂടിയാണിത്. സാമന്ത, രാജേന്ദ്ര പ്രസാദ്, വിജയ് ദേവരകൊണ്ട, ഭാനുപ്രിയ, മാളവിക നായര്‍, തനികെല്ല ഭരണി എന്നിവര്‍ക്കൊപ്പം പ്രകാശ് രാജ്, നാഗ ചൈതന്യ എന്നിവര്‍ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നു. തന്റെ മുത്തച്ഛനായ നാഗറാവു ആയാണ് നാഗ ചൈതന്യ എത്തുന്നത്. പഴയകാല ഹിറ്റ് സംവിധായകന്‍ ആയ ചക്രപാണി ആയി പ്രകാശ് രാജ് എത്തുന്നു. മോഹന്‍ബാബു, നരേഷ്, കൃഷ്, ശ്രീനിവാസന്‍ അവസരല, തരുണ്‍ ഭാസ്‌കര്‍ എന്നീ പ്രമുഖ മുഖ്യധാരാ തെലുങ്ക് നടന്മാര്‍ കാമിയോ റോളുകളില്‍ വരുന്ന ചിലരാണ്.

സാവിത്രി ദക്ഷിണേന്ത്യയില്‍ നിന്ന് 'ലേഡി സൂപ്പര്‍സ്റ്റാര്‍ ' പദവി ലഭിച്ച ആദ്യ നടി ആണ്. മഹാനടി സാവിത്രി എന്നും നടികര്‍ തിലകം എന്നും വിളിപ്പേരുള്ള അവരുടെ ഡേറ്റിനു വേണ്ടി അന്നത്തെ മറ്റു സൂപ്പര്‍ താരങ്ങള്‍ കാത്തിരിക്കുമായിരുന്നു. 12 വയസില്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയ സാവിത്രി കഷ്ടിച്ച് 16 വയസുള്ളപ്പോള്‍ നായിക ആയി. ആദ്യ ഘട്ടത്തിലെ പരാജയങ്ങള്‍ക്കു ശേഷം ദക്ഷിണേന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കുന്ന നായിക ആയി അവര്‍ മാറി. മായാ ബസാര്‍, മംഗല്യ ബലം, തൊടി കൊഡലു, മൂക മനസല്, ഡോക്ടര്‍ ചക്രവര്‍ത്തി, ദേവദാസു എന്നീ തെലുങ്ക് സിനിമകളും കളത്തൂര്‍ കണ്ണമ്മ, പാശമലര്‍, കര്‍ണന്‍, കര്‍പ്പകം, പാര്‍ത്താല്‍ പേശി തീരും തുടങ്ങി നിരവധി സിനിമകളും സാവിത്രിയുടെ താരമൂല്യത്തിലും അഭിനയ മികവിനാലും കൂടി ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു. രാഷ്ട്രപതിയുടെ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ഭാര്യയും മറ്റൊരു പ്രണയിനിയും ഉണ്ടെന്നറിഞ്ഞു കൊണ്ടുള്ള ജമിനി ഗണേശനുമായുള്ള അവരുടെ പ്രണയവും വിവാഹവും പിന്നീടുണ്ടായ പ്രണയ തകര്‍ച്ചയും ഒക്കെ മാധ്യമങ്ങള്‍ കൊണ്ടാടിയ വാര്‍ത്തകള്‍ ആയിരുന്നു. ആഘോഷിക്കപ്പെട്ട സമൃദ്ധമായ കരിയറിനും ജീവിതത്തിനും ശേഷം പ്രണയ തകര്‍ച്ചയും തുടര്‍ന്നുണ്ടായ അമിത മദ്യപാനവും അവരുടെ ജീവിതത്തെയും കരിയറിനെയും തകര്‍ത്തു. ആദ്യ കാലം തൊട്ടു ഉണ്ടായിരുന്ന അമിത ദാനശീലവും ആഢംബരത്തോടുള്ള അമിതമായ മമതയും ഇന്‍കം ടാക്‌സ് വകുപ്പ് അവരുടെ സ്വത്തുക്കള്‍ മുഴുവനും കണ്ടു കെട്ടുന്നതിലേക്ക് എത്തി. ഇതിനിടയില്‍ അവര്‍ സംവിധാനത്തിലും കൈ വച്ചു. റിക്ഷകളിലും ബസിലും ഒക്കെ ഷൂട്ടിങ് സൈറ്റുകളില്‍ പോകുന്നത് പതിവായി. പ്രമേഹത്തിന്റെ കൂടിയ അളവും മറ്റു അസുഖങ്ങളും ഒറ്റപ്പെടലും അമ്മയുടെ മരണവും ചെറിയ വാടക വീട്ടില്‍ ഒറ്റക്കുള്ള താമസവും ഒക്കെ കഴിഞ്ഞു ഒന്നര വര്‍ഷത്തില്‍ ഏറെ കോമയില്‍ കിടന്നു 45 മത്തെ വയസില്‍ സാവിത്രി മരിച്ചു. എന്നും ഗ്ലാമര്‍ ലോകത്ത് നില നിന്നതു കൊണ്ടും നിരവധി ആരാധകര്‍ ഉണ്ടായിരുന്നത് കൊണ്ടും അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും വാര്‍ത്തയായിരുന്നു. സംഭവ ബഹുലമായ അവരുടെ ജീവിതം എന്നും ചര്‍ച്ചയായിരുന്നു. മീനാകുമാരിയുടെ ജീവിതവും മരണവുമായി ഇവരുടെ ജീവിതം താരതമ്യം ചെയ്യുന്നതും ഒരു സ്ഥിരം ഫീച്ചര്‍ രീതി ആയിരുന്നു.

