TopTop
Begin typing your search above and press return to search.

ജീവിതം എന്ന സിനിമാക്കഥ

ജീവിതം എന്ന സിനിമാക്കഥ

വിഷുദിനം. ഏഷ്യനെറ്റ് ചാനലില്‍ 'പ്രേമം' എന്ന സിനിമ. കോളേജിലെ സ്റ്റേജിന്റെ അടിയില്‍ വെടി പൊട്ടിച്ചു സ്ലോ മോഷനില്‍ നിവിന്‍ പോളിയും കൂട്ടരും നടന്നുവരുന്നതു കണ്ട് അനിയന്റെ മകന്‍ നാല് വയസുള്ള ഗോവര്‍ദ്ധന്‍ എന്ന ഉണ്ണിയും അതിനെ അനുകരിച്ച് സ്ലോ മോഷനില്‍ നടക്കുകയാണ്. വീട്ടില്‍ എല്ലാവരും ഉണ്ണിയെ കളിയാക്കി ചിരിക്കുന്നുണ്ടെങ്കിലും അവന്റെ പെര്‍ഫോമന്‍സില്‍ ആഹ്ലാദിക്കുന്നുമുണ്ട്. നിവിന്‍ പോളി അടികൂടുമ്പോള്‍ അവനും അടി കൂടുന്നു. നിവിന്‍ ഡാന്‍സ് കളിക്കുമ്പോള്‍ ഒപ്പം ഉണ്ണിയും കളിക്കുന്നു. എല്ലാവരും അവനെ കളിയാക്കുന്നു. ഇടയ്ക്ക് ചാനല്‍ മാറിയപ്പോള്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഒരു ഡയലോഗ് കേട്ടു. അതിങ്ങനെയും കുറിക്കാം: നൂറില്‍ തൊണ്ണൂറ്റി അഞ്ചു പേരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ സിനിമാ നടന്‍ ആകണം എന്ന് ആഗ്രഹമുള്ളവര്‍ തന്നെയാണ്. ഒന്ന് കൂടെ വിപുലീകരിച്ചാല്‍ നൂറില്‍ നൂറു പേരുടെയും ജീവിതത്തില്‍ എവിടെ എങ്കിലുമൊക്കെ ഒരിക്കലെങ്കിലും സിനിമ സ്പര്‍ശിക്കാതെ പോയിട്ടുണ്ടാകില്ല. അവിടെയാണ് സിനിമ എന്ന ഓര്‍മ ഒരു കുത്തൊഴുക്കായി അങ്ങ് കാലം കടന്നും ഒഴുകുക.

ഒരിക്കല്‍ ഫേസ് ബുക്കില്‍ കുറിച്ചതാണെങ്കിലും വീണ്ടും എഴുതുകയാണ്;

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍. കണ്ണൂരിലുള്ള പഴയങ്ങാടിയിലെ മാടായി സൗത്ത് എല്‍ പി സ്‌കൂള്‍ എന്ന ഒരു കൊച്ചു സ്‌കൂളില്‍ പഠിക്കുന്നു. നാല് മണിക്കാണു സ്‌കൂള്‍ വിടുക. പക്ഷെ തൊട്ടടുത്തുള്ള പ്രതിഭ ടാക്കീസില്‍ മൂന്നു മണിക്ക് തന്നെ പാട്ടുവെയ്ക്കും. 'മകര സംക്രമ സൂര്യോദയം' എന്ന പാട്ട്. മൂന്നര മണിക്ക് മാറ്റിനി തുടങ്ങും. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക് അന്നു സിനിമ കാണാന്‍ ഒരു കാരണവശാലും ഒറ്റക്ക് പോകാന്‍ പറ്റില്ല. പക്ഷെ ഒരു കാര്യം ഒരു നാലാം ക്ലാസ്സുകാരനോ ഒരുപാട് നാലാം ക്ലാസ്സുകാരോ സ്വയം നേടിയെടുത്തിരുന്നു. പ്രതിഭാ ടാക്കീസിനു മുന്നിലെ 'യാത്ര' എന്ന സിനിമയുടെ ഒരു പോസ്റ്ററില്‍ തുണിസഞ്ചിയും തൂക്കി നടന്നു പോകുന്ന താടിവെച്ച മനുഷ്യന്റെ രൂപം. പ്രതിഭയിലോ അതോ തൊട്ടടുത്ത സ്റ്റാര്‍ ടാക്കീസിലോ (ഓര്‍മയില്ല) ഇരുപത്തിയഞ്ചു ദിവസങ്ങള്‍ക്ക് മേല്‍ ഓടിയ ആ സിനിമയിലെ ഒരിക്കലും നടത്തം പൂര്‍ത്തിയാക്കാത്ത മനുഷ്യനെ ചില നാലാം ക്ലാസുകാര്‍ നോക്കി നിന്നിരുന്നു. ആ പോസ്റ്ററില്‍ കുറിച്ചിട്ട 'ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ മലയാളത്തിലെ ഏറ്റവും നല്ല സിനിമ കണ്ടിട്ടില്ല' എന്ന വാചകം ഒരു ആയിരം തവണയെങ്കിലും വായിച്ചിരുന്നു. എന്നാണ് മലയാളത്തിലെ ഏറ്റവും നല്ല ആ സിനിമ കാണാന്‍ പറ്റുക എന്നു വെറുതെയെങ്കിലും മോഹിച്ചു നടന്നിരുന്നു. പിന്നെ കുറേക്കാലം കഴിഞ്ഞു വീട്ടില്‍ ക്രൗണ്‍ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി വി വാങ്ങിച്ചു. ഒരു കൊല്ലം കഴിഞ്ഞപ്പോഴെ ടി വിയുടെ ചെവിയിലൂടെ പുക പോകുന്ന അവസ്ഥയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമിലാണ് യാത്രയുടെ അവസാനത്തെ സീന്‍ കണ്ടത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി വിയില്‍ നക്ഷത്രങ്ങള്‍ പുതപ്പു വിരിച്ച ഒരു താഴ്‌വാരത്തില്‍ മമ്മൂട്ടിയും ശോഭനയും ഒരുമിക്കുന്നത് കണ്ട് ഒരു ഏഴാം ക്ലാസ്സുകാരന്‍ കരഞ്ഞിരുന്നു. പിന്നെയും മുപ്പതു വഷങ്ങള്‍ക്ക് ശേഷം കൊച്ചിയിലെ ഒരു കോളേജില്‍ പൊതുജനങ്ങള്‍ക്കായി യാത്ര എന്ന സിനിമ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രദര്‍ശിച്ചപ്പോഴാണ് അവിടെ അതിഥിയായി എത്തിയ യാത്രയുടെ രചയിതാവായ ജോണ്‍ പോള്‍ എന്ന മനുഷ്യനെ ആദ്യമായി കണ്ടത്. ജീവിതത്തില്‍ ആദ്യമായി കരയിപ്പിച്ച ഒരു സിനിമ എഴുതിയ ആ മനുഷ്യനെ കണ്ടപ്പോള്‍ മുഖത്ത് അത്ഭുതങ്ങളൊന്നും വിരിഞ്ഞില്ലെങ്കിലും മുപ്പതു വര്‍ഷത്തിനു ശേഷം ജീവിതത്തില്‍ സിനിമയുടെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ നേടി എന്ന് അന്ന് തോന്നിയിരുന്നു.

