UPDATES

സിനിമാ വാര്‍ത്തകള്‍

‘നിങ്ങളുടെ പെണ്ണിനെ’ നിങ്ങള്‍ക്ക് തല്ലാന്‍ പാടില്ലെങ്കില്‍ അത് പ്രേമമല്ല: കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് വാംഗ

സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന പുരുഷാധികാര അക്രമങ്ങളാണ് കബീര്‍ സിംഗില്‍ നിറയെ എന്ന വിമര്‍ശനമാണ് ബോക്‌സ് ഓഫീസ് ഹിറ്റ് ആയി മാറിയ സിനിമയ്‌ക്കെതിരെ ഉയര്‍ന്നത്.

കാമുകന് കാമുകിയെ തല്ലാന്‍ പാടില്ലെങ്കില്‍ ആ ബന്ധത്തില്‍ യാതൊരു വികമാരവുമില്ലെന്നും അത് പ്രേമമല്ലെന്നും അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളുടെ സംവിധായകന്‍ സന്ദീപ് വാംഗ. ഫിലിം കംപാനിയന് വേണ്ടി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി ഈ വിവാദ നിരീക്ഷണം നടത്തിയത്. സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന പുരുഷാധികാര അക്രമങ്ങളാണ് കബീര്‍ സിംഗില്‍ നിറയെ എന്ന വിമര്‍ശനമാണ് ബോക്‌സ് ഓഫീസ് ഹിറ്റ് ആയി മാറിയ സിനിമയ്‌ക്കെതിരെ ഉയര്‍ന്നത്. കിയറ അദ്വാനിയുടെ പ്രീതി എന്ന കഥാപാത്രത്തെ ഷാഹിദ് കപൂറിന്റെ കബീര്‍ സിംഗ് അനുവാദമില്ലാതെ ചുബിക്കുന്ന രംഗവും മുഖത്ത് അടിക്കുന്ന രംഗവുമാണ് സിനിമയില്‍ കൂടുതല്‍ വിവാദമായത്.

എന്നാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ല എന്നാണ് സന്ദീപ് വാംഗയുടെ വാദം. പ്രീതി ഒരു കാരണവുമില്ലാതെ കബീര്‍ സിംഗിനെ പലപ്പോഴായി തല്ലുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നും എന്നാല്‍ കബീര്‍ പ്രീതിയെ തല്ലുന്നത് വ്യക്തമായ കാരണത്തിന്റെ പേരിലാണ് എന്നും സന്ദീപ് വാദിക്കുന്നു. പ്രണയബന്ധങ്ങളില്‍ ഇതെല്ലാം സാധാരണമാണ്. നിങ്ങളുടെ സ്ത്രീയെ നിങ്ങള്‍ക്ക് തല്ലാന്‍ പാടില്ലെങ്കില്‍ തൊടാനും ചുംബിക്കാനും പാടില്ലെങ്കില്‍ ആ ബന്ധത്തില്‍ യാതൊരു വികാരവുമില്ല എന്ന് സന്ദീപ് അഭിപ്രായപ്പെട്ടു.

ആണധികാര പ്രകടനങ്ങളുടെ ആഘോഷം, സ്ത്രീ വിരുദ്ധ സിനിമ എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍ കബീര്‍ സിംഗിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം കമിതാക്കള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും തല്ലാനുള്ള അവകാശം വേണം എന്ന് സന്ദീപ് വാംഗ പറഞ്ഞു. ഈ വിമര്‍ശനം ഉന്നയിക്കുന്ന സ്ത്രീകളൊന്നും തന്നെ ഒരിക്കലും പ്രണയിക്കാത്തവരാണ് എന്നും സന്ദീപ് വാംഗ അഭിപ്രായപ്പെട്ടു. വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ആണ് കബീര്‍ സിംഗ്. ഷാഹിദ് കപൂര്‍ ആണ് കബീര്‍ സിംഗ് ആയത്. തെലുങ്കില്‍ ശാലിനി പാണ്ഡെ അവതരിപ്പിച്ച നായികാ കഥാപാത്രമായി ഹിന്ദിയില്‍ വന്നത് കിയറ അദ്വാനിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