സാവിത്രിയുടേത് എന്ന് നാം കേട്ടറിഞ്ഞ സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന രീതിയില്‍ തന്നെയാണ് മഹാനടിയും തീയേറ്ററുകളില്‍ എത്തുന്നത്. അവര്‍ മരിക്കുന്നതിനു ഒരു വര്‍ഷം മുന്നേ കഥ അവസാനിക്കുന്നു. 1980 ല്‍ മധുരവാണി (സാമന്ത ) എന്ന പത്രപ്രവര്‍ത്തക സാവിത്രിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഫീച്ചര്‍ എഴുതാന്‍ തുടങ്ങുന്നു. വിജയ് ആന്റണി എന്നൊരു സഹപ്രവര്‍ത്തകനും അവര്‍ക്കൊപ്പം ഉണ്ട്. മറ്റേതൊരു അസൈന്മെന്റും പോലെ നിര്‍വികാരതയോടെ ആണ് മധുരവാണി ഈ ജോലിയും ഏറ്റെടുത്തത്. പക്ഷെ അന്വേഷണത്തിന്റെ ഓരോ ഘട്ടവും അവരെ വൈകാരികമായി സാവിത്രിയിലേക്ക് അടുപ്പിക്കുന്നു. സാവിത്രിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന മധുരവാണിയുടെ തിരിച്ചറിവുകളിലൂടെ കഥ നീങ്ങുന്നു. ആറാം മാസത്തില്‍ നഷ്ടപ്പെട്ട അച്ഛനെ അന്വേഷിക്കുന്നതും പത്തു വയസിനും മുന്നേ സ്‌റ്റേജ് പെര്‍ഫോര്‍മര്‍ ആകുന്നതും കരിയറിന്റെ തുടക്കം മുതല്‍ ഉള്ള ജയ പരാജയങ്ങളും വ്യക്തിജീവിതവും ഒക്കെ കഴിഞ്ഞു കോമയില്‍ ആകുമ്പോള്‍ ഉള്ള അവസ്ഥ വരെ പറഞ്ഞു സിനിമ തീരുന്നു. സാവിത്രിയുടെ ചുറ്റും ഉണ്ടായിരുന്ന ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

