Top

ദിലീപിന്റെ വളര്‍ച്ചയില്‍ കൂടെ നിന്ന നാദിര്‍ ഷാ വീഴ്ചയില്‍ കാരണവുമാകുമോ?

ദിലീപിന്റെ വളര്‍ച്ചയില്‍ കൂടെ നിന്ന നാദിര്‍ ഷാ വീഴ്ചയില്‍ കാരണവുമാകുമോ?
മലയാള സിനിമയില്‍ വിവാദങ്ങളും ആരോപണങ്ങളും പണ്ടുമുതലേ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാള സിനിമ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ അവസ്ഥ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല എന്നത് വാസ്തവം. മലയാള സിനിമയിലെ പ്രമുഖയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ ആയിട്ട് അമ്പതിനു മുകളില്‍ ദിവസങ്ങള്‍ കഴിഞ്ഞു. കേസില്‍ സിനിമ ലോകത്ത് നിന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന സൂചനകള്‍ ബലപ്പെട്ടു തന്നെ നില്‍ക്കുമ്പോഴാണ് നടനും സംവിധായകനും ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നു പറയാനും കഴിയുന്ന നാദിര്‍ ഷായെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇതോടെ പ്രസ്തുത കേസില്‍ സിനിമാലോകത്തു നിന്നു വീണ്ടുമൊരു അറസ്റ്റ് മണക്കുകയാണ്.

നാദിര്‍ ഷാ ഈ കേസിലേക്ക് പെട്ടെന്നു കയറിവന്നയാളല്ല. അന്വേഷണം ദിലീപിലേക്ക് എത്തുമ്പോള്‍ മുതല്‍ കൂടെ ഈ സുഹൃത്തിലേക്ക് സംശയങ്ങള്‍ നീണ്ടിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനി ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ ഷായുടെ തന്നെ പരാതിയില്‍ തുടങ്ങി പൊലീസ് അദ്ദേഹത്തിനു മുകളില്‍ കണ്ണെറിഞ്ഞു തുടങ്ങിയിരുന്നു. പിന്നീട് ആലുവ പൊലീസ് ക്ലബ്ബില്‍ 12 മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ പലവട്ടം പതറിയിരുന്നു നാദിര്‍ ഷാ. ചോദ്യം ചെയ്യലിനു വീണ്ടും വിധേയനാകേണ്ടി വരുമെന്നു സൂചന വന്നതോടെ ഒരു ഉന്നത പൊലീസിന്റെ ഉദ്യോഗസ്ഥന്റെ സ്‌പെഷല്‍ ക്ലാസിന് സംവിധായകന്‍ വിധേയനായി എന്നും കേട്ടിരുന്നു; ചോദ്യം ചെയ്യല്‍ നേരിടേണ്ട വഴികളെക്കുറിച്ച്.

എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ കഥയെല്ലാം മാറി മറഞ്ഞു. എല്ലാ കണ്ണുകളും അങ്ങോട്ടുപോയി. അതോടെ അതുവരെ സംശയത്തിന്റെ നിഴലില്‍ നിന്നവരെല്ലാം മാധ്യമശ്രദ്ധയില്‍ നിന്നും രക്ഷപ്പെട്ടു. പക്ഷേ പൊലീസ് എല്ലാമങ്ങ് അവസാനിപ്പിച്ചിരുന്നില്ല.

നാദിര്‍ ഷാ നല്‍കിയ മൊഴികളില്‍ പലതും കളവാണെന്നു അന്വേഷണം സംഘം ഇപ്പോള്‍ പറയുന്നത് വെറുതെയാകാന്‍ വഴിയില്ല. നാദിര്‍ ഷായെ പൊലീസ് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും സത്യമായ പലതും അദ്ദേഹത്തില്‍ നിന്നും കിട്ടേണ്ടതുണ്ടെന്നും അന്വേഷണ സംഘത്തിന് അറിയാമായിരുന്നു. കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാദിര്‍ ഷായെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാനും ചോദ്യം ചെയ്യാനുമുള്ള നീക്കം നടത്തുന്നത് ദിലീപിന് വളരെ പ്രതികൂലമായി കാര്യങ്ങള്‍ തിരിയാന്‍ കാരണമാകും.നാദിര്‍ ഷായ്ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നു അന്വേഷണസംഘം കരുതുന്നില്ല. പക്ഷേ നടന്ന കാര്യങ്ങളെക്കുറിച്ച് അതു നടന്നതിനുശേഷമോ അതിനു മുമ്പോ നാദിര്‍ ഷാ അറിഞ്ഞിരിക്കണം. അതാണ് നാദിര്‍ ഷാ ചെയ്തിരിക്കുന്ന കുറ്റവും! പ്രതികളെ അറിയില്ലെന്നതടക്കം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നു അന്വേഷണ സംഘം മനസിലാക്കിയിരിക്കുന്നു. സുനിയുടെ ഫോണ്‍ കോള്‍ തന്നെ അതിനൊരു തെളിവാണ്. നാദിര്‍ ഷാ അത് ശക്തിയുക്തം നിഷേധിക്കുന്നുണ്ടെങ്കിലും.

താന്‍ നിരപരാധിയും പൊലീസ് തന്നെ ദിലീപിനെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാറാണെന്നും നാദിര്‍ ഷാ പറയുമ്പോഴും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും തുടരുന്ന ആശുപത്രിവാസവും എന്തൊക്കെയോ നാദിര്‍ ഷാ ഭയക്കുന്നൂ എന്നതാണ് കാണിക്കുന്നത്. വീണ്ടും പൊലീസ് കസ്റ്റഡിയിലാകാന്‍ അദ്ദേഹം മടിക്കുന്നതുപോലെ. ഒരുപക്ഷേ അത് തന്റെ അറസ്റ്റില്‍ എത്തിനില്‍ക്കുമെന്ന ഭയമായിരിക്കാം അദ്ദേഹത്തിന്.

പക്ഷേ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളുകയും ജാമ്യം പരിഗണിക്കുന്നത് 13 ലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നത് നാദിര്‍ ഷായ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ വെച്ച് നാദിര്‍ ഷാ സമ്മര്‍ദ്ദത്തില്‍ ആണെന്ന് വേണം കരുതാന്‍. തന്റെ മേല്‍ ഒരു പോലീസ് അറസ്റ്റ് ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നാദിര്‍ ഷായ്ക്കുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ അതിനു തെളിവ്. പക്ഷേ കോടതിയില്‍ നാദിര്‍ ഷായുടെ വക്കീല്‍ പറഞ്ഞത് പോലീസ് അറസ്റ്റ് ചെയ്യുന്നു എങ്കില്‍ ചെയ്തു കൊള്ളട്ടെ എന്നായിരുന്നു. നാദിര്‍ ഷായെ അറസ്റ്റ് ചെയുന്നതില്‍ നിയമപരമായി തടസമൊന്നും ഇല്ല എന്ന് കോടതി പറഞ്ഞിട്ടുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്ന നാദിര്‍ ഷായെ വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കാം. പിന്നീടത് അറസ്റ്റിലേക്കും വഴിമാറാം. ദിലീപിന്റെ കാര്യത്തില്‍ നടന്നതുപോലെ.

ഈ കേസില്‍ നാദിര്‍ ഷായുടെ മൊഴി വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഉറ്റസുഹൃത്തിന്റെ മൊഴിയാണ് വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാവി നിശ്ചയിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories