TopTop

പതിമൂന്നു വയസുള്ള എന്റെ മാറിടങ്ങളെക്കുറിച്ചും കൂടെ കിടക്കാനുള്ള പ്രായത്തെക്കുറിച്ചുമായിരുന്നു അവര്‍ പറഞ്ഞത്; നതാലി പോര്‍ട്ട്മാന്‍

പതിമൂന്നു വയസുള്ള എന്റെ മാറിടങ്ങളെക്കുറിച്ചും കൂടെ കിടക്കാനുള്ള പ്രായത്തെക്കുറിച്ചുമായിരുന്നു അവര്‍ പറഞ്ഞത്; നതാലി പോര്‍ട്ട്മാന്‍
പതിമൂന്നാം വയസ്സില്‍ അനുഭവിച്ച 'ലൈംഗിക ഭീകരവാദ'ത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. ശനിയാഴ്ച ലോസ് ഏഞ്ചലിസില്‍ സ്ത്രീകള്‍ നടത്തിയ വമ്പിച്ച പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പന്ത്രണ്ടാം വയസില്‍ ആദ്യ ചിത്രമായ 'ദി പ്രൊഫഷണല്‍' റിലീസ് ചെയ്തതിനു ശേഷമുണ്ടായ ക്രൂരമായ അനുഭവങ്ങളാണ് നതാലി വിവരിച്ചത്.

മാതാപിതാക്കളെ കൊല ചെയ്തവരോട് പ്രതികാരം പോക്കാന്‍ വാടകക്കൊലയാളിയുമായി കൂട്ടു കൂടുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍. സിനിമ റിലീസായി ഒരു വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു ആരാധകന്റെ കത്ത് കിട്ടി. ഒരു പുരുഷന്‍ എഴുതി നിറച്ച ബലാത്സംഗ ഭാവനകളായിരുന്നു അതില്‍ മുഴുവന്‍!

നതാലിയ പറയുന്നു: 'ഒരു പ്രാദേശിക റേഡിയോ ചാനല്‍ എനിക്ക് പതിനെട്ട് വയസ്സാകാനുള്ള എണ്ണം പിടിക്കല്‍ തുടങ്ങിയിരുന്നു. അതായത് നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം. സിനിമയെ വിലയിരുത്തുന്നവര്‍ അവരുടെ നിരൂപണങ്ങളില്‍ മൊട്ടിട്ട് വരുന്ന എന്റെ മുലകളെ കുറിച്ചാണ് പറഞ്ഞ് കൊണ്ടിരുന്നത്. പതിമൂന്ന് വയസേ ഉണ്ടായിരുന്നൊള്ളു എങ്കിലും പെട്ടെന്ന് തന്നെ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു. ലൈംഗികതയിലൂന്നിയാണ് ഞാന്‍ എന്നെ പ്രകടിപ്പിക്കുന്നതെങ്കില്‍ വലിയ അരക്ഷിതത്വം ഞാന്‍ അനുഭവിക്കും . പുരുഷന്‍മാര്‍ എന്റെ ശരീരത്തെ ചരക്കുവത്കരിക്കാനും വിവരിക്കാനുമുള്ള അധികാരമെടുക്കുന്നത് വലിയ അസ്വസ്ഥതകളിലേക്ക് നയിക്കുമായിരുന്നു.

http://www.azhimukham.com/vayicho-natalieportman-reveals-her-hollywood-badexperience/


എന്റെ പെരുമാറ്റത്തില്‍ പെട്ടെന്ന് തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഒരു ചുംബന രംഗമുള്ള കഥാപാത്രം പോലും ഏറ്റെടുത്തില്ല. അത്തരം തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിമുഖങ്ങളില്‍ കൂടെക്കൂടെ സംസാരിച്ചു. പുസ്തകപ്പുഴുവായും ഗൗരവപ്രകൃതിയായും ഒക്കെ ഞാനെന്നെ ചിത്രീകരിച്ചു. കുലീനമായ ഒരു വസ്ത്രധാരണ ശൈലി തന്നെ ഞാന്‍ രൂപപ്പെടുത്തി.

ഉള്‍വലിവുള്ള, യാഥാസ്ഥിതകയും വിരസയുമായ, സങ്കോചത്തോടെ ഇടപെടുന്ന ഒരാളാണെന്ന ഖ്യാതിയാണ് ഞാന്‍ ഉണ്ടാക്കിയെടുത്തത്. അതൊരു തരത്തില്‍ എന്റെ ശരീരത്തെ സുരക്ഷിതമാക്കാനും, എന്റെ ശബ്ദം കേള്‍ക്കപ്പെടാനും വേണ്ടിയുള്ള ശ്രമമായിരുന്നു.''


കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണത്തെയും പീഡനത്തെയും കുറിച്ച് സംസാരിക്കാനായി പല താരങ്ങളും മുന്നോട്ട് വന്നിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡ് വേദിയില്‍ കറുത്ത ഗൗണ്‍ ധരിച്ച് അഭിനേത്രികള്‍ എത്തിയത്, ഹോളിവുഡില്‍ നിലനില്‍ക്കുന്ന ലൈംഗിക അസമത്വങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനായിരുന്നു. ലോകത്താകമാനമുള്ള സ്ത്രീകള്‍ തങ്ങള്‍ കടന്ന് പോയ ലൈംഗിക പീഢനങ്ങള്‍ തുറന്ന് പറഞ്ഞ മീ റ്റൂ കാംപയിന്റെ പ്രതിഫലനങ്ങളും ഹോളിവുഡിലുണ്ടായി.

മലയാള ചലച്ചിത്ര രംഗത്ത് തന്നെയുള്ള സ്ത്രീകള്‍ സിനിമയ്ക്കകത്തെ സ്ത്രീ വിരുദ്ധതകളെ കുറിച്ചും, ഈ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍ എന്നിവയെ പറ്റിയും ഈ അടുത്ത കാലത്തായി ചര്‍ച്ചകള്‍ കൊണ്ട് വന്നിരുന്നു.

Next Story

Related Stories