TopTop

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തിലാക്കി കേന്ദ്രം; ഇത് വിശ്വാസവഞ്ചനയെന്ന് പുരസ്‌കാര ജേതാക്കള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തിലാക്കി കേന്ദ്രം; ഇത് വിശ്വാസവഞ്ചനയെന്ന് പുരസ്‌കാര ജേതാക്കള്‍
ആറുപത്തിനാല് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഉണ്ടായിരിക്കുന്ന വിവാദം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് തന്നെ കളങ്കമായി മാറിയിരിക്കുന്നു. പ്രധാനപ്പെട്ട പുരസ്‌കാര ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയും ബാക്കിയുള്ളവര്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രിയുടെ കൈയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിക്കട്ടേയെന്നുമാണ് ഇത്തവണത്തെ തീരുമാനം. അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൈയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ അവസരം ഒരുങ്ങുകയും ബാക്കിയുള്ളവര്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കട്ടെയെന്നുമുള്ള സര്‍ക്കാര്‍ നിലപാട് 65 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ബഹിഷ്‌കരണത്തില്‍ വന്നെത്തി നില്‍ക്കുകയാണ്. ഇന്ന് നാല് മണിക്കാണ് പുരസ്‌കാര വിതരണ ചടങ്ങ്. അവാര്‍ഡ് ജേതാക്കള്‍ ഒപ്പിട്ട രേഖാമൂലമുള്ള പരാതി നല്‍കിയിട്ടുണ്ട്. അതില്‍ ഉചിതമായ തീരുമാനം ഉണ്ടാകില്ലെങ്കില്‍ ബാക്കിയുള്ളവര്‍ അവാര്‍ഡ് സ്വീകരിക്കാതെ മടങ്ങാനാണ് സാധ്യത.

തങ്ങള്‍ക്ക് കിട്ടിയ ക്ഷണപത്രികയില്‍ പുരസ്‌കാര വിതരണം നടത്തുന്നത് രാഷ്ട്രപതിയായിരിക്കുമെന്നു വ്യക്തമാക്കിയിരുന്നതായി പുരസ്‌കാര ജേതാക്കള്‍ പറയുന്നു. ഞങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് അശ്രാന്തവും ആത്മാര്‍ത്ഥവുമായ നടത്തിയ പ്രവര്‍ത്തികള്‍ അംഗീകരിക്കപ്പെടുന്ന അഭിമാനകരമായ മുഹൂര്‍ത്തത്തിന് സാക്ഷികളാക്കാന്‍ കുടുംബത്തേയും സുഹൃത്തുക്കളേയും കൂട്ടിയാണ് പുരസ്‌കാര സ്വീകരണ ചടങ്ങിനെത്തിയതെന്നും എന്നാല്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് മാത്രമാണ് എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്നില്ല എന്ന വിവരം അറിയാന്‍ കഴിഞ്ഞതെന്നും പരാതിക്കാരായ പുരസ്‌കാര ജേതാക്കള്‍ പറയുന്നു. ഇത് വിശ്വാസവഞ്ചനയാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. തങ്ങള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രകാരന്മാരും അവരവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉത്സാഹിക്കുന്നവരാണെന്നും അംഗീകരം എന്നത് എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടിയേക്കാവുന്ന ഏറ്റവും വലിയൊരു അംഗീകാരമായ ദേശീയ ചലച്ചിത്ര പുരസ്‌കരം എന്ന നേട്ടത്തിന്റെ മഹത്വവും അഭിമാനവും പേറിനില്‍ക്കുന്ന തങ്ങളെ വൃണിതഹൃദയരാക്കുന്നതാണ് 65 വര്‍ഷത്തെ പാരമ്പര്യത്തെ തകര്‍ത്തു കൊണ്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീരുമാനം എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കര വിതരണം എന്നത് മറ്റ് പുരസ്‌കാരവിതരണങ്ങള്‍പോലെയല്ല, ഇതിന് ഒരു പാരമ്പര്യമുണ്ട്. അവിടെ പക്ഷപാതങ്ങളില്ല. ഈ പുരസ്‌കാരവിതരണത്തിന്റെ മഹത്വവും ശ്രേഷ്ഠതയും എന്നും നിലനിര്‍ത്തണം. അധികാരം കാണിക്കേണ്ടിടമല്ലിതെന്നുമാണ് തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ബുധനാഴ്ച വൈകുന്നേരം തന്നെ തങ്ങളുടെ പരാതി വാര്‍ത്തവിതരണ വകുപ്പ് മന്ത്രിയോട് ബോധിപ്പിച്ചതാണെന്നും അതിന് ഒരുപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഒരാള്‍പോലും തങ്ങള്‍ക്ക് മറുപടി തരാന്‍ തയ്യാറായില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ അംഗീകരം അര്‍ഹമായ വിധത്തില്‍ പരിഹരിക്കപ്പെടുന്നില്ലെന്ന് പുരസ്‌കാര ബഹിഷ്‌കരണം മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഇവര്‍ പറയുന്നു.

ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മലയാള സിനിമ വന്‍ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. മികച്ച സംവിധായകന്‍, മികച്ച ഗായകന്‍, മികച്ച സഹനടന്‍, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം, മികച്ച പ്രൊഡക്ഷന്‍ ഡിസൈര്‍ തുടങ്ങി 14 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളം സ്വന്തമാക്കിയത്. എന്നാല്‍ ഈ 14 പേരില്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ട യേശുദാസിനും മികച്ച സംവിധായകനായ ജയരാജിനും മാത്രമാണ് രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ അനുമതിയുള്ളത്. ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള ബാക്കിപേര്‍ക്ക് സ്മൃതി ഇറാനിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടത്. ഈ വിഷയത്തില്‍ രാഷ്ട്രീയം ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും അതേ കുറിച്ച് ഉചിതമായ സമയത്ത് പറയുമെന്നും ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായ മലയാളി സംഘത്തിലുള്ള വ്യക്തി പറയുന്നു.

Next Story

Related Stories