പെരിങ്ങീല്‍ എന്ന ഞങ്ങളുടെ ദേശത്ത് സിനിമ ആസ്വദിക്കുന്നതിന് വേറെ ഒരു രീതി കൂടി ഉണ്ടായിരുന്നു. അവധിക്കാലത്താണ് അച്ഛന്റെ നാടായ പെരിങ്ങീലിലേക്ക് പോവുക. അവിടെ ഞായറാഴ്ച്ച കുഞ്ഞമ്മമാരൊക്കെ അവരുടെ പണികളൊക്കെ വേഗം തീര്‍ത്ത് രണ്ടു മണിക്ക് മുമ്പ് തന്നെ ചോറ് വിളമ്പും. പാത്രങ്ങളും കഴുകി പേന്‍ നോക്കാനിരിക്കും. പരദൂഷണത്തിനുള്ള സമയം കൂടിയാണത്. അങ്ങോട്ടു ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല. ഞങ്ങളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് നിരോധനമില്ല. അക്കാലങ്ങളില്‍ ഒന്നിടവിട്ട ഞായറാഴ്ചകളിലാണ് സിനിമയുടെ ശബ്ദരേഖകള്‍ ഉണ്ടാവുക. അങ്ങനെയുള്ള ഞായറാഴ്ചകളിലൊന്നിലാണ് കിലുക്കത്തിന്റെ ശബ്ദരേഖ കേട്ട് പേന്‍ നോക്കുന്ന പെണ്ണുങ്ങളും ബീഡി വലിച്ചിരിക്കുന്ന ആണുങ്ങളും ഞങ്ങളും കുട്ടികളും ഒക്കെ ചിരിച്ചു മറിഞ്ഞത്. അച്ചാച്ചന്‍ മുതല്‍ ഞങ്ങളുടെ അനിയന്‍വരെ. വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു സ്‌കൂളില്‍ എത്തുമ്പോള്‍ അതാ നിശാമോന്‍ യൂസഫ് എന്ന ഒരു പാട്ടുകാരന്‍ കിലുക്കത്തിലെ 'അതെന്താ മൂക്കില്ലേ?' എന്ന ജഗതി ഡയലോഗ് അടക്കം കിലുക്കത്തിലെ മുഴുവന്‍ ഡയലോഗും പറഞ്ഞ് അങ്ങ് ഷൈന്‍ ചെയ്യുന്നു. അല്ലെങ്കിലെ ആ പരമ ദുഷ്ടന്‍ സ്‌കൂളിലെ ഏറ്റവും നല്ല പാട്ടുകാരനാണ്; അതിന്റെ കൂടെ കള്ള പഹയന്‍ കിലുക്കത്തിലെ ഡയലോഗ് മുഴുവന്‍ പഠിച്ച് അങ്ങ് കസറുകയാണ്. അങ്ങനെ കുറെക്കാലം കഴിഞ്ഞ് ഒരിക്കല്‍ എന്റെ ഭാഗ്യത്തിന് കിലുക്കത്തിലെ ശബ്ദരേഖ വീണ്ടും റേഡിയോയില്‍ കേള്‍ക്കാന്‍ സാധിച്ചു. ഒരു സൈഡില്‍ വലിയ ചക്രം പോലെ സ്പീക്കര്‍ ഉള്ള നാഷണലിന്റെ ടേപ്പ് റെക്കോര്‍ഡില്‍ കിട്ടിയ ഒരു കാസറ്റില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ മായ്ച്ചു കളഞ്ഞു കിലുക്കത്തിന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തു പഠിച്ചു. ഡിഗ്രി സമയത്തു വന്ന കൊടൈക്കനാല്‍ ടൂറില്‍ ബസ്സില്‍വെച്ചു കിലുക്കത്തിലെ ഡയലോഗുകള്‍ അങ്ങ് കാച്ചി വിട്ടപ്പോള്‍ പെണ്‍കുട്ടികളൊക്കെ ചുറ്റും കൂടിയപ്പോള്‍ മനസ്സ് ഇങ്ങനെയാണു പറഞ്ഞത്; 'മോനെ നിശാമോനെ... ഞാനും ഗോള്‍ അടിച്ചെടാ...'നിശാമോനും ഞാനുമൊക്കെ പഠിച്ചിരുന്ന ഇടുക്കി ജില്ലയിലെ പീരുമേട് എന്ന സ്ഥലത്തെ മരിയഗിരി സ്‌കൂളിലെ ഞങ്ങളുടെ അതെ ക്ലാസ്സിലാണ് സുനില്‍ എം സെബാസ്റ്റ്യന്‍ എന്ന കള്ളപ്പെരുച്ചാഴിയായ സിനിമ പ്രാന്തന്‍ പഠിച്ചിരുന്നത്. സുനില്‍ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചത്. ഓരോ വെക്കേഷന്‍ കഴിഞ്ഞു വരുമ്പോഴും സുനിലിനു തമിഴ് സിനിമകളുടെ കഥകള്‍ പറയാനുണ്ടാകും. അക്കാലത്ത് പീരുമേട്ടില്‍ ആന്റിനകള്‍ വളരുന്ന കാലം ആയിരുന്നു. ഞങ്ങള്‍ ഒരിക്കല്‍ വീടിന്റെ മതിലില്‍ ചാരി ഇരുന്നു മീന്‍ മുള്ള് പോലെ ഒരു കമ്പിയുടെ അറ്റത്ത് ഒരു കാറ്റ് വന്നാല്‍ പറക്കാന്‍ തയ്യാറാകുന്ന ആന്റീനകളുടെ എണ്ണം എടുത്തു. ഏകദേശം അമ്പത്തേഴോളം ആന്റിനകള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ അച്ഛന്റെ ക്വാര്‍ട്ടേഴ്‌സ് ഒരു കുന്നുംപുറത്ത് ആയിരുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് കൊടൈക്കനാല്‍ എന്ന തമിഴ് ചാനല്‍ ആയിരുന്നു കിട്ടിയത്. കമലഹാസന്റെ സിനിമകള്‍ ഇഷ്ടമല്ലാത്ത ഞങ്ങള്‍ രജനികാന്തിന്റെ അടിപ്പടം കാണാന്‍ ഞായറാഴ്ചകള്‍ വരാന്‍ ഞങ്ങള്‍ കാത്തിരുന്നു. അന്നു തിരുവനന്തപുരം ചാനല്‍ ഞായറാഴ്ച ഹിന്ദി സിനിമ കാണിച്ചപ്പോള്‍ കൊടൈക്കനാല്‍ തമിഴ് സിനിമ കാണിച്ചു സ്വന്തം ഭാഷയോട് കൂറ് കാട്ടി. ക്ലാസിലെ ഹരിഹരന്‍ എന്ന തമിഴ് നാട്ടുകാരന്‍ തമിഴ് വായിക്കാനും എഴുതാനും പഠിപ്പിച്ചപ്പോള്‍ തമിഴ് സിനിമ ഒന്നൂടെ മനസ്സിലായി. സിനിമക്ക് വേണ്ടി സിനിമയിലൂടെ അങ്ങനെ തമിഴും പഠിച്ചു. സുനില്‍ ആയിരുന്നു ചിലപ്പോള്‍ വണ്ടിപ്പെരിയാറിലെ ടാക്കീസുകളില്‍ നിന്ന് തമിഴ് സിനിമ കണ്ടു കഥ പറഞ്ഞു തരിക. സത്യരാജും രജനിയും വിജയകാന്തും ഒക്കെ ഞങ്ങളുടെ നായകന്മാരായി. അക്കാലത്താണ് രാജനികാന്തിന്റെയും മമ്മൂട്ടിയുടെയും തകര്‍പ്പന്‍ സിനിമ ദളപതി റിലീസ് ആകുന്നത്. വെക്കേഷന്‍ സമയം അല്ലാത്തത് കൊണ്ട് ഹോസ്റ്റലില്‍ നിന്നും സിനിമ കാണാന്‍ പോകാന്‍ പറ്റില്ല. പക്ഷെ സുനില്‍ പറഞ്ഞു 'ഞാന്‍ എങ്ങനെയെങ്കിലും ആ സിനിമ കാണും. അതും ആദ്യത്തെ ദിവസം തന്നെ.' സുനില്‍ എന്തൊക്കെയോ പ്ലാന്‍ ഇട്ടു. വീട്ടില്‍ ആര്‍ക്കോ അസുഖമാണെന്നോ മറ്റോ പറഞ്ഞു ഹോസ്റ്റലില്‍ നിന്ന് ചാടി ദളപതി ആദ്യത്തെ ദിവസം തന്നെ കണ്ടു. പക്ഷെ അവന്‍ പിടിക്കപ്പെട്ടു. നല്ല ചൂരല്‍ കഷായം കിട്ടി എന്നാണ് എന്റെ ഓര്‍മ. പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ദളപതി ഞങ്ങള്‍ കണ്ടത്.

പീരുമേട്ടില്‍ തന്നെയുള്ള എസ് എം എസ് ക്ലബ്ബില്‍ മാസത്തില്‍ ഒരിക്കലോ മറ്റോ ഒരു തിരശീല വലിച്ചു കെട്ടി സിനിമ ഉണ്ടാകുമായിരുന്നു. എസ് എം എസ് ക്ലബ്ബിലെ സ്റ്റേജിന് എതിരെ ആയി ഒരു വെള്ളത്തുണി വലിച്ചു കെട്ടും. സ്റ്റേജ് അപ്പോള്‍ ബാല്‍ക്കണിയാകും. സ്റ്റേജിനു താഴെയുള്ള ഇടം ഫസ്റ്റ് ക്ലാസ്. അവിടെ കസേര. അതിനും മുമ്പില്‍ ബെഞ്ച്. ആ ബെഞ്ചിന് ഒരു രൂപയോ മറ്റോ ആണ് ടിക്കറ്റ്. ഒരാഴ്ച മുമ്പോ മറ്റോ എസ് എം എസ് ക്ലബ്ബില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെടും. അടുത്ത ഇന്ന ദിവസം എസ് എം എസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ 'ആവനാഴി', 'ഉണ്ണികളെ ഒരു കഥ പറയാം', 'എഴുതാപ്പുറങ്ങള്‍', 'തനിയവര്‍ത്തനം' അങ്ങനെയുള്ള സിനിമകള്‍. ഒരാഴ്ച മുമ്പേ നിവേദനം കൊടുത്താല്‍ ചിലപ്പോള്‍ ചില സിനിമകള്‍ കാണാം. അങ്ങനെയൊക്കെ ആയിരുന്നു മമ്മൂട്ടിയുടെ പൊട്ടിത്തെറിച്ച ആവനാഴി ഒക്കെ കണ്ടത്. അതുപോലെ ഞായറാഴ്ചകള്‍ തിരുവനന്തപുരം ചാനലില്‍ മലയാളം സിനിമ കാണാന്‍ വലിയ ജനം തന്നെ ഉണ്ടാകുമായിരുന്നു. ജനം കൂടി നിന്ന എസ് എം എസ് ക്ലബ്ബില്‍ സൈഡില്‍ സ്വിച്ച് ഉള്ള ഒരു കെല്‍ട്രോണ്‍ ടി വി ക്ലബ്ബിലെ ചേട്ടന്മാര്‍ വലിയ സ്‌റ്റൈലില്‍ കൊണ്ടുവയ്ക്കും. ആ ടി വിയില്‍ ഒരു ജനം മുഴുവന്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ 'തുണി ഉടുത്താലും ശരീരം കാണുന്ന കണ്ണട'യുടെ തമാശ കണ്ട് ആര്‍ത്തു ചിരിച്ചു. പീരുമേട്ടില്‍ നിന്ന് തന്നെ അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള പാമ്പനാര്‍ ശാന്തി എന്ന തൂണുകള്‍ നിറഞ്ഞ ടാക്കീസില്‍ 'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമ കുടുംബത്തോടൊപ്പം കണ്ടു കൈയടിച്ചു.

എംബിബിഎസ് എന്‍ട്രന്‍സ് എഴുതാന്‍ പ്രീ ഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ് എടുത്ത് പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്നപ്പോഴാണ് മനസ്സിലായത്, ഡോക്ടര്‍ പോയിട്ട് ഒരു കമ്പൗണ്ടര്‍ പോലും ആകാന്‍ നമ്മളെക്കൊണ്ടൊന്നും കഴിയില്ല എന്ന്. പിന്നെ മെല്ലെ പയ്യന്നൂര്‍ കോളേജിലെ 'താമസം' പയ്യന്നൂരിലെ ടാക്കീസുകളിലെക്ക് മാറ്റി. ഫിസിക്‌സിലെ വന്‍ ഡൈമെന്‍ഷന്‍ മോഷന് അപ്പുറം നമുക്കൊരു മൂവ്‌മെന്റും ഉണ്ടാകില്ലെന്ന് മനസ്സിലായെങ്കിലും പയ്യന്നൂര്‍ ശാന്തിയിലെ ഫൂല്‍ ഔര്‍ കാണ്ഡിലെ അജയ് ദേവ്ഗന്റെ സ്റ്റണ്ട് ഞങ്ങളെ വല്ലാതെ 'മൂവ്' ചെയ്യിച്ചു. അജയ് ദേവ്ഗണെ ഞങ്ങള്‍ പ്രണയിച്ചു, സ്റ്റണ്ട് ചെയ്തു. സൂര്യഗായത്രി എന്ന സിനിമ കൂടെ പടിച്ചവരില്‍ നിന്നും ഇരുപത്തിയഞ്ചു പൈസ വീതം തെണ്ടി രണ്ടു രൂപയാക്കി ഏറ്റവും മുന്നിലെ ടിക്കറ്റ് എടുത്ത് കണ്ടു. സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമയില്‍ ജഗദീഷും നരേന്ദ്ര പ്രസാദും കൊമ്പ് കോര്‍ക്കുമ്പോള്‍ സിനിമ സ്‌കോപ്പ് സിനിമ ഏറ്റവും മുന്നില്‍ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും തല ചലിപ്പിച്ചു കണ്ടു. പയ്യന്നൂര്‍ ശോഭയില്‍ നൂണ്‍ ഷോ കമ്പിപ്പടം കണ്ടു ഉച്ചയ്ക്ക് ചോറുണ്ണാന്‍ പൈസ ഇല്ലാത്തത് കൊണ്ട് ഒരു നാരങ്ങ വെള്ളം വാങ്ങിക്കുടിച്ചു. മാറ്റിനിക്ക് അതേ ടാക്കീസില്‍ വാന്‍ഡമിന്റെ ഡബിള്‍ ഇംപാക്ട് കാണാന്‍ കയറി. പയ്യന്നൂര്‍ ശോഭയില്‍ ഒരിക്കല്‍ ഒരു കമ്പിപ്പടത്തിന്റെ ഇന്റര്‍വലിനു ശേഷം ഒരു ഇംഗ്ലീഷ് പടത്തിന്റെ 'തുണ്ട്' സീന്‍ മുഴുവന്‍ കണ്ടതിനു ശേഷം നമുക്ക് പോകാം എന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ 'നിക്ക് സിനിമയുടെ കഥ മനസ്സിലാക്കിയിട്ടു പോകാം' എന്ന് കൂട്ടുക്കാരന്‍ പറഞ്ഞപ്പോള്‍ മോന്തക്ക് മൂന്നടി കിട്ടിയ പോലെ ഞെട്ടല്‍ ആയിരുന്നു. പയ്യന്നൂര്‍ കോളേജിലെ ഇംഗ്ലീഷ് ക്ലാസുകളെക്കാള്‍ പയ്യന്നൂര്‍ ശോഭയിലെ തുണ്ട് പടങ്ങളില്‍ നിന്നുമായിരുന്നു ഞങ്ങള്‍ ഇംഗ്ലീഷ് പഠിച്ചത്. കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപി കോട്ടുമിട്ടുവരുന്ന ഇന്‍ട്രൊഡക്ഷന്‍ സീനില്‍ നല്ല ഉറക്കെ തന്നെ കൂവിയെങ്കിലും വൈകുന്നേരം വീട്ടില്‍ വന്നു കണ്ണാടിക്കു മുന്നില്‍ സുരേഷ് ഗോപി കളിച്ചു. ഒരു പ്രണയം തകര്‍ന്നു തരിപ്പണമായി ഇനി എന്ത് ചെയ്യണം എന്നറിയാതെ മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍ കണ്ണൂര്‍ കവിത തിയേറ്ററില്‍ കയറി പ്രജ എന്ന സിനിമ കണ്ടപ്പോള്‍ ഭൂമിയില്‍ വെറുപ്പിക്കല്‍ പല തരത്തില്‍ ഉണ്ടെന്നും അത് പ്രണയം മാത്രം അല്ല എന്നും മനസ്സിലായി. പ്രജ കാരണം തുടര്‍ന്നും ജീവിച്ചു.കാലം പിന്നെയും കടന്നു പോയി. കൗമാരം മുതല്‍ ഏകദേശം ഇരുപത്തി രണ്ടു വര്‍ഷം സിനിമയില്‍ ഒന്നും ആകാതെ ഇങ്ങനെ സിനിമയെ സ്‌നേഹിച്ചു ജീവിച്ചു. ജീവിതത്തില്‍ എന്തെങ്കിലും തകര്‍ച്ച ഉണ്ടെങ്കില്‍ അപ്പുറത്ത് സിനിമ ഉണ്ടല്ലോ എന്ന ഉറപ്പില്‍ ജീവിച്ചു. പൌലോ കൊയ്‌ലോയുടെ ഡയലോഗ് ഒക്കെ ശുദ്ധ അസംബന്ധമാണെന്ന് ജീവിതം തെളിയിച്ചു. നിങ്ങള്‍ എന്തെങ്കിലും ഒന്ന് തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളെ തേടി വരും. പക്ഷെ സിനിമ ഒരിക്കലും ഞങ്ങളെ തേടി വന്നില്ല. പക്ഷെ സിനിമയെ അങ്ങോട്ട് തേടി പോകാതെ തരമില്ലാതിരുന്നു. ഇടയില്‍ എന്റെ തന്നെ സുഹൃത്ത് അനൂപ് രമേഷിന്റെ സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യാന്‍ പറ്റി. എന്നിട്ടും എവിടെയും എത്തിയില്ല. പിന്നെയും കാലം കടന്നു പോയി. അങ്ങനെ അവസാനം കൊച്ചിയിലെ കോളേജ് അധ്യാപകന്റെ ജോലി രാജി വച്ച് ഒരു സിനിമയിലെ ഓഡിഷന് സ്വന്തം ഫോട്ടോ അയച്ചു കൊടുത്തു. ഒക്ടോബര്‍ മാസത്തില്‍ ഒരു ഫോണ്‍ വന്നു; സമീര്‍ താഹിര്‍ എന്ന സംവിധായകന്റെ അസിസ്റ്റന്റ് ആയ നാഫി എന്ന ചെറുപ്പക്കാരന്റെ ഫോണായിരുന്നു. നേരിട്ട് ചെന്നു കണ്ടു. നിങ്ങളെ ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയില്‍ വിനായകന്റെ കൂടെയുള്ള ഒരു ഗുണ്ടയായി തെരഞ്ഞെടുത്തു എന്ന് പറഞ്ഞു. ഉള്ളിലെ സന്തോഷം അടക്കാന്‍ വയ്യാതെ 'ഉറപ്പാണോ?' എന്ന് ചോദിച്ചു. ഒരു പതിനഞ്ചു ദിവസത്തിനു ശേഷം നാഫി വീണ്ടും വിളിച്ചു റോള്‍ ഉറപ്പാണെന്നും സംവിധായകന് നേരിട്ട് കാണണം എന്നും പറഞ്ഞു. സമീര്‍ താഹിര്‍ എന്ന സംവിധായകനെ അതിരപ്പള്ളിയിലെ ഒരു ഹോട്ടലില്‍ പോയി കണ്ടു. ഒരു നോട്ടം നോക്കിയിട്ട് അദ്ദേഹം, 'ആ, ഓക്കേ' എന്ന് പറഞ്ഞു.

പന്ത്രണ്ടു രാത്രികളിലും ഒരു പകലും ആയിരുന്നു ഷൂട്ടിംഗ്. വിനായകന്റെ കൂടെ ഉള്ള ഗുണ്ടകളായി അഭിനയിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരും പഴയ ആളുകളുമായി ഏകദേശം പത്തോളം പേര്‍. 'ഹും... എന്റെ കൂടെ അഭിനയിക്കുന്ന ഗുണ്ട...' എന്ന് പറഞ്ഞ് വിനായകന്‍ നന്നായി കളിയാക്കി. എല്ലാ പത്ത് പേര്‍ക്കും ഞങ്ങള്‍ സ്‌ക്രീനില്‍ തെളിയുമോ എന്നുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായുള്ള സിനിമ പ്രാന്ത് അല്ലെങ്കില്‍ ക്യാമറയുടെ മുന്നില്‍ ഒന്ന് തല കാണിക്കുക അല്ലെങ്കില്‍ ഈ പന്ത്രണ്ടു ദിവസം മറ്റൊരു സിനിമയുടെ നിര്‍മാണം പഠിക്കുക എന്നത് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമയില്‍ കണ്ടാലും ഇല്ലെങ്കിലും ഒരു ക്യാമറയുടെ മുന്നില്‍ നില്‍ക്കുക എന്ന ഇരുപത്തിരണ്ടു വര്‍ഷത്തെ മോഹം പൂര്‍ത്തിയായപ്പോള്‍ ഒരു ഗ്ലാഡിയേറ്ററെ പോലെ ഒറ്റയ്ക്ക് പോയി പലപ്പോഴും ആകാശത്ത് കൈ ഉയര്‍ത്തി. രാജേഷ് ഗോപിനാഥന്‍ എന്ന തിരക്കഥാകൃത്ത് നിങ്ങളെ ഫേസ്ബുക്കില്‍ ഒക്കെ കണ്ടിട്ടുണ്ട് എന്നുപറഞ്ഞു സൗഹൃദം പുലര്‍ത്തി .ദുല്‍ഖറുമായിട്ട് സ്റ്റണ്ട് സീന്‍ ആയിരുന്നു ഉണ്ടായിരുന്നത്. സ്റ്റണ്ട് മാസ്റ്ററും ടീമും ഞങ്ങളെ സ്റ്റെപ്പ് പഠിപ്പിച്ചു തന്നു. അതിനിടയില്‍ ജീവിതം മുഴുവന്‍ സിനിമയുമായി നടക്കുന്ന, തമിഴ്‌നാട്ടില്‍ നിന്ന് വന്നു കൊച്ചിയില്‍ താമസിക്കുന്ന മുരുകനെ പരിചയപെട്ടു. രാത്രിയിലെ ഷോട്ടുകള്‍ക്കിടയില്‍ ഒരു ബീഡി പങ്കു വയ്ക്കുന്നതിനിടയില്‍ മുരുകന്‍ തന്റെ ജീവിതവും പങ്കുവച്ചു. വിഷ്ണു, ബൈജു ചേട്ടന്‍, അജ്മാന്‍ തമിഴ്‌നാട്ടുകാരന്‍, രത്‌നകുമാര്‍, ഷാജി ചേട്ടന്‍, വിജിലേഷ് അങ്ങനെ പലരുമായി കൂട്ടായി. സമീര്‍ താഹിര്‍ ചില നിര്‍ദേശങ്ങള്‍ തന്നു. മൈക്കിലൂടെ സംവിധായകന്‍ ഞങ്ങളുടെ പേര് വിളിക്കുമ്പോള്‍ ദേഹമാകെ കുളിരു കോരി. എന്റെ അനിയത്തി സൗമ്യ ഏട്ടന്റെ സിനിമ പുറത്ത് വരാന്‍ കാത്തിരുന്നു. 'ഞാനുണ്ടാകുമോ എന്ന് ഒരു ഉറപ്പുമില്ല' എന്ന് അവളോട് നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അവസാനം സിനിമ ഇറങ്ങി. കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതു കൊണ്ട് സെക്കന്‍ഡ് ഷോയ്ക്ക് കേറി. എന്റെ അടുത്തിരുന്ന അടുത്ത സുഹൃത്തുക്കളായ തമ്പാട്ടിയോടും രജീഷിനോടും രാത്രിയിലെ ഒരു സ്റ്റണ്ട് സീനില്‍ ഒറ്റ ഷോട്ടില്‍ ഞാന്‍ 'അതാ ഞാന്‍' എന്ന് കാണിച്ചു കൊടുത്തപ്പോള്‍ തമ്പാട്ടി 'എവിടെ?' എന്ന് ചോദിക്കുന്നുണ്ടായിരുന്നു. 22 വര്‍ഷങ്ങളുടെ യാത്രക്ക് ശേഷം തിരിച്ചറിയപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും 'കലി' എന്ന സിനിമയുടെ തിരശീലയില്‍ തെളിഞ്ഞത് ഒരു നിര്‍വാണം കിട്ടിയ സന്തോഷമായിരുന്നു. കോളിളക്കം എന്ന ആദ്യ സിനിമ കണ്ടു കരഞ്ഞ ഒരു കുട്ടി, സിനിമയില്‍ ഒരു കത്തി കണ്ടാല്‍ കരയുന്ന ഒരു ചെറിയ കുട്ടി ഒരു ഗുണ്ടയായി ദുല്‍ഖറുമായി അടി കൂടുന്നവരുടെ കൂട്ടത്തില്‍. ഇനി ചത്താലും വേണ്ടീല്ല എന്നായി.

വളരെ സ്‌നേഹപൂര്‍വമാണ് 'കലി'യുടെ ഷൂട്ടിംഗിനിടയില്‍ ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും സമീര്‍ താഹിറും നിര്‍മാതാവ് ഷൈജു ഖാലിദും ഒക്കെ പെരുമാറിയതെങ്കിലും അവരോടൊക്കെ ബഹുമാനത്തിന്റെ ഒരു അകലം പാലിച്ചു. ഷൂട്ടിങ്ങിന്റെ ഇടയിലാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒന്നാം വിവാഹ വാര്‍ഷികം ആ സെറ്റില്‍ ആഘോഷിച്ചത്. എല്ലാവരും ദുല്‍ഖറിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു വിഷ് ചെയ്തു. എന്റെ ഊഴം വന്നപ്പോള്‍ ഞാനും ഷേക്ക് ഹാന്‍ഡ് കൊടുത്തു. പക്ഷെ അയാളോട് പറയാതെ ഒരു കാര്യം പറഞ്ഞിരുന്നു. താങ്കളുടെ ബാപ്പയുടെ ഒരു പോസ്റ്റര്‍ നോക്കി നിന്ന ഒരു കുട്ടി താങ്കളുടെ കൂടെ തിരശ്ശീലയില്‍ ഒരുമിച്ചിരിക്കുന്നു. ഇതാണ് എന്റെ ജീവിതം. അല്ലെങ്കില്‍ ഇതാണ് ജീവിതം എന്ന സിനിമാക്കഥ. എന്തൊക്കെയോ നേടിപ്പിടിച്ചു എന്ന സന്തോഷത്തോടെ ഒരു തുള്ളി കണ്ണീരോടെ എഴുത്ത് നിര്‍ത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories