UPDATES

സിനിമ

‘കയ്യൂര്‍ സിനിമ’ സ്വപ്‌നം മാത്രമാണ്; മൃണാള്‍ സെന്‍ ചിരസ്മരണയും

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള സെന്നിന്റെ ബന്ധം കേരളവുമായുള്ള ബന്ധത്തില്‍ നിര്‍ണായകമായിരുന്നു.

മലയാളികള്‍ ബംഗാളി സാഹിത്യത്തേയും ബംഗാളി കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും രാഷ്ട്രീയത്തേയുമെല്ലാം ആരാധനയോടെ കാണുന്നത് പോലെ ബംഗാളികള്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രാധാന്യത്തോടെ കണ്ടിട്ടുണ്ടോ എന്നെല്ലാം ധ്വനിയുള്ളൊരു വിമര്‍ശനാത്മക ചോദ്യം ജി അരവിന്ദന്റെ ‘വാസ്തുഹാര’ സിനിമയില്‍ (സിവി ശ്രീരാമന്റെ കഥ) ഒരു കഥാപാത്രം ഉന്നയിക്കുന്നുണ്ട്. അപ്പോള്‍ അതിന് കൊല്‍ക്കത്തയിലെ മറ്റൊരു മലയാളി കുടിയേറ്റക്കാരന്‍ നല്‍കുന്ന മറുപടി അത് ശരിയല്ല എന്നാണ്. ഇതിന് ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ രാഷ്ട്രീയ സമരങ്ങളോട്, ജനകീയ പ്രക്ഷോഭങ്ങളോട് ഒക്കെ ബംഗാളി ജനത കാണിച്ചിരുന്ന ഐക്യദാര്‍ഢ്യവും പ്രതിബദ്ധതയും വ്യക്തമാക്കുന്ന ഒരു മുദ്രാവാക്യമാണ്. ആ മുദ്രാവാക്യം “ദേ, ദേ കയ്യൂര്‍ ബന്ധൂരേ, ഛാഡിയേ ദേ” (കയ്യൂര്‍ സമരത്തിന് പിന്തുണയുമായുള്ള പണപ്പിരിവിലെ മുദ്രാവാക്യം) എന്നായിരുന്നു. മൃണാള്‍ സെന്നിനെ സംബന്ധിച്ചും കേരളവുമായി ഹാര്‍ദ്ദവമായ ബന്ധമാണുണ്ടായിരുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 1943ലെ ബംഗാള്‍ ക്ഷാമത്തിന്റെ, മനുഷ്യ ദൈന്യതയുടെ, ദുരിതങ്ങള്‍ കറുപ്പിലും വെളുപ്പിലും സ്കെച്ചുകളായി പകര്‍ത്തിയ വിഖ്യാത ചിത്രകാരന്‍ ചിത്തപ്രസാദ് ഭട്ടാചാര്യ ആയാലും ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര അംബാസഡര്‍മാരില്‍ ഒരാളായ മൃണാള്‍ സെന്‍ ആയാലും ബംഗാളിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളവുമായി ഈ അടുപ്പം പുലര്‍ത്തിയിരുന്നു. കരിവെള്ളൂര്‍ അടക്കമുള്ള കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങളെ ചിത്തപ്രസാദ് അവിസ്മരണീയ ചിത്രങ്ങളാക്കിയപ്പോള്‍ കയ്യൂര്‍ സമരത്തെ സിനിമയാക്കാന്‍ മൃണാള്‍ സെന്നും താല്‍പര്യപ്പെട്ടു.

