UPDATES

സിനിമ

റസൂല്‍ മുതല്‍ ഇമ്രാന്‍ വരെ; സിനിമയിലെ കൊച്ചിക്കാഴ്ചകള്‍

‘പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ’

ഏറെ ആകര്‍ഷകമാണ് പറവയിലെ ഇമ്രാന്‍ എന്ന ദുല്‍ഖര്‍ കഥാപാത്രം. കൂടെ നില്‍ക്കുന്നവര്‍ക്ക് ചങ്ക് പറിച്ച് കൊടുത്ത് സ്‌നേഹിക്കുന്ന തനി മട്ടാഞ്ചേരിക്കാരന്‍. ഇത്ര അനായസമായി പെരുമാറുന്ന മറ്റൊരു ദുല്‍ഖര്‍ കഥാപാത്രം ഓര്‍മയിലില്ല. ഇമ്രാനെപോലൊരു മകനെയും സഹോദരനെയും ചങ്ങാതിയേയും ആരും ആഗ്രഹിച്ചുപോകും. എന്നാല്‍ ഇത്രയധികം മതചിഹ്നങ്ങള്‍ കൊണ്ടുനടക്കുന്ന, മതാചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു കഥാപാത്രത്തെ അടുത്ത കാലത്തൊന്നും സിനിമയില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇമ്രാന്റെ നന്മ നിറഞ്ഞ ഇടപെടലുകള്‍ പറിച്ചു മാറ്റാനാവാത്തവിധം അയാളുടെ മതസ്വത്വവുമായി പറ്റിപ്പിടിച്ചു നില്‍ക്കുകയാണ്. അയാളുടെ ജീവിതപരിസരത്തെവിടെയും മറ്റ് മതവിശ്വാസികളെയോ, മതേതരവ്യക്തികളെയോ നാം കണ്ടുമുട്ടുന്നില്ല. കഥ നടക്കുന്ന പ്രദേശത്തിന്റെ/ തെരുവിന്റെ പ്രത്യേകതയാണോ എന്നറിയില്ല.

സിനിമയുടെ കണ്ണാടി സമൂഹത്തിന് നേരെ തിരിച്ചു പിടിക്കുമ്പോള്‍ അതില്‍ മതവിശ്വാസിയും നിരീശ്വരവാദിയും മതതീവ്രവാദിയുമെല്ലാം തെളിയും. അതില്‍ തെറ്റില്ല. പക്ഷേ, ആത്യന്തികമായി ആ കഥാപാത്രം തേടുന്ന/ നേടുന്ന ഇടമാണ് പ്രശ്‌നം. പ്രതിബിംബം മഹത്വവത്കരിക്കപ്പെടുന്നുണ്ടെങ്കില്‍ അവിടെയാണ് പ്രശ്‌നം. അഭ്രപാളിയിലെ കൊച്ചിക്കാഴ്ച്ചകളില്‍ ഏറ്റവും മനോഹരവും സത്യസന്ധവുമായത് അന്നയും റസൂലുമാണ്. റസൂല്‍ ലക്ഷണമൊത്തെ മതവിശ്വാസിയാണ്. അയാള്‍ ഈദ്ഗാഹില്‍ നിസ്‌കരിക്കുന്ന സീന്‍ അഭിനയത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്. റസൂല്‍ വീട്ടില്‍ നിസ്‌കരിക്കുന്ന രംഗവുമുണ്ട്. പക്ഷേ, അതെല്ലാം അയാളുടെ സ്വകാര്യത മാത്രമാണ്. പൊതുഇടങ്ങളില്‍, വ്യവഹാരങ്ങളില്‍ മതത്തിന്റെ കെട്ടുപാടുകളില്ലാതെ തികച്ചും സ്വതന്ത്രനായി വിഹരിക്കുന്ന പറവയാണയാള്‍. റസൂലിന്റെ സൗഹൃദങ്ങള്‍ക്കോ, പ്രണയത്തിനോ മതം കൂച്ചുവിലങ്ങിടുന്നില്ല. മാത്രമല്ല, ‘അന്നയെ മതം മാറ്റുമോ?’ എന്ന അന്നയുടെ ചേച്ചിയുടെ ചോദ്യത്തിന്, ‘എന്തിന്? ഞാന്‍ മാറുകയുമില്ല, അവളെ മാറ്റുകയുമില്ല’ എന്ന റസൂലിന്റെ നിഷ്‌കളങ്കമായ ഉത്തരം ഒരു നിലപാടാണ്.

"</p

റസൂലിന്റെ നേര്‍വിപരീതമാണ് ഇമ്രാന്‍. അയാള്‍ക്ക് മതത്തിന്റെ പുറത്തുള്ള പൊതുഇടങ്ങള്‍ പരിചിതമാണെന്ന് തോന്നുന്നില്ല. ഇമ്രാന്‍ ഫോണ്‍ എടുക്കുമ്പോഴും, തമ്മില്‍ക്കണ്ട് പിരിയുമ്പോഴും സലാം വീട്ടാന്‍ മറക്കില്ല, തലയില്‍ തൊപ്പി(skullcap) വെക്കും. മീശ വടിച്ച് താടി വളര്‍ത്തും, മുടങ്ങാതെ പള്ളിയില്‍ പോകും, കൂട്ടുകാരെ ശാസിക്കും…അങ്ങനെ, ഒരു ചെറുപ്പക്കാരന്റെ രൂപഭാവാദികള്‍ നിലനിര്‍ത്തുമ്പോഴും സുഹൃത്തുക്കള്‍ക്കിടിയില്‍പ്പോലും കാരണവസ്ഥാനത്തേക്ക് അയാള്‍ ഉയരുന്നുണ്ട്. ഇമ്രാന്റെ ഹൃദയവിശാലതക്കുപരി, അയാളുടെ മത-യാഥാസ്ഥിതിക നിലപാടുകളാണ് മുതിര്‍ന്നവര്‍ക്ക് അയാളെ തങ്ങളുടെ മക്കളെക്കാള്‍ പ്രിയങ്കരനാക്കുന്നത്. അങ്ങനെയാണയാള്‍ റസൂല്‍ നിന്ന് വ്യത്യസ്തനാകുന്നത്. എല്ലാവരും റസൂലാകേണ്ട കാര്യവുമില്ല. റസൂലിന് റസൂലിന്റെ വഴി, ഇമ്രാന് ഇമ്രാന്റെ വഴി.

കാവിചുറ്റി, കുറുവടിയും കുന്തവും വാളും കറക്കി വെള്ളിത്തിരയിലെത്തിയ സവര്‍ണ്ണമാടമ്പികള്‍ ആര്‍ക്കാണ് ഊര്‍ജം പകര്‍ന്നതെന്ന് നാം കണ്ടുകഴിഞ്ഞു. അവിടെ നിന്ന്, പുത്തന്‍ സിനിമയുടെ ആകാശത്തിലേക്ക് പറക്കുമ്പോള്‍ മതയാഥാസ്ഥിതികതയുടെയും വിശ്വാസചിഹ്നങ്ങളുടെയും സ്ഥാനം എവിടെയാവണമെന്ന് കൂടി നമുക്ക് ആലോചിക്കാവുന്നതാണ്.

"</p

പക്ഷേ ഇതാണ് യഥാര്‍ത്ഥ മട്ടാഞ്ചേരിയെന്ന പ്രതീതി പുതുതലമുറയുടെ മനസിലെങ്കിലും വരച്ചിടാന്‍ ചിത്രം ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് ചെറുതല്ലാത്ത ഭേദഗതി വേണ്ടിവരും. അതിനുള്ള കരുത്ത് പശ്ചിമകൊച്ചിയുടെ ചരിത്രത്തിനും വര്‍ത്തമാനത്തിനുമുണ്ട്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആലങ്കാരികതയ്ക്കപ്പുറത്തുള്ള മതേതര പാരമ്പര്യവും സാംസ്‌കാരികവൈവിധ്യവുമാണ് ഈ പ്രദേശത്തിനുള്ളതെന്ന് ആര്‍ക്കാണറിയാത്തത്? ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍, ജൂതര്‍, ജൈനര്‍, കൊങ്ങിണികള്‍, ബുദ്ധമതാനുയായികള്‍, ഗുജറാത്തി-തമിഴ്-ആംഗ്ലോ ഇന്ത്യന്‍-കച്ചി മേമന്‍ സമൂഹങ്ങള്‍…മലയാളത്തിനു പുറമേ 16 ഭാഷകള്‍ ഇവിടെയുണ്ട്. സമാനതകളില്ലാത്ത പരിച്ഛേദമാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. തൊഴിലാളികളെ അടിമകളാക്കിയ ചാപ്പ സമ്പ്രദായത്തിന് അറുതി കുറിച്ച ഐതിഹാസിക പ്രക്ഷോഭത്തില്‍ വെടിയേറ്റു വീണ ധീരരക്തസാക്ഷികളുടെ നാട് കൂടിയാണ് മട്ടാഞ്ചേരി.

‘പട്ടാളത്തെ പുല്ലായി കരുതിയ
മട്ടാഞ്ചേരി മറക്കാമോ…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