TopTop

ഒരു എക്സ്പിരിമെന്റല്‍ ഫാന്റസി മൂവിയാണ് ഇബിലീസ്-സംവിധായകന്‍ രോഹിത് വി എസ്/അഭിമുഖം

ഒരു എക്സ്പിരിമെന്റല്‍ ഫാന്റസി മൂവിയാണ് ഇബിലീസ്-സംവിധായകന്‍ രോഹിത് വി എസ്/അഭിമുഖം
നമ്മള്‍ ജീവിക്കുന്നചുറ്റുപാടില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാങ്കല്‍പ്പികഗ്രാമവും അവിടത്തെ മനുഷ്യരും അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും അവരുടെ ജീവിതവും പ്രണയവും മരണാനന്തര ജീവിതവും എല്ലാം പറയുന്ന ചിത്രമാണ് 'ഇബിലീസ്'. 'അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍' എന്ന സിനിമയ്ക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്ത 'ഇബിലീസ്' എന്ന സിനിമയുടെ വിശേഷങ്ങള്‍ അനു ചന്ദ്ര യുമായി പങ്കുവയ്ക്കുന്നു-

ഒരു എക്‌സ്പിരിമെന്റല്‍ മൂവിയെന്ന അവകാശവാദവുമായാണ് 'അഡ്വഞ്ചര്‍ ഓഫ് ഓമനകുട്ടന്‍' തിയേറ്ററുകളിലെത്തിയിരുന്നത്. ഇബിലീസിന് നല്‍കുന്ന അവകാശവാദം എന്താണ്?


മനുഷ്യരുടെ ജീവിതവും പ്രണയവും മരണവും മരണാനന്തര ജീവിതവും മാജിക്കല്‍ റിയലിസത്തിന്റെ ശൈലിയുടെ അവതരിപ്പിക്കുന്ന ഒരു എക്സ്പിരിമെന്റല്‍ ഫാന്റസി മൂവിയാണ് ഇബിലീസ്. കാണുന്ന പ്രേക്ഷകരുടെ മൈന്‍ഡ് സെറ്റിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഫൈനല്‍ ഔട്ട് എന്നത്. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് പാടേ മാറി ഒരു സാങ്കല്‍പ്പിക ഗ്രാമവും അവിടത്തെ മനുഷ്യരും അവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും എല്ലാം ചേര്‍ത്തു തയ്യാറാക്കിയുള്ള ഫാന്റസി പരീക്ഷണ ചിത്രമാണ് ഇബിലീസ്.


പുറംലോകത്തുനിന്ന് അകലം പാലിക്കുന്ന പൂര്‍ണമായ ഒരു സാങ്കല്‍പ്പിക ഗ്രാമമെന്ന ഈ കണ്‍സപ്റ്റ് ആരുടേതായിരുന്നു?

അത് എന്റെ കണ്‍സപ്റ്റ് തന്നെയായിരുന്നു. അഡ്വഞ്ചര്‍ ഓഫ് ഓമനകുട്ടന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ ഇതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ആ സമയത്തുതന്നെ ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ചും തീരുമാനിച്ചിരുന്നു. അങ്ങനെ ആ സിനിമക്ക് ശേഷം ഈ സിനിമ സംഭവിച്ചു.അത്രയേ ഒള്ളൂ.

ആദ്യ സിനിമയായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ അതേ ക്രൂ തന്നെയാണല്ലോ ഇബിലീസിന്റെ അണിയറയിലും ഉള്ളത്?


ഇബിലീസിന്റെ എഴുത്തുകാരന്‍ ആയാലും സംഗീതസംവിധായകന്‍ ആയാലും ഛായാഗ്രഹകന്‍ ആയാലും നായകനായാലും ഞങ്ങളെല്ലാം തന്നെ മുന്‍പേ അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ആ ക്രൂ ബ്രെയ്ക്ക് ചെയ്യുന്നതിനെ പറ്റി പോലും നമ്മള്‍ ചിന്തിച്ചിരുന്നില്ല.

അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമ തന്ന ചില അനുഭവങ്ങള്‍ രണ്ടാമത്തെ സിനിമയെന്ന ലക്ഷ്യത്തില്‍ ആശങ്കകള്‍ തന്നിരുന്നോ?

അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രതിസന്ധികളും, പബ്ലിസിറ്റിയുടെ കാര്യത്തില്‍ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആ സിനിമയും ഈ പറഞ്ഞതുപോലെ എല്ലാവര്‍ക്കും ഇഷ്ടപെടുന്ന ഒരു സിനിമയായിരുന്നില്ല എന്ന പ്രശ്നവും ഉണ്ട്. ഇബിലീസിന്റെ കാര്യത്തിലാണെങ്കിലും ഒരു 20 ശതമാനം ആളുകള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല. കുറച്ചു സമയമെടുക്കുമായിരിക്കും അവര്‍ ഈ സിനിമയുടെ ഒരു മൈന്‍ഡ് സെറ്റിലെത്തുവാന്‍. പക്ഷേ സന്തോഷമെന്ന് പറയട്ടെ, സിനിമയെ അല്പം സീരിയസ് ആയി കാണുന്നവരില്‍ നിന്നെല്ലാം വളരെ പൊസിറ്റീവായിട്ടുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.


സാങ്കല്‍പിക ഭൂമിക, അവിടെ ജീവിക്കുന്ന മനുഷ്യര്‍. ഇബിലീസില്‍ കഥ പറഞ്ഞുപോകുന്ന ഇത്തരമൊരു പശ്ചാത്തലം സൃഷ്ടിക്കുവാനായി പിന്നണിയില്‍ എത്രമാത്രം പ്രവര്‍ത്തനങ്ങള്‍ നടന്നു?

ശ്രമങ്ങള്‍ എത്രത്തോളം നടന്നുവെന്നത് കൃത്യമായി പറയാന്‍ സാധിക്കില്ല. പക്ഷേ കഴിഞ്ഞ ഒന്നരവര്‍ഷമായി ഞങ്ങള്‍ ഈ സിനിമയ്ക്ക് പിറകെയായിരുന്നു. മെന്‍റല്‍ ഹാര്‍ഡ് വര്‍ക്ക് എന്നുപറയുന്നത് അത്ര മാത്രം നടന്നിരുന്നു. ജ്യോതി ശങ്കര്‍ ആയിരുന്നു ഇതിന്റെ കലാസംവിധായകന്‍. പുറംലോകത്തുനിന്ന് അകലം പാലിക്കുന്ന പൂര്‍ണമായ ഒരു സാങ്കല്‍പ്പിക ഗ്രാമമാണ് ആണ് നമുക്ക് ഈ കഥയില്‍ ആവിശ്യം. ഈ കഥ ആവശ്യപ്പെടുന്ന ലോകം എന്നു പറയുന്നത് അക്കരെ എന്നു പറയുന്ന ഒരു സ്ഥലമാണ്. അത് നമ്മള്‍ ജീവിക്കുന്ന സ്ഥലത്തുനിന്നും അകന്നു നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്. കേരളത്തിലുള്ള ഒരു പ്രേക്ഷകരനെ സംബന്ധിച്ചിടത്തോളം അത് കേരളത്തിന് അപ്പുറം നില്‍ക്കുന്ന ഒരു സ്ഥലമാണ്. ഇന്ത്യയില്‍ ഉള്ള ഒരാളാണ് ഇത് കാണുന്നുവെങ്കില്‍ അത് ഇന്ത്യക്ക് അപ്പുറം നില്‍ക്കുന്ന ഒരു സ്ഥലമായി അയാള്‍ക്ക് തോന്നും. അത്തരം ഒരു ലോകത്താണ് ഇത് നടക്കുന്നത്. ആ ലോകത്തെ സൃഷ്ടിച്ചെടുക്കുന്നതില്‍ കലാസംവിധായകന്‍ വിജയിച്ചിരിക്കുന്നു. പിന്നെ ആസിഫ് അലിയും ലാലും തമ്മിലുള്ള കോമ്പിനേഷന്‍ എന്നു പറയുന്നത്, ഒരു മുത്തച്ഛന്‍- കൊച്ചുമകന്‍ ബന്ധമാണ്. ആ ഒരു സാദൃശ്യം തോന്നുന്ന മെയ്ക്ക് ഓവറിലേക്ക് അവരെ എത്തിക്കുവാന്‍ മേക്കപ്പിന് സാധിച്ചു.മരണാനന്തരജീവിതം ഒക്കെ പറയുന്ന സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് അപരിചിതമാണ്. ആ തരത്തില്‍ ഇബിലീസ് ഒരു വെല്ലുവിളിയല്ലേ?

ആയുഷ്‌കാലം, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങിയ സിനിമകളൊക്കെ അത്തരം സിനിമയില്‍ പെടുന്നതാണ്. ആ സിനിമകളൊക്കെ കാണുമ്പോള്‍ നമുക്കറിയാം ഇത് സിനിമ മാത്രമാണ് അങ്ങനെയൊന്നും സംഭവിക്കില്ല എന്നത്. എന്നാല്‍ ഈ സിനിമയില്‍ ഇതിങ്ങനെയാണ്, മരിച്ചു കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെയാണ് എന്നു ബോധ്യപ്പെടുത്താനുള്ള ചില ശ്രമങ്ങളുടെ ഭാഗമായുള്ള ചില ഡീറ്റെയിലിങ് ഉണ്ട്. മരിച്ചു കഴിഞ്ഞ് നമ്മള്‍ എല്ലാവരും വളരെ ഹാപ്പിയാണ്. എങ്കില്‍ പിന്നെ എന്തിന് ജീവിച്ചിരിക്കുമ്പോള്‍ ലൈഫ് എന്തിനിങ്ങനെ കോമ്പിളിക്കേറ്റഡ് ആക്കുന്നു എന്ന ആശയമാണ് ഇവിടെ മുമ്പോട്ട് വയ്ക്കുന്നതും. കുറെയധികം പേര്‍ക്ക് അത് കിട്ടിയിട്ടുണ്ട്.


അന്യഭാഷാ പരീക്ഷണ ചിത്രങ്ങളെ പിന്തുണയ്ക്കുന്ന മലയാളികള്‍, ഇവിടുത്തെ പരീക്ഷണ ചിത്രങ്ങളോടുള്ള മനോഭാവം എത്തരത്തിലാണ്?

പ്രേക്ഷകരേ എല്ലായ്പ്പോഴും കുറ്റം പറയാന്‍ നമുക്ക് സാധിക്കില്ല. ഓരോ ഇന്‍ഡസ്ട്രിക്കും അതിന്റെതായ സ്വഭാവങ്ങള്‍ ഉണ്ട്. പതിയെപ്പതിയെ ആളുകളുടെ ഇത്തരം സിനിമകളോടുള്ള മനോഭാവം മാറും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഈ പരീക്ഷണ സിനിമ എന്നുള്ള ലേബല്‍ വാസ്തവത്തില്‍ ഒരു തെറ്റ് ആയിട്ടുള്ള ലേബലാണ്. തിയറ്ററുകളില്‍ എത്തികഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് എല്ലാം സിനിമകള്‍ മാത്രമാണ്.


ആസിഫ് അലി, മഡോണ, ലാല്‍.. പ്രധാന കഥാപാത്രങ്ങളെ കുറിച്ച്?

എല്ലാവരും വളരെ പ്രൊഫഷണല്‍ ആക്ടേഴ്സ് ആണ്. സിനിമയെ വളരെ സീരിയസ്സായി തന്നെ കാണുന്ന ആളുകള്‍. പിന്നെ ലാല്‍ സാറിന്റെ കാസ്റ്റിംഗ് എന്നു പറയുന്നത് പെര്‍ഫക്ട് കാസ്റ്റിംഗ് ആയിരുന്നു. ആദ്യം തുടക്കത്തില്‍, അദ്ദേഹം ചെയ്ത മുത്തച്ഛനായി നമ്മള്‍ തമിഴില്‍ നിന്നൊരു നടനെ കൊണ്ടുവരാനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് സര്‍ വന്നുകഴിഞ്ഞപ്പോള്‍ മനസ്സിലായി ഈ കഥാപാത്രം അത്രയും പെര്‍ഫക്ട്ട് ആയി ചെയ്യാന്‍ അദ്ദേഹത്തിനെ സാധിക്കു എന്ന്.


പരിചിതമല്ലാത്ത വിഷ്വല്‍ ട്രീറ്റ് നല്‍കാനായി ആദ്യസിനിമയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ് ഇബിലീസിനായി എടുത്തത്?

സ്‌ക്രിപ്റ്റിംഗ് സമയത്ത് അത്രയും ലൈറ്റ് ആവരുത് സിനിമ എന്ന കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. അടിസ്ഥാനപരമായി അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ ആയാലും, ഇബിലീസ് ആയാലും കോണ്‍സപ്റ്റ് ബേസ്ഡ് സിനിമയാണ്. അപ്പൊ അതിന്റെ ആ കോണ്‍സെപ്റ്റിലുള്ള ത്രില്‍ നഷ്ടപ്പെടുന്നതിനു മുന്‍പ് തന്നെ ആ സിനിമ അവസാനിപ്പിക്കണം എന്നുള്ള ഒരു തീരുമാനം സ്‌ക്രിപ്റ്റിങ് സമയത്തെ ഉണ്ടായിരുന്നു. അല്ലാത്തപക്ഷം മറ്റു തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലായിരുന്നു. സ്‌ക്രിപ്റ്റിംഗ് സമയത്ത് നമ്മളതിന്റെ കൂടെ സ്ട്രോങ്ങ് ആയി നില്‍ക്കുക എന്നെ ഉണ്ടായിരുന്നോള്ളൂ.


തീയേറ്ററുകളിലെ മോശം ദൃശ്യാനുഭവവും, സൗണ്ട് ക്വാളിറ്റിയും അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിലവിലെ തീയേറ്റര്‍ സാഹചര്യങ്ങളിലെന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

ഒന്നാമത്തെ കാര്യം അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയില്‍ അതിന്റെ ഡിസ്ട്രിബ്യൂഷന്‍ വളരെ മോശമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥ സാഹചര്യത്തില്‍ തിയേറ്ററുകള്‍ ഒരുപാട് മെച്ചപ്പെട്ടു എന്നു തോന്നുന്നു. ഇത്തവണ കുറെ നല്ല തീയേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടോ ഈ സിനിമയുടെ ഫുള്‍ ക്വാളിറ്റി എന്ന് പറയുന്നത് കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോഴും ലഭിക്കുന്നില്ല. അത് തീയേറ്ററിന്റെ കുഴപ്പമായിരിക്കില്ല. ഇവിടത്തെ തീയറ്ററിന്റെ അവസ്ഥ മനസ്സിലാക്കി നമ്മള്‍ ടെക്നിക്കല്‍ ഡിസൈന്‍ ചെയ്യണമായിരുന്നു എന്നു തോന്നുന്നു. ഇതിന്റെ ഫൈനല്‍ പ്രിവ്യൂവില്‍ നമ്മള്‍ കണ്ട ഒരു ഇംപാക്ട് പല തീയറ്റുകളിലും ലഭിച്ചിട്ടില്ല. എന്നിരുന്നാലും സിനിമ എല്ലാവരും കാണണം എന്നു തന്നെയാണ് പറയാനുള്ളത്.

Next Story

Related Stories