TopTop
Begin typing your search above and press return to search.

രണം; ഒരു അസ്സൽ ക്രോസ് ഓവർ മൂവി

രണം; ഒരു അസ്സൽ ക്രോസ് ഓവർ മൂവി

ക്രോസ് ഓവർ മൂവി എന്ന കൺസെപ്റ്റ് പ്രകാരം പൃഥ്വിരാജ് 2016ൽ അനൗൺസ് ചെയ്ത സിനിമയാണ് 'Detroit Crossing'. പൂർണമായും മറ്റൊരു രാജ്യത്തിന്റെ വിഭിന്നമായ കൾച്ചറിനെ പശ്ചാത്തലമാക്കിയുള്ള സിനിമ എന്നത് തന്നെ ഉദ്ദേശം. ശ്യാമപ്രസാദിന്റെ 'ഇവിടെ' ആണ് ഇത്തരത്തിൽ പുറത്തുവന്ന പൃഥ്വിയുടെ ആദ്യത്തെ ക്രോസ് ഓവർ മൂവി. 'ഇവിടെ'യിലെ വരുൺ ബ്ലെയ്ക്ക് എന്ന അമേരിക്കൻ പോലീസുകാരന്റെ വേഷം ഈ നടന് നിരൂപകപ്രശംസ നേടിക്കൊടുത്തിരുന്നു. 'ഇവിടെ'യിൽ ശ്യാമപ്രസാദിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന നിർമ്മൽ സഹദേവ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡെട്രോയിറ്റ് എന്ന നഗരത്തിലെ ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുതുടങ്ങിയ 'Detroit Crossing' ആണ് പിന്നീട് 'രണം' എന്ന ടൈറ്റിൽ സ്വീകരിച്ച് ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

ഗ്യാംഗ്സ്റ്റർ ബാക്ക്ഗ്രൗണ്ട് ആയതുകൊണ്ട് തന്നെ ഡാർക്ക് ഷെയ്ഡാണ് 'രണ'ത്തിന്. കഥാപാത്രങ്ങൾ എല്ലാവരും തന്നെ ഗ്രേ മാനേഴ്സ് ഉള്ളവരും. മുഖ്യകഥാപാത്രങ്ങളിൽ ഒന്ന് അല്ലെങ്കിൽ നായകൻ എന്നുപറയാവുന്ന ആദി റോഡിൽ വെടിയേറ്റ് കിടക്കുന്നതിനിടെ വരുന്ന ഓർമ്മകളും ആത്മഗതങ്ങളുമായി ഫ്ലാഷ്ബാക്കിലൂടെ ആണ് 'രണ'ത്തിന്റെ ഉള്ളടക്കം പ്രേക്ഷകന് മുന്നിലേക്ക് സംവിധായകൻ വിരിച്ചിടുന്നത്.

തുടങ്ങി പത്തുമിനിറ്റ് ആവുമ്പോഴേക്ക് തന്നെ ഡെട്രോയിറ്റ് നഗരം എന്താണെന്നും അതിന്റെ കറുത്ത ഹിസ്റ്ററി എന്താണെന്നും വർത്തമാനകാല അവസ്ഥകൾ എങ്ങനെയോക്കെയാണ് എന്നതിനെക്കുറിച്ചുമൊക്കെ ഒരു ഏകദേശ ധാരണ ഉണ്ടാക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്. സിനിമയുടെ മുന്നോട്ടുള്ള പോക്ക് ഏതുവഴിയൊക്കെയാവുമെന്നതിനെ കുറിച്ചും അതിലൂടെ വ്യക്തമായ ഒരു ഐഡിയ നമ്മൾക്ക് കിട്ടും. വെടിയേറ്റ് കിടക്കുന്ന ആദി ഒരു ഡ്രഗ്ഗ് ഡീലറാണ്. അതുമായി ബന്ധപ്പെട്ട് ദാമോദർ രത്നം എന്നൊരു ഗ്യാംഗ് ലീഡറും അയാളുടെ സംഘമുണ്ട്. ആന്റണി എന്ന പോളണ്ടുകാരന്റെ വക എതിർചേരിയുണ്ട്. ആദിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഭാസ്കരൻ, ഷീല, അജു, ദീപിക, ചന്ദ്രൻ തുടങ്ങി വേറെ ചിലരുമുണ്ട്. എല്ലാവർക്കും അവരവരുടേതായ വ്യക്തിത്വവുമുണ്ട്.

