TopTop
Begin typing your search above and press return to search.

വേലയില്ലാ പട്ടധാരിമാര്‍ കയ്യടക്കുന്ന തിയേറ്റുകള്‍; മഹാനടന്മാര്‍ മലയാള സിനിമയെ നന്നാക്കുന്ന വിധം

വേലയില്ലാ പട്ടധാരിമാര്‍ കയ്യടക്കുന്ന തിയേറ്റുകള്‍; മഹാനടന്മാര്‍ മലയാള സിനിമയെ നന്നാക്കുന്ന വിധം

കുറച്ചുനാള്‍ മുന്‍പാണ് മലയാളത്തിലെ ഒരു പുതുമുഖ സംവിധായകന്‍ അദ്ദേഹത്തിന്റെ ചിത്രം കാണുന്നുവെങ്കില്‍ ഇന്ന് കാണണമെന്ന് വിലപിച്ചത്. ചിത്രം ഓടുന്ന തിയേറ്ററുകള്‍ ഏതോ മഹത്തായ ചിത്രം പ്രതീക്ഷിക്കുന്നുവെന്നും അതുകൊണ്ട് ചിത്രം ഉടന്‍ മാറ്റുമെന്നും ഭയപ്പെട്ടുകൊണ്ടുള്ള പ്രസ്താവന. കലയെന്നതിനുപരി ബിസിനസായി മാറുന്ന സിനിമാ വ്യവസായത്തിന്റെ പുതിയ മുഖമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു പരസ്പര സഹായ കുടുംബ പദ്ധതിയായി വിണ്ടും മലയാള സിനിമാലോകം മാറുന്നു. പഴയ രാജവംശപാരമ്പര്യം പോലെ പിതാക്കന്മാരുടെ പുത്രന്മാര്‍ യുവരാജക്കന്മാരായി അവരോധിക്കപ്പെടുന്നു. പുത്രിമാര്‍ക്ക് ഈ ലോകം അത്ര സുരക്ഷിതമല്ലെന്ന് പിതാക്കന്മാരെപ്പോലെ മനസിലാക്കിയവര്‍ കാണില്ല. പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്.

ഈ വെള്ളിയാഴ്ച മലയാളത്തിലിറങ്ങാനിരുന്ന ചിത്രങ്ങളായ ദേശീയ അവാര്‍ഡ് ജേതാക്കളായ പത്തു മലയാള സംവിധായകര്‍ ഒത്തുചേര്‍ന്ന ശക്തമായ പത്തു പെണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ 'ക്രോസ് റോഡ്' എന്ന സിനിമയും പ്രവാസി മലയാളികളുടെ കഥയുമായി റിലീസ് ചെയ്യാനിരുന്ന 'നവല്‍ എന്ന ജുവലും' റിലീസിംഗ് തീയതി മാറ്റിവച്ചതും മലയാളത്തിന്റെ മഹാനടന്റെ സിനിമ സ്‌നേഹവും തമ്മില്‍ ഒരു ബന്ധമുണ്ട്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മലയാളത്തിന്റെ കണ്ണീരായി തീര്‍ന്ന അത്ഭുത കുരുന്നിനെ കുറിച്ചുള്ള തനി മലയാള സിനിമ ക്ലിന്റ് പുറത്തുവന്നു, പിന്നെ തമാശയുടെ മേമ്പൊടിയുമായി തൃശിവപേരൂര്‍ ക്ലിപ്തവും. ഇതെല്ലാം കേരളത്തിലെ മാത്രം ജനങ്ങള്‍ക്ക് വേണ്ടിയെടുക്കപ്പെട്ട സിനിമയും അവര്‍ കാണണമെന്ന് പ്രതിക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ നമ്മുടെ മഹാനടന്റെ കമ്പനി ഇരുനൂറിലധികം തിയേറ്ററുകള്‍ കൈയടക്കി മലയാളിക്ക് കാണാന്‍ നല്‍കിയത് 'വേലയില്ലാ പട്ടധാരി 2'യെന്ന തമിഴ് ഇടി പടം. നിങ്ങള്‍ കാണേണ്ട പടം ഇതാണ്. വെറുതേ കണ്ണീര്‍ പടങ്ങള്‍ കണ്ടു ദിവസം പാഴാക്കേണ്ട...

ഇവിടെ ഉയരുന്നത് ഇന്ത്യന്‍ സിനിമയെന്നത് കുടുംബ വാഴ്ചയുടെയും പരസ്പര സഹകരണത്തിന്റെയും തലത്തിലുള്ള ഒരു എന്റര്‍ടെയ്ന്‍മെന്റ് ബിസിനസായി മാറുന്നുവെന്ന സത്യമാണ്. ഇനി വരാന്‍ പോകുന്ന മഹാനടന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയും സിനിമയുടെ തമിഴിലെ കാര്യം 'വേലയില്ലാ പട്ടധാരി' നോക്കിക്കൊള്ളും.

ഈ മഹാനടന്‍ സുപ്പര്‍ നായകനായെങ്കില്‍ അത് മലയാളത്തിന്റെ മാത്രം കൈയടി വാങ്ങിക്കൊണ്ടാണ്. ആകാരം കൊണ്ടും അഭിനയത്തിലെ മിതത്വം കൊണ്ടും അദ്ദേഹത്തെ മലയാളികള്‍ക്കു മാത്രമേ ഇഷ്ടമാകുയുള്ളു. സാക്ഷാല്‍ തമിഴന്റെ ആരാധ്യനായ നായകന്റെ വേഷമിട്ടപ്പോള്‍ പോലും അദ്ദേഹത്തെ തമിഴന്മാര്‍ അത്രകണ്ടു സ്വീകരിച്ചതുമില്ല. ആ ട്രാക് ഹിസ്റ്ററി അദ്ദേഹം മറക്കരുതായിരുന്നു. പുലികളിയും പട്ടാളകഥകളുമല്ല മലയാളികളില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്, തനിമലയാളിയായി വന്നഭിനിയിച്ച വേഷങ്ങളായിരുന്നു. ലോകം മുഴുവന്‍ വളര്‍ന്ന് കയറിയ ഒരു കരിയര്‍ ഗ്രാഫ് അദ്ദേഹത്തിനു കിട്ടിയെങ്കില്‍ അത് തനി മലയാളം സിനിമകള്‍ നല്‍കിയ പ്ലാറ്റ്‌ഫോമായിരുന്നു.

കഥ ഇവിടെ തീരുന്നില്ല. സൂപ്പര്‍ നായകന്മാരും സംവിധായകരും ചേര്‍ന്ന് അവരുടെ പിണിയാളുകള്‍ക്കായി ഒരുക്കികൊടുക്കുന്ന ഇടമായി മലയാള സിനിമ വ്യവസായത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍ പുതിയൊരാള്‍ മടിക്കുന്നെങ്കില്‍ അതിന്റെ കാരണം മഹാനടന്മാരും ചില മഹാ സംവിധായകരുമാണ്. അടുത്ത ആഴ്ച പുറത്തുവരുന്ന സിനിമ മലയാളത്തിലെ ഒരു വന്‍ സംവിധായകന്റെ ഇഷ്ടക്കാരനായ നടന്‍ സംവിധാനം ചെയ്യുന്നതാണ്. ഇത് ഒരു ഓഫ് ബീറ്റ് സിനിമയാണ്. വന്‍ തിയേറ്റര്‍ സമുച്ചയങ്ങള്‍ ഒരുക്കികൊടുക്കാന്‍ ആ സംവിധായകന് അദ്ദേഹത്തിന്റെ സുഹൃത്തിന് ലാഭം നേടിക്കൊടുക്കാന്‍ സാധിക്കും. അതിനുള്ള പ്രധാനകാരണം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ നായകനും മഹാനടന്‍ തന്നെ എന്നതാണ്. വലിയ കളി കളിച്ച ഒരാളെ അകത്താക്കിയെങ്കിലും തിയേറ്റര്‍ മുതലാളിമാരും മലയാളത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് കരുതുന്ന ചിലരും തമ്മിലുള്ള അവിഹിതബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടെ നയപരമായ ചില തീരുമാനങ്ങള്‍ ഗവണ്‍മെന്റില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

പല കാലഘട്ടങ്ങളായി മലയാള സിനിമയെ തരം തിരിക്കാമെങ്കിലും മിമിക്രിക്കാര്‍ കയ്യടക്കും മുന്‍പുളള്ള കാലമെന്നും അതിനു ശേഷമുള്ള കാലമെന്നും സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞാടുന്ന കാലമെന്നും നിര്‍മാതാക്കളും തിയേറ്റര്‍ സംഘങ്ങളും ബിനാമി കളിക്കുന്ന കാലമെന്നുമൊക്കെ വിളിക്കുന്നതാകും ശരി. അനധികൃതമായി വളരുന്ന ഒരു സമാന്തര സമ്പദ് വ്യവസ്ഥ സിനിമയില്‍ നിലനില്‍ക്കുന്നു. എല്ലാം പെട്ടന്ന് മറയ്ക്കപ്പെടാവുന്ന സെലിബ്രിറ്റി സ്റ്റാറ്റസും ആള്‍ക്കൂട്ടം നല്‍കുന്ന അഹങ്കാരവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു സമാന്തരലോകം. ഇവിടെ പലപ്പോഴും ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ അതിനു വിപരീതമായ ചില ശബ്ദങ്ങളും സംഭവങ്ങളും ഈയിടെ ഉണ്ടാകുകയും ചെയ്യുന്നു. ജനപ്രിയരായ ചിലര്‍ ജയിലഴികളിലേക്ക് പോകുന്നു. ജനനായകന്മാര്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പാടുപെടുന്നു. ഒറ്റപെട്ട ചില ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇതൊക്കെ കേട്ട് മലയാളസിനിമയ്ക്ക് മാറ്റമുണ്ടാകുമെന്നു പുറത്തുനില്‍ക്കുന്ന മലയാളി ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റി.


Next Story

Related Stories