മഹാനടി എന്ന പേര് തന്നെ ആണ് സിനിമയേക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. മഹാനടന്മാരുടെ സംഘങ്ങള്‍ തന്നെ ഉള്ള ഈ നാട്ടില്‍ ഒരു മഹാനടി ജീവിച്ചിരുന്നു എന്നത് തീര്‍ച്ചയായും അത്ഭുതമുള്ള കാര്യമാണ്. ശിവാജി ഗണേശന്‍ അടക്കമുള്ളവര്‍ അവരോടൊപ്പം അഭിനയിക്കാന്‍ അവരുടെ ഡേറ്റ് കാത്തു നിന്നിരുന്നു. അവരുടെ കണ്ണനക്കങ്ങളില്‍ ഫ്രീസ് ചെയ്ത കാമറ അതിശയോക്തി ആയിരുന്നില്ല. അങ്ങനെ ഒരു താരത്തോടും അവര്‍ പോപ്പുലര്‍ സിനിമക്ക് നല്‍കിയ സംഭാവനകളോടും ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് മഹാനടി എന്ന സിനിമ കാണികളിലേക്ക് എത്തുന്നത്. ഒരു സിനിമ എന്നതില്‍ ഉപരി ഒരു തുടര്‍ പത്ര ഫീച്ചര്‍ വായിക്കുന്ന അനുഭവമാണ് മഹാനടി തരുന്നത്. ജമിനി ഗണേശന്‍ എന്ന അവരോളം താരമൂല്യമുള്ള താരത്തെ അയാള്‍ ആയി തന്നെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലവും ഏറ്റവും മോശം കാലവും ഈ പ്രണയം മൂലം ഉണ്ടായതാണ്. ഒരു ഭാര്യയും നാല് മക്കളും ഉണ്ടായിരുന്നു ജമിനി ഗണേശന്‍ അവരുടെ പുറകെ പ്രണയ പരവശനായി നടക്കുമ്പോള്‍. അവര്‍ ഇതറിയാതെ ആണ് പ്രണയിച്ചു തുടങ്ങുന്നത്. പക്ഷെ പിന്നീട് ആ വിവാഹം ഒരു നിവൃത്തികേടിന്റെ ഫലം ആണെന്ന് അവരെ അയാള്‍ ധരിപ്പിക്കുന്നു. സ്വന്തം കുടുംബത്തെ ധിക്കരിച്ചു അയാളോടൊപ്പം അവര്‍ ജീവിക്കാന്‍ തുടങ്ങുന്നു(കാലം 1950 കള്‍ ആണ്). കടുത്ത ഈഗോ വച്ചു പുലര്‍ത്തി അവരുടെ കരിയറിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥനായ ഭര്‍ത്താവായി സിനിമ ജമിനി ഗണേശനെ ചിത്രീകരിക്കുന്നു. മറ്റു സ്ത്രീകളുമായി അയാള്‍ക്കു പ്രണയവും കാമവും ഉണ്ടെന്നു അവര്‍ അറിഞ്ഞത് പിന്നീട് ആണ്. അയാള്‍ പറഞ്ഞ അവളോട് മാത്രമുള്ള പ്രണയം കള്ളമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സാവിത്രി എന്ന നടിയുടെയും വ്യക്തിയുടെയും തകര്‍ച്ച തുടങ്ങുന്നത്. പിന്നീട് ഒരിക്കലും ജീവിതത്തിന്റെ സ്വാസ്ഥ്യത്തിലേക്കു മടങ്ങി വരാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. അവരുടെ തകര്‍ച്ചയുടെ ഘട്ടത്തോടെ പൂര്‍ണമായും അവരെ ഉപേക്ഷിച്ചു അയാള്‍ മറ്റു ബന്ധങ്ങളിലേക്കും വിവാഹത്തിലേക്കും പോകുന്നു. തന്റെ മകളോളം പ്രായമുള്ള ജൂലിയാനയെ വിവാഹം കഴിക്കുമ്പോള്‍ ജെമിനി ഗണേശന്‍ പറഞ്ഞത് ഏതാണ്ട് തന്നോളം പ്രായമുള്ള ആദ്യ ഭാര്യക്ക് താന്‍ ആഗ്രഹിക്കുന്നതൊന്നും തരാന്‍ ആകാത്തതു കൊണ്ടും ചെറുപ്പകാരിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നത് കൊണ്ടും ആണ് താന്‍ ജൂലിയാനക്ക് അടുത്തെത്തിയത് എന്നാണ്. ഇത്തരം വ്യക്തിബന്ധങ്ങളിലെ ആശയ കുഴപ്പങ്ങളെ പറ്റി പറയുമ്പോള്‍ സൂക്ഷ്മ ശ്രദ്ധ വേണം. ആ സൂക്ഷമ ശ്രദ്ധ നാഗ് അശ്വിന്റെ സംവിധാനത്തിനും സിദ്ധാര്‍ഥ് ശിവസാമിയുടെ തിരക്കഥക്കും ഉണ്ട്. ജമിനി ഗണേശന് പുറകെ പോകാനോ അയാളെ ഗ്ലോറിഫൈ ചെയ്യാനോ വില്ലനായി ചിത്രീകരിക്കാനോ പോകാതെ സിനിമ സാവിത്രിയിലൂടെ മാത്രം തുടരുന്നു. ഒരു പ്രണയം അവര്‍ക്കുണ്ടാക്കിയ മാനസിക ആഘാതം മാത്രമാണ് സിനിമയ്ക്ക് വിഷയം. സാവിത്രിയുടെ വ്യക്തി ജീവിതത്തെയും ഓഡിറ്റ് ചെയ്യാന്‍ സിനിമ നിന്നിട്ടില്ല. അവരുടെ അമിത മദ്യപാനവും ആഡംബര ഭ്രമവും ഒന്നും തെറ്റുകളോ ശരികളോ ആയി സിനിമ പറഞ്ഞിട്ടുമില്ല. ഇന്ത്യന്‍ പോപ്പുലര്‍ കല്‍ച്ചറില്‍ ഇത്തരം ഒരു നിലപാട് ഒരു നടിയുടെ ജീവിതത്തോട് എടുക്കുക ഒട്ടും എളുപ്പമല്ല.

