സിനിമ

പേട്ട: ഒരു കൊടും രജനി ഫാനിനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ…

നവാസുദ്ദീൻ സിദ്ദിഖിയെ പോലൊരു അസാധ്യ മൊതലിനെ കൊണ്ടുവന്ന് സിങ്കാരം എന്ന മെയിൻ വില്ലനാക്കിയിട്ടും മൂപ്പർക്ക് പൂണ്ടുവിളയാടാൻ അവസരമൊന്നും കൊടുത്തില്ല എന്നത് സങ്കടമാണ്

ശൈലന്‍

ശൈലന്‍

പാ. രഞ്ജിത്ത് കബാലിയിലൂടെയും കാലായിലൂടെയും ചെയ്ത പോലെ താൻ മുറുകെപ്പിടിക്കുന്ന ആശയങ്ങളെയും തനിക്ക് തുറന്നുപറയാനുള്ള പൊളിറ്റിക്സിനെയും ജനങ്ങളിലേക്കെത്തിക്കാനുള്ള ഒരു ടൂളായി രജനികാന്തിനെയും രജനി ക്യാരക്റ്ററുകളെയും ഉപയോഗപ്പെടുത്താനൊന്നും കാർത്തിക് സുബ്ബരാജ് പേട്ട എന്ന തന്റെ രജനികാന്ത് സിനിമയിലൂടെ ശ്രമിക്കുന്നില്ല. എന്തിരനിലൂടെയും 2.0ലൂടെയും ശങ്കർ ചെയ്തപോലെ തന്റെ ഉള്ളിലുള്ള സയൻസ് ഫിക്ഷനെ രജനികാന്തിലേക്ക് ഇമ്പ്ലിമെന്റ് ചെയ്യാനും ശ്രമിക്കുന്നില്ല. പാവമാണയാൾ. ഒരു കൊടും രജനി ഫാൻ എന്ന നിലയിലാണ് കാർത്തിക് തനിക്ക് കിട്ടിയ രജനികാന്തിന്റെ കാൾഷീറ്റിനെ ഉപയോഗിരിക്കുന്നത്.

തന്റെ മുഖത്താവോളമുള്ള കുട്ടിത്തം അയാളുടെ സ്വഭാവത്തിലും ഉണ്ട് എന്നതിന് തെളിവാണ് പേട്ട. തന്റെ ഒരേ ഒരു സൂപ്പർസ്റ്റാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന് സമർപ്പിച്ചുകൊണ്ട് എന്ന് പേട്ടയ്ക്ക് മുന്നോടിയായി എഴുതിക്കാണിക്കുമ്പോൾ അതിൽ കാർത്തിക് സുബ്ബരാജിന്റെ ഉള്ളം ഉണ്ട്. കൊടും ഫാനുകളല്ലാത്തവർക്ക് വേണമെങ്കിൽ അപ്പോൾ തന്നെ ഇറങ്ങിപ്പോവാമെന്നതിനുള്ള മുന്നറിയിപ്പ് ആണത്. ജിഗർതണ്ടയും ഇരൈവിയും മറ്റും പ്രതീക്ഷിച്ച് ആരും ഇരിക്കേണ്ടതില്ല എന്നതിന്റെ മുൻകൂർ ജാമ്യവും.

താനും തന്റെ തലമുറയും കണ്ടു വളർന്ന വിന്റേജ് രജനികാന്ത് ഷോകളെ കളർഫുള്ളായി പുന:സൃഷ്ടിക്കാനുള്ള കാർത്തിക്കിന്റെ ആത്മാർത്ഥമായ ശ്രമമാണ് പേട്ട. അതിൽ അദ്ദേഹം നൂറുശതമാനം വിജയിക്കുന്നു. ബാഷയിലോ അണ്ണാമലയിലോ അരുണാചലത്തിലോ പടയപ്പയിലോ കണ്ട അതേ സ്മാർട്ട് രജനിയെ പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് പേട്ടയിലൂടെ പുറത്തെടുക്കുന്നു. ആരാധകർക്ക് ഉൽസവമാണത്. ആരാധകർക്ക് മാത്രം. അല്ലാത്തവർക്കോ പൊരിവെയിലും.

കഥാപാത്രത്തിന്റെ മെയ്ക്കപ്പും കോസ്റ്റ്യൂമും ഇട്ടുകഴിഞ്ഞാൽ അതിന്റെ ചുറുചുറുക്കിലേക്ക് കൂടുമാറാൻ തനിക്ക് ഇപ്പോഴും വലിയ പാടൊന്നുമില്ല എന്ന് സൂപ്പർസ്റ്റാറിന് പേട്ടയിലും തെളിയിക്കാനാവുന്നുണ്ട്. 64കാരന്റെ ജരാനരകൾ ഉടലിലേ ഉള്ളൂ ചലനങ്ങളിൽ ഇല്ല. ശബ്ദവും ഡയലോഗുകളും ഇപ്പോൾ ഏകദേശം പൂർവകാല ശിവാജിഗണേശന്റെതിന് സമാനമായിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, രണ്ട് പാതികളിലായി വരുന്ന പേട്ട, കാളി എന്നിങ്ങനെയുള്ള രണ്ട് ഗെറ്റപ്പുകളും ആവശ്യത്തിനോ അതിനധികമോ സ്മാർട്ട് തന്നെ.

ഒരു രജനി ഷോയ്ക്ക് പാകത്തിൽ തല്ലിക്കൂട്ടിയതോ അല്ലെങ്കിൽ വെട്ടിക്കൂട്ടിയതോ ആയ ഒരു സ്ക്രിപ്റ്റ് ആണ് പേട്ടയുടെത്. കാമ്പിലെന്നതിലുപരി ചേരുവകൾക്കാണ് അതിൽ പ്രാധാന്യം. അനിരുദ്ധിന്റെ ജിൽജില്ലെന്റ്ര പാട്ടും ആട്ടവും തിരുനാവക്കരശിന്റെ വർണമാന്ത്രികചിത്രജാലജാലകങ്ങളും പീറ്റർ ഹെയിന്റെ ചണ്ടൈപയിർച്ചികളും എല്ലാം വേണ്ടത്ര നിറച്ചുവച്ചിട്ടുണ്ട്. എല്ലാത്തിനും ഒരേ ഒരു ഫോക്കസ്. രജനി രജനി താൻ…

ആദ്യപകുതിയിൽ പേട്ടയെ ഒരു ഇടമായിട്ടും രണ്ടാം പകുതിയിൽ നായകകഥാപാത്രമായിട്ടുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാനമന്ത്രി വഴിയുള്ള റെക്കമെന്റേഷനിലൂടെ വൻ ഡെക്കറേഷനിൽ ഒരു പബ്ലിക് സ്കൂളിൽ ടെമ്പററി ഹോസ്റ്റൽ വാർഡൻ ആയി എത്തുന്ന കാളി എന്ന പ്രായമായ ഗെറ്റപ്പിലുള്ള രജനികാന്ത്, ഇത് തങ്ങളുടെ കോട്ടയായി അവകാശപ്പെടുന്ന അവിടത്തെ വില്ലന്മാരോട് തിരിച്ചുപറയുന്നത് ഇത് എന്റെ പേട്ട ആണെന്നാണ്. ‌താൽക്കാലിക ഇടം എന്നാവും സൂചന.

കോളേജിലും ഹോസ്റ്റലിലും അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല. അവിടത്തെ വില്ലന്മാരായിരുന്ന ബോബി സിംഹയും ആടുകളം നരേനുമൊക്കെ ഇന്റർവെല്ലുമായും സെക്കന്റ് ഹാഫിലെ ഫ്ലാഷ്ബാക്കുമായും കൂട്ടിമുട്ടിക്കാനുള്ള വെറും ഉപാധികൾ മാത്രമായിരുന്നെന്ന് വഴിയെ നമ്മൾക്ക് മനസിലാവും. ഇന്റർവെൽ പഞ്ചിൽ പതിവുപോൽ കാളി ഇരുപതുകൊല്ലം മുൻപുള്ള പേട്ട വേലനായി മാറിയില്ലെങ്കിൽ പിന്നെന്ത് രജനിപ്പടം.

മധുരൈയിലെ ഗ്യാംഗ്‌ യുദ്ധങ്ങളും പ്രണയവും കുടിപ്പകയുമായി ബന്ധപ്പെട്ട് മുന്നേറുന്ന ഇരുപത് കൊല്ലം മുൻപത്തെ ഓർമ്മകളും അതിന് അനുബന്ധമായിവരുന്ന വർത്തമാനകാലത്തിലെ പ്രതികാരവും ഒന്നും പുതുമയുള്ളതൊന്നുമല്ലെങ്കിലും ആരാധകന്റെ കുപ്പായം ജാക്കറ്റായി ധരിച്ച് കേറിയാൽ ആസ്വാദ്യമാണ്. (ഏതെങ്കിലും കാലഘട്ടത്തിൽ രജനി ഫാൻ ആയിട്ടില്ലാതെ പേട്ടയ്ക്ക് ടിക്കറ്റെടുത്തവന്റെ കാര്യമാണ് കട്ടപ്പൊക)

നവാസുദ്ദീൻ സിദ്ദിഖിയെ പോലൊരു അസാധ്യ മൊതലിനെ കൊണ്ടുവന്ന് സിങ്കാരം എന്ന മെയിൻ വില്ലനാക്കിയിട്ടും മൂപ്പർക്ക് പൂണ്ടുവിളയാടാൻ അവസരമൊന്നും കൊടുത്തില്ല എന്നത് സങ്കടമാണ്. ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ വിജയ് സേതുപതിയും ഒതുങ്ങിപ്പോവുമെന്ന് കരുതിയെങ്കിലും സെക്കന്റ് ഹാഫ് സേതുപതിയെ കുറച്ചെങ്കിലും ഉപയോഗപ്പെടുത്തി. ശശികുമാർ, ബോബിസിംഹ എന്നിവരൊക്കെ വെറുതെ പാഴായി. സിമ്രാനും തൃഷയും എന്തിനായിരുന്നെന്ന് അവർക്കുപോലും മനസിലായിക്കാണില്ല. നന്നായി.‌ ഇവരെയും കൂടി വിശദീകരിക്കാൻ നിന്നിരുന്നെങ്കിൽ ഇപ്പൊഴേ 172 മിനുറ്റുള്ള പേട്ട നാലുമണിക്കൂറെങ്കിലും ദൈർഘ്യമായേനെ.

ഏതായാലും കാർത്തിക് സുബ്ബരാജിന് ഒരുകാര്യത്തിൽ ആശ്വസിക്കാം. മൂന്നേമുക്കാൽ മണിക്കൂറിൽ പതിപ്പിക്കാൻ കഴിയാതിരുന്ന തന്റെ കയ്യൊപ്പ് അവസാനത്തെ മൂന്നേമുക്കാൽ മിനിറ്റിൽ സ്ക്രീനിൽ നടത്താൻ നേരിയൊരു ശ്രമം നടത്തി എന്നതിന്റെ പേരിൽ..കാര്യമൊന്നുമുണ്ടായില്ലെന്ന് മാത്രം.

‘കാര്‍ത്തിക്, സൂപ്പര്‍സ്റ്റാറിനെ തിരികെ തന്നതിന് നന്ദി’; പേട്ട കണ്ട വിനീത് ശ്രീനിവാസന്റെ പ്രതികരണം

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