Top

ഒരായിരം കിനാക്കളാല്‍; ഒരു ബിജു മേനോന്‍ ഫാന്‍സ് ചിത്രം

ഒരായിരം കിനാക്കളാല്‍; ഒരു ബിജു മേനോന്‍ ഫാന്‍സ് ചിത്രം
റാംജിറാവു സ്പീക്കിംഗിലെ അതിപ്രശസ്തമായ പാട്ടാണ് 'ഒരായിരം കിനാക്കളാല്‍ കുരുന്നു കൂടു കൂട്ടീടുന്നു മോഹം....' ഒരു തലമുറയുടെ തൊഴിലായ്മയുടെയും പ്രതീക്ഷയുടെയും ഒക്കെ പ്രതീകമാണ് ആ പാട്ട്. ആ പാട്ടിന്റെ വരിയുടെ തുടക്കം ടൈററിലാക്കി ഇറങ്ങിയ ഉത്സവകാല റിലീസ് ആണ് ബിജു മേനോന്‍ നായകനായ 'ഒരായിരം കിനാക്കളാല്‍'. പ്രമോദ് മോഹന്‍ ആണ് സംവിധായകന്‍. ബിജു മേനോന് രണ്ടാം വരവില്‍ കിട്ടിയ താരമൂല്യത്തിന് കുറെ പരാജയ സിനിമകകള്‍ക്ക് ശേഷവും ഇടിവൊന്നും സംഭവിച്ചിട്ടില്ല. അത്ര വലിയ ക്യാന്‍വാസില്‍ അല്ലാത്തെ ഒരുപാട് സിനിമകള്‍ ബിജു മേനോന്‍ എന്ന ഒറ്റ ഗാരന്റിയില്‍ ഇപ്പോഴും പുറത്തിറങ്ങുന്നു. അവയില്‍ ചിലതൊക്കെ ശരാശരി വിജയം നേടുന്നു. ചിലതൊക്കെ പരാജയപ്പെടുന്നു. വലിയ അവകാശവാദങ്ങളും ഞെട്ടിക്കുന്ന പ്രമോഷനും ഒന്നും ഇല്ലാത്ത അത്തരം സിനിമകളുടെ തുടര്‍ച്ചയിലേക്കാണ് രഞ്ജി പണിക്കരുടെ നിര്‍മാണ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഒരായിരം കിനാക്കളാലും എത്തുന്നത്. ബിജു മേനോനൊപ്പം ഷാജോണ്‍, റോഷന്‍ മാത്യു, സായ്കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണകുമാര്‍, ഷാരു വര്‍ഗീസ്, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരും സ്‌ക്രീനിലെത്തുന്നു.

