UPDATES

സിനിമ

ആദ്യചിത്രത്തില്‍ നായകര്‍ കുഞ്ചാക്കോ ബോബനും പൃഥ്വി രാജും, പിന്നീട് ശ്രീനിവാസന്‍; ഓരൊന്നൊന്നര പ്രണയകഥയുടെ സംവിധായകന് പറയാനുള്ളത്: ഷിബു ബാലന്‍/അഭിമുഖം

പേര് സൂചിപ്പിക്കുന്നത് പോലെ നല്ലൊരു പ്രണയകഥയാണ് ഈ സിനിമ പറയുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിന് ശേഷം ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരൊന്നൊന്നര പ്രണയകഥ’. ഷെബിന് ബെൻസൺ, ഇൻഡി പള്ളാശേരി, റെയ്ച്ചൽ ഡേവിഡ്, സുധീർ കരമന എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന തന്റെ പുതിയ ചിത്രത്തെയും തന്റെ സിനിമ ജീവിതത്തെയും കുറിച്ചും സംവിധായകൻ ഷിബു ബാലൻ അഴിമുഖത്തോട് സംസാരിക്കുന്നു.

ഒരൊന്നൊന്നര പ്രണയകഥയെ കുറിച്ച് എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?

 സാധാരണഗതിയിൽ ഒരു സിനിമ പുറത്തുവരുന്നതിന് മുൻപേ പ്രേക്ഷകർക്ക് തോന്നാം ഒന്നെങ്കിൽ ആ സിനിമ കാണണമെന്ന് അല്ലെങ്കിൽ ആ സിനിമ കാണണ്ടാ എന്ന്. കാണുന്നതും കാണാതിരിക്കുന്നതും നിങ്ങളുടെ ചോയ്സ് ആണ്. പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് ഒരു സംവിധായകനെന്ന നിലയിൽ ഒന്നൊന്നര പ്രണയകഥ ഞാൻ വളരെ ഹാപ്പിയായി ഷൂട്ട് ചെയ്ത സിനിമയാണ്. ഇതിൽ അഭിനയിച്ചവരും ക്രൂവും വളരെ എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണിത്. ഇന്നത്തെ കാലഘട്ടത്തിന്‍റെ കഥയാണിതില്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നല്ലൊരു പ്രണയകഥയാണ് ഈ സിനിമ പറയുന്നത്.

നഗരജീവിതത്തിലെ പ്രധാന പ്രശ്നമായ മാലിന്യത്തെയും മാലിന്യ നിർമാർജ്ജനത്തേയും ചർച്ച ചെയ്ത ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ കഴിഞ്ഞ് വീണ്ടും ഒരു സിനിമ ചെയ്യാൻ ഇത്ര ഗ്യാപ്പ്‌ എടുത്തിന് കാരണം?

 നഗരവാരിധി നടുവിൽ ഇറങ്ങിയതിന് ശേഷം ഞാൻ പല സിനിമകളെ കുറിച്ചും ആലോചിച്ചിരുന്നു. ആ സമയത്ത് ഞാൻ ഒരു ചെറിയ ബ്രേക്ക് എടുത്തു. നഗരവാരിധിക്ക് ശേഷവും ഒരു ശ്രീനിവാസൻ ചിത്രത്തെക്കുറിച്ച് തന്നെയായിരുന്നു ഞാൻ ചിന്തിച്ചത്. അതിന്റെ തിരക്കഥ മുഴുവനായും പൂർത്തിയായിരുന്നു. എന്നാൽ പെട്ടെന്നുള്ള ചില കാരണങ്ങൾ കൊണ്ട് ആ സിനിമ മാറ്റിവച്ചു. എന്നാൽ ഞാൻ മുൻപേ തന്നെ റഫ്‌ ആയി എഴുതി വെച്ച ഒരു സബ്ജക്ട് കൈയിൽ ഉള്ളത് കൊണ്ട് പെട്ടെന്ന് ആ സബ്ജക്ടിലേക്ക് മാറാൻ പ്രൊഡ്യൂസേഴ്സ് തയ്യാറായി. അങ്ങനെ ആ സിനിമ ചെയ്യാൻ തീരുമാനിച്ചു. ആര് ചെയ്യണം എന്ത് ചെയ്യണം ഏത് ആർട്ടിസ്റ്റ് ചെയ്യണമെന്നതിനെക്കുറിച്ച് ഒന്നും ഒരു ഐഡിയയും ഇല്ലാതെ പെട്ടെന്ന് എടുത്തുചാടി ചെയ്ത സിനിമയാണ് ഇത്. പക്ഷെ ടോട്ടൽ സിനിമ എന്റെ മനസ്സിൽ ഉള്ളതുകൊണ്ട് പെട്ടെന്ന് പടം ചെയ്യാൻ സാധിച്ചു.

 ഇരുപതോളം സിനിമകളില്‍ സത്യൻ അന്തിക്കാടിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചു. ആ അനുഭവത്തെ കുറിച്ച്?

