TopTop
Begin typing your search above and press return to search.

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

മമ്മൂട്ടി എന്ന അഭിനേതാവിനോട് ഇഷ്ടം ഉണ്ടാകുന്നത്, അദ്ദേഹത്തിന്റെ സിനിമകളിലൂടെ മാത്രമല്ല. ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ അയാളൊരു നല്ല എഴുത്തുകാരന്‍ ആയിരുന്നേനെ എന്ന് ഒരിക്കല്‍ എംടി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. തന്റെ കഥാപാത്രങ്ങളായി മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നതില്‍ എംടിക്ക് പ്രത്യേക താത്പര്യവുമുണ്ടായിരുന്നു. താത്വികമായി മമ്മൂട്ടി സംസാരിച്ച് കേട്ടിട്ടില്ല. പക്ഷേ, ജീവിതത്തെ കുറിച്ച് അദ്ദേഹം ലളിതമായി സംസാരിക്കാറുണ്ട്. പ്രത്യക്ഷഭാവത്തില്‍ അഹങ്കാരിയും താന്‍പോരിമക്കാരനും ആണെന്നു തോന്നുമെങ്കിലും അതിനപ്പുറം മമ്മൂട്ടിയാരാണെന്ന് അദ്ദേഹത്തിലൂടെയും മറ്റുള്ളവരിലൂടെയും മലയാളി മനസിലാക്കിയിട്ടുണ്ട്. നല്ല വായന, എഴുത്തുകാരുമായി ഉണ്ടാക്കിയ ഗാഢബന്ധം. ഇലക്‌ട്രോണിക്‌സ് ലോകത്തിന്റെ ഓരോ പള്‍സും അനുനിമിഷം തൊട്ടറിയാന്‍ എന്നും വെമ്പല്‍ കാട്ടുമ്പോഴും അയാളിലെ തനി നാട്ടിന്‍പുറത്തുകാരനെ നഷ്ടപ്പെടുത്തിയിരുന്നില്ല. മലയാള സിനിമയില്‍ അയാളൊരു പ്രജാപതിയെപോലെ പെരുമാറുന്നുവെന്നത് നേര് തന്നെ. പക്ഷേ അയാളിലൊരു സത്യസന്ധതയുണ്ട്. തന്റെ സമകാലികരെക്കാള്‍. അയാള്‍ ഏറെക്കുറെ ജെനുവിന്‍ ആണ്. ആയിരുന്നു.

അതുകൊണ്ട് തന്നെയാണ്, ദിലീപിനെ, അയാള്‍ കേസില്‍ പ്രതിയാതിന്റെ പേരില്‍ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി തയ്യാറായത്. ഓര്‍ക്കണം, ദിലീപിനു വേണ്ടി, സംസാരിക്കാന്‍, അയാളെ സംരക്ഷിക്കാന്‍, അയാള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ അമ്മയിലെ(മലയാള സിനിമയിലെ) അതികായന്മാര്‍ എല്ലാവവരും ഒന്നിച്ചു നിന്നു പോരാടുമ്പോള്‍ ഏതാനും ചെറുപ്പക്കാരുടെ (വിരലില്‍ എണ്ണിയെടുക്കാന്‍ മാത്രമുള്ളവര്‍) ആവശ്യത്തില്‍ ന്യായം ഉണ്ടെന്ന് മനസിലാക്കി, മറ്റെല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ദിലീപിനെ പുറത്താക്കുന്നു എന്ന തീരുമാനം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ എടുക്കുന്നത്.

മലയാള സിനിമയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് മമ്മൂട്ടി. ഒരു കാരണവര്‍ സ്ഥാനം അദ്ദേഹത്തിന് സിനിമാലോകം കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ള മമ്മൂട്ടി വളരെ സുപ്രധാനമായൊരു തീരുമാനം എടുത്തപ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്നവരില്‍, മമ്മൂട്ടി കൈപിടിച്ചു തിരികെ കൊണ്ടുവന്ന 'പ്രതിഭ'കള്‍ വരെയുണ്ടായിരുന്നു. ആ എതിര്‍പ്പില്‍ തന്നെ വ്യക്തമായിരുന്നു, മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും എല്ലാം അപ്പുറത്താണ് ദിലീപ് എന്ന്. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം. ചിലര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനം അംഗീകകരിക്കില്ലെന്നായിരുന്നു പ്രധാന നടന്മാര്‍ പറഞ്ഞത്. ബഹുഭൂരിപക്ഷവും ദിലീപിനു വേണ്ടി നില്‍ക്കുകയും യുവതാരങ്ങളില്‍ ചിലര്‍, അതില്‍ കൂടുതലും സ്ത്രീകള്‍ ദിലീപിനെതിരേ സംസാരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ അഭിപ്രായം തന്നെ നടപ്പാക്കപ്പെടുമെന്നായിരുന്നു കണക്കൂക്കൂട്ടല്‍. സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന എതിര്‍പ്പുകളെ താരസംഘടനയ്ക്ക് ഗൗനിക്കാതിരിക്കാം. കോടതി പറയട്ടെ (ഇപ്പോള്‍ എടുത്തിരിക്കുന്നതും അതേ ന്യായമാണ്) ദിലീപ് കുറ്റക്കാരനാണെന്ന്, അപ്പോള്‍ പുറത്താക്കാം എന്ന നിലപാടില്‍ നിന്നു കൊണ്ട് ദിലീപിനെ സംഘടനയ്ക്കുള്ളില്‍ സംരക്ഷിക്കാമെന്നും കരുതിയവരെ ഞെട്ടിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനം. ദിലീപിനെ പുറത്താക്കിയത്, ഏകപക്ഷീയമായ തീരുമാനത്തിലൂടെയായിരുന്നുവെന്നും ആരുടെയെങ്കിലും വ്യക്തിപരമായ ആവശ്യത്തിനു പുറത്തായിരുന്നില്ലെന്നും മമ്മൂട്ടിയല്ലാത്ത, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിശദീകരിച്ചെങ്കിലും അത്തരമൊരു തീരുമാനം നടപ്പാക്കപ്പെടണമെങ്കില്‍ അതിന് മമ്മൂട്ടിയുടെ പിന്തുണ കിട്ടാതെ വഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

അവിടെയാണ് മമ്മൂട്ടിയുടെ ജെനുവിനിറ്റി വ്യക്തമാകുന്നത്. ബഹുഭൂരിപക്ഷത്തെ പിണക്കാത്ത തീരുമാനത്തിനൊപ്പം അദ്ദേഹത്തിന് നില്‍ക്കാമായിരുന്നു. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ സംഘടന വിടുമെന്ന് യുവതാരങ്ങളില്‍ ചിലര്‍ എടുത്ത തീരുമാനത്തെ മമ്മൂട്ടിക്ക് അവഗണിക്കാമായിരുന്നു. അവര്‍ പറഞ്ഞതുപോലെ ചെയ്താല്‍ പോലും കുറച്ച് ദിവസങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയും ചര്‍ച്ചയും ആയിക്കഴിഞ്ഞ് എല്ലാം എല്ലാവരും വിട്ടുകളയുമെന്നും മമ്മൂട്ടിക്ക് അറിയാത്തതല്ല. എന്നാല്‍ സത്യങ്ങള്‍ മമ്മൂട്ടിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ നീതിബോധം അവിടെ ഇരയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. അതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്നേക്കാവുന്ന തിരിച്ചടികള്‍ അദ്ദേഹം കാര്യമാക്കിയില്ല.

http://www.azhimukham.com/film-actions-against-mamootty-on-dileep-expulsion-from-amma-says-rajmohan-unnithan/

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി കീഴടങ്ങിയിരിക്കുകയാണ്. പുതിയ സംഭവിവകാസങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനവും ഒഴിഞ്ഞുമാറലും മമ്മൂട്ടിയുടെ പരാജയം സമ്മതിക്കലാണ്. ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള ആവശ്യത്തോട് ' ഞാന്‍ ഇനി ഇല്ല' എന്നു പറഞ്ഞൊഴിയുന്നതും ആ സ്ഥാനത്ത് തുടര്‍ന്നാല്‍ തനിക്ക് നേരിടേണ്ടി വരുന്ന അപമാനം ഓര്‍ത്തു തന്നെയാവണം. ഒരിക്കല്‍ താന്‍ പുറത്താക്കിയ വ്യക്തിയെ മാപ്പ് അപേക്ഷയുടെ മാനത്തോടെ തിരികെ ക്ഷണിക്കേണ്ടി വരുക എന്നത് അപമാനം തന്നെയാണ്. ദിലീപിന്റെ തിരിച്ചുവരവ് ഒരാഘോഷമാക്കി മാറ്റുമ്പോള്‍ സ്വയം ഇളിഭ്യനായി നില്‍ക്കേണ്ടി വരും മമ്മൂട്ടിക്ക്. അങ്ങനെ നിന്നുകൊടുക്കാന്‍ തയ്യാറല്ല എന്നതായിരിക്കാം ഇനി ഞാന്‍ ഇല്ല എന്ന പ്രസ്താവനയിലൂടെ മമ്മൂട്ടി വ്യക്തമാക്കിയതും.

