TopTop
Begin typing your search above and press return to search.

കിസ്മത് എന്നൊന്നുണ്ട് മോനെ... സുഷിന്‍ ശ്യാമിന്റെ ഞെട്ടിക്കലുകള്‍ / അഭിമുഖം

കിസ്മത് എന്നൊന്നുണ്ട് മോനെ... സുഷിന്‍ ശ്യാമിന്റെ ഞെട്ടിക്കലുകള്‍ / അഭിമുഖം

കിസ്മത് എന്ന സിനിമയിലെ കിസപാതയില്‍ എന്ന ഒരൊറ്റ പാട്ടിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. ഇപ്പോഴിതാ തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മറഡോണ എന്ന സിനിമയ്ക്ക് സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നല്‍കിക്കൊണ്ട് വീണ്ടും പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ് സുഷിന്‍. സുഷിന്‍ ശ്യാമുമായി അനു ചന്ദ്ര സംസാരിക്കുന്നു.

സംഗീത സംവിധാനം, ഗായകന്‍, പശ്ചാത്തല സംഗീതം,അഭിനേതാവ്... സമസ്ത മേഖലകളിലും സാന്നിധ്യമുണ്ടല്ലോ?

വാസ്തവത്തില്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന് പറയുന്നത് തീര്‍ച്ചയായും സംഗീതത്തില്‍ തന്നെയാണ്. സംഗീതം എന്നയിടത്തു മാത്രമേ കംഫര്‍ട്ടബിള്‍ ആയിട്ടൊള്ളു. പിന്നെ അഭിനയം എന്നത് ഞാനങ്ങനെ ഇന്‍ട്രസ്റ്റഡ് ആയിട്ട് ചെയ്‌തൊരു കാര്യമൊന്നുമല്ല. അത് അവിചാരിതമായി സംഭവിച്ച ഒരു കാര്യം, അത്രയേ ഉള്ളൂ.

പൊന്നാനിയെക്കുറിച്ചോ അവിടുത്തെ കള്‍ച്ചറിനെ കുറിച്ചോ അറിയാത്ത താങ്കള്‍ ഹൃദയസ്പര്‍ശിയായ ഒരു ഗാനം ഉണ്ടാക്കിയെടുത്തു (കിസ്മത്തിലെ കിസപാതിയില്‍..). ഒന്ന് വിശദീകരിക്കാമോ?

സത്യമായിട്ടും ഞാന്‍ പൊന്നാനിയില്‍ പോയിട്ടില്ല. പക്ഷെ ഈ പാട്ടിനെ കുറിച്ചും, പാട്ടു നടക്കുന്ന സാഹചര്യത്തെ കുറിച്ചും, അവിടത്തെ കള്‍ച്ചറിനെ കുറിച്ചുമെല്ലാം ഈ സിനിമയുടെ സംവിധായകന്‍ ഷാനവാസ് ബാവകുട്ടി ഫോണിലൂടെ പറഞ്ഞത് കേട്ട്, ആ കേട്ടറിഞ്ഞ അറിവിലൂടെ മാത്രം പശ്ചാത്തല സംഗീതം നല്‍കിയ ഒരു ഗാനമാണ് കിസ പാതിയില്‍. ഞാന്‍ ആദ്യമായി സംഗീതം നല്‍കുന്ന പാട്ടും അതായിരുന്നു. ഗസല്‍ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല. ഖവാലി എന്നൊക്കെ പറയാവുന്ന ഒരു മൂഡിലേക്ക് പിടിച്ച ഒന്നാണ് അതെന്നൊക്കെ പറയാം. പിന്നെ ആ ഗാനത്തിന്റെ രചയിതാവ് അന്‍വര്‍ അലി അവിടെ പോയി രണ്ടു ദിവസം ഇരുന്ന് ഉണ്ടാക്കിയെടുത്ത ഒരു സംഭവമുണ്ട്. അത് എന്റെ മേഖലയിലേക്ക് കൂടി എത്തിയപ്പോള്‍ വന്നപ്പോള്‍ മൊത്തത്തില്‍ ഒരു പൊന്നാനി വൈബ് ക്രിയേറ്റ് ചെയ്തു എന്നേയുള്ളു.

താങ്കള്‍ സംഗീത സംവിധാനം നല്‍കുന്ന പാട്ടുകള്‍ക്കെല്ലാം ഒരു ഫ്രഷ്നെസ് ഫീല്‍ ഉണ്ട് ശബ്ദത്തില്‍. ബോധപൂര്‍വമുള്ള ഒരു നീക്കമാണോ ഇത്?

