UPDATES

സിനിമ

വൈ എസ് ആറിനെ വൈ എസ് ആറിനെക്കാള്‍ വലിയ വൈ എസ് ആറാക്കി മമ്മൂട്ടി; തൊലി പൊളിച്ച് ചാടുന്ന ഇലക്ഷൻ പരസ്യം

യെടുഗൂരി സന്ധിന്തി രാജശേഖര റെഡ്ഢി എന്ന വൈ എസ്‌ ആർ 2004, 2009 എന്നിങ്ങനെ തുടർച്ചയായി രണ്ട് ടേമുകളിൽ ആന്ധ്രപ്രദേശ് അസംബ്ലിയിലേക്ക് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശക്തനായ നേതാവാണ്

ശൈലന്‍

ശൈലന്‍

ആന്ധ്രപ്രദേശ് നിയമസഭയിലേക്കുള്ള ഇലക്ഷൻ ഈ വർഷം ഏപ്രിലിലോ മെയിലോ ആയി നടക്കാനിരിക്കെ തെലുങ്ക് സിനിമ പൊളിറ്റിക്കൽ ലീഡേഴ്‌സിനെ കുറിച്ചുള്ള ബയോപിക്കുകളുടെ കന്നിമാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണ്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെയും തെലുങ്ക് സിനിമാചരിത്രത്തിലെയും എക്കാലത്തെയും അതികായനായ എൻ ടി രാമറാവുവിനെ കുറിച്ച് കൃഷ് സംവിധാനം ചെയ്ത ബയോപിക് “എൻ ടി ആർ: കഥാനായകഡു” ജനുവരി 10 ന് ആണ് തിയേറ്ററുകളിൽ എത്തിയത്. അതിന്റെ സീക്വൽ “എൻ ടി അർ മഹാനായകഡു” ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്നു. അതിനിടയിലാണ് ഈ ആഴ്ച ഡോക്ടർ വൈ എസ്‌ രാജശേഖരറെഡ്ഡിയുടെ ജീവിതം ചിത്രീകരിക്കുന്ന Y S R “യാത്ര” ഈ ആഴ്ച്ച റിലീസ് ചെയ്തത്.

യെടുഗൂരി സന്ധിന്തി രാജശേഖര റെഡ്ഢി എന്ന വൈ എസ്‌ ആർ 2004, 2009 എന്നിങ്ങനെ തുടർച്ചയായി രണ്ട് ടേമുകളിൽ ആന്ധ്രപ്രദേശ് അസംബ്ലിയിലേക്ക് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശക്തനായ നേതാവാണ്. തെലുങ്കുദേശത്തിന്റെ കുത്തകാധിപത്യം പൊളിച്ച് തന്റെ വ്യാക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു ജീവച്ഛവമായ കോൺഗ്രസ് പാർട്ടിക്ക് തുടർച്ചയായ വർഷങ്ങളിൽ അധികാരം നേടിക്കൊടുത്ത ജനപ്രിയനേതാവ് ആയിരുന്നു വൈ എസ്‌ ആർ. സങ്കടകരമെന്ന് പറയട്ടെ 2009ൽ ഭരണത്തിലെത്തി അധികകാലം കഴിയും മുൻപ് ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം.

എൻ ടി ആർ കഥാനായകഡുവിൽ രാമറാവുവിന്റെ ഇളയമകനും തെലുങ്കിലെ പരമ്പരാഗത സൂപ്പര്‍താരവുമായ. ബാലകൃഷ്ണ ആയിരുന്നു നായകനെങ്കിൽ ‘യാത്ര’ യിൽ ആന്ധ്രപ്രദേശവുമായി പുലബന്ധം പോലുമില്ലാത്ത മലയാളം മെഗാസ്റ്റാർ നമ്മുട്ടി ആണ് വൈ എസ് ആർ ആയി വരുന്നത്. സത്യം പറഞ്ഞാൽ വൈ എസ് ആറും മമ്മുട്ടിയും തമ്മിൽ രൂപത്തിലോ ഭാവങ്ങളിലോ ഒരു സാമ്യവുമില്ല. അച്ഛന്റെ മരണശേഷം വൈ എസ് ആർ കോൺഗ്രസ് എന്ന പേരിൽ സ്വന്തം രാഷ്ട്രീയപാർട്ടി ഉണ്ടാക്കി ആന്ധ്രാ പൊളിറ്റിക്സിൽനിര്‍ണ്ണായകശക്തിയായി മാറിയ ജഗൻ എന്ന നേതാവിന്ന് തന്റെ പിതാവിന്റെ രൂപം കുറച്ച് കൂടുതൽ ഗ്ളാമറോടെയും സൗന്ദര്യത്തോടെയും സ്‌ക്രീനിൽ വന്നോട്ടെ എന്ന ആഗ്രഹമായിരിക്കാം ഒരുപക്ഷെ ഈയൊരു കാസ്റ്റിംഗിൽ പ്രതിഫലിച്ചിട്ടുണ്ടാകുക.

