TopTop
Begin typing your search above and press return to search.

തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

കോടി കണക്കുകളുടെ പെരുക്ക മത്സരം മലയാള സിനിമയെയും ഗ്രസിച്ച ശേഷം വന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് ഒടിയൻ. മോഹൻലാൽ എന്ന താരത്തെയും നടനെയും ഏറ്റവും വലിയ പ്രീ റിലീസ് മാർക്കറ്റിങിനായി ഉപയോഗിച്ച സിനിമകളിൽ ഒന്ന് കൂടിയാണിത്. മോഹൻലാലിന്റെ വണ്ണം കുറയ്ക്കൽ മുതൽ ഇന്നോളം, ഒടിയൻ തൊട്ടതെല്ലാം വാർത്തയായിരുന്നു. 'പുലിമുരുഗാനന്തര' മാസ്സ് ആഘോഷങ്ങളും ഓടിയനെ ചുറ്റിപ്പറ്റി നിന്നു. മോഹൻലാലിനൊപ്പമുള്ള താരങ്ങളെ ചുറ്റിപ്പറ്റിയും ചർച്ചകൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അമിതാബ് ബച്ചന്റെ പേര് ഉയർന്നു കേട്ടിരുന്നു. ത്രീ ഡിയിൽ സിനിമ പുറത്തിറങ്ങും എന്നും കേട്ടിരുന്നു. എന്തായാലും ഒടിയൻ ഇതിന്റെയൊക്കെ അസാന്നിധ്യത്തിലും നിത്യേനയെന്നോണം വാർത്തകളിൽ നിറഞ്ഞു. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ, മനോജ് ജോഷി, നരെയ്ൻ, സന അൽത്താഫ്, നന്ദു, സിദ്ദിഖ്, ഇന്നസെന്റ്, കൈലാഷ് , ശ്രീജയ തുടങ്ങി വൻ താരനിര സിനിമയിൽ ഉണ്ട്. പരസ്യചിത്ര സംവിധാനത്തിലൂടെ ലോക ശ്രദ്ധ നേടിയ വി എ ശ്രീകുമാർ മേനോന്റെ കന്നി സിനിമാ സംവിധാന സംരംഭമാണ് ഒടിയൻ. ഇത്രയും വലിയ സിനിമ ഒരു നവാഗത സംവിധായകന് താങ്ങുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിൽ പ്രചിരിക്കുമ്പോളൊക്കെ അദ്ദേഹം വർദ്ധിതാത്മവിശ്വാസത്തോടെ ഒടിയനെപ്പറ്റി സംസാരിച്ചു കൊണ്ടേഇരുന്നു. ഓസ്കർ നേട്ടം വരെ പ്രതീക്ഷിക്കുന്നു എന്നദ്ദേഹം വാചാലനായി. ഇതോടൊപ്പമാണ് എംടിയുടെ അതി പ്രശസ്തമായ രണ്ടാമൂഴ0 അദ്ദേഹം സിനിമ ആക്കുന്നു എന്ന് കേട്ടത്. നിരവധി സിനിമാ, പുസ്തക പ്രേമികളുടെ ഒരിക്കലും നടക്കില്ലെന്നു കരുതിയ ആ സ്വപ്നം കൂടി ഒടിയനിലുള്ള പ്രതീക്ഷകളുടെ ആഴം കൂട്ടി. ഇതിനിടക്ക് എം ടി തിരക്കഥ തിരിച്ചു വാങ്ങിയതും വീണ്ടും സിനിമ നടക്കും എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞതും ഒക്കെ നാടകീയ സംഭവവികാസങ്ങൾ ആയി. 100 കോടി കളക്ഷൻ മലയാളത്തിലും അത്ര വലിയ അസാധാരണത്വം അല്ലാതായെങ്കിലും റിലീസിന് മുന്നേ ഉള്ള 100 കോടി എന്ന അവകാശവാദത്തെ അവിശ്വസനീയതയോടെയാണ് ഭൂരിഭാഗം പ്രേക്ഷകരും സ്വീകരിച്ചത്. എന്തായാലും റിലീസിന് ഒരാഴ്ച മുന്നേ ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെയും അല്ലാതെയും വിറ്റഴിഞ്ഞു. റിലീസിംഗിന്റ്ന്ന് അവിചാരിതമായി പ്രഖ്യാപിച്ച ഹർത്താലിനെ അവഗണിച്ച് ജനം തീയറ്ററുകളിലേക്ക് ഒഴുകി.

മോഹൻലാൽ എന്ന താരത്തിന്റെ മാസ്സ് എന്ന രീതിയിൽ തന്നെയായിരുന്നു സിനിമയുടെ പ്രചാരണങ്ങൾ അധികവും. പീറ്റർ ഹെയ്‌ൻ എന്ന ആഗോള നാമത്തിനു വരെ ആരാധക സംഘടനകൾ ഉള്ള കേരളത്തിൽ അത് വലിയ തോതിൽ വിജയിക്കുകയും ചെയ്തു. മോഹൻലാലിൻറെ വിരലനക്കം പോലുള്ള ചർച്ചകളും അതിനു ശക്തി നല്‍കാനുണ്ടായി. പക്ഷെ ഒടിയൻ ഭ്രമാത്മകമായ ഒരു മിത്താണ്. ഇരുട്ടിന്റെ മറപറ്റി ടിവെക്കുന്ന ഒടിയൻ ഐതിഹ്യമാലയിൽ മുതൽ മലയാളി സമൂഹത്തെ കൂടുതൽ സ്വപ്നത്മകമാക്കിയിട്ടുണ്ട്. നിമിഷവേഗം കൊണ്ട് കാളയായും മാനായും ഒക്കെ രൂപം മാറി ഭയപ്പെടുത്തുന്ന ഒടിയൻ ദക്ഷിണ മലബാറിനെ വിശേഷിപ്പിച്ചും സമ്പന്നമാക്കിയ മിത്താണ്. ദേശീയ അവാർഡ് ജേതാവായ ഓടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ പലപ്പോഴും വാചാലനായതും ഈ മിത്തിനെപ്പറ്റിയാണ്.

മോഹൻലാലിൻറെ പതിവ് ഹീറോ പരിവേഷത്തിനപ്പുറമുള്ള സങ്കൽപ്പമാണ് ഒടിയൻ. ജാതീയമായ പ്രിവിലേജുകൾ ഉള്ള സവർണ ഒടിയൻ ആണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ ഉടനീളം പൊങ്ങി വന്നത് അത് കൊണ്ടാണ്. ഒരേ സമയം ഭീതിദവും കാല്പനികവുമായ ആ സങ്കല്പത്തെ എങ്ങനെ ഈ കാലത്ത് ഓരോ രംഗവും മാസ്സ് പ്രതീക്ഷിക്കുന്ന ആരാധക വൃന്ദങ്ങൾക്കിടയിലേക്ക് വിശ്വസനീയമായി എത്തിക്കും എന്നത് ഒരു ആശയക്കുഴപ്പം തന്നെ ആയിരുന്നു. പാലക്കാടിന്റെ കരിമ്പനക്കാറ്റും വരണ്ട ഇടവഴികളും പാടവും ഒക്കെ ഭംഗിയോടെ കടന്നു വരുന്ന എം ജയചന്ദ്രന്റെ പാട്ടുകൾ ആ ആശയക്കുഴപ്പത്തെ കൂടിയാണ് വലുതാക്കിയത്. ഷാജി കുമാറിന്റെ ക്യാമറയും ജോൺ കുട്ടിയുടെ എഡിറ്റിംഗും മാക്സ് ക്രിയേഷന്റെ വിതരണവും പതിവ് പോലെ ആശിർവാദിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരിന്റെ നിർമാണവും ഒപ്പം മമ്മൂട്ടിയുടെ വിവരണവുമാണ് ഒടിയന്റെ അണിയറയിലെ മറ്റു പ്രധാന കൗതുകങ്ങൾ.

പാലക്കാട്ടെ തേങ്കുറിശ്ശി ആണ് പ്രധാന കഥാപരിസരം. അവിടത്തെ, ഒരുപക്ഷെ കേരളത്തിലെ അവസാന ഒടിയൻ ആണ് മാണിക്യൻ. ഇതിനു മുന്നേ മോഹൻലാൽ തേന്മാവിൻ കൊമ്പത്തിൽ മാണിക്യൻ ആയിട്ടുണ്ട്. ആ സിനിമയിലെ അതിപ്രശസ്തമായ പാട്ടാണ് കറുത്ത പെണ്ണെ... 'താടയിൽ പൊട്ടിട്ട്, തങ്കനിറ കൊമ്പാട്ടി പൂമണി കാളയായ് നീ പായുമ്പോൾ' എന്ന് നായിക നായകനെ കുറിച്ചുള്ള പ്രിയപ്പെട്ട ഇമേജറി പറയുന്നുണ്ട്. വേണമെങ്കിൽ അതിന്റെ വിദൂര തുടർച്ചയെ എവിടെയൊക്കെയോ ഒടിയൻ ഓർമിപ്പിക്കുന്നുണ്ട്. പേരിലെ സാമ്യവും അധഃകൃത പശ്ചാത്തലത്തിന്റെ തുടർച്ചയും രണ്ടു മാണിക്യന്മാരും തമ്മിലുള്ള അത്തരം താരതമ്യ പഠനങ്ങൾക്ക് കാരണമാവുന്നുണ്ട്. എന്തായാലും ഒരു മിത്തിനെ എന്ന പോലെ സൂക്ഷ്മവും ദുരൂഹവുമായ തുടക്കം തന്നെയാണ് ഒടിയന്റേത്. പണ്ട് പണ്ടൊരു ഒടിയൻ ഉണ്ടായിരുന്നു എന്ന് പറയും പോലൊരു സ്വപ്ന തുടക്കം.

ഒടിയൻ മാണിക്യൻ തേങ്കുറിശ്ശിയിൽ നിന്ന് ഒളിച്ചോടിയിട്ടു വർഷങ്ങൾ കഴിഞ്ഞു. സിനിമയിൽ, കഥകളിൽ ഒക്കെ വായിച്ചും കണ്ടും അറിഞ്ഞ ഏതൊരു പരാജിതനെയും പോലെ തീർത്ഥാടനങ്ങൾ ആണ് അയാളുടെയും അഭയ സ്ഥലം. അയാൾക്ക് വിജയം നിറഞ്ഞ ഒരു ഭൂതകാലവും ഭാവികാലവും ഉണ്ടാക്കുക എന്നത് പ്രേക്ഷക പ്രതീക്ഷകളുടെ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ആരാധക പ്രതീക്ഷകളുടെ കൂടെ നിൽക്കുക ആണെന്നതാണ് വിശ്വാസം. അത് കൊണ്ട് തന്നെ ഓടിയന്റെ മാസിലേക്ക് അഥവാ ആദ്യം ഭൂതകാലത്തിലേക്ക് പ്രേക്ഷകർ സഞ്ചരിക്കുന്നു. ഇവിടേക്ക് പീറ്റർ ഹെയ്‌ൻ കൂടി കടന്നു വരുന്നതോടെ മോഹൻലാലിൻറെ താര ശരീരത്തിലേക്ക് സിനിമ പരകായ പ്രവേശം നടത്തുന്നു. സത്യത്തിൽ അവിടെ വച്ചാണ് മറ്റേതൊരു താര സിനിമയെയും പോലെ ഒടിയന്റെയും വിജയ പരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. ഒടിയൻ എന്ന സങ്കല്പത്തിന്റെ, തിരക്കഥയുടെ, മോഹൻലാൽ എന്ന നടന്റെ ഒക്കെ സാധ്യതകളെ സിനിമ വെറുതെ വിടാൻ തുടങ്ങുന്നതും അവിടെയാണ്.

മുത്തപ്പനിൽ നിന്ന് ഒടി വിദ്യകൾ പഠിച്ച് മുത്തപ്പനെക്കാൾ കേമനായി വളർന്ന ആളാണ് മാണിക്യൻ. പക്ഷെ അയാളുടെ വ്യക്തി ജീവിതം പരാജയപ്പെട്ട ഒന്നാണ്. ഒടിയൻ പുറം പണിക്ക് പോകുന്ന തറവാട്ടിലെ പ്രഭയുമായുള്ള പ്രണയ നഷ്ടവും അനാഥത്വവും സവർണ സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന അവജ്ഞകളും ഒക്കെ നിറഞ്ഞതാണ് അയാളുടെ യൗവനം. തിരക്കഥ ഉടനീളം കറുപ്പ് - വെളുപ്പ്, ഇരുട്ട് - വെളിച്ചം എന്നീ ദ്വന്ദങ്ങളെ ഉപയോഗിച്ചിരിക്കുന്നു. കറുത്ത നായരും വെളുത്ത ദളിതനുമാണ് സിനിമയിൽ. അത് എവിടെയൊക്കെയോ ഒരു സ്റ്റീരിയോടൈപ്പ്‌ പൊളിച്ചെഴുതാൻ തന്നെയാണ്. പക്ഷെ കറുപ്പ് - വെളുപ്പ് എന്നീ നിറങ്ങളെ സംബന്ധിച്ച പൊതുബോധം അതേപടി സിനിമയിൽ ഉണ്ട്. കറുത്തവന്റെ അപരത്വം നിലനിർത്തുന്നു. രാത്രിയിൽ ഉറങ്ങാന്‍ വെളിച്ചമാണ് അയാളുടെ പ്രണയം. രാത്രി ആണ് അയാളുടെ ഏറ്റവും വലിയ ആയുധം. ആ ഇരുട്ടിനെ മറികടക്കാൻ വഴിവിളക്കുകൾ വരുന്നതാണ് അയാളുടെ ഏറ്റവും വലിയ പരാജയം. മഞ്ഞ നിയോൺ വെട്ടത്തെ നിരാശ കലർന്ന നോട്ടത്തോടെ എറിഞ്ഞു തോൽപ്പിക്കാൻ നോക്കുന്ന മാണിക്യനാണ് തിരക്കഥയിലെയും സിനിമയിലെയും ഏറ്റവും ഭംഗിയുള്ള കാഴ്ച. ഈ വെളിച്ചത്തിന്റെ ആശങ്ക സിനിമയിൽ ഉടനീളം ഉണ്ട്. അതിനെ കൂടി മറികടക്കുമ്പോഴാണ് സിനിമയിലെ നായകൻ എന്ന രീതിയിൽ മാണിക്യൻ പൂർണൻ ആവുന്നത്. പക്ഷേ, കുറ്റബോധങ്ങളും പരാജയഭീതിയും ആത്മവിശ്വാസക്കുറവും ഉള്ള തിരക്കഥയിലെ ഒടിയനെ, ഒരു മാസ്സ് ഹീറോ ആക്കുന്നിടത്താണ് സിനിമ ഒരു പരിധി വരെ പരാജയപ്പെടുന്നതും. അവിടെ പലപ്പോഴും പ്രേക്ഷക പ്രതീക്ഷ കാക്കാൻ സംവിധായകൻ കഷ്ടപ്പെടും പോലെ തോന്നി.

ഒടിയൻ എന്ന സങ്കല്പത്തോടും മോഹൻലാൽ എന്ന നടനോടും ഉള്ള അടുപ്പമാണ് സിനിമയുടെ തിരക്കഥ. മമ്മൂട്ടിയുടെ നരേഷൻ മുതൽ ആ അടുപ്പം പ്രകടവുമാണ്. തിരക്കഥയിൽ ആ മഞ്ഞ നിയോൺ വെളിച്ചമാണ് വില്ലൻ. പക്ഷെ സംവിധായകൻ ആ സങ്കല്പത്തെ അതിമാനുഷികമായി കാണികളിൽ എത്തിക്കാൻ പരിശ്രമിച്ചു. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ വിപണി മൂല്യമാണ് അവിടെ അധികം പ്രാധാന്യത്തോടെ നിന്നത്. ക്യാമറയും എഡിറ്റിങ്ങും സംവിധായകനെ സ്വാഭാവികമായും പിൻപറ്റി. പീറ്റർ ഹെയ്‌ൻ എന്ന ആക്ഷൻ മേക്കർ ഒരു നാടോടിക്കഥയെ ഗ്ലോബൽ മാർക്കറ്റിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അവസാനത്തെ ഒടിയനെ പിന്നീടു വളർന്നു വന്ന ഒരു പറ്റം ഒടിയന്മാർ നേരിടുന്നത്. പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങൾ അദ്ദേഹം അതു പോലെ പകർത്താൻ ശ്രമിച്ചത് ആ വിജയ മന്ത്രത്തിന്റെ പുനരാവിഷ്കാരം മനസ്സിൽ കണ്ടാകണം. ഇങ്ങനെ ഒരേ കഥയെ, താരത്തെ ഒക്കെ മൂന്നു വ്യത്യസ്ത രീതിയിൽ നോക്കിക്കാണുന്നതും ആവിഷ്കരിക്കാൻ ശ്രമിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ അവ മൂന്നും ചേർന്ന് പോകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒടിയൻ എത്രത്തോളം ആ വെല്ലുവിളിയെ, ബുദ്ധിമുട്ടിനെ അതിജീവിച്ചു എന്നത് സംശയമാണ്. ഒട്ടും സംശയമില്ലാതെ പറയാം, സിനിമയിൽ മുഴച്ചു നിൽക്കുന്നത് പീറ്റർ ഹെയ്‌നിന്റെ അന്തർദ്ദേശീയ അടികൾ ആണ്. ഒരു നാടോടിക്കഥയ്ക്ക്, അതും ഒടിയൻ പോലുള്ള ഇത്രയും ഭ്രമാത്കമായ കാല്പനികതക്ക് ആ ഗ്ലോബൽ യുദ്ധം ചേരില്ല. എഡിറ്റിങ്ങിൽ സിനിമ ഒന്നുകൂടി ചെറുതാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ചും അവസാന രംഗങ്ങളിൽ.

എന്തായാലും വിമർശനാതീതമായ സിനിമയല്ല ഒടിയൻ. പല സമകാലിക മലയാള, ഇന്ത്യൻ സിനിമകളെയും പോലെ അതിന് സ്വയം നിരവധി ആശയ കുഴപ്പങ്ങളുണ്ട്. പക്ഷെ അതിപ്പോൾ സംവിധായകന് കേൾക്കുന്ന തെറി വിളികൾക്കുള്ള ന്യായീകരണമല്ല. എന്തൊക്കെയായാലും എന്ത് 'തള്ളു കഥ' ന്യായം പറഞ്ഞാലും ആൾക്കൂട്ട ആക്രമണങ്ങൾ ഒരു സമൂഹത്തെ പുറകിലേക്കാണ് നയിക്കുന്നത്. ക്രിയാത്മക വിമർശനവും സംഘം ചേരുമ്പോൾ കിട്ടുന്ന വൃത്തികെട്ട ധൈര്യം കൊണ്ട് സംവിധായകനെ സിനിമക്ക് വേണ്ടി ആയാലും സിനിമക്ക് എതിരെ ആയാലും തെറി വിളിക്കുന്നത് ഒരു പുരോഗമന സമൂഹത്തിനു ചേർന്നതല്ല.

https://www.azhimukham.com/social-wire-odiyan-movie-world-record-collection-first-day-reply-to-haters/

https://www.azhimukham.com/social-wire-facebook-diary-odiyan-myth-reality-vishnu-padmanabhan-writes/

https://www.azhimukham.com/social-wire-negative-publicity-against-odiyan-movie-organized-by-dileep-director-sreekumar-menon-responds/

https://www.azhimukham.com/social-wire-odiyan-movie-first-response-theatres-fans-attacking-director-sreekumar-menon-facebook/


Next Story

Related Stories