TopTop
Begin typing your search above and press return to search.

നിലപാടുകളെ അഹങ്കാരമെന്നല്ല ജോര്‍ജേ വിളിക്കേണ്ടത്; ആ നടന്റെ അച്ഛനെയും ചിലര്‍ അഹങ്കാരിയെന്ന് വിളിച്ചിരുന്നു

നിലപാടുകളെ അഹങ്കാരമെന്നല്ല ജോര്‍ജേ വിളിക്കേണ്ടത്; ആ നടന്റെ അച്ഛനെയും ചിലര്‍ അഹങ്കാരിയെന്ന് വിളിച്ചിരുന്നു
കോടതികള്‍ മാറി മാറി നടന്‍ ദിലീപിന് ജാമ്യം നിഷേധിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൗരവമായൊരു പങ്ക് ആ നടന് ഉണ്ടെന്ന ബോധ്യമാണ് ഓരോ തവണയും, ഹൈക്കോടതിയാണെങ്കിലും മജിസ്‌ട്രേറ്റ് കോടതിയാണെങ്കിലും ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നതിനു കാരണം. അല്ലാതെ കോടതികള്‍ക്ക് വ്യക്തിവിരോധം തോന്നേണ്ട കാര്യമൊന്നുമില്ല. പോലീസിനോ പുറത്തു നില്‍ക്കുന്ന ആര്‍ക്കെങ്കിലുമോ ദിലീപിനെ മനഃപൂര്‍വം അഴികള്‍ക്കുള്ളില്‍ തളച്ചിടാന്‍ കഴിയുന്നുവെന്നും പറയാന്‍ കഴിയില്ല. പക്ഷേ, ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നു പറയുന്നവര്‍ ഒരു ഗൂഢാലോചന (നടനെതിരേയുള്ളത്) സിദ്ധാന്തം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവരില്‍ പ്രധാനി പൂഞ്ഞാര്‍ എംഎല്‍എയാണ്. തന്റെ അവകാശമെന്നു കരുതുന്ന ഭാഷാപ്രയോഗത്തിലൂടെ അദ്ദേഹം ഇടവേളകളില്ലാതെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നു.

പി.സി ജോര്‍ജിന്റെതായ പുതിയ വെളിപ്പെടുത്തല്‍ ഒരു നടനെതിരേയാണ്. പ്രത്യക്ഷത്തില്‍ ആ പേര് അദ്ദേഹം പറയുന്നില്ലെങ്കിലും ജോര്‍ജ് വിരല്‍ ചൂണ്ടിയിരിക്കുന്നത് ആര്‍ക്കെതിരെയാണെന്ന് എല്ലാവര്‍ക്കും മനസിലായി. മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ജോര്‍ജിന്റെ ആരോപണങ്ങള്‍ ഇപ്രകാരമായിരുന്നു. ദിലീപിനെ കുടുക്കിയത് സിനിമ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ ഒരു യുവനടന്‍. നടന് ദിലീപിനെതിരായ ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ട്. ദിലീപിനു മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാലാണ് ദിലീപിനെ ഒതുക്കാന്‍ ഈ നടന്‍ ആഗ്രഹിക്കുന്നത്. ആരാണ് ഈ നടന്‍ എന്ന സ്വാഭാവിക ചോദ്യത്തിന് ആ നടന്‍ ഫഹദ് ഫാസില്‍ അല്ലെന്ന സ്ഥിരീകരണം. പൃഥ്വിരാജ് ആണോയെന്ന ചോദ്യത്തിന് പുഞ്ചിരി; പേര് പറയില്ല, വേണമെങ്കില്‍ തൊട്ടുകാണിക്കാം എന്നപോലെ.

നടനെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിനു മുമ്പ് ഒരു നടിയുടെ മേലും ജോര്‍ജ് ഇതേ കുറ്റം ചാര്‍ത്തിയിരുന്നു. നടന് അഹങ്കാരി പട്ടമാണ് നല്‍കിയതെങ്കില്‍ നടിക്ക് വടയക്ഷണിയെയാണ് കല്‍പ്പിച്ചു കൊടുത്തത്.

ജോര്‍ജ് ഓഗസ്റ്റ് 14ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍ നോക്കൂ; കേരളത്തിലെ പുതിയ ഭരണക്കാരുടെ ഔദാര്യത്തില്‍ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമോ, മത്സരിക്കാന്‍ ഒരു നിയമസഭാ സീറ്റോ, ഒരു പ്രമോഷനോ, ഇത്തിരി പണമോ ഒക്കെ പ്രതീക്ഷിച്ച് ഒരു നടനെ നശിപ്പിക്കാന്‍ പ്രതികാരദാഹിയായ വടയക്ഷിണിയുടെ മനസ്സുള്ളവര്‍ക്കൊപ്പം ചേര്‍ന്നവരെല്ലാം നിയമത്തെയും ജനങ്ങളെയും വിശ്വസിപ്പിക്കാന്‍ കഴിയാതെ പതറുകയാണ്.


ജോര്‍ജിന് ആരെ വേണമെങ്കിലും എങ്ങനെയും പറയാമല്ലോ. മറ്റുള്ളവരെ പറയുന്നതു പോട്ടെ, ആ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനു വിധേയയായോ എന്നുപോലും ജോര്‍ജും മകനും സംശയിക്കുകയാണ്.

വേണമെങ്കില്‍ ജോര്‍ജിന്റെ സംശയങ്ങളും നിഗമനങ്ങളുമൊക്കെ ചേര്‍ത്ത് ഇങ്ങനെ വായിക്കാം; ഒരു വ്യാജ ലൈംഗികാരോപണം ഉണ്ടാക്കി ദിലീപ് എന്ന നടനെയും കുടുംബനാഥനെയും ഇല്ലാതാക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുന്നു. (ജോര്‍ജ് തന്നെ പറഞ്ഞപോലെ) അതില്‍ മുന്‍ഭാര്യയുണ്ട്, ആ ഭാര്യയുടെ അടുത്തയാളായ എഡിജിപിയുണ്ട്, സുഹൃത്തായ സംവിധായകനുണ്ട്, ദിലീപിനു മുന്നില്‍ ഒന്നുമാകാന്‍ കഴിയാതെപോയതിന്റെ നിരാശയില്‍ പകയുമായി നടക്കുന്ന നടനുണ്ട്... ഇവര്‍ക്കെല്ലാമൊപ്പം കുറെ 'ചാനല്‍ ഫെമിനിച്ചി'കളും അവരുടെ വാക്കുകേട്ട് തുള്ളുന്ന ഒരു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണും. പരസ്യമായി ഇതുവരെയൊന്നും പറഞ്ഞിട്ടില്ലെങ്കിലും മുഖ്യമന്ത്രി കൂടി ജോര്‍ജിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടത്രേ. ഇങ്ങനെയെല്ലാം സംശയിക്കുന്നതിനും പറയുന്നതിനുമൊന്നും ജോര്‍ജിനെതിരേ ആരും കേസും എടുക്കില്ല, താക്കീതും കൊടുക്കില്ല. ജോര്‍ജിനെ മലയാളികള്‍ എത്രനാളായി കാണുന്നതാ...

വന്നുവന്ന് ഈ കേസില്‍ ഇപ്പോള്‍ ഇര ദിലീപ് ആയി തീര്‍ന്നിട്ടുണ്ട്. എല്ലാം നഷ്ടപ്പെടുന്നത് അദ്ദേഹത്തിനാണന്നല്ലേ പറയുന്നത്. ജോര്‍ജിന്റെ ഭാഷയില്‍, ആക്രമിക്കപ്പെട്ടെന്നു പറയുന്ന നടി അഭിനയിക്കാന്‍ നടക്കുന്നു, അഭിമുഖങ്ങള്‍ കൊടുക്കുന്നു... ദിലീപോ, രണ്ടരമാസത്തോളമായി ജയിലില്‍ തന്നെ. മുടിവെട്ടാനോ ഷേവ് ചെയ്യാനോ പോലും കഴിയുന്നില്ല.

ജോര്‍ജിന്റെ ഉപമയോട് യോജിക്കാതെയാണെങ്കിലും ഇതേ ഗൂഢാലോചന തിയറി ഉന്നയിക്കുകയും ആ മുന്‍ഭാര്യയെ സംശയത്തില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ വേറെയുമുണ്ട്. എന്തുകൊണ്ട് ആ നടി മാത്രം കൊച്ചിയില്‍ നടന്ന സംഭവത്തില്‍ ചിലരുടെ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നു പറയാന്‍ കാരണമെന്നാണ് ഈ കൂട്ടര്‍ ചോദിക്കുന്നത്. അതായിരുന്നല്ലോ എല്ലാത്തിനും തുടക്കം. കേസില്‍ ഗൂഢാലോചന ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ പോലും നടി തിരുത്തിയെന്നാണല്ലോ പറയുന്നത്. അങ്ങനയെങ്കില്‍ നടി എല്ലാം തുറന്നു പറയാന്‍ തയ്യാറാകണമത്രേ...ആ നടിക്കു പറയാന്‍ ഒന്നുമില്ലെന്നാണല്ലോ ജോര്‍ജിന്റെ ആക്ഷേപം. നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മലയാള സിനിമയിലെ ഒരു പ്രശസ്ത നടി പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കങ്ങനെ ആരോപിക്കുവാനുള്ള സ്വാതന്ത്യമുണ്ട്. അത് ഗൗരവതരമായി പരിശോധിക്കുകയും വേണം. പക്ഷേ നടി പരാമര്‍ശിച്ച ഗൂഡാലോചന നടത്തിയത് സിനിമ നടനായ ദിലീപ് തന്നെയാണെന്നും, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നു 5 മാസങ്ങള്‍ പൂര്‍ത്തിയായിട്ടും വിശ്വസനീയമായ ഒരു തെളിവുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ശരിയാണോ എന്നാണു ജോര്‍ജ് ചോദിക്കുന്നത്. ഇതെല്ലാം വാസ്തവമാണെങ്കില്‍ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപാരമ്പര്യവും പതിനായിരങ്ങളുടെ ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പു വിജയങ്ങളും ഘോഷിച്ചു നടക്കുന്ന ജോര്‍ജിന് ഇല്ലാത്ത രാഷ്ട്രീയസ്വാധീനമാണ് ആ നടിക്കുള്ളതെന്നു കൂടി ജോര്‍ജ് സമ്മതിക്കേണ്ടി വരും. അതല്ലെങ്കില്‍ ഒന്നോ രണ്ടോ സിനിമിക്കാരും ഒരു എഡിജിപിയും ചേര്‍ന്ന് ഇങ്ങനെയൊരു ഗൂഢാലോചന നടത്തി ഒരു വലിയ നടനെ ജയിലിനുള്ളിലാക്കുമോ? ആ നടന്‍ നാലുവണ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴും അവിടെയെല്ലാം പരാജയപ്പെടുത്താന്‍ തക്കതരത്തില്‍ ജുഡീഷ്യറിയിലും അവര്‍ക്ക് സ്വാധീനമുണ്ടാകണം!

നടിക്കു വൈരാഗ്യമുണ്ടാകാന്‍ ജോര്‍ജ് പറയുന്ന കാരണങ്ങളില്‍ കുറച്ചൊക്കെ യുക്തിയുണ്ടെന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ ഇപ്പോള്‍ പറയുന്ന 'ആ നടന്' ദിലീപിനെതിരേ വിരോധം ഉണ്ടാകാനുള്ള കാരണം, അതങ്ങോട്ട് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല. അഹങ്കാരിയെന്ന വിളിയില്‍ ജോര്‍ജിനെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. കാരണം ഇതേ ജോര്‍ജിയന്‍ സിന്‍ഡ്രോം ബാധിച്ച കുറെ മലയാളികള്‍ ആ നടനെ അങ്ങനെ വിളിച്ചിരുന്നു, ഒരു കാലത്ത്. അവരില്‍ ഭൂരിപക്ഷവും ഇപ്പോഴത് തിരുത്തി അയാളെ കൂടുതലായി ഇഷ്ടപ്പെടുന്നുണ്ട്. അയാള്‍ സ്വയം മാറിയതുകൊണ്ടല്ല, അന്നത്തെ അതേയാള്‍ തന്നെയായി ഇന്നുമയാള്‍ തുടരുകയാണ്. അയാളുടെ അച്ഛനെയും പണ്ടിങ്ങനെ തന്നെയായിരുന്നു ചിലര്‍ വിളിച്ചത്. നിലപാടുകളെ അഹങ്കാരമെന്നു വിളിക്കാമോ ജോര്‍ജേ?

ആ നടനും ജോര്‍ജ് പിന്തുണയ്ക്കുന്ന നടനും തമ്മില്‍ അജാഗജാന്തര വ്യത്യാസമുണ്ട്. സിനിമ കാണുന്നവര്‍ക്ക് അതു മനസിലാകും. ഒരു നടന്‍ എന്ന നിലയില്‍ ആ അഹങ്കാരിക്ക് മുന്നില്‍ ജോര്‍ജിന്റെ ജനപ്രിയന്‍ വളരെ താഴെയാണെന്നു പറയുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അഭിനയത്തിന്റെ കാര്യത്തിലല്ല, അയാള്‍ക്ക് ദിലീപിന്റെ മുന്നില്‍ ഒന്നും ആകാന്‍ കഴിയാതെ പോയത് എന്നാണോ ജോര്‍ജ് പറയുന്നതെന്നു വ്യക്തമല്ല. തിയേറ്റര്‍ മുതലാളി, വിതരണക്കാരന്‍, നിര്‍മാതാവ് എന്നീ സ്ഥാനങ്ങളില്‍ ദിലീപിനൊപ്പം എത്താന്‍ അയാള്‍ക്ക് കഴിയാതെ പോയെന്നാണോ? ചില സുഹൃത്തുക്കള്‍ക്കൊപ്പം ഒരു നിര്‍മാണ കമ്പനി തുടങ്ങിയിരുന്നു. ഇപ്പോള്‍ അയാള്‍ അതില്‍ നിന്നും വിട്ട് സഹോദരനുമായി ചേര്‍ന്ന് സ്വന്തമായി ഒരു നിര്‍മാണ കമ്പനി തുടങ്ങാന്‍ പോകുന്നുവെന്നും കേള്‍ക്കുന്നു. അതിനപ്പുറം അയാള്‍ സിനിമ ഭരിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയതായി കേട്ടിട്ടില്ല. ആരുടെയെങ്കിലും സിനിമകള്‍ തകര്‍ക്കാനോ, തിയേറ്ററുകള്‍ മുടക്കാനോ, ആരെയെങ്കിലുമൊക്കെ സിനിമയില്‍ നിന്നും ഒഴിവാക്കാനോ ഒന്നും ചെയ്തതായും അറിവില്ല. സ്വന്തം അഭിപ്രായങ്ങള്‍ പറയാറുണ്ടായിരുന്നു. അതിനോട് യോജിക്കുകയും വിയോജിക്കുകയും മറ്റുള്ളവര്‍ ചെയ്തിരുന്നു.

ഈയടുത്തകാലത്തായി അയാള്‍ അഹങ്കാരമായി കേട്ടറിഞ്ഞത് ഇവയാണ്; സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങള്‍ ചെയ്യാനോ ഡയലോഗുകള്‍ പറയാനോ താന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം അവളുടെ തൊഴില്‍ മേഖലയിലേക്ക് തിരിച്ചു കൊണ്ടുവന്നു. കുറ്റാരോപിതനായ ഒരാള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടിയെടുക്കണമെന്ന് താന്‍കൂടി അംഗമായ അമ്മ എന്ന താരസംഘടനയോട് നിര്‍ബന്ധപൂര്‍വം പറഞ്ഞു. അവള്‍ക്കൊപ്പം എന്ന അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

ഇതിന്റെയെല്ലാം പേരിലാണോ പി സി ജോര്‍ജ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നതെന്നറിയില്ല... എന്തായാലും വരും നാളുകളില്‍ പലരും ഒന്നു കരുതിയിരിക്കുക; ആട്, മാഞ്ചിയം കേസുകളടക്കം പൊക്കിക്കൊണ്ടുവന്ന് ഗൂഢാലോചന കുറ്റത്തില്‍ നിങ്ങളില്‍ പലരേയും പ്രതികളാക്കിയേക്കും... ജോര്‍ജിനെ സെന്‍സര്‍ ചെയ്യാനൊന്നും പറ്റില്ലല്ലോ...

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories