Top

മധുരരാജ അഥവാ മെഗാസ്റ്റാർ ഷോ; ആരാധകർക്ക് രോമാഞ്ചം, അല്ലാത്തവർക്ക് തള്ളുവണ്ടി

മധുരരാജ അഥവാ മെഗാസ്റ്റാർ ഷോ; ആരാധകർക്ക് രോമാഞ്ചം, അല്ലാത്തവർക്ക് തള്ളുവണ്ടി
അനുശ്രീ അവതരിപ്പിക്കുന്ന വാസന്തി എന്ന കഥാപാത്രം പവറും പത്രാസുമായി തന്റെ മുന്നിൽ ഞെളിഞ്ഞ് നടക്കുന്ന മധുരരാജ എന്ന മമ്മുക്കയെ ഒരു കണ്ണിൽ ചോരയുമില്ലാതെ പല്ലിറുമ്മി വിളിക്കുന്നത് 'തള്ളുവണ്ടി' എന്നാണ്. അതും ആക്സിഡന്റലായി ഒരു വട്ടമൊന്നുമല്ല, തീരുമാനിച്ച് നിശ്ചയിച്ച് ഉറപ്പിച്ചെന്ന മട്ടിൽ പലവട്ടമാണ്. ഇക്കയേയും മധുരയിൽ നിന്ന് ഒപ്പം വന്ന നൂറുകണക്കിന്ന് വാലുകളെയും അവൾ സ്വന്തം റിസോർട്ടിൽ നിന്ന് കായലിലേക്ക് തൊണ്ടിയെറിയുകയും ചെയ്തു.

ഇത്രയൊക്കെയായിട്ടും ഇക്കാ എന്ന മധുരരാജ പ്രകോപിതനാവുന്നില്ല. തിരക്കഥാകൃത്തായ ഉദയ് കൃഷ്ണയോ സംവിധായകനായ വൈശാഖോ അതിന്ന് സമ്മതിക്കുന്നില്ല. 2019 എന്ന വർഷം ഏപ്രിൽ മാസത്തിൽ എത്തി നിൽക്കുകയാണെന്നൊരു സ്വയം ബോധ്യം മൂവർക്കുമുണ്ടെന്ന് അർത്ഥം. ഈയവസരത്തിലും ഇങ്ങനെ ഒരു വെട്ടുകത്തി ക്യാരക്റ്ററും സിനിമയുമായി വരുമ്പോൾ ഇങ്ങനെ ചില സ്വയം വിമർശനങ്ങളും അവയെ സാധൂകരിക്കാൻ ഇടയിൽ മിക്സ് ചെയ്യണമെന്ന് അവർക്ക് നന്നായി അറിയാം.

വാസന്തി എന്ന അനുശ്രീയെ തള്ളുവണ്ടി പ്രയോഗത്തിൽ പ്രകോപിതരായി രാജയുടെ അനുയായികൾ കയ്യേറ്റം ചെയ്യാനായി ചാടുന്നുണ്ട്. "പെമ്പ്‌ളയ്ക്കിട്ടു വൻപ് എടുക്കാതെ" എന്ന് ഓരോ തവണയും രാജ അവരെ ഉപദേശപൂർവം തടയുന്നു. പാർവതിയുടെ പേജിൽ പോയി തെറി എഴുതി മെഴുകി വെരകുന്ന പാഴുകളോടാണ് ഇക്കായിത് പറയുന്നത് എന്നത് കേട്ടു നിക്കുന്ന നമ്മക്കറിയാം. എന്നാൽ ഇക്കാ ലക്ഷ്യം വെക്കുന്ന വൃകോദരന്മാരാകട്ടെ: 'ഉയരെ' എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിക്കുന്ന നടന്മാരെ ഇപ്പോഴും ഉപദേശിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കയാണ്.

അനുശ്രീ ഉൾപ്പടെ മധുരരാജയ്ക്ക് നാല് നായികമാർ എന്നായിരുന്നു സിനിമയുടെ പി ആർ ന്യൂസുകളിൽ കണ്ടിരുന്നത്. അന്ന രേഷ്മ രാജൻ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നീ നടിമാരുടെ പേരും ലിസ്റ്റിൽ കണ്ടിരുന്നു. ദോഷം പറയരുതല്ലോ, സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഇതിൽ ഒരാൾ പോലും ഇക്കയുടെ നായിക അല്ല. കുട്ടനാടൻ ബ്ലോഗിലും ഇങ്ങനെ ഒരു നമ്പർ കണ്ടായിരുന്നു. തനിക്ക് വിവാഹപ്രായമായില്ല എന്നാണ് ഇവിടെ രാജ അസന്നിഗ്ധമായി പ്രഖ്യാപിച്ചു കളയുന്നത്. അതും ഒരു തിരിച്ചറിവ് ആണ്.

വാസന്തിയിലൂടെ ആണ് സിനിമ തുടങ്ങുന്നത്. പിന്നെ വില്ലന്റെ കുടിലതകൾ വരുന്നു. ഡാഡിഗിരിജയുടെ പാമ്പിൻതുരുത്ത് ലോക്കൽ വേർഷൻ. നടേശൻ എന്ന ജഗപതി ബാബു. അതുകഴിഞ്ഞ് നെടുമുടി വരുന്നു വിജയരാഘവൻ വരുന്നു. സലിം കുമാർ വരുന്നു. തെസ്നിഖാൻ വരുന്നു, ജയ് വരുന്നു. അതെല്ലാം കഴിഞ്ഞിട്ടാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. മുക്കാൽ മണിക്കൂർ ആയിരുന്നു അപ്പോഴേക്കും.

