TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂന്നാം ചലന നിയമം; ന്യൂട്ടന്‍ വീണ്ടും കാണുമ്പോള്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂന്നാം ചലന നിയമം; ന്യൂട്ടന്‍ വീണ്ടും കാണുമ്പോള്‍

For every action, there is an equal and opposite reaction (ഏതൊരു പ്രവര്‍ത്തനത്തിനും അതിന് തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട്) എന്ന ഐസക് ന്യൂട്ടന്റെ ബോദ്ധ്യം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തും പലരും എടുത്തുപയോഗിച്ചിട്ടുണ്ട്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം രാഷ്ട്രീയത്തില്‍ പലപ്പോഴും ദുരുദ്ദേശപരമായാണ് ഉപയോഗിക്കപ്പെട്ടത്. പ്രവര്‍ത്തനവും അതിന് വിപരീതമായ പ്രതിപ്രവര്‍ത്തനവുമെല്ലാം ഒരേ പക്ഷത്ത് നിന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ വലിയ ദുരന്തങ്ങള്‍ ലോകത്ത് പല തവണ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഐസക് ന്യൂട്ടന്റെ കണ്ടെത്തല്‍, യാതൊരു നീതീകരണവുമില്ലാതെ ഏറ്റവും കുപ്രസിദ്ധമായ തരത്തില്‍ ഉപയോഗിച്ചവരില്‍ ഒരാള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ക്ലര്‍ക്കായ ന്യൂട്ടണ്‍ കുമാര്‍ തന്റെ അനുഭവത്തില്‍ നിന്ന് ഐസക് ന്യൂട്ടണെ ഉദ്ധരിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയും ജനാധിപത്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടുമാണ്. അമിത് മസൂര്‍ക്കറുടെ ചിത്രം ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാണ്. എന്തുകൊണ്ടും ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് ന്യൂട്ടണ്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എത്രമാത്രം അസന്തുലിതമാണെന്നും അതിന്റെ അവകാശവാദങ്ങള്‍ എത്രമാത്രം പൊള്ളത്തരമാണെന്നും ന്യൂട്ടണ്‍ വീണ്ടും ബോധ്യപ്പെടുത്തുന്നു.

അയാള്‍ക്ക് പോവേണ്ടത് ഇന്ത്യയിലെ മാവോയിസ്റ്റ്കളുടെ ചുവപ്പ് ഇടനാഴിയിലെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറിലേക്കാണ്. ബസ്തറിലെ ദണ്ഡകാരണ്യ വനമേഖലയിലേയ്ക്ക്. പോളിംഗ് സ്റ്റേഷന്‍, ബൂത്ത്, വോട്ടെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സാമാന്യമായ ധാരണകളും സ്വാഭാവികമായ സങ്കല്‍പ്പങ്ങളും വച്ചുകൊണ്ട് തന്നെയാണ് ന്യൂട്ടന്‍ അവിടെയെത്തുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറികള്‍ സംബന്ധിച്ചും വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തുന്നത് സംബന്ധിച്ചും ഭരണകക്ഷിയായ ബിജെപിക്കെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പെന്ന സന്ദേശവുമായി ന്യൂട്ടണ്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. പ്രത്യക്ഷത്തില്‍ പക്ഷം ചേരുകയോ കക്ഷി രാഷ്ട്രീയം പറയുകയോ ചെയ്യുന്നില്ലെങ്കിലും ഭരണകൂടത്തെ ജനകീയ വിചാരണ ചെയ്യുക തന്നെയാണ് ന്യൂട്ടന്‍. ന്യൂട്ടന്‍റെ നിരീക്ഷണങ്ങള്‍ ശരിക്ക് മനസിലാവാത്തത് കൊണ്ടാണോ, എന്തോ മോദി സര്‍ക്കാര്‍ ഈ ചിത്രത്തെ നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഒരു കോടി രൂപ ഗ്രാന്‍ഡും കൊടുത്തിട്ടുണ്ട് എന്നാണ് വാര്‍ത്ത. വളരെ നല്ല കാര്യം.

മാവോയിസ്റ്റ് വേട്ടക്കെന്ന പേരില്‍ ബസ്തറില്‍ രൂപം കൊണ്ട 'സാല്‍വാ ജുദും' എന്ന ക്രിമിനല്‍ ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസുകാരനുമായിരുന്ന മഹേന്ദ്ര കര്‍മ്മയായിരുന്നു. മഹേന്ദ്ര കര്‍മ്മയെ 2013ല്‍ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. കര്‍മയെ മാവോയിസ്റ്റുകള്‍ വധിച്ചതിനോട് സാദൃശ്യമുള്ള ഒരു സംഭവം ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് കാണിക്കുന്നുണ്ട്. ചിത്രത്തില്‍ മാവോയിസ്റ്റുകളെ കാണിക്കുന്നതും ഈ രംഗത്തില്‍ മാത്രമാണ്. അതേസമയം മാവോയിസ്റ്റുകളെ സംബന്ധിച്ച ഭീതി സുരക്ഷാസേന നിലനിര്‍ത്തിക്കൊണ്ടുപോകുന്നുണ്ട്. അവര്‍ ചുറ്റുമുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. രാജ്യത്തിന്‍റെ ഭാരമാണ് തന്‍റെ എകെ 47ന്‍റെ ഭാരമെന്ന് വിശ്വാസിക്കുന്നയാളാണ് ആത്മ സിംഗ്. അയാള്‍ക്ക് അറിയാവുന്ന ഒരേയൊരു ഭാഷ അധികാരത്തിന്റെതാണ്. പ്രിസൈഡിംഗ് ഓഫീസറായ ന്യൂട്ടന്‍റെ, നിയമങ്ങള്‍ സംബന്ധിച്ചും നടപടി ക്രമങ്ങള്‍ സംബന്ധിച്ചുമുള്ള ക്ലാസുകള്‍ അയാളെ സംബന്ധിച്ച് വിചിത്രമാണ്. കാടിന്‍റെ നിയമങ്ങളേക്കാള്‍ പ്രാകൃതമായ നിയമങ്ങളെ അയാള്‍ക്കറിയൂ. പക്ഷെ കൊള്ളരുതായ്മകള്‍ക്കിടയിലും അയാളും സൂപ്പര്‍ മാര്‍ക്കറ്റിലെ വലിയ ബില്ലില്‍ അസ്വസ്ഥനാകുന്ന ഒരു മധ്യവര്‍ഗ പ്രതിനിധിയാണ്. ഭരണകൂടത്തിന്റെ നല്ല ഉപകരണങ്ങളിലൊന്ന്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സന്നദ്ധനായി റിസര്‍വ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പോകുന്ന ന്യൂട്ടണ്‍ കുമാറിനോട് ക്ലാസെടുക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്വകാര്യ സംഭാഷണത്തില്‍ ഇങ്ങനെ പറയുന്നു: "ഭൂമിക്കും ആകാശത്തിനുമെല്ലാം വേറെ വേറെ നിയമങ്ങളല്ലെന്നും എല്ലാം പ്രപഞ്ച നിയമത്തിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ന്യൂട്ടണാണ് ലോകത്തെ ബോദ്ധ്യപ്പെടുത്തിയത്". ഏതായാലും അവസാനം ദണ്ഡകാരണ്യത്തിലെ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ന്യൂട്ടണ്‍ കുമാര്‍ ഇതൊരു ഉപദേശമായി തന്നെ എടുത്തു എന്ന് തോന്നുന്നു.

ഈ ബോധ്യത്തിലാണ് ന്യൂട്ടണ്‍ കുമാറിന്റെ പ്രവര്‍ത്തനം. മാതാപിതാക്കള്‍ നൂട്ടാന്‍ കുമാറെന്ന് അടയാളപ്പെടുത്തിയ അയാള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ന്യൂട്ടണായതാണ്. പ്രിസൈഡിംഗ് ഓഫീസറുടെ ഉത്തരവാദിത്തം ഏറെ ശ്രമകരമായും അപകടകരമായും തന്നെ പൂര്‍ത്തീകരിച്ച്, തിരഞ്ഞെടുപ്പ് ചട്ടപ്രകാരം നടത്തി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അയാള്‍ ദണ്ഡകാരണ്യയിലെ ജോലി അവസാനിപ്പിക്കുന്നത്. അതിന് വില കൊടുക്കേണ്ടി വരുന്നുണ്ടെങ്കിലും. ഇതിന് മുമ്പായി സൈനികരുടെ പിടി വിട്ട് ന്യൂട്ടണ്‍ ഓടുന്ന രംഗമുണ്ട്. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവന പോരാട്ടം സൂചിപ്പിക്കുന്ന മികച്ച രംഗങ്ങളില്‍ ഒന്നാണ്. "അങ്ങനെ പിടി തരില്ലെടാ" എന്ന് പറഞ്ഞ് ജനാധിപത്യം നിരന്തരം രക്ഷപ്പെട്ട് ഓടിക്കൊണ്ടിരിക്കുകയാണ്.

അയാളെ സംബന്ധിച്ച് ഇത് ജോലിയാണ്. അയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ്. ഡല്‍ഹിയിലും ഭോപ്പാലിലും ഒരു നിയമവും ബസ്തറിലെ ദണ്ഡകാരണ്യയില്‍ മറ്റൊരു നിയമവുമില്ല. അതും ഇന്ത്യയാണ് എന്നാണ് ധാരണ. ആ ധാരണകള്‍ക്ക് വലിയ ആഘാതമുണ്ടാക്കുന്ന അനുഭവങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സ്ഥലം അയാളെ ബോധ്യപ്പെടുത്തുന്നത്. ജനാധിപത്യം പുസ്തകങ്ങളില്‍ പറയുന്ന പോലെ എല്ലാവര്‍ക്കും വേണ്ടിയുള്ള ഒന്നായി ഇതുവരെ മാറിയിട്ടില്ല എന്ന സത്യം അയാള്‍ക്ക് മനസിലാക്കുന്നു. നാഗാലാന്‍ഡ്‌ അടക്കം വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ കുറിച്ച് ആത്മ സിംഗ് ചോദിക്കുമ്പോള്‍ പബ്ലിക് സര്‍വീസ് പരീക്ഷകള്‍ എഴുതി പരിചയ സമ്പത്തുള്ള അയാള്‍ക്ക് സെക്കണ്ടിനുള്ളില്‍ അതിനുള്ള ഉത്തരമുണ്ട്. എന്നാല്‍ ഇവിടെ എവിടെയെങ്കിലും പോയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് മറുപടി. വോട്ട് ചെയ്യാന്‍ എന്തുകൊണ്ട് ആളുകള്‍ എത്തുന്നില്ല എന്ന കാര്യം അയാള്‍ക്ക് മനസിലാകുന്നത് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വരുമ്പോളാണ്. അപ്പോളും അത് പരിഹരിക്കാന്‍ കഴിയാത്ത ഒരു വിഷയമെന്ന് പറഞ്ഞ് തള്ളിക്കളയാനും സുരക്ഷിതത്വത്തിലേയ്ക്ക് ഒതുങ്ങാനും ന്യൂട്ടണ്‍ തയ്യാറല്ല. അയാള്‍ക്ക് പരീക്ഷണങ്ങളും ശ്രമങ്ങളും നിരന്തരം തുടര്‍ന്നേ പറ്റൂ. വോട്ട് ചെയ്യാന്‍ എന്തുകൊണ്ട് ആളുകള്‍ എത്തുന്നില്ല എന്ന് മാത്രമല്ല, മാവോയിസ്റ്റുകള്‍ എങ്ങനെ ഉണ്ടാകുന്നു, അവര്‍ എന്തുകൊണ്ട് ശക്തിയോടെ നിലനില്‍ക്കുന്നു എന്നെല്ലാമാണ് ഒരു ദിവസത്തെ അനുഭവത്തില്‍ നിന്നു അയാള്‍ക്ക് ബോധ്യപ്പെടുന്നത്.

സ്വാഭാവിക നര്‍മ്മങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലാ തരത്തിലുമുള്ള ഭീതികള്‍ക്കും ആശങ്കകള്‍ക്കും ഇടയിലും ഇതുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖലയിലെ കോഴികള്‍ പോലും വിപ്ലവഗുണമുള്ളവരാണ് എന്നാണ് ആത്മ സിംഗിന്റെ രസകരമായ നിരീക്ഷണം. അത്രയും കാത്തിരുന്നാലേ എന്തെങ്കിലും പുറത്ത് കിട്ടൂ എന്നത് തന്നെ ഇങ്ങനെ പറയാന്‍ കാരണം. ഇവിടെയാണ്‌ ഇന്ത്യയുടെ ആദ്യ വിമാനമായ പുഷ്പക വിമാനം ഇറങ്ങിയത് എന്ന് കഥാകൃത്തായ ലോക് നാഥ് പറയുമ്പോള്‍ രാവണന്‍റെ വിമാനം, ശ്രീലങ്കയുടെ വിമാനമല്ലേ എന്നാണ് ന്യൂട്ടന്‍റെ സ്വാഭാവികമായ സംശയം. എല്ലാ വീട്ടിലും കളര്‍ ടിവി എത്തിച്ചാല്‍ മാവോയിസ്റ്റ് വിപ്ലവം തീരുമെന്നാണ് മധ്യവര്‍ഗ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതിനിധിയായ ലോക്‌നാഥിന്റെ വിശ്വാസം.

ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമിത് തന്നെ. പശ്ചാത്തല സംഗീതത്തിന്‍റെ ഉപയോഗം കുറവായത് ചിത്രത്തെ ഒരു തരത്തിലും വിരസമാക്കുന്നില്ല. സിനിമയുടെ ഭൂരിഭാഗം സമയവും കഥാപാത്രങ്ങളുടെ ആശയവിനിമയം ഏറെക്കുറെ നിശബ്ദമായ ഈ പ്രദേശത്താണ്. മാവോയിസ്റ്റ് കഥാ പശ്ചാത്തലം എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്ന തരത്തിലുള്ള വെടിവയ്പുകളോ ആക്രമണ രംഗങ്ങളോ ഇവിടെ കാണാനാവില്ല. ആക്രമണം സൂചിപ്പിക്കുന്ന ആകെയുള്ള ഒരു രംഗത്തില്‍ പോലും മാവോയിസ്റ്റ്കളെ കാണിക്കുന്നില്ല. വെടിയൊച്ചകള്‍ മാത്രമേയുള്ളൂ. മാവോയിസ്റ്റുകള്‍, അവര്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായുള്ള സാഹചര്യം ഭരണകൂട നിര്‍മ്മിതി തന്നെയാണല്ലോ. പക്ഷെ ദണ്ഡകാരണ്യ വനമേഖലയിലെ ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളും നിഗൂഢ വനവും ഭീതി നിറക്കുന്നുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തി വിളിച്ചു പറയുന്നതിന് പകരം ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമേ തല്‍ക്കാലം അമിത് മസൂര്‍കറിന്‍റെ ന്യൂട്ടന്‍ ചെയ്യുന്നുള്ളൂ.

കേന്ദ്ര കഥാപാത്രമായി രാജ് കുമാര്‍ റാവുവും മാല്‍കോയായി അഞ്ജലി പാട്ടീലും ആത്മ സിംഗായി പങ്കജ് ത്രിപാഠിയും ലോക് നാഥായി രഘുബീര്‍ യാദവും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അഞ്ജലി പാട്ടീലിന്റെ അഭിനയ മികവ് എടുത്തുപറയണം. ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റ് പ്രശ്‌നം പ്രമേയമാക്കിയ മറ്റൊരു ചിത്രത്തിലും അഞ്ജലി വേഷമിട്ടിരുന്നു. മാവോയിസ്റ്റ് നേതാവിന്റെ വേഷമായിരുന്നു പ്രകാശ് ഝായുടെ ചക്രവ്യൂഹില്‍ അവര്‍ക്ക്. എതിരാളികളോടും ഒറ്റുകാരോടും യാതൊരു ദയയും കാണിക്കാത്ത, പരുക്കന്‍ പെരുമാറ്റമുള്ള, അതേസമയം ഉള്ളില്‍ സ്‌നഹവും പ്രണയവും കൊണ്ടുനടക്കുന്ന ജൂഹി എന്ന കഥാപാത്രമായിരുന്നു അഞ്ജലിയുടേത്. ഇവിടെ അവര്‍ ആദിവാസിയാണ്. വിദ്യാഭ്യാസം നേടുകയും സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഗോണ്ടി ഗോത്രവര്‍ഗക്കാരി. വളരെ ശാന്ത പ്രകൃതം. പക്വത നിറഞ്ഞ പെരുമാറ്റം. തനിക്ക് പരിചിതമായ ചുറ്റുപാടുകള്‍ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലെയോ സൈനികരെ പോലെയോ അവളെ ഭയപ്പെടുത്തുന്നില്ല. ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റോ ഹെല്‍മറ്റോ അവള്‍ക്ക് ആവശ്യമില്ല. വ്യവസ്ഥിതി കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും മുഖ്യധാരയില്‍ നിന്ന് വിട്ടു നിന്നോ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചോ തോക്കേന്തിയ സായുധ വിപ്ലവത്തിലൂടെയോ ഇതിന് പരിഹാരം ഉണ്ടാക്കാമെന്ന് മാല്‍കോ കരുതുന്നില്ല. അതേസമയം നിങ്ങളുടെ പരിഷ്‌കൃത ജനാധിപത്യത്തേക്കാള്‍ പഴക്കമുണ്ട് ഞങ്ങളുടെ കാടിന് എന്ന് അവള്‍ ന്യൂട്ടണെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

ഗോണ്ടി ഭാഷ മാത്രമറിയാവുന്ന കുട്ടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഹിന്ദി പാഠ്യപദ്ധതിയെപ്പറ്റി മാല്‍കോ പറയുന്നുണ്ട്. അധിനിവേശങ്ങള്‍ സൈനിക സ്വഭാവമുള്ളത് മാത്രമല്ല എന്ന് ഇത് വ്യക്തമാക്കുന്നു. തലയില്‍ ആപ്പിള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിവുകളല്ല മാല്‍കോയ്ക്ക് ബസ്തറിനെക്കുറിച്ചുള്ളത്. അവളത് ഓര്‍മ്മയുള്ള കാലം മുതല്‍ അനുഭവിക്കുന്നതാണ്. ഛത്തീസ്ഗഡിലെ വരേണ്യ, മധ്യവര്‍ഗങ്ങളുടെ ഭാഷ ഹിന്ദിയായിരിക്കാം. എന്നാല്‍ ബസ്തറിലെ ഗോത്രവര്‍ഗക്കാര്‍ക്ക് ഹിന്ദി അധിനിവേശത്തിന്റെ വരേണ്യഭാഷയാണ്. ഹിന്ദി അന്യഭാഷയായ ഗോത്രവര്‍ഗക്കാരോട് സംസാരിക്കാന്‍ ന്യൂട്ടണെ സഹായിക്കുന്നത് പോളിംഗ് സ്‌റ്റേഷനിലെ ബിഎല്‍ഒ ആയ മാല്‍കോയാണ്. മാല്‍കോ ഒരു അശുഭാപ്തി വിശ്വാസിയല്ല. എന്നാല്‍ ന്യൂട്ടണ്‍ കുമാറിനേക്കാള്‍ പ്രായോഗികമതിയാണ് അവള്‍. സര്‍ക്കാര്‍ സേനയുടേയും മാവോയിസ്റ്റുകളുടേയും പീഡനങ്ങള്‍ക്കിടയില്‍ നരകിക്കുന്ന സ്വന്തം ആളുകളെ അവള്‍ കാണാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.

മനുഷ്യരേക്കാള്‍ തോക്കുകളാണ് സംസാരിക്കുന്നത്. ജനാധിപത്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതും അത് തന്നെ. തിരഞ്ഞെടുപ്പിന്റേയും വോട്ട് ചെയ്യുന്നതിന്റേയും പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരോടും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മനസിലാക്കി തരാന്‍ ശ്രമിക്കുന്നവരോടും അവര്‍ക്ക് ചോദിക്കാനുള്ളത് തിരഞ്ഞെടുപ്പ് കൊണ്ട് ഞങ്ങള്‍ക്ക് എന്തു ഗുണം എന്നാണ്. പണം കിട്ടുമോ എന്നാണ് അവര്‍ക്കറിയേണ്ടത്. വിശപ്പിനുള്ള വഴി തേടുന്ന അവര്‍ക്ക് ഏറ്റവും ഉടനടിയുള്ള പരിഹാരങ്ങളായിരിക്കും വേണ്ടത്. എന്തുകൊണ്ട് ചിലര്‍ക്ക് വിശന്ന് ജീവിക്കേണ്ടി വരുന്നു എന്ന് ആലോചിക്കാന്‍ അവര്‍ക്ക് സമയം കിട്ടാനിടയില്ല. അങ്ങനെയുള്ള മനുഷ്യരോടാണ് പൗരന്റെ ജനാധിപത്യ അവകാശങ്ങളെപ്പറ്റിയും സ്വയംനിര്‍ണയാവകാശങ്ങളെപ്പറ്റിയും ബോധ്യപ്പെടുത്താന്‍ ന്യൂട്ടണ്‍ ശ്രമിക്കുന്നത്. അതേസമയം സ്വയം വോട്ട് ചെയ്യാന്‍ തയ്യാറായി വരുന്നവരും അവര്‍ക്കിടയിലുണ്ട്. എന്നാല്‍ അവരെ ആട്ടിയോടിക്കുകയാണ് സൈനികര്‍ ചെയ്യുന്നത്. അവിടെ തോക്കിന്‍മുനയില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനെ പറ്റി ന്യൂട്ടണ്‍ ആലോചിക്കുന്നു. എന്തുകൊണ്ടാണ് ചിലര്‍ക്ക് തോക്കെടുക്കേണ്ടി വരുന്നത് എന്നതിലേയ്ക്കും തോക്ക് താഴെ വച്ച ശേഷം സൈനികരുടെ ന്യൂട്ടണോടുള്ള പെരുമാറ്റം വിരല്‍ ചൂണ്ടുന്നു. കഴുത്തില്‍ ബെല്‍ട്ടിട്ടിരിക്കുന്ന ന്യൂട്ടണോട് എന്തുപറ്റി എന്ന് മാല്‍കോ ചോദിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ന്യൂട്ടണ്‍ പറയുന്നത് അത് എന്റെ പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായിരുന്നു എന്നാണ്.


Next Story

Related Stories