അമേരിക്ക, ഡെട്രോയിറ്റ്, മയക്കുമരുന്ന് ഗ്യാംഗുകൾ, കുടിപ്പക എന്നൊക്കെ കേൾക്കുമ്പോൾ മനസിലുദിക്കുന്ന സങ്കല്പപ്രകാരമുള്ള ഒരു പക്കാ അടി, ഇടി, വെടി, പുക മട്ടിലുള്ള ഒരു ആക്ഷൻ മൂവി അല്ല 'രണം'. എന്നാൽ മൊത്തത്തിലുള്ള ഒരു മൂഡും ആംബിയൻസും ത്രില്ലർ ജോണറിന് അനുഗുണമായതാണ് താനും. പുറമെക്കുള്ളതിനേക്കാളും എത്രയോ അധികമായി കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങൾക്കാണ് സംവിധായകൻ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ശ്യാമപ്രസാദ് സിനിമകളിൽ കണ്ടുവരുന്ന മനുഷ്യരുടെ വൈകാരിക സംഘർഷങ്ങൾ അതേ അളവിൽ തന്നെ പിന്തുടരുന്നതിൽ ശിഷ്യനായ നിർമൽ സഹദേവും വിജയിച്ചിരിക്കുന്നു.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഇവിടെയിലെ വരുൺ ബ്ലെയ്ക്കിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണ് രണത്തിലെ ആദിയും. രണ്ടാളും മോശമായ ജീവിതാനുഭവങ്ങളിൽ നിന്നും കുട്ടിക്കാലത്തേ അമേരിക്കയിലേക്ക് കുടിയേറുന്നവരാണ്. തന്നെ ദത്തെടുത്ത രക്ഷകർത്താക്കളുടെ സാമ്പത്തിക/സാമൂഹിക പിൻബലത്തോടെ പോലീസുകാരനായി മാറിയ ബ്ലെയ്ക്കിന്റെ പ്രശ്നം തന്റെ അസ്തിത്വം എവിടെ പ്ലെയ്സ് ചെയ്യുമെന്നതിനെ സംബന്ധിച്ച് ആയിരുന്നെങ്കിൽ ആദിയുടെ പ്രതിസന്ധികൾ അതൊന്നുമല്ല. വളർത്തച്ഛനായ ഭാസ്കരന്റെ ഗാരേജിൽ ജോലിചെയ്യുകയും മരുന്നുവില്പനയുടെ മുഖ്യകണ്ണിയായി വർത്തിക്കുകയും ചെയ്യുന്ന അവന് അതുമായി ബന്ധപ്പെട്ട അതിജീവനങ്ങളാണ് വിഷയം. കണ്ടു പരിചയമായ സന്ദർഭങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും പരിചരണത്തിന്റെ പാറ്റേൺ തികച്ചും വ്യത്യസ്തം തന്നെയാണ്.

കൗമാരക്കാരിയായ ദീപിക ക്രഷായി കാണുന്ന ആദി, പിന്നീട് അവളുടെ അമ്മയുമായി അടുപ്പത്തിലാകുമ്പോൾ തിയേറ്ററിൽ ചില ഭാഗത്ത് നിന്ന് ഉയരുന്ന കൂവലിൽ നിന്ന് മനസിലാവുന്നത് മലയാളിപ്രേക്ഷകരിൽ ചിലരെങ്കിലും ക്രോസ്സ് ഓവർ കൾച്ചറുകൾക്ക് പരുവപ്പെടാനുണ്ട് എന്നുതന്നെയാണ്. മധ്യവയസ്കകളുമായി റിലേഷൻ സൂക്ഷിക്കുന്ന യുവപ്രേക്ഷകരും ഒരുപക്ഷെ കൂവിയവരുടെ കൂട്ടത്തിൽ ഉണ്ടാവാം. ചിറക്കൽ ശ്രീഹരി ഏഴുകൊല്ലമോ മറ്റോ ജയിലിൽ കിടന്നുവന്നപ്പോഴും മറ്റൊരാളുടെ ഭാര്യ എന്ന സ്റ്റാറ്റസ് നിലനിർത്തിക്കൊണ്ട് കന്യകാത്വം ആചരിച്ചുപോന്ന ഇന്ദുലേഖയെ ഒക്കെ (ചന്ദ്രോൽസവം) കണ്ടു പരിചയിച്ച സിനിമാനുശീലകർക്ക് മറ്റ് വഴികളില്ലല്ലോ.

ബന്ധങ്ങളുടെ കാര്യത്തിൽ നടപ്പുമാതൃകകളെ വലിയ അവകാശവാദമൊന്നും കൂടാതെ പൊളിച്ചെഴുതാൻ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. നിർമ്മൽ സഹദേവ് തന്നെയാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ടിയാൻ ഇതിനും മുൻപ് എഴുത്തുപണികൾ നടത്തിയത് 'ഹേയ് ജൂഡ്