ഞാന്‍ സംഗീതസംവിധാനം നല്‍കുന്ന പാട്ടുകളില്‍ പാടാന്‍ വരുന്നവര്‍ പൊതുവില്‍ വലിയ മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്നവര്‍ ഒന്നുമായിരിക്കില്ല. ഇപ്പോള്‍ ഉദാഹരണത്തിന് കിസപാതിയില്‍... എന്ന ഗാനം പാടിയിരിക്കുന്നത് പോലും എന്റെ കുട്ടികാലം മുതല്‍ കൂടെയുള്ള സുഹൃത്തായ സച്ചിന്‍ ബാലു ആണ്. എസ്രയിലെ പാട്ട് കമ്പോസ് ചെയുന്നത് ഞാന്‍ അവിടെ ചെന്ന് ഒരു ഫ്‌ലാറ്റില്‍ നില്‍ക്കുമ്പോഴാണ്. അപ്പോള്‍ എന്റെ റൂംമേറ്റ് എന്റെ തൊട്ടപ്പുറത്തെ റൂമിലിരുന്ന് ഗെയിം കളിക്കുന്നുണ്ടായിരുന്നു. അങ്ങനെ പാട്ട് കമ്പോസ് ചെയ്ത് കഴിഞ്ഞ് ഈ റൂമേറ്റിനെ വിളിച്ച് അവനോട് ഒന്നു പാടി നോക്കാന്‍ പറഞ്ഞു. പിന്നീട് അവനെ കൊണ്ട് തന്നെയാണ് ആ സിനിമയില്‍ ഞാന്‍ പാടിപ്പിച്ചതും. അതായത് നിലവിലുള്ള ആളുകളെക്കൊണ്ട് ഗാനം ചെയ്യിക്കണം എന്നൊക്കെ വിചാരിക്കാറുണ്ടെങ്കിലും മിക്കപ്പോഴും സംഭവിക്കുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. ഫ്രണ്ട്‌സ്, അടുത്ത ആളുകള്‍, അല്ലെങ്കില്‍ ഞാന്‍ ഒക്കെ ആകും പാടുക. ട്രൈ ചെയ്ത് നോക്കും. സക്സസ് ആവുകയാണെങ്കില്‍ ഞാന്‍ ഹാപ്പി.

സിനിമ മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?

ഞാന്‍ എഞ്ചിനീയറിങ് ഡ്രോപ്പ് ഔട്ട് ആയി 6 മാസം വെറുതെ ഇരുന്ന ഒരു സമയം ഉണ്ടായിരുന്നു. സിനിമ എന്നുള്ളതൊക്കെ ആ ആറു മാസത്തിനുള്ളില്‍ ചിന്തിച്ചെടുത്ത ഒരു സംഭവമായിരുന്നു. മാത്രമല്ല, ചെറുപ്പം മുതലേ എനിക്ക് സിനിമയോടും സംഗീതത്തോടും താല്‍പര്യമുണ്ടായിരുന്നു എന്നത് വേറെ കാര്യം. പക്ഷെ അഭിനയം എന്നതിനോടൊന്നും താല്പര്യം ഇല്ലായിരുന്നു. പിന്നെ പഠിത്തത്തോട് പോലും എനിക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു എന്നു പറയാം. സംഗീതത്തോട് മാത്രമായിരുന്നു താല്പര്യം. അതുകൊണ്ടാണ് എഞ്ചിനീയറിങ് പോലും അങ്ങനെയായിപ്പോയത്. പിന്നീട് ദീപക് ദേവിനെ അസിസ്സ് ചെയ്യണം ആഗ്രഹത്തോടെ കൂടിയാണ് ഞാന്‍ ചെന്നൈയില്‍ എത്തുന്നത്. അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, താന്‍ ഇപ്പോള്‍ ആരെയും അസിസ്സ് ചെയ്യാന്‍ എടുക്കുന്നില്ല എന്നാണ്. പക്ഷെ എന്നിരുന്നാലും അദ്ദേഹം ഒടുവില്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ കുറച്ച് സിനിമകളില്‍ വര്‍ക്ക് ചെയ്തു. അത് കഴിഞ്ഞ് ഞാന്‍ പുറത്തുള്ള സംഗീതസംവിധായകരുടെ കൂടെ അതായത് റെക്സ് വിജയന്‍, ഔസേപ്പച്ചന്‍ ഇവരുടെ എല്ലാം കൂടെ വര്‍ക്ക് ചെയ്തു. അങ്ങനെ വര്‍ക്ക് ചെയ്ത് നില്‍ക്കുന്ന സമയത്താണ് റെക്‌സ് വിജയന്‍ സപ്തമശ്രീ തസ്‌കരഹ എന്ന സിനിമയുടെ കാര്യം പറയുന്നത്. ഇന്‍ഡിപെന്‍ഡന്റ് ആയി ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടോ എന്ന് അദ്ദേഹമെന്നോട് ചോദിച്ചു. താല്‍പര്യം ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ സപ്തമശ്രീയില്‍ തുടങ്ങുന്നത്. അത് കഴിഞ്ഞ് പിന്നീട് സ്വതന്ത്രമായി ഓരോന്ന് ചെയ്തുതുടങ്ങി. ഇപ്പോള്‍ അവസാനമായി ചെയ്യുന്നത് അമല്‍ നീരദിന്റെ വരുത്തന്‍ ആണ്.ദീപക് ദേവ്, ഔസേപ്പച്ചന്‍ തുടങ്ങിയ നിരവധി സീനിയേഴ്സിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവത്തെ പറ്റി?