ചുരുക്കി പറഞ്ഞാല്‍ ഒരായിരം കിനാക്കളാല്‍ എന്ന പാട്ടിന്റെ വിശദീകരണം പോലൊരു കഥാ സന്ദര്‍ഭമാണ് സിനിമയുടേത്. ദാരിദ്ര്യവും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ഒക്കെ തന്നെ ആണ് ഒരായിരം കിനാക്കളാല്‍ എന്ന സിനിമയും. ശ്രീറാം (ബിജു മേനോന്‍) ലണ്ടനില്‍ കുറച്ചു കാലത്തെ ജോലിക്കു ശേഷം ചെറിയ സമ്പാദ്യവുമായി നാട്ടിലെത്തുന്നു. ലണ്ടന്‍ മാതൃകയില്‍ ഒരു ഹോട്ടല്‍ തുടങ്ങാന്‍ ആണ് അയാളുടെ പദ്ധതി. പക്ഷെ അതിരുവിട്ട ദാനശീലവും ശുദ്ധഗതിയും കൊണ്ട് അയാള്‍ സുഹൃത്തുക്കളാല്‍ പറ്റിക്കപ്പെടുന്നു. പിടിച്ചുനില്‍ക്കാന്‍ ലാലാജി (സായികുമാര്‍) എന്ന ബിസിനസ്സുകാരനില്‍ നിന്ന് അയാള്‍ പണം പലിശക്കെടുക്കുന്നു. സ്വന്തമായി ഗുണ്ടാസംഘങ്ങളും ഉന്നത സ്വാധീനവും ഒക്കെയുള്ള ലാലാജിക്കു പണം തിരികെ കൊടുക്കാന്‍ വേണ്ടി അയാള്‍ നെട്ടോട്ടമോടുന്നു. ഗര്‍ഭിണിയായ ഭാര്യയേയും ചെറിയ മകളെയും ഒന്നും അറിയിക്കാതെ കൊണ്ട് നടക്കാനും ചിലവുകള്‍ നടത്താനും പണം തിരികെ ഏല്‍പ്പിക്കാനും എന്തെങ്കിലും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനായി നെട്ടോട്ടമോടുകയാണ് അയാള്‍. യാദൃശ്ചികമായി ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ ജയ്‌സണ്‍ (റോഷന്‍ മാത്യു) ഷെറിന്‍ (ഷാരു വര്‍ഗീസ്)എന്നീ ചെറുപ്പക്കാരെ പരിചയപ്പെടുന്നു. അവര്‍ അയാള്‍ക്ക് പണം നേടാന്‍ വിചിത്രമായ ഒരു വഴി പറഞ്ഞു കൊടുത്ത് കൂടെ കൂടുന്നു. പിന്നീട് ശ്രീറാ എത്തിപ്പെടുന്ന വിചിത്രമായ അനുഭവ വഴികളാണ് സിനിമ.

മലയാള സിനിമ കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച സാധാരണക്കാരന്‍ എത്തിപ്പെടുന്ന വിചിത്ര വഴികള്‍ തന്നെയാണ് ഒരായിരം കിനാക്കളാലും പരീക്ഷിക്കുന്നത്. ശ്രീറാം എന്ന വളരെ സാധാരണമായ, ഒതുങ്ങിയ ജീവിതം നയിക്കുന്ന ഒരാളുടെ കണ്ണിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. അയാള്‍ പുതിയ കാലത്തെ ദരിദ്രനായാണ്. ഒരു പ്രത്യേക ജീവിത സാഹചര്യം നിലനിര്‍ത്തി കൊണ്ട് പോകാന്‍ അയാള്‍ ബാധ്യസ്ഥനാണ്. വാഹനവും വലിയ വീടും ഒക്കെയുള്ള അധ്വാനിക്കാന്‍ ശീലപ്പെടാത്ത ഒരു മധ്യവയസ്‌ക്കനാണ് അയാള്‍. ഇത്തരം ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ വളരെ വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പാണ് ബിജു മേനോന്‍ എന്ന നടന്റേത്. വളരെ സുഗമമായി സിനിമയുടെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ഒഴുകി നീങ്ങുന്നുണ്ട്. പുതുതലമുറ സി സി പിടുത്തക്കാര്‍, ബാങ്ക്, പലിശ ഗുണ്ടകള്‍ ഒന്നും മലയാള സിനിമ അധികം കൈവെക്കാത്ത മേഖലകളാണ്. ഇത്തരം കഥാപാത്രങ്ങളെ ഒക്കെ വളരെ റിയലിസ്റ്റിക്ക് ആയി ആക്ഷേപ ഹാസ്യത്തിന്റെ സഹായത്തോടെ സിനിമ അവതരിപ്പിക്കുന്നു. ദുരാഗ്രഹിയും എടുത്തു ചാട്ടക്കാരനുമായ ചെറുപ്പക്കാരനായി റോഷന്‍ മാത്യുവും വിശ്വസനീയമായ പ്രകടനത്തിലൂടെയാണ് സിനിമയുടെ ആദ്യ പകുതിയില്‍ ഉള്ളത്. വലിയ ബഹളങ്ങള്‍ ഇല്ലാതെ അതിശയോക്തികള്‍ അധികം ഇല്ലാതെ ആദ്യ ഭാഗങ്ങള്‍ ഒഴുകി പോകുന്നു.

രണ്ടാം പകുതിയോടെ സിനിമയുടെ ആ താളം മെല്ലെ കൈമോശം വരികയും യുക്തി നഷ്ടപ്പെട്ടുകയും ചെയ്യുന്നു. അതിശയോക്തികളുടെ ഒരു നിരയാണ് പിന്നീട് നടക്കുന്നത്. ചറപറാ കൊലപാതകങ്ങള്‍, സി സി ടി വിയുടെ വിചിത്രമായ വിന്യാസങ്ങള്‍ തുടങ്ങി യുക്തി എന്ന സംഭവത്തെ കൊന്നു കുഴിച്ചു മൂടി മാത്രം ആസ്വദിക്കാവുന്ന കഥാഗതിയാണ് പിന്നീട്. മേക്കിംഗ് , ക്രാഫ്റ്റ് എന്നൊക്കെ പറയാനുള്ള സാദ്ധ്യതകള്‍ ഒന്നും സിനിമ ഉദ്ദേശിക്കാത്തത് കൊണ്ട് തന്നെ കഥാഗതിയുടെ തുടര്‍ച്ചകള്‍ മാത്രമാണ് ഒരായിരം കിനാക്കളാല്‍ എന്ന സിനിമയെ മുന്നോട്ടു നയിക്കുന്നത്. ആദ്യ പകുതിയിലെ വളരെ സ്വാഭാവികമായ ഹാസ്യം ഇവിടെ ഏച്ചുകെട്ടി എന്തൊക്കെയോ പറയുന്നതിലേക്കു മാറി. കഥ ആള്‍ക്കാരെ ഒന്നിന് പുറകെ ഒന്നായി കൊന്നു കൊണ്ട് മുന്നേറി. വളരെ ചെറിയ സമയം കൊണ്ട് കൊലപാതക പരമ്പരകള്‍ നടത്തി സിനിമ അവസാനിക്കുന്നു. അതിനിടക്ക് ഹാസ്യം, കുടുംബം, റൊമാന്‍സ് ഒക്കെ എവിടെയൊക്കെയോ പറഞ്ഞു പോകുന്നു. ഷാജോണിന്റെ പോലീസ് ഉദ്യോഗസ്ഥന്‍ ഒക്കെ പലയിടത്തും അന്യന്റേയും അമ്പിയുടെയും ഒക്കെ സ്വഭാവം മാറി മാറി കാണിക്കുന്നു.

ബിജു മേനോന്‍ എന്ന നടന്‍ വളരെ ചെറിയ ഇടവേളകളില്‍ തീയേറ്ററുകളില്‍ എത്തുന്നു. അയാളുടെ കരിയറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തില്‍ ഇത് ഗുണം ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീടങ്ങോട്ട് ടൈപ്പ് കാസ്റ്റിംഗിന്റെ മറ്റൊരു ഇര ആയി അയാള്‍ മാറി തുടങ്ങുന്നു. ഒന്നുകില്‍ വളരെ ശാന്തനായ ഒരു പ്രാരാബ്ധക്കാരന്‍ കുടുംബസ്ഥനായും അല്ലെങ്കില്‍ മാസ് ഹീറോയിസം ഉള്ള അധികാര സ്ഥാനീയനായും അയാള്‍ മിക്ക സിനിമകളിലും ഒതുങ്ങുന്നു. ഒരൊറ്റ ഫൈറ്റ് പോലുമില്ലാത്ത കുടുംബസ്ഥനും ഭീരുവുമായ നായകന്‍ ആണ് ശ്രീറാം. അയാള്‍ ഭംഗിയായി ഈ വേഷം സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. അങ്ങനെ ബിജു മേനോന്‍ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ഒക്കെ പിന്തുടരുന്ന ആളാണെങ്കില്‍ യുക്തിയെ ഒക്കെ വലിച്ചെറിഞ്ഞിട്ട് ഈ സിനിമയ്ക്ക് കയറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

Next Story

Related Stories