എന്നാൽ ജഗൻ ആണോ സിനിമയുടെ സംവിധായകൻ എന്ന് ചോദിച്ചാൽ അല്ല. മഹി വി രാഘവ് ആണ് ഡയറക്ടറുടെ തൊപ്പിക്ക് താഴെ. ടിയാൻ ഇതിനുമുൻപ് രണ്ട് സിനിമകൾ നിർമ്മിക്കുകയും അതുകഴിഞ്ഞ് രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. യാത്രയുടെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നതും മഹി തന്നെ. വൈ എസ് ആറിന്റെ ഉടനീളമുള്ള ജീവിതത്തെ സംഭവബഹുലമായി സ്ക്രീനിലേക്ക് പകർത്താൻ നിൽക്കാതെ 2004 ലെ ഇലക്ഷനു മുന്നോടിയായി അദ്ദേഹം ഗ്രാമ ഗ്രാമന്തരങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തിയ പ്രസിദ്ധമായ ആ പടയാത്രയിൽ ഫോക്കസ് ചെയ്താണ് മഹി സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.

2002ലോ 2003ലോ മറ്റോ നടന്ന ഒരു ബൈ ഇലക്ഷനിലേക്ക് ഹൈക്കമാൻഡ് കൊടുത്തുവിട്ട ലിസ്റ്റിലെ സ്ഥാനാർത്ഥിയെ വെട്ടി താൻ മുന്നോട്ട് വെക്കുന്ന തന്റെ എതിരാളിയുടെ മകൾ കൂടിയായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവാങ്ങളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. ആയമ്മ സഹായം തേടി വൈ എസ് ആറിനടുത്ത് എത്തുന്നതാണ് പടത്തിന്റെ ഓപ്പണിംഗ് ഷോട്ട്. ഹൈക്കമാന്റുമായുള്ള മത്സരങ്ങൾക്കും താൻപോരിമയ്ക്കും ഹീറോയിസത്തിനും ഇടയിൽ ഒരുകാര്യം അദ്ദേഹത്തിന്ന് മനസ്സിലാവുന്നു. പാർട്ടിക്ക് ജനങ്ങൾക്കിടയിൽ വേര് നഷ്ടപ്പെട്ടിരിക്കുന്നു. ഭരണപക്ഷമെന്നതുപോലെ പ്രതിപക്ഷമായ തങ്ങളും ജനങ്ങളോട് നീതി പുലർത്തുന്നില്ല.

തുടർന്ന് ജനങ്ങളുടെ മനസും വേദനകളും അറിയാൻ അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയത്തിന്റെ വേലി പൊളിച്ച് സഞ്ചരിക്കാൻ തീരുമാനമെടുത്ത് അദ്ദേഹം നടത്തുന്ന കാൽനടയാത്രയിലൂടെ ആണ് പിന്നിട് സിനിമ പുരോഗമിക്കുന്നത്. വെറുമൊരു രാഷ്ട്രീയപാർട്ടിയുടെ പരസ്യചിത്രമായി മാറുമായിരുന്ന യാത്രയെ ഈ മിഡിൽ പോർഷൻ ഒന്നാംകിട സിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നു. ഗ്രാമിണകര്‍ഷകർക്കിടയിൽ വൈ എസ് ആർ കണ്ടെത്തുന്ന ജീവിതസത്യങ്ങൾ ചങ്കു പൊളിക്കുന്നതും എക്കാലത്തും പ്രസക്തവും ആണ്. മഹിയിൽ ഒരു നല്ല സംവിധായകൻ ഉണ്ടെന്ന് ഈ ഭാഗങ്ങൾ സാക്ഷ്യമേകുന്നു.

135 മിനിറ്റു ദൈർഘ്യമുള്ള സിനിമയിലെ അവസാനഭാഗം തീർത്തും പാർട്ടി പ്രചാരണാർത്ഥം സൃഷ്ടിക്കപ്പെട്ടതാണ്. അവസാനമെത്തുമ്പോഴേക്കും മമ്മുട്ടിയുടെ വൈ എസ് ആർ ഒറിജിനൽ വൈ എസ്‌ ആറിന്റെ അവസാനകാല വീഡിയോ ക്ലിപ്പുകളിലേക്ക് വഴിമാറുന്നു. ദുരൂഹമായ മരണത്തിനും അന്ത്യയാത്രകൾക്കുമൊക്കെ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. വൈ എസ് ആറിന്റെ മരണത്തെ തുടർന്ന് നൂറിലധികം ഗ്രാമീണരാണ് സങ്കടം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത് എന്നത് ഇതിനോട് ചേർത്തുവായിക്കണം. ഇലക്ഷനല്ലേ വരുന്നത്.

ഒടുവിൽ കാണിക്കുന്ന വീഡിയോകളിൽ വൈ എസ് ആറിന്റെ മുഖം ഇത്തിരിയെങ്കിലും സാമ്യം പുലർത്തുന്നത് ചെമ്പൻ വിനോദ് ജോസുമായിട്ടാണ് എന്ന് കാണാം. പക്ഷെ ചെമ്പനെ ഏല്പിച്ചു കൊടുത്താൽ മമ്മൂട്ടി കാണിച്ച ഡെഡിക്കേഷൻ ഉണ്ടാവുമോ എന്നത് സംശയമാണ്. ബയോപിക്കുകളുടെ റോയൽ സ്പെഷ്യലിസ്റ്റായ മമ്മൂട്ടി രൂപത്തിലും മുഖസാമ്യത്തിലുമില്ലെങ്കിലും കോണ്‍ഫിഡൻസ് കൊണ്ട് വൈ എസ് ആറിനെ വൈ എസ് ആറിനെക്കാളും വൈ എസ് ആർ ആക്കി കളഞ്ഞു. തെലുങ്കർ ഇലക്ഷനിൽ ആകപ്പാടെ കന്‍ഫ്യൂഷനില്‍ ആവാതിരുന്നാൽ മതിയായിരുന്നു.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