2010ൽ മലയാളികളുടെ മനസ്സിൽ അത്രയ്ക്കും പതിഞ്ഞുപോയ ഒരു കഥാപാത്രം ആണ് മാധവൻമാഷുടെ മകനായ ഈ മധുരരാജ. അതിനാൽ മുക്കാൽ മണിക്കൂർ അല്ല ഇന്റർവെൽ കഴിഞ്ഞു വന്നാൽ പോലും കൂടുതൽ ഡെക്കറേഷന്റെ ഒന്നും ആവശ്യമെയില്ല. പുള്ളി ഇൻട്രോ സീൻ മുതൽ കേറിയങ്ങോട്ട് മേയുകയാണ്. മമ്മൂട്ടിയെ വെറുതെ സ്‌ക്രീനിൽ നല്ല ഡ്രെസ്സൊക്കെയിട്ടു നിൽക്കുന്നത് കണ്ടാൽ പോലും റോമഞ്ചപ്പെട്ട് കയ്യടിക്കുന്ന ആരാധകർ ഉണ്ട് കേരളത്തിൽ. നടത്തവും സ്ലോ മോഷനുമൊക്കെ കണ്ടാലത്തെ കാര്യം വേറെ. അത്തരം ഫാൻസന്മാർക്ക് വേണ്ടിയുള്ള സിനിമയാണ് മധുരരാജ.

2010 ലെ അതേ എനർജിയോടെ കുസൃതിയോടെ സ്‌ക്രീൻ പ്രസന്‍സോടെ (അല്ലെങ്കിൽ അതിലും ഒരുപടി മേലെ) തുടർന്നങ്ങോട്ട് നിറഞ്ഞ് ആടുകയാണ് മമ്മൂട്ടി. ഇക്കയെ പാമ്പിന്തുരുത്തും നടേശനുമായി ബന്ധിപ്പിച്ചതും ബാക്കിയുള്ളതുമായ തിരക്കഥയൊക്കെ തട്ടിക്കൂട്ടൽ എന്ന വാക്കിനെ പോലും നാണിപ്പിക്കും വിധത്തിൽ ആണ്. സംവിധാനത്തിന്റെ മികവാണ് ചിലപ്പോഴെങ്കിലും സ്ക്രിപ്റ്റിംഗിന്റെ ദൌര്‍ബല്യത്തിൽ നിന്നും പടത്തെ രക്ഷിച്ചെടുക്കുന്നത്. ലോകത്തിലുള്ള സകല മസാലചേരുവകളും വൈശാഖ് അതിലേക്ക് മിക്സ് ചെയ്ത് ചേര്‍ത്തു തന്റെ സംവിധാന ചാതുരി തെളിയിക്കുന്നു. സണ്ണി ലിയോണിനെ കൊണ്ടോക്കെ ഈ വേനൽക്കാലത്ത് ഇത്രയും ഡ്രെസ്സ് അണിയിപ്പിച്ച് ഐറ്റം ഡാൻസ് കളിപ്പിച്ച ബുദ്ധിക്ക് സല്യൂട്ട്.

പോക്കിരിരാജയിൽ നിന്ന് മധുരരാജയിലേക്ക് ടിക്കറ്റെടുത്ത് വന്ന മറ്റ് ക്യാരക്റ്ററുകളിൽ ഏറ്റവും ലൈവായി നില്കുന്നത് നോവലെഴുതുന്ന മനോഹരന്റേത് ആണ്. പടത്തിന്റെ കോമഡി ഡിപ്പാര്‍ട്ട്മെന്‍റ് സലിം കുമാറിന്റെ കയ്യിൽ സുരക്ഷിതം. ചിരിപ്പിക്കുന്നുണ്ട് പുള്ളിയുടെ ഓരോ സംഭാഷണവും. അജു വർഗീസിനെ ഒപ്പമുള്ള സായിപ്പ് പലപ്പോഴും മലർത്തിയടിക്കുന്നു സിറ്റ്വേഷന്‍ കോമഡിയിൽ. പോക്കിരിരാജയിലെ ഇരുമ്പ് പീസായിരുന്ന ഇടിവെട്ട് സുഗുണനെ ടെയിൽ എൻഡിൽ ഒതുക്കിയത് നിരാശയാവുകയും ചെയ്തു.

ഉടൻ വരുന്നു പോക്കിരിരാജ-പാര്‍ട്ട് 3 മിനിസ്റ്റർ രാജ എന്ന മുന്നറിയിപ്പ് തന്നുകൊണ്ടാണ് സിനിമ തീരുന്നത്. ഇക്കാ മാറാൻ പോവുന്നില്ല, ആരാധകരും മാറാൻ പോവുന്നില്ല മൂന്നാം ഭാഗമോ നാലാം ഭാഗമോ എന്താച്ചാൽ ധൈര്യമായി തയ്യാറാക്കാം.. വെയ്റ്റിങ്!

Next Story

Related Stories