ഇന്ത്യന്‍ സിനിമ കണ്ട മറ്റൊരു അതുല്യ പ്രതിഭ ഋത്വിക് ഘട്ടകിനെ പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍) നാടകവേദിയുടെ ഭാഗമായിരുന്നു മൃണാള്‍ സെന്നും. എന്നാല്‍ പാര്‍ട്ടി അംഗമായിരുന്ന ഋത്വിക് ഘട്ടക് അഭിപ്രായ ഭിന്നതകള്‍ തുറന്ന് പറഞ്ഞും എഴുതിയും 1950കളില്‍ തന്നെ പുറത്തുപോയപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നും അംഗമാകാതിരുന്ന മൃണാള്‍ സെന്‍ ഏറെക്കാലം സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹയാത്രികനായി തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള സെന്നിന്റെ ഈ ബന്ധം കേരളവുമായുള്ള ബന്ധത്തില്‍ നിര്‍ണായകമായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന, സിനിമകളില്‍ മറയില്ലാതെ രാഷ്ട്രീയം പറഞ്ഞ മൃണാള്‍ സെന്നിനെ സംബന്ധിച്ച്, കയ്യൂര്‍ സമരത്തെക്കുറിച്ചുള്ള സിനിമ എന്നത് ചരിത്രപരമായ അനിവാര്യമായിരുന്നു. മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും കയ്യൂരിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഈ സിനിമയോട് തനിക്കുണ്ടായിരുന്ന താല്‍പര്യം മൃണാള്‍ സെന്‍ ആവര്‍ത്തിച്ചു. എന്ത് തന്നെയായാലും കയ്യൂര്‍ സിനിമ അനിവാര്യമായിരുന്നുവെന്നും എന്നാല്‍ അത് വലിയ വെല്ലുവിളിയായിരുന്നു എന്നും മൃണാള്‍ സെന്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മൃണാള്‍ സെന്‍ സിനിമകള്‍ രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന തരത്തില്‍ പല നിരൂപകരുടേയും വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ മൃണാള്‍ സെന്നിനെ സംബന്ധിച്ച് കല സമൂഹത്തിന് വേണ്ടിയാണ് എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് മൃണാള്‍ സെന്‍ സിനിമകള്‍ ഒട്ടും മടി കാണിച്ചില്ല. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ വിജയത്തില്‍ മൃണാള്‍ സെന്നിന്റെ രാഷ്ട്രീയ സിനിമകള്‍ക്ക് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെടുന്നു. ദാരിദ്ര്യത്തോടും ജനങ്ങളുടെ ജീവിത ദുരിതങ്ങളോടുമുള്ള അനുകമ്പയും അനുതാപവും മാത്രമല്ല, അതിനോടുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളും അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളും അനിവാര്യമായി കണ്ട മൃണാള്‍ സെന്നിനെ സംബന്ധിച്ച് കേരളത്തിന്റെ കാര്‍ഷിക കലാപങ്ങളും രാഷ്ട്രീയ സമരങ്ങളും വളരെയധികം അടുപ്പം തോന്നുന്നവയായിരുന്നു. അങ്ങനെ കയ്യൂരിനെക്കുറിച്ച് സിനിമയെടുക്കാന്‍ മൃണാള്‍ സെന്‍ കേരളത്തിലെത്തി. സിപിഎം നേതാവും ജനശക്തി ഫിലിംസിന്റെ പ്രധാനികളിലൊരാളുമായിരുന്ന ചാത്തുണ്ണി മാസ്റ്റര്‍ അടക്കമുള്ളവരാണ് മൃണാള്‍ സെന്നിനെ കയ്യൂര്‍ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോയത്. കോഴിക്കോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന് വലിയ സ്വീകരണം ലഭിച്ചു. പല തവണ ഈ സിനിമ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ മൃണാള്‍ സെന്നിന്റെ കയ്യൂര്‍ ഒരിക്കലും സംഭവിച്ചില്ല.

ബംഗാളിക്ക് പുറമെ ഹിന്ദിയിലും ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ മൃണാള്‍ സെന്‍ ഒഡിയയിലും തെലുങ്കിലും സിനിമകള്‍ ചെയ്തു. ഒഡിയയിലും തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുള്ള തനിക്ക് മലയാളത്തിലും സിനിമ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് അഭിമുഖത്തില്‍ മൃണാള്‍ സെന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ജനശക്തി ഫിലിംസ് ആണ് ഈ സിനിമ നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാല്‍ ജനശക്തി ഫിലിംസ് ഇല്ലാതായി. മൃണാള്‍ സെന്നിന്റെ കയ്യൂര്‍ സ്വപ്‌നമായി അവശേഷിക്കുകയും ചെയ്തു.

അതേസമയം അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ എബ്രഹാമും ടിവി ചന്ദ്രനുമടക്കമുള്ള മലയാള ചലച്ചിത്രപ്രവര്‍ത്തകരുമായി മൃണാള്‍ സെന്‍ അടുത്ത ബന്ധം പുലര്‍ത്തി. തന്റെ എല്ലാ സിനിമകളും ആദ്യം കാണിച്ചിരുന്നത് മൃണാള്‍ സെന്നിനെ ആയിരുന്നുവെന്നും എലിപ്പത്തായവും നിഴല്‍ക്കുത്തും മൃണാള്‍ സെന്നിന് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. മൃണാള്‍ സെന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനായിരുന്നെങ്കില്‍ അടൂര്‍ ‘മുഖാമുഖം’ എന്ന സിനിമ കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും അനുഭാവികളായ നിരൂപകരുടേയും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സംവിധായകനാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ആദ്യ പുരസ്‌കാരം മൃണാള്‍ സെന്നിനായിരുന്നു. ബംഗാളിനെ പോലെ കേരളവും അദ്ദേഹത്തെ സ്നേഹത്തോടെയും ആദരവോടെയും ‘മൃണാള്‍ ദാ’ എന്ന് വിളിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