TopTop
Begin typing your search above and press return to search.

ബോഹീമിയന്‍ ഗാനം പാടി മുഴുമിക്കാതെ ആ നിഷേധി ഇറങ്ങിപ്പോയിട്ട് ഇന്നേക്ക് 32 വര്‍ഷം

ബോഹീമിയന്‍ ഗാനം പാടി മുഴുമിക്കാതെ ആ നിഷേധി ഇറങ്ങിപ്പോയിട്ട് ഇന്നേക്ക് 32 വര്‍ഷം

ആ ബോഹീമിയൻ ഗാനം പാടി മുഴുമിക്കാതെ ജോൺ ഇറങ്ങിപ്പോയിട്ട് ഇന്ന് 32 വർഷം. ചുള്ളിക്കാട് എഴുതിയതുപോലെ 'വിഹ്വല സമുദ്ര സഞ്ചാരങ്ങൾ തീർത്ത്' മലയാളി ഇന്നും അയാളെ തേടുന്നുണ്ട്. 'വേദങ്ങളിൽ അവന് ജോൺ എന്നു പേർ/മേൽവിലാസവും നിഴലുമില്ലാത്തവൻ, വിശക്കാത്തവൻ' (എവിടെ ജോൺ) എന്ന അടയാളവാക്യവുമായി.

ധൂർത്തകൗമാരങ്ങൾ ലഹരിയും അനന്തമാം ദുഃഖവും വിഹ്വലതകളും കടന്ന് ജോണിനെ ഇന്നും തിരഞ്ഞലയുന്നു. തെരുവിൽ തന്റെ പിച്ചളക്കണ്ണുകൾ കൊണ്ട് ആ ശിഥില ജീവിതത്തിലെ ഭ്രാന്തരൂപകം തേടുന്ന ക്ഷുഭിതയൗവനം ഒരു കാലഘട്ടത്തിന്റെ പര്യായമായിരുന്നു. ഇംഗാല മലിനമാം മഞ്ഞ് പെയ്ത് മരവിച്ച സെമിത്തേരിയിലെ കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ ഗന്ധകാമ്ലം നിറച്ച ജോണിന്റെ ഹൃദയഭാജനം തേടുന്ന നായകൻ ഒരേസമയം ജോണിനെ കൊന്നു ബിംബവൽക്കരിച്ച് വിറ്റു കാശാക്കിയ, ജോണിന്റെ സൗഹൃദം പറഞ്ഞ് മേനി നടിക്കുന്ന ഓരോരുത്തരോടുമുള്ള അമർഷം രേഖപ്പെടുത്തൽ കൂടിയായി മാറുന്നു. ഒറ്റയാനെന്നും നിഷേധിയെന്നും കാലം വിളിച്ച ആ അതുല്യനായ ജീനിയസ്സിനെപ്പോലെ മലയാളിയെ പിന്തുടരുന്ന ഒരു സിനിമാജീവിതം വേറെയില്ല.

'അമ്മ അറിയാ'നും 'അഗ്രഹാരത്തിലെ കഴുത'യും അടക്കം നാലേനാല് സിനിമകൾ മതിയായിരുന്നു ഉള്ളിലെ പ്രതിഭയുടെ തിളക്കം മനസ്സിലാക്കാൻ. "ഞാൻ ആത്മസാക്ഷാത്കാരത്തിനു വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ചു പറയണം എന്നു തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിനെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധമുണ്ട്." - ഇതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ സങ്കല്പം.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം ബംഗാളി സംവിധായകരായ ഋത്വിക് ഘട്ടക്കിന്റെയും മണികൗളിന്റെയും സഹായിയായി പ്രവർത്തിച്ചു. 1972ൽ പുറത്തിറങ്ങിയ 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ' ആയിരുന്നു ജോണിന്റെ ആദ്യസിനിമ. 1977 ലെ 'അഗ്രഹാരത്തിലെ കഴുത' എന്ന സിനിമ ബ്രാഹ്മണരുടെ അന്ധവിശ്വാസത്തെയും മതാന്ധതയെയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി. 1986ൽ പുറത്തിറങ്ങിയ അമ്മ അറിയാൻ മൂന്നാം ലോകസിനിമയുടെ ലാവണ്യശാസ്ത്ര പാഠങ്ങൾ ഉൾക്കൊണ്ട ചിത്രമാണ്. വീടു വിട്ടിറങ്ങിപ്പോകുന്ന മകൻ അമ്മയ്ക്ക് എഴുതുന്ന കത്തുകൾ ആണ് സിനിമയുടെ ഉള്ളടക്കമെങ്കിലും കത്തിലൂടെ മകൻ കണ്ട സാമൂഹികാവസ്ഥകൾ ചിത്രത്തിൽ വന്നുചേരുമ്പോൾ നിയതമായ കഥയുടെ ചട്ടക്കൂടുകളെ സിനിമ തകർത്തെറിയുകയും ജനകീയ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള സാംസ്കാരിക പ്രവർത്തകരെ കണ്ണി ചേർത്തുകൊണ്ട് സ്ക്രീനിങ്ങ് ഗ്രൂപ്പുകൾക്ക്‌ രൂപം നൽകുകയായിരുന്നു ഒഡേസ എന്ന അദ്ദേഹത്തിന്റെ സ്വപ്ന സംഘടന. ചാർളി ചാപ്ലിന്റെ സിനിമകൾ, ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററികൾ, ബുദ്ധദേവ് ദാസ് ഗുപ്തയുടെ നീം അന്നപൂർണ്ണ, ഐസെൻസ്റ്റിന്റെ ബാറ്റിൽഷിപ്പ് പൊതെംകിൻ തുടങ്ങി ജോണിന്റെ അഗ്രഹാരത്തിൽ കഴുതയും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അക്കാലത്ത് ഒഡേസ തെരുവിൽ പ്രദർശിപ്പിച്ചു. അതിനു ശേഷമാണ് ഒരു സിനിമ ജനപങ്കാളിത്തത്തോടെ നിർമ്മിക്കണമെന്ന ആശയം ഉയർന്നു വരുന്നത്.ഈ ആശയമാണ് ജോൺ യാഥാർത്ഥ്യമാക്കിയത്. മൂലധന താൽപ്പര്യങ്ങളുടെ തടവുകാരനാണ് ചലച്ചിത്രകാരനെന്ന് ആന്ദ്രേ ബസീൻ പറയുന്നു. ഈ വിശ്വാസത്തേയാണ് ഒഡേസയും ജോണും ചേർന്ന് തകർത്തത്. ജനങ്ങളിൽ നിന്ന് പത്തു രൂപയുടെയും നൂറു രൂപയുടേയും ഷെയർ പിരിച്ചും കുമ്പിൾ പിരിവു നടത്തിയും സമാഹരിച്ച തുക കൊണ്ടാണ് അമ്മ അറിയാൻ എന്ന സിനിമ ഒഡേസ യാഥാർത്ഥ്യമാക്കിയത്.

മുഷിഞ്ഞ ഉടയാടകളും, അയഞ്ഞ ഉടലും, പറന്നുവീണ മുടിയിഴകളുമായി അലഞ്ഞുനടന്ന ആ മനുഷ്യൻ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തോട് സാമ്യം തീർത്തും, ജീവിതത്തിന്റെ വിലാപസ്വരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മറഞ്ഞു. ആ മരണം മലയാളി ഇന്നും മറന്നിട്ടില്ല.


Next Story

Related Stories