TopTop
Begin typing your search above and press return to search.

പ്രേമത്തിലെ 'കോയ'യെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയുമോ? അള്ള് രാമേന്ദ്രനിലെ 'ജിത്തു'വിന്‍റെ വിശേഷങ്ങളുമായി കൃഷ്ണ ശങ്കര്‍ / അഭിമുഖം

പ്രേമത്തിലെ കോയയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയുമോ? അള്ള് രാമേന്ദ്രനിലെ ജിത്തുവിന്‍റെ വിശേഷങ്ങളുമായി കൃഷ്ണ ശങ്കര്‍ / അഭിമുഖം

2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കോയ' എന്ന കഥാപാത്രം കൃഷ്ണ ശങ്കറിന്റെ ഒട്ടേറെ കൈയ്യടി നേടികൊടുത്തതാണ്. മരുഭൂമിയിലെ ആന, ലോ പോയന്റ്, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ സൃഷ്ടിച്ച കൃഷ്ണ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമയാണ് അള്ളു രാമേന്ദ്രന്‍. ബിലാഹരി സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചും തന്റെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കൃഷ്ണശങ്കര്‍..

അള്ളു രാമേന്ദ്രനിലെ 'ജിത്തു' തകര്‍ത്തുവല്ലോ?

അള്ളു രാമേന്ദ്രനിലെ കഥാപാത്രത്തിന്റെ പേര് ജിത്തു എന്നാണ്. ജിത്തു ദുബായിയില്‍ പോകാന്‍ ശ്രമിക്കുന്ന ഒരു കഥാപത്രമാണ്. ജിത്തുവിന് നാട്ടില്‍ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്, ഫുട്ബോള്‍ ക്ലബ് ഉണ്ട്. അതൊക്കെ ആസ്വദിച്ചു ജീവിക്കുന്നതിനിടക്ക് ദുബായിയില്‍ പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപര്‍ണ ചെയ്യുന്ന കഥാപാത്രമായ സ്വാതിയെ അയാള്‍ കാണുന്നതും അവര്‍ തമ്മില്‍ പ്രണയത്തില്‍ അകപ്പെടുന്നതും. സ്വാതി, ചാക്കോച്ചന്‍ ചെയ്യുന്ന അള്ളു രാമചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പെങ്ങളാണ്. അതിലൂടെയാണ് പുള്ളിക്ക് രാമചന്ദ്രനുമായി ബന്ധം വരുന്നത്. ഇതാണ് ജിത്തുവിന്റെ കഥ. സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നല്ല റെസ്‌പോണ്‍സ് ആണ് ലഭിക്കുന്നത്. പിന്നെ സിനിമയുടെ സെക്കന്റ് ഹാഫ് ഒരു ത്രില്ലര്‍ ജോണറിലാണ് പോകുന്നത്.

അപര്‍ണ ബാലമുരളിയുടെ നായകനായെത്തിയ അനുഭവം?

അപര്‍ണ്ണയുമായി ഞാന്‍ മുന്‍പ് സംസാരിച്ചിട്ടില്ല. ഈ സിനിമയ്ക്ക് മുമ്പ് അങ്ങനെ സംസാരിക്കേണ്ട ഒരു സാഹചര്യം വന്നിട്ടില്ല. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരു ആക്ടിങ് വര്‍ക്ക് ഷോപ്പ് വെച്ചിരുന്നു. അവിടെ വെച്ചാണ് ആദ്യമായി അപര്‍ണയെ കാണുന്നതും സംസാരിക്കുന്നതും. പിന്നെ സിനിമ കണ്ടിറങ്ങിയപ്പോള്‍ എല്ലാവരും പറയുന്നു രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കായി എന്ന്.

ചാക്കോച്ചനോടൊപ്പം മൂന്നാമത്തെ സിനിമയല്ലേ?

അതെ ഞങ്ങള്‍ ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. ലോ പോയന്റ്, വള്ളീം തെറ്റി പുള്ളീം തെറ്റി, അള്ളു രാമചന്ദ്രന്‍. ഇങ്ങനെ മൂന്നെണ്ണം ആണ് ചെയുന്നത്. നമുക്ക് ഭയങ്കര രസകരമായി ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഒരു തരത്തിലുള്ള ടെന്‍ഷനും ആള്‍ തരാറില്ല. അഭിനയിക്കുമ്പോള്‍ നമ്മള്‍ എന്ത് തെറ്റ് വരുത്തിയാലും പുള്ളി വളരെ ക്ഷമയോടെ നിക്കും. പിന്നെ ഈ സിനിമയുടെ സംവിധയാകന്‍ ബിലാഹരി ഞാന്‍ മരുഭൂമിയിലെ ആന എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ്‌ക്രിപ്റ്റുമായി എന്നെ ആദ്യമായി സമീപിക്കുന്നത്. ഏതാണ്ട് രണ്ടു വര്‍ഷത്തെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷേ അന്നു കൊണ്ടുവന്ന ആ വര്‍ക്ക് നടന്നില്ല. പിന്നെയാണ് ഈ വിഷയത്തില്‍ എത്തുന്നത്.

ആദ്യ സിനിമയായ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ദ്വിഭാഷാ കോമഡി-ത്രില്ലര്‍ നേരത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

അല്‍ഫോന്‍സ് എന്റെ സീനിയറായി പഠിച്ച ആളാണ് കോളേജില്‍. 2003 മുതല്‍ അല്‍ഫോന്‍സിനെ അറിയാം എനിക്ക്. ഞങ്ങളൊരു നാലു പേരുണ്ടായിരുന്നു. സിനിമയില്‍ കയറണം എന്നുള്ളത്, അല്ലെങ്കില്‍ സിനിമ ചെയ്യണം എന്നുള്ളത് ഒക്കെ ഞങ്ങളുടെ ഒരുപോലുള്ള ആഗ്രഹങ്ങളായിരുന്നു. അങ്ങനെ അല്‍ഫോന്‍സ് എഡിറ്റിംഗ് പഠിക്കാന്‍ ചെന്നെയില്‍ പോയി. ഞാന്‍ സിനിമറ്റൊഗ്രാഫിക് കോഴ്‌സ് പഠിക്കാന്‍ ട്രിവാന്‍ഡ്രം പോയി. അതിനു ശേഷം മനോജ് പിള്ള എന്ന ക്യാമറമാന്റെ അസിസ്റ്റന്റ് ആയി ഞാന്‍ നിക്കുന്ന സമയത്താണ് അല്‍ഫോന്‍സിന് പ്രൊഡ്യൂസര്‍ റെഡിയാവുകയും മാണിക്ക് എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുകയും ചെയ്യുന്നത്.

Read: ആദ്യ മുഴുനീള ചിത്രമായ ‘പോരാട്ടം’ ഒരുക്കിയത് 25,000 രൂപ മുടക്കിൽ, ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ‘അള്ള് രാമേന്ദ്രൻ’: സംവിധായകൻ ബിലഹരി/അഭിമുഖം

https://www.azhimukham.com/film-movie-director-bila-hari-about-allu-ramendran-movie/

സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ധീന്‍, ശബരി തുടങ്ങിയ യുവനിരകളുടെ ഒരു ഹിറ്റ് ഗ്യാങ് തന്നെ ഉണ്ടല്ലോ മലയാള സിനിമയില്‍?

ഇതിന്റ ഏറ്റവും വലിയ തമാശ എന്താണെന്നുവെച്ചാല്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ക്കിടയില്‍ ഇതുപോലെ നല്ലൊരു സൗഹൃദമുണ്ടായിരുന്നു എന്നതാണ്. എല്ലാവരും എവിടെയെങ്കിലും ഒക്കെവച്ചു ഒന്നിച്ചു പഠിച്ചിട്ടുണ്ട്. ഞാനും സിജുവും ആറാം ക്ലാസില്‍ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. ഞാനും ഷറഫും പ്ലസ് ടുവില്‍ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. അല്‍ഫോന്‍സ് എന്റെ സീനിയറാണ്. ശബരിയും ഞാനും ബി കോം ഒരേ ക്ലാസിലാണ് പഠിട്ടുള്ളത്. ശരിക്കും സിനിമയില്‍ വരുന്നതിനു എത്രയോ മുന്‍പുള്ള പരിചയമാണ് ഞങ്ങളൊക്കെ തമ്മില്‍. ആ സര്‍ക്കിള്‍ സിനിമാ സര്‍ക്കിള്‍ ആയി മാറി. എല്ലാവരും സിനിമയില്‍ സജീവമായി. അങ്ങനെ ഒരു സിനിമ ഗ്രൂപ്പ് ആയി മാറി അത്.

കൃഷ്ണശങ്കര്‍ ഈ ഗ്രൂപ്പില്‍ നില്‍ക്കുകയും അതേസമയം ഈ ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്ന ഒരു നടന്‍ കൂടിയാണല്ലോ?

ഞങ്ങളൊരുമിച്ച് ഇപ്പോഴും സിനിമകള്‍ ചെയ്യുന്നുണ്ട്, ഞങ്ങളൊരുമിച്ച് അല്ലാതെയുള്ള സിനിമകളും നടന്നിട്ടുണ്ട്. വള്ളീം തെറ്റി പുള്ളീം തെറ്റി, ലോ പോയിന്റ്, മരുഭൂമിയിലെ ആന തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ ചെയ്തു. പിന്നെ ആത്യന്തികമായി നമ്മള്‍ ചെയ്യുന്ന കഥാപാത്രം ആദ്യം നമുക്ക് തന്നെ ഇഷ്ടപ്പെടണം. ആ കഥ നമുക്കിഷ്ടമാവണം, ആ കഥാപാത്രം നമുക്കിഷ്ടമാകണം. എന്നാലെ നമ്മള്‍ ചെയ്തുവരുന്നതിന്റെ റിസള്‍ട്ട് ആളുകള്‍ക്ക് ഇഷ്ടമാകൂ. പിന്നെ വളരെ കുറച്ച് സിനിമകളില്‍ ഞാന്‍ ചെയ്തിട്ടുള്ളൂ. ഏതാണ്ട് ഒന്‍പത് സിനിമകളൊക്കെയെ ഞാന്‍ ചെയ്തിട്ടുള്ളൂ. അതിനു പ്രധാന കാരണം അത്ര വലിയ തിരക്കഥകളൊന്നും നമ്മളെ തേടിയെത്തുന്നില്ല എന്നതാണ്. തേടിയെത്തുന്നതില്‍ നല്ലതെന്ന് തോന്നുന്ന ഒരു പടമോ രണ്ട് പടമോ മാത്രമേ നമുക്ക് ചെയ്യാന്‍ സാധിക്കുകയൊള്ളു ഒരു കൊല്ലത്തില്‍.അതാണ് സംഭവിക്കുന്നത്.

തൊബാമ എന്ന സിനിമയ്ക്ക് വേണ്ടി താങ്കള്‍ ശരീരഭാരം 15 കിലോ കൂട്ടിയല്ലോ?

അതെ ഒരു രണ്ടുമാസത്തെ കാലയളവ് കൊണ്ടാണ് ഇങ്ങനെ 15 കിലോ കൂട്ടുന്നത്. കാരണം ആ കഥാപാത്രം അങ്ങനെയാണ്. മമ്മു എന്നു പറയുന്ന കഥാപാത്രമാണ് ചെയ്യുന്നത്. ആ ചിത്രത്തിന്റെ സംവിധായകന്‍ മുഹസിന്‍ എന്നോട് പറഞ്ഞു ഡാ, 'മമ്മു' എന്ന കഥാപാത്രം സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷെ അയാളെ കണ്ടാല്‍ ഒരിക്കലും സിനിമയില്‍ എടുക്കാന്‍ തോന്നുകയും ചെയ്യരുത് എന്ന്. കുടവയര്‍ വേണം, നല്ല കവിള്‍ വേണം. അങ്ങനെ ആണ് ഞാന്‍ ഈ രൂപമാറ്റം നടത്തുന്നത്. അങ്ങനെ 83 കിലോ ആക്കി. പിന്നെ വീണ്ടും മൂന്നുമാസം ശ്രമിച്ചിട്ടാണ് തടി കുറയുന്നത്.

പുതിയ സിനിമകള്‍?

'മറിയം വന്ന് വിളക്കൂതി' എന്ന സിനിമയാണ് ഇപ്പോള്‍ റിലീസിന് തയ്യാറായി നില്‍ക്കുന്നത്. അതിന്റെ ഒരുവിധം എല്ലാ വര്‍ക്കും കഴിഞ്ഞു. റിലീസ് ചെയ്യുന്ന തീയതി മാത്രം തീരുമാനിച്ചിട്ടില്ല.

Read: അള്ള് രാമചന്ദ്രന്‍ ഒരു പോലീസ് സ്‌റ്റോറിയാണ്: അതില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെയോ ആക്ഷന്‍ ഹീറോ ബിജുവിനെയോ പ്രതീക്ഷിക്കരുത്

https://www.azhimukham.com/cinema-allu-ramachandran-review-by-shailan/


Next Story

Related Stories