അങ്ങനെയൊരു ഭാഗ്യം ലഭിച്ചു. പലതരം സ്‌കൂളുകളില്‍ പഠിക്കാന്‍ പറ്റിയെന്നു പറയുന്നതുപോലുള്ള ഒരു അനുഭവമാണത്. ദീപക്ക് ദേവിന്റെ സ്‌കൂളില്‍ ഞാനുണ്ടായിരുന്നു, ഔസേപ്പച്ചന്റെ സ്‌കൂളില്‍ ഞാനുണ്ടായിരുന്നു, രാജാമണി സാറിന്റെ സ്‌കൂളില്‍ ഞാന്‍ ഉണ്ടായിരുന്നു. അങ്ങനെ പലരുടെ കൂടെയും ഉണ്ടായിരുന്നു. പലരുടെ കൂടെയും പല അനുഭവങ്ങളാണ്. വിദ്യാസാഗര്‍ സര്‍ ഒക്കെ വളരെ അപ്‌ഡേറ്റഡ് ആണ്. എല്ലാം വലിയ വലിയ അനുഭവങ്ങള്‍ ആയിരുന്നു.

ഇതിനൊക്കെ ഇടയില്‍ അഭിനയം എങ്ങനെയാണ് സംഭവിച്ചത്?

ഞാന്‍ ദീപക് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത് തട്ടത്തിന്‍ മറയത്തിന്റെ റെക്കോര്‍ഡ് നടക്കുന്നത് അവിടെയായിരുന്നു. ആ സമയത്ത് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ഒക്കെ അവിടെ വരുമായിരുന്നു. ഒരു ദിവസം വിനീതേട്ടനുമൊക്കെയായി കാഷ്വലായി സംസാരിച്ചിരിക്കുമ്പോഴാണ് വിനീതേട്ടന്‍ എന്നോട് ചോദിക്കുന്നത്, ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന്. ഞാന്‍ അതിനു സമ്മതിക്കുകയും ചെയ്തു. പിന്നീട് പുള്ളി ഒരു ദിവസം രാവിലെ വിളിച്ചുപറഞ്ഞു, തലശ്ശേരിയിലേക്ക് വരാന്‍. ഞാന്‍ തലശ്ശേരിയിലേക്ക് നേരെ പുറപ്പെട്ടു, കോസ്റ്റ്യും ചെയ്ഞ്ച് ചെയ്തു, അഭിനയിച്ചു, തിരിച്ചുകയറി. ഇത്രയാണ് സംഭവിച്ചത്. ഒറ്റ ദിവസത്തെ പരിപാടിയായിരുന്നു എല്ലാം.

അഭിനയം കൈകാര്യംചെയുക എന്നത് എളുപ്പമായി തോന്നിയോ?

എനിക്ക് അഭിനയത്തിന്റെ കാര്യത്തില്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ല. പിന്നെ ഹണി ബീയിലെ അഭിനയവും സംഭവിക്കുന്നത് അതു പോലെ അപ്രതീക്ഷിതമായിരുന്നു. ഗിറ്റാര്‍ വായിക്കുന്ന ഒരാളെ അയയ്ക്കാന്‍ അവര്‍ ദീപക്കേട്ടനോട് പറഞ്ഞു. ഞാന്‍ അങ്ങനെ അതില്‍ പോയി. അങ്ങനെ എത്തിപ്പെട്ടതാണ് അതില്‍.

കുടുംബത്തിലെ സംഗീത പശ്ചാത്തലം?

അച്ഛന്‍ ഗിറ്റാറിസ്റ്റ് ആണ്. അച്ഛന് പണ്ട് ട്രൂപ്പും സംഭവങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അത് നിര്‍ത്തി. പിന്നെ ബിസിനസ് എന്നൊക്കെ ചിന്ത വന്നു. പക്ഷെ ചെറുപ്പം മുതലേ ഈ മ്യൂസിക്കിന്റെ ബേസിക്ക് എന്നെ പഠിപ്പിക്കുന്നത് പപ്പയാണ്.

സംഗീത സംവിധായകനെന്ന നിലയില്‍ ആശങ്കയുണ്ടാകാറുണ്ടോ? നമ്മള്‍ ചെയ്യുന്ന ഗാനം നമ്മള്‍ ഉദ്ദേശിക്കുന്ന അതേ മൂഡില്‍ തന്നെ ആളുകളിലേക്ക് എത്തുമോ എന്നതില്‍?

ആശങ്ക എന്തായാലും ഉണ്ടാകും. ചിലതെല്ലാം ക്രിയേറ്റ് ചെയ്യുമ്പോള്‍ നമ്മള്‍ മെലഡി പാടി നോക്കിയിട്ട് കമ്പോസ് ചെയ്യും. അപ്പോള്‍ നമ്മള്‍ ഇങ്ങനെ ആലോചിക്കും, ആളുകള്‍ ഇത് കേള്‍ക്കുമ്പോള്‍ എന്തായിരിക്കും ചിന്തിക്കുക, അവര്‍ക്കെന്തായിരിക്കും ഫീല്‍ ചെയ്യുക എന്നൊക്കെ. അങ്ങനെ ആലോചിച്ചാലോചിച്ച് കറക്റ്റ് ചെയ്താണ് പോകാറ്. എന്നാല്‍ ചിലതൊക്കെ ഞാന്‍ ഫ്രീ ഫ്‌ളോയിലും വിടാറുണ്ട്. കിസപാതിയില്‍ ഒക്കെ ഞാന്‍ എന്റേതായ ഫ്‌ളോയില്‍ വിട്ടതാണ്.

ഏറ്റവും പുതിയ വര്‍ക്കായ മറഡോണയിലെ ഗാനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍?

നല്ല അഭിപ്രായമാണ് കിട്ടുന്നത് മറഡോണയ്ക്ക്. അതിലെ എല്ലാ പാട്ടുകള്‍ക്കും വ്യത്യസ്ത ഫീല്‍ ഉണ്ടെന്നുള്ള ഒരു അഭിപ്രായമുണ്ട്. കൂടുതലും നിലാപക്ഷി... എന്ന ട്രാക്കിന് നല്ല റിവ്യൂ ഉണ്ട്. അത് സന്തോഷമുണ്ടാക്കുന്നു

താങ്കളുടെ ഡൗണ്‍ ട്രോഡന്‍സ് ബാന്‍ഡിനെപ്പറ്റി ?

വാസ്തവത്തില്‍ ഇത് ഒരു ഫുള്‍ മെറ്റല്‍ ബാന്‍ഡ് ആണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നാണ് ഡൗണ്‍ ട്രോഡെന്‍സിന്റെ അര്‍ത്ഥം തന്നെ. ബാന്‍ഡ് എന്നത് പണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സ്വപ്നമായിരുന്നു. ഞങ്ങള്‍ കുറെ പേരുടെ തലയിലെ ഒരാശയമാണ് ഈ ബാന്‍ഡ്. അങ്ങനെ കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിങ്ങനെയുള്ള സ്ഥലത്തുള്ള കുറച്ചാളുകള്‍ എല്ലാം കണക്ട് ചെയ്ത് തുടങ്ങിയ ഒന്നാണ് അത്. പിന്നെ നമ്മളതിനെ സീരിയസ് ആയി തന്നെ അപ്രോച്ച് ചെയ്തു.

ഡൗണ്‍ ട്രോഡെന്‍സ്

https://www.azhimukham.com/film-malayalam-movie-edior-saiju-sreedhar-interview-by-anu-chandra/


Next Story

Related Stories