ഒരു ജനപ്രിയ സിനിമയുടെ രീതിയില്‍ അല്ല മഹാനടി കഥ പറയുന്നത്. സിനിമക്ക് പലപ്പോഴും ഒരു ഡോക്യുഫിക്ഷന്‍ സ്വഭാവം ഉണ്ട്. ചിലയിടങ്ങളില്‍ വളരെ സമയമെടുത്തു കഥ പറയുന്ന രീതിയും മറ്റു ചില രംഗങ്ങളിലെ അതിവൈകാരികതയും സിനിമയില്‍ മുഴച്ചു നിന്നു. ലീനിയര്‍, നോണ്‍ ലീനിയര്‍ രീതികളെ ഒന്നും സിനിമ മുഴുവനായും പിന്തുടരുന്നില്ല. കോട്ടഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ് സിനിമയുടെ പൂര്‍ണതക്ക് വിലങ്ങു തടി ആവുന്നുണ്ട്. മധുര വാണിയുടെയും ആന്റണിയുടെയും പ്രണയം രസകരമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബയോപിക്ക് എന്ന നിലയിലുള്ള സിനിമയുടെ ഗൗരവത്തെ അത് എവിടെയൊക്കെയോ ചുരുക്കുന്നുണ്ട്. ആ ഉപകഥയ്ക്കു ചില ഇടങ്ങളില്‍ നീളം കൂടുതലാണ്. താരങ്ങളെ തിരഞ്ഞെടുത്ത രീതി പക്ഷെ കയ്യടി അര്‍ഹിക്കുന്നുണ്ട്. എവിടെയൊക്കെയോ ചില ആദ്യ കാല നടിമാരെ (മേനകയ്ക്കും മുന്നേ ഉള്ള നടിമാരെ )ഓര്‍മിപ്പിക്കുന്ന ചില മാനറിസങ്ങള്‍ കീര്‍ത്തി സുരേഷില്‍ ഉണ്ട്. അതിനപ്പുറം ഇത്രയും സാധ്യതകള്‍ ഉള്ള റോള്‍ അവര്‍ക്കു നല്‍കാന്‍ മാത്രമുള്ള അഭിനയ പ്രാധാന്യമുള്ള റോളുകള്‍ അവര്‍ ചെയ്തിരുന്നില്ല. പക്ഷെ സാവിത്രിയെ വൈകാരികമായി കാണികളിലേക്ക് എത്തിക്കാന്‍ കീര്‍ത്തി സുരേഷിന് പൂര്‍ണമായും സാധിച്ചു. 14 വയസു മുതല്‍ 45 വരെയുള്ള സാവിത്രിയുടെ ജീവിതം കീര്‍ത്തിയില്‍ ഭദ്രമായിരുന്നു. നിഷ്‌കളങ്ക കൗതുകത്തോടെ ഭരണി സ്റ്റുഡിയോയില്‍ വന്നിറങ്ങുന്ന കുട്ടിയില്‍ നിന്നു അതിഭീകരമായ വൈകാരിക തകര്‍ച്ചകളിലൂടെ കടന്നു പോകുന്ന സ്ത്രീയായി അവര്‍ വളരെ മികച്ചു നിന്നു. അമിതാഭിനയത്തിലേക്കു വഴി മാറാവുന്ന സന്ദര്‍ഭങ്ങളെ അവര്‍ നാടകീയത ഒട്ടും ഇല്ലാതെ കാണികളില്‍ എത്തിച്ചു. സാമന്തയും ദുല്‍കര്‍ സല്‍മാനും നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്. സംഗീതവും സിനിമയുടെ മൂഡ് നന്നായി നിലനിര്‍ത്തി.

മഹാനടി എന്ന സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് എതിരഭിപ്രായം ഉണ്ടാകാം. സിനിമയുടെ സ്ലോ പേസും ചില രംഗങ്ങളിലെ അതിഭാവുകത്വവും ചിലര്‍ക്ക് രസിക്കാതെ പോയേക്കാം. പക്ഷെ മഹാനടന്മാരുടെ നാട്ടില്‍ ഒരു മഹാനടിയും ജീവിച്ചിരുന്നു എന്ന വളരെ സത്യസന്ധമായ അടയാളപ്പെടുത്തല്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും മനസ്സില്‍ തട്ടുന്ന കാഴ്ച ആയേക്കാം ഈ സിനിമ.


Next Story

Related Stories