UPDATES

സിനിമ

ദിലീപ് എന്തുകൊണ്ട് സവാരിയിൽ വന്നു? സംവിധായകന്‍ അശോക് നായര്‍/ അഭിമുഖം

തൃശൂര്‍ പൂരത്തിന്റെ ഇടയിലാണ് സവാരിയുടെ കഥ പറയുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക് നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സവാരി. റോയല്‍ വിഷന്റെ സഹകരണത്തോടെ ഓപ്പണ്‍ഡ് ഐസ് ക്രിയേഷന്‍സ് നിര്‍മിച്ച ഈ ചിത്രവും, ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനവും തിയേറ്ററുകളില്‍ ആദ്യ പ്രദര്‍ശനത്തിനെത്തില്‍ തന്നെ മികച്ച അഭിപ്രായം നേടിയിരിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ അശോക് നായര്‍ അഴിമുഖത്തോട് പങ്കു വെക്കുന്നു.

ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച അഭിപ്രായം തേടിയിരിക്കുകയാണല്ലോ സവാരി?

സിനിമക്ക് നല്ല റിവ്യൂസ് കിട്ടുന്നുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ നല്ല സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറവായിരിക്കുമെന്ന് പറയുന്നത് പോലെ തന്നെ ഇവിടെയും പ്രേക്ഷകര്‍ തിയേറ്ററുകളില്‍ കുറവാണ്. അതിപ്പോള്‍ കാലാവസ്ഥ കൊണ്ടും ആയിരിക്കാം. എന്നിരുന്നാലും സിനിമ കണ്ടവരെല്ലാവരും തന്നെ ഒരേ സ്വരത്തില്‍ നല്ല സിനിമ എന്ന് പറയുന്ന ഒരു റിവ്യൂ കിട്ടിയിട്ടുണ്ട്. അത് ഒരു വലിയ ഭാഗ്യമായിട്ട് കാണുന്നു.

സവാരിയിലെ ‘സവാരി’ എന്ന കഥാപാത്രം എങ്ങനെയാണ് സുരാജ് വെഞ്ഞാറമൂടിലേക്ക് എത്തുന്നത്?

സുരാജ് വെഞ്ഞാറമൂട് എന്ന ഒരു നടന്റെ അഭിനയശേഷിയെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും വ്യക്തമായിട്ട് തന്നെ അറിയാം. അതു മുന്‍പ് അദ്ദേഹം ചെയ്ത സിനിമയിലൂടെ നമ്മള്‍ മനസ്സിലാക്കിയതുമാണ്. പിന്നെ അതിലപ്പുറം, ഒരു കഥ നമ്മുടെ മനസ്സില്‍ വരുമ്പോള്‍ ആ കഥ കേള്‍ക്കാന്‍ മനസ്സുള്ള ഒരു ആര്‍ട്ടിസ്റ്റിനെ കൂടി നമുക്ക് ലഭിക്കുക എന്നുള്ളത് വലിയൊരു കാര്യമാണ്. അത്തരത്തില്‍ സുരാജിനോട് സവാരിയുടെ കഥ പറയുമ്പോള്‍ അദ്ദേഹം അത് വളരെ ഭംഗിയായി തന്നെ ഉള്‍കൊള്ളുന്നതായി എനിക്ക് അനുഭവപ്പെട്ടു. മാത്രമല്ല അദ്ദേഹത്തിന് ഈ കഥയിലെ താല്‍പര്യം കൂടി കണ്ടപ്പോള്‍ അദ്ദേഹം തന്നെ ഇത് ചെയ്താല്‍ കൊള്ളാമെന്നും എനിക്ക് തോന്നി. വളരെ ഭംഗിയായി തന്നെ അദ്ദേഹം ആ കഥാപാത്രം ചെയ്യുകയും ചെയ്തു.

ചിത്രത്തില്‍ അതിഥി കഥാപാത്രമായി എന്തു കൊണ്ട് ദിലീപിനെ തിരഞ്ഞെടുത്തു?

ദിലീപേട്ടന്‍ എന്ന വ്യക്തിയെ മുന്‍കൂട്ടി കണ്ടുകൊണ്ട് ചെയ്ത ഒരു സിനിമയല്ല ഇത്. ഈ സിനിമയുടെ ക്ലൈമാക്‌സില്‍ സെലിബ്രിറ്റി ലെവലില്‍ ടോപ്പില്‍ നില്‍ക്കുന്ന ഒരു നടനെ ആവശ്യമായിരുന്നു. ഒരു കഥാപാത്രമായിട്ട് അല്ലായിരുന്നു ആ നടനെ നമുക്കാവശ്യം. അയാളുടെ സ്വന്തം ഐഡന്റിറ്റിയില്‍ തന്നെയാണ് ആള്‍ സ്‌ക്രീനില്‍ വരേണ്ടത്. എനിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തായിരുന്നു ദിലീപ് എന്ന നടന്‍. അതുകൊണ്ടുതന്നെ കഥ പറയുന്ന സമയത്ത് നമുക്ക് കഥ പറയാന്‍ റീച്ചബിള്‍ ആകുന്ന കുറച്ച് ആളുകളെ സമീപിച്ചിരുന്നു. പലരും ഗസ്റ്റ് റോള്‍ ചെയ്യാറില്ല എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞു. ഒരുതരം പുറമ്പൂച്ചുകള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അതെല്ലാം. അതേസമയത്ത് ദിലീപേട്ടന്‍ മാത്രമാണ് കഥ കേട്ടപ്പോള്‍ സമൂഹത്തിന് വളരെ ആവശ്യമാണ് ഈ സിനിമ എന്ന് ബോധ്യപ്പെട്ടു കൊണ്ട് ഇത് നമുക്ക് ചെയ്യാം എന്ന് എന്നോട് പറയുന്നത്. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. ദിലീപേട്ടനില്‍ എത്തിയത് ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ലൈഫില്‍ കുറച്ച് പ്രശ്‌നം ഉണ്ടാവുന്നതിന് മുന്‍പായിരുന്നു അദ്ദേഹം ഇതില്‍ അഭിനയിച്ചത്.

നവാഗത സംവിധായകനെന്ന നിലയില്‍ ഇത്തരം ആര്‍ട്ടിസ്റ്റുകളില്‍ എല്ലാം എത്തുക എന്നത് പ്രയാസകരമല്ലേ?

സത്യമായും. പിന്നെ ഒരു പുതിയ സംവിധായകന് എത്തിച്ചേരാവുന്നതില്‍ വെച്ച് കുഴപ്പമില്ലാത്ത സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടിയതും ഒരു ഭാഗ്യമാണ്. ദിലീപ് ആയാലും സുരാജ് വെഞ്ഞാറമൂട് ആയാലും, ജയരാജ് വാര്യര്‍, പ്രവീണ, ശിവജി ഗുരുവായൂര്‍ ഇത്തരം സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം കഥ കേട്ട് ഇഷ്ടപ്പെട്ട് കൊണ്ടുതന്നെ സിനിമ ചെയ്യാന്‍ തയ്യാറായി എന്നത് ഒരു വലിയ സന്തോഷമാണ്.

ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ വലിയൊരു കാലയളവ് വേണ്ടിവന്നതിന് പുറകിലെ കാരണം?

സവാരിയുടെ കഥ അത്തരത്തിലൊരു കാലയളവ് ആവശ്യപ്പെടുന്നുണ്ട്. കാരണം തൃശൂര്‍ പൂരത്തിന്റെ ഇടയിലാണ് സവാരിയുടെ കഥ പറയുന്നത്. തൃശ്ശൂര്‍ പൂരം എന്ന് പറയുന്നത് നമുക്ക് ഒരിക്കലും സെറ്റിട്ട് ചെയ്യാന്‍ പറ്റുന്നതല്ല. ഒരു കാരണവശാലും തൃശ്ശൂര്‍ പൂരത്തിന് നമുക്ക് റീടെക്ക് എടുക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ രണ്ട് തൃശൂര്‍ പൂരങ്ങള്‍ നമുക്ക് വെയിറ്റ് ചെയ്യേണ്ടി വന്നു സിനിമ പൂര്‍ത്തീകരിക്കാന്‍. സ്വാഭാവികമായും ഒരു വര്‍ഷം കഴിഞെ അടുത്ത വര്‍ഷമേ അടുത്ത പൂരം വരികയുള്ളൂ. അതുകൊണ്ടുതന്നെ നമുക്ക് രണ്ട് പൂരം കവര്‍ ചെയ്യേണ്ടി വന്നു എന്നുള്ളത് തന്നെയാണ് ചിത്രീകരണത്തിന് ഒരു ചെറിയ ഗ്യാപ്പ് വരാനുള്ള കാരണം.

തൃശൂര്‍ താങ്കളുടെ നാടാണ്. സ്വന്തം നാടിനെക്കുറിച്ച് ഒരു സിനിമ ചെയ്യുക എന്നുള്ളത് അഭിലാഷമായിരുന്നോ?

ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ള പ്ലാന്‍ തന്നെ വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ ജീവിതത്തിന്റ യാത്രയില്‍ കാണുന്ന ഒരാള്‍ എന്ന ആശയം വെച്ചുകൊണ്ട് ഒരു സിനിമ ഉണ്ടാക്കിയാല്‍ ആ സിനിമ മിനിമം നൂറു പേര്‍ കണ്ടാല്‍ ആ നൂറു പേര്‍ക്ക് ഏതെങ്കിലും വിധത്തില്‍ മാനസാന്തരമോ തിരിച്ചറിവോ ഉണ്ടായാല്‍ അത് സമൂഹത്തിന് ഗുണകരമാകുമല്ലോ എന്ന ചിന്തയാണ് എന്നെ ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചത്.

സംവിധായകന്‍ ആകുന്നതിനു മുന്‍പുള്ള സിനിമയുമായുള്ള ബന്ധത്തെ കുറിച്ച്?

സവാരി എന്ന സിനിമയ്ക്കു മുന്‍പ് ഞാന്‍ മൂന്നു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. എട്ടോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് വി കെ പ്രകാശ് സംവിധാനം ചെയ്ത സൈലന്റ്‌സ് എന്ന സിനിമയാണ്. പിന്നെ സവാരി എന്ന ആശയം വന്നതില്‍ പിന്നെ ഇതില്‍ നിന്നെല്ലാം അല്പം വിട്ടു നിന്നു. ഒരു മൂന്നുവര്‍ഷത്തോളം സവാരിക്ക് പുറകെ തന്നെയായിരുന്നു.

സിനിമയെ കുറിച്ച് മറ്റു വിശേഷങ്ങള്‍?

നല്ല സമയമെടുത്തു തന്നെ ചെയ്ത ചിത്രമാണ് സവാരി. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ പരമാവധി സഹകരിച്ചുകൊണ്ട് വളരെ നന്നായി ചെയ്ത സിനിമയാണ് ഇത്. സുരാജ് വെഞ്ഞാറമൂട് മാത്രമല്ല അഭിനയിച്ച ഓരോരുത്തരും, അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ ആളുകളും പോലും. ഒരുപാട് പബ്ലിസിറ്റിയൊന്നും സിനിമയ്ക്ക് കൊടുത്തിട്ടില്ല. ഞങ്ങള്‍ മൗത്ത് പബ്ലിസിറ്റിയില്‍ വിശ്വസിക്കുന്നവരാണ്. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തന്നെ പരസ്പരം പറയട്ടെ. സിനിമയെക്കുറിച്ച് കണ്ടവരെല്ലാം നല്ല അഭിപ്രായം തന്നെയാണ് പറയുന്നത്. എല്ലാവരും സിനിമ കാണണം എന്ന് തന്നെയാണ് ആഗ്രഹം.

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