സംഘടനയോട് ഉള്ള താത്പര്യവും മമ്മൂട്ടിയുടെ നിലപാടിലുണ്ട്. നമ്മള്ളെല്ലാവരും കൂടി ഉണ്ടാക്കിയ സംഘടന തകരരുതെന്ന അഭ്യര്‍ത്ഥന നടത്തേണ്ടിവരുമ്പോള്‍ കൃത്യമായി മമ്മൂട്ടിക്കും ഇന്നസെന്റിനുമെല്ലാം അറിയാം, തങ്ങള്‍ കീഴടങ്ങി കൊടുത്തില്ലെങ്കില്‍ അമ്മ എന്ന സംഘടനയ്ക്ക് എന്ത് സംഭവിക്കുമെന്ന്. അമ്മ എന്നത് മലയാള സിനിമയിലെ അഭിനേതാക്കളുടെ വെല്‍ഫെയര്‍ സംഘടനയല്ല, അതില്‍ നിന്നും ഏറെ മാറിയിട്ടുണ്ട് അതിന്റെ റോള്‍. സിനിമയില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍, തങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ഈ സംഘടന ആവശ്യമുള്ളവര്‍ ഏറെയുണ്ട്. എതിരാളികളുടെ സമ്പൂര്‍ണ നാശത്തിനും അവര്‍ക്ക് ഈ സംഘടനയുടെ ശക്തി ഉപയോഗപ്പെടുത്തണം. അങ്ങനെയൊരിടമായി മാറിയ അമ്മയില്‍ ഇനി മമ്മൂട്ടിയെ പോലുള്ളവരുടെ ആവശ്യം ഇല്ല. മമ്മൂട്ടി ഒഴിഞ്ഞ സ്ഥാനത്തേക്ക് വന്നയാള്‍ ആരാണെന്നു കൂടി നോക്കണം. ഇടവേള ബാബു എന്ന ഡമ്മി. കഴിയുമോ ഇടവേള ബാബുവില്‍ നിന്നും ഒരു ആര്‍ജ്ജവുമുള്ള തീരുമാനം ഉണ്ടാകുന്നത് കേള്‍ക്കാന്‍. നാളെ ദിലീപ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാല്‍ പോലും പുതിയ ജനറല്‍ സെക്രട്ടറിയില്‍ നിന്നും എന്തെങ്കിലും ഒരു വിരുദ്ധ പരാമര്‍ശം ദിലീപിനെതിരേ ഉണ്ടാകുമോ? ഉണ്ണുന്ന ചോറിന് കൂറുകാണിച്ചിരിക്കും ബാബു. മമ്മൂട്ടിയില്‍ നിന്നും തീരുമാനങ്ങളുടെ സ്വഭാവം ഇടവേള ബാബു നിശ്ചയിക്കുന്ന കാലത്തില്‍ അമ്മ എന്ന സംഘടനയില്‍ എന്ത് നീതി, എന്ത് ന്യായം.

പക്ഷേ, മമ്മൂട്ടി, ഞാനൊന്നിനുമില്ല എന്നു പറഞ്ഞ് അങ്ങ് ഒഴിഞ്ഞു മാറുമ്പോള്‍, അത് ഒരുതരത്തിലും നീതികരിക്കാന്‍ കഴിയുന്നില്ല. നേരും നെറിയുമുള്ള ഒരുപാടുപേരൊന്നും ഇല്ലാത്ത ആ സംഘടനയില്‍ നിന്നും ആ പെണ്‍കുട്ടിക്ക് ഇനി എന്തെങ്കിലും അനുകൂലമായ പ്രതികരണങ്ങളോ സഹായങ്ങളോ പ്രതീക്ഷിക്കാനില്ല. ആക്രമിക്കപ്പെട്ടവള്‍ക്കുള്ളതുപോലെ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നവനും അമ്മയില്‍ ഇടവും പരിലാളനവും വേണമെന്നാണവര്‍ പറയുന്നത്. ഇരയേയും വേട്ടക്കാരനേയും ഒരേ കൂട്ടിലിട്ട് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍. അവരുടെ സ്‌നേഹം ആരോടായിരിക്കും കൂടുതലെന്നും വ്യക്തമാണല്ലോ. ഈ സന്ദര്‍ഭത്തില്‍ അങ്ങയെ പോലൊരാള്‍ കൂടി മൗനിയാകുമ്പോള്‍, അതൊരു തെറ്റായ നിലപാടാണ് എന്നു പറയേണ്ടി വരികയാണ് മമ്മൂട്ടി. താങ്കളുടെ ധര്‍മസങ്കടങ്ങള്‍ മനസിലാകാഞ്ഞിട്ടില്ല. സംഘടന നിലനിന്നു പോകണം എന്നതുപോലെ, സ്വന്തം മകന്റെ ഭാവി കൂടി ആലോചിക്കുമ്പോള്‍ ഈ നിലപാടിന് അപ്പുറം മറ്റൊന്നിനും അങ്ങേയ്ക്ക് സാധ്യമല്ലെന്നറിയാം. എന്നാലും, ഇനിയീ രക്തത്തില്‍ എനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈകഴുകി മാറുമ്പോള്‍... നീതി തേടുന്നൊരു പെണ്‍കുട്ടി കൂടുതല്‍ ഒറ്റപ്പെടുകയാണ്...

http://www.azhimukham.com/cinema-dileeps-returns-to-amma-a-script-executed-very-well/


Next Story

Related Stories