അടുത്തടുത്ത്, കളിയില്‍ അല്പം കാര്യം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ടി പി ബാലഗോപാലന്‍ എം എ, പപ്പന്‍ പ്രിയപെട്ട പപ്പന്‍, തലയണമന്ത്രം, എന്നും നന്മകള്‍, തുടങ്ങി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ വരെ സത്യൻ അന്തിക്കാടിനൊപ്പം സഹ സംവിധായകൻ എന്ന നിലയിൽ ഞാൻ ചെയ്തിട്ടുണ്ട്. ഇത്രയും സിനിമകളിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത അനുഭവം തന്നെയാണ് എന്റെ സിനിമകളിലെ മൂലധനം എന്നു പറയുന്നത്. ഒരു ഫാമിലി പോലെ സിനിമയെ കൊണ്ടുപോകണമെന്നത് പഠിക്കുന്നത് അദ്ദേഹത്തിൽ നിന്നാണ്. അദ്ദേഹം എന്റെ ഗുരുവാണ്, മൂത്ത സഹോദരനാണ് അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും തലങ്ങളിലുള്ള വല്ലാത്തൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ട്.

സാധാരണക്കാരിൽ സാധാരണക്കാരുടെ കഥയാണ് സത്യൻ അന്തിക്കാട് പറയാറുള്ളത്. അത്തരം  സിനിമകൾ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

വാസ്തവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ നമ്മളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നത് നമ്മളെക്കാൾ ഉപരി അത് സിനിമയെ പുറമേനിന്നു നോക്കിക്കാണുന്ന പ്രേക്ഷകർക്കാണ് തിരിച്ചറിയാൻ സാധിക്കുക. സത്യൻ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ അതേ പാറ്റേണ്‍ സ്വീകരിക്കരുത് എന്നുള്ള ഒരു തീരുമാനം എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതം തന്നെയാണ് ഇതിലും ഞാൻ ചെയുന്നത്. അതിലപ്പുറം അമാനുഷികമായ യാതൊന്നും തന്നെ എന്‍റെ സിനിമയിലില്ല. എന്നാൽ ഞാനതിനെ സമീപിക്കുന്ന രീതി വേറിട്ട തലത്തിൽ ആകണമെനുള്ള മുന്‍തീരുമാനം എനിക്കുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ സിനിമകളുടെ അതേ പാറ്റേണ്‍ തന്നെ എന്‍റെ സിനിമകളിൽ വരരുത് എന്നുള്ളതുതന്നെ. എങ്കിലല്ലേ എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാകൂ.

സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തെ കുറിച്ച്?

2001ൽ ‘മായാമോഹിതചന്ദ്രന്‍’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഞാൻ  സ്വതന്ത്ര സംവിധായകനായി സിനിമയിൽ എത്തുന്നത്. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണത്. വളരെ മനോഹരമായി അന്നത്തെ കാലത്ത് വർക്കൗട്ട് ചെയ്ത സിനിമയായിരുന്നു അത്. പ്രധാന കഥാപാത്രമായി കുഞ്ചാക്കോബോബനും സെക്കൻഡ് ഹീറോ എന്ന് പറയുന്ന കഥാപാത്രമായി പ്രിഥ്വിരാജും ആണ് സിനിമയിൽ അഭിനയിച്ചിരുന്നത്. നിരവധി ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു അതിൽ.

 പതിവ് സിനിമയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരൊന്നൊന്നര പ്രണയകഥയിൽ നായികയായി പുതുമുഖമാണല്ലോ വരുന്നത്?

ഷെബിന്‍ ബെൻസൺ ചെയ്യുന്ന കഥാപാത്രത്തിന്‍റെ നായികയായി എത്തുന്നത്
റേച്ചൽ ഡേവിഡ് ആണ്. റേച്ചൽ പുതുമുഖമാണ്. ബംഗളൂരു നിവാസിയായ മലയാളി കുട്ടിയാണ് റെയ്ച്ചൽ. ആമിന എന്ന കഥാപാത്രമായിട്ടാണ് അവർ സ്‌ക്രീനിൽ എത്തുന്നത്. ആ കഥാപാത്രത്തിന് വളരെ യോജിച്ച മുഖവും ശരീരവും ഉള്ളതുകൊണ്ട് തന്നെയാണ് അവരെ ഞാൻ ആ കഥാപാത്രം വിശ്വസിച്ചു ഏൽപ്പിച്ചത്. എക്സ്പീരിയൻസുള്ള സംവിധായകരെ സംബന്ധിച്ചിടത്തോളം പുതുമുഖ നായികമാരെ അഭിനയിപ്പിച്ച് എടുക്കുക അത് കുറേക്കൂടി എളുപ്പമാണ്. പുതിയതായി വരുന്ന സംവിധായകർക്കാണ് ഏറെ പ്രയാസം.

Read More: ഒരു വര്‍ഷം കഴിഞ്ഞു, നിപ്പ ‘കൊണ്ടുവന്നു’ എന്ന കുറ്റം പേറുന്ന സാബിത്തിന്റെ കുടുംബത്തിനെ തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