Top

'ഡീ നീ ആകെ തടിച്ചല്ലോ', 'അളിയാ മൊത്തം കഷണ്ടിയായല്ലോ'; മുഖമടച്ചൊരു അടിയാണ് തമാശ

രണ്ടു വർഷം മുന്നേ കന്നഡയിൽ നവാഗതനായ രാജ് ബി ഷെട്ടി കഥയെഴുതി സംവിധാനം ചെയ്തു പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ആയിരുന്നു ഒണ്ടു മൊട്ടയെ കഥ. അദ്ദേഹത്തിൻറെ ആത്മകഥാംശങ്ങൾ നിറഞ്ഞു നിന്ന സിനിമ കൂടിയായിരുന്നു അത്. വ്യവസ്ഥാപിത നായികാ, നായക സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന, ആത്മവിശ്വാസം കാണികളിലേക്ക് പടർത്തുന്ന സിനിമകൾ മുഖ്യധാരാ കന്നഡ ഇൻഡസ്ട്രിയിൽ വളരെ കുറവായിരുന്ന സമയത്താണ് ഒണ്ടു മൊട്ടയെ കഥ വലിയൊരു ഹിറ്റ് ആകുന്നത്. നെറ്ഫ്ലിക്സ് വഴി കർണാടകയ്ക്ക് അപ്പുറം ആ സിനിമ എത്തുകയും ചെയ്തു. ഏറെ ശ്രദ്ധിക്കപ്പെട്ട ആ സിനിമ തമാശ എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത വന്ന ശേഷം ഏറെ കൗതുകത്തോടെയാണ് അത് കാത്തിരുന്നത്.

സിനിമയിലെ പാടി എന്ന ഗാനവും മറ്റു പരസ്യങ്ങളും എല്ലാം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഉത്സവകാല ഫീൽ ഗുഡ് സിനിമയുടെ സൂചനകൾ ആ പരസ്യങ്ങൾ തന്നിരുന്നു. നവാഗതനായ അഷ്‌റഫ്‌ ഹംസ ആണ് തമാശയുടെ സംവിധായകൻ. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ് ഇത്തവണ ലിജോ ജോസ് പെല്ലിശേരിക്കും ചെമ്പൻ വിനോദിനും ഒപ്പം ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ഇതും സിനിമാ പ്രേമികൾക്ക് സന്തോഷം തരുന്ന വാർത്തയായിരുന്നു. വിനയ് ഫോർട്ട്‌, ചിന്നു, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന റോളുകളിൽ എത്തുന്നു. ഷഹബാസ് അമനും റെക്സ് വിജയനും മുഹ്സിൻ പരാരിയും പുലിക്കോട്ടിൽ ഹൈദറും ഒക്കെ ചേർന്നാണ് സംഗീത മേഖല കൈകാര്യം ചെയ്തിട്ടുള്ളത്. സമീർ താഹിർ ആണ് ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്.

ഒരർത്ഥത്തിൽ വളരെ ലളിതമായി പറഞ്ഞു വെക്കാവുന്ന കഥയാണ് തമാശയുടെ. ശ്രീനിവാസൻ എന്ന 31 വയസുകാരൻ കോളേജ് അധ്യാപകൻ കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്ന ആളാണ്. ആത്മവിശ്വാസക്കുറവിന്റെ ആൾരൂപമാണ് അയാൾ. സമൂഹത്തിന്റെ വ്യവസ്ഥാപിത പുരുഷ, സൗന്ദര്യ സങ്കല്പങ്ങളിൽ പിന്നിൽ നിൽക്കുന്ന ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെ കഥ എന്ന് വേണമെങ്കിൽ ചുരുക്കാവുന്ന അത്രയും ലളിതമായ ഒരു പ്ലോട്ട് ആണ് സിനിമയുടെ. ഒരു യൂണിവേഴ്സിറ്റി അധ്യാപകനായ ശ്രീനിവാസന് 'വിവാഹ പ്രായം' ആണ്. സ്വാഭാവികമായും വിവാഹ മാർക്കറ്റിൽ അയാൾക്ക്‌ വില വളരെ കുറവാണ്. ഇത് അയാളുടെ ആത്മവിശ്വാസത്തെ കൂടുതൽ മുറിവേൽപ്പിക്കുന്നു. പ്രണയിക്കാനും കല്യാണം കഴിക്കാനും ഒരു പെൺകുട്ടിയെ തേടി സമൂഹത്തിന്റെ സങ്കല്പങ്ങളിലേക്കുള്ള ഉയർച്ച തേടി അയാൾ അലയുന്നു. ഈ അലച്ചിലിൽ അയാളുടെ അടുത്തേക്ക് വന്നു ചേരുന്ന, അയാൾ തേടി പോകുന്ന നിരവധി മനുഷ്യർ ഉണ്ട്. ഈ അന്വേഷണം എവിടെയും എത്താതെ ഇരിക്കുമ്പോൾ യാദൃശ്ചികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതിന്റെ അനന്തര ഫലങ്ങളും ഒക്കെ അയാളെ ആകെ മാറ്റുന്നു. ഇങ്ങനെ ഒരു പതിവ് ഫീൽഗുഡ് സിനിമയുടെ എല്ലാ സ്വഭാവങ്ങളും ഉള്ള, എല്ലാത്തര൦ കാണികളെയും ഉൾക്കൊള്ളുന്ന ലളിതമായ ഒരു സിനിമയാണ് തമാശ. എന്നാൽ അത്ര തമാശ അല്ലാതെ, നമ്മൾ ഇനിയും വേണ്ട വിധത്തിൽ ഗൗരവമായി കാണാത്ത ബോഡി ഷേമിങ്ങും, സൈബർ ലിഞ്ചിങ്ങും പോലുള്ള വയലൻസിനെ കുറിച്ച് കൂടി സിനിമ സംസാരിക്കുന്നുണ്ട്. രൂപം, പ്രായം തുടങ്ങി തികച്ചും ജൈവികമായ അവസ്ഥകളെ പോലും ഒരാളുടെ വിജയവുമായി കൂട്ടിക്കെട്ടുന്ന ഒരിടത്തെ ഒന്ന് ചെറുതായി കുത്തി നോവിച്ചു കൊണ്ടാണ് തമാശ കയ്യടി നേടുന്നത്.

Also Read: തമാശയിലെ ശ്രീനിവാസനെ ഇമേജുകളുടെ ഭാരമില്ലാത്ത ഒരാളെ ഏല്‍പ്പിക്കണമായിരുന്നു: സംവിധായകന്‍ അഷ്‌റഫ് ഹംസ/അഭിമുഖം

മലയാള സിനിമയിൽ അപകർഷതകളെപ്പറ്റി ഏറ്റവുമധികം സംസാരിച്ചത് ശ്രീനിവാസൻ ആണ്. അദ്ദേഹം തിരക്കഥ എഴുതിയ, സംവിധാനം ചെയ്ത, പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമകളിൽ എല്ലാം രൂപപരമായ അപകർഷത പേറുന്ന പ്രധാന കഥാപാത്രങ്ങൾ ഉണ്ട്. വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനും പാവം പാവം രാജകുമാരനിലെ ഗോപാലകൃഷ്ണൻ മാഷും എല്ലാം ഉദാഹരണങ്ങളാണ്. യാദൃശ്ചികമായാവാം തമാശയിൽ നായകന്റെ പേര് ശ്രീനിവാസൻ എന്നാണ്. ശ്രീനിവാസൻ പകുതിയിൽ പറഞ്ഞു നിർത്തിയ കുറെ കാര്യങ്ങളുടെ തുടർച്ച കൂടിയാണ് തമാശ. മറ്റൊരാളുടെ രൂപവും ചലനങ്ങളും ഒക്കെ ക്രൂരമായി കളിയാക്കുന്നതിനെ കൂടി ആണല്ലോ സിനിമയും സമൂഹവും ഒക്കെ തമാശ എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇതിൽ വണ്ണവും മെലിവും ഉയരക്കുറവും നിറവും കഷണ്ടിയും എല്ലാം പെടും. ശാരീരികമായ ബലക്കുറവുകളും വ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ട്. ഉപരിപ്ലവമായി നാം പേറുന്ന, ബൗദ്ധികമായ പക്വത ഇല്ലാതാവുന്ന ഒരിടമാണ് ബോഡി ഷേമിങ്. മറ്റൊരാളുടെ ശരീരഘടനയെ പരിഹസിക്കുന്ന സാഡിസത്തെ നമ്മൾ സ്വാഭാവിക ഹാസ്യമായി തെറ്റിദ്ധരിക്കുന്നു. ഇത് ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസക്കുറവും അപകർഷതാബോധവും ഒന്നും നമ്മുടെ വിഷയമേ അല്ല. അത്തരം ഒരു സമൂഹത്തിലേക്ക് തമാശ പോലൊരു സിനിമ നൽകുന്ന ഊർജം വിലപ്പെട്ടത് തന്നെയാണ്.

നിങ്ങളുടെ സന്തോഷത്തിന് എത്ര കിലോ ഭാരമാണ് എന്ന് എത്ര മാറ്റി ചോദിച്ചാലും തടിച്ച മനുഷ്യന്റെ ശരീരം നമുക്ക് ചിരി പകർത്തുന്ന കാഴ്ചയാണ്, കഷണ്ടി കല്യാണ മാർക്കറ്റിലെ വില ഇടിയാൻ പാകത്തിനുള്ള കുറവാണ്. കല്യാണത്തിന് നിയതമായ പ്രായവും ഇവിടെ ഉണ്ട്. നമ്മുടെ കാഴ്ചക്കപ്പുറം, സമൂഹം അടിച്ചേൽപ്പിക്കുന്ന ബോധ്യത്തിനപ്പുറം ഇവിടെയൊന്നും വളരാൻ നമ്മൾ ഒരുക്കവുമല്ല. തമാശയ്ക്ക് കയ്യടിക്കുമ്പോൾ അതിനുണ്ടാവുന്ന ഇടവേള നേരിയ പ്രതീക്ഷ ആണെന്ന് മാത്രം. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അപക്വമായി പെരുമാറുന്ന ഒരു കൂട്ടത്തെയും സിനിമ ചെറുതായി കുത്തുന്നുണ്ട്. മറ്റൊരാളുടെ ജീവിതത്തിൽ കയറി ഇടപ്പെട്ട് ആൾക്കൂട്ടം ഏറ്റവുമധികം കയ്യടി നേടുന്നത് ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെയാണ്. സിനിമാനടിമാർ മുതൽ യാതൊരു പരിചയവും ഇല്ലാത്തവർ വരെ നമ്മുടെ ബോഡി ഷേമിങ് കേൾക്കാൻ വിധിക്കപ്പെട്ടവരാണ് എന്നൊരു ധാരണ പേറുന്ന വലിയൊരു കൂട്ടം നമുക്ക് ചുറ്റും ഉണ്ട്. ആളുകൾ തെന്നി വീഴുന്ന വൈറൽ വീഡിയോകൾ മുതൽ ഒരു പരിചയവും ഇല്ലാത്ത വണ്ണം കൂടിയ മനുഷ്യരോട് അനവസര തമാശകൾ പറഞ്ഞു കയ്യടി വാങ്ങാൻ നോക്കുന്നത് വരെ ഇവിടെ സ്ഥിരം കാഴ്ചയാണ്. അവരുടെ തമാശകൾ അത്ര ചിരി പടർത്തുന്ന ഒന്നല്ല എന്നുകൂടി ലളിതമായി ഓര്‍മിപ്പിക്കുന്നുണ്ട് തമാശ.

Also Read: സിനിമയിൽ പത്തു വർഷമായി ഞാൻ കാണിക്കുന്ന ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും റിസൾട്ട് തന്നെയാണ് ‘തമാശ’: വിനയ് ഫോർട്ട്/അഭിമുഖം

നമ്മുടെ പരമ്പരാഗത, നടപ്പ് സൗന്ദര്യ സങ്കല്പങ്ങളെ ഒക്കെ പൊളിച്ചെഴുതുന്ന നിരവധി നായകന്മാർ ഇവിടെ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ശ്രീനിവാസനും വിനായകനും വിഷ്ണു ഉണ്ണികൃഷ്ണനും വിനയ് ഫോർട്ടും ഒക്കെ ശ്രദ്ധിക്കപ്പെട്ട ഉദാഹരണങ്ങളാണ്. അവരൊക്കെ അതാത് കാലങ്ങളിൽ ആഘോഷിക്കപ്പെട്ടിട്ടും ഉണ്ട്. പക്ഷെ ഇതേ സൗന്ദര്യ സങ്കല്പങ്ങളെ വെല്ലുവിളിച്ച നായികമാർ എത്രയുണ്ട് എന്ന് ചോദിച്ചാൽ നമ്മൾ ഓർത്തെടുക്കാൻ കഷ്ടപ്പെട്ട് പോകും. കാണികൾ സൗന്ദര്യം കൊണ്ട് കൂടി ആഘോഷിച്ചവരെ കരി പുരട്ടി, തടിപ്പിച്ച് , മെലിയിച്ച് ഒക്കെ സമരസപ്പെട്ടു പോകാറാണ് ഇവിടെ പതിവ്. രാഷ്ട്രീയ ശരികൾ അപ്പോൾ കാണാറില്ല. അവിടെ തമാശയിലെ ചിന്നു നൽകുന്ന ഊർജ൦ ചെറുതല്ല. നിറഞ്ഞ ആത്മവിശ്വാസമുള്ള അവളുടെ ചിരിയാണ് തമാശയിൽ ഏറ്റവും ഭംഗിയുള്ള കാഴ്ച. പതിവ് മോട്ടിവേഷണൽ സ്‌പീക്കർ നായികയായി ഇടക്കൊക്കെ അവർ മാറുന്നുണ്ടെങ്കിലും നായിക എന്നാൽ കാണാനുള്ള ഒരു വസ്തു കൂടിയാണ് എന്ന, ഇവിടെ ഏറ്റവും ആഴത്തിൽ വേരുറപ്പിച്ച് വാർപ്പുമാതൃകയെ ചിന്നു പൊളിച്ചെഴുതുന്നു. തമാശയിൽ ഒട്ടും ലളിതമല്ലാത്ത പൊളിച്ചെഴുത്ത് അത് തന്നെയാണ്. അതേസമയം, ശ്രീനിവാസൻ എന്ന നായകനില്‍ ഡാ തടിയായുടെയും പാവം പാവം രാജകുമാരന്റെയും ഒക്കെ തുടർച്ചയായുള്ള പല അടരുകളും കാണാം. ധീരോദാത്തൻ, അതിപ്രതാപ ഗുണവാൻ എന്ന് വിറച്ചു പഠിപ്പിച്ചിരുന്ന അയാൾ സി. അയ്യപ്പനെ ഉറച്ച് കുട്ടികൾക്ക് മുന്നിൽ വായിച്ചവസാനിപ്പിക്കുന്ന കാഴ്ചയ്ക്ക് വ്യത്യസ്തതയുണ്ട്.

കാണികളെ മുഷിപ്പിക്കാതെ തീയറ്ററിൽ ഇരുത്താൻ സിനിമയുടെ ഫീൽഗുഡ് സ്വഭാവത്തിനു സാധിക്കുന്നുണ്ട്. മലയാളത്തിലെ പ്രാദേശിക സിനിമാ ഭാഷ്യങ്ങളിൽ ഏറ്റവും പുതിയ ഇടം മലബാറും വിശേഷിച്ചു മലപ്പുറവുമാണ്. സംവിധായകന്റെ നാട് കൂടിയായ പൊന്നാനിയും തിരൂരും ഒക്കെയാണ് തമാശയിലെ ഇടങ്ങൾ. വിനയ് ഫോർട്ടിന്റെയും ചിന്നു എന്ന രണ്ടു സിനിമയുടെ മാത്രം പരിചയസമ്പത്തുള്ള നടിയുടെയും പ്രകടനവും ഒഴുക്കുള്ള തിരക്കഥയും സിനിമയുടെ മൂഡിനൊപ്പം പോകുന്ന ക്യാമറയും ഒക്കെ കാണാൻ രസമുണ്ട്. ആവശ്യത്തിലധികം സമയം എടുത്തു മുഷിപ്പിച്ചില്ല എന്നതും സിനിമയെ നല്ല കാഴ്ച ആക്കുന്നു.

നമ്മുടെ ക്രൗര്യങ്ങൾ ഒന്നും തമാശകൾ അല്ല എന്ന ഓർമ്മപ്പെടുത്തൽ നമുക്ക് ഓരോരുത്തർക്കും അനിവാര്യമാണ്, പ്രത്യേകിച്ച് ഒരു സമൂഹമെന്ന നിലയില്‍. അതുകൊണ്ട് തന്നെ തമാശ അതിന്റെ പതിവ് സിനിമാറ്റിക് സ്വഭാവങ്ങൾക്കും വിട്ടുവീഴ്ചയ്ക്കും എല്ലാമപ്പുറം നല്ല സിനിമയാണ്; മലയാളിയെ സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ.

Also Read: കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം; ‘തമാശ’യല്ല പറയുന്നത്

Next Story

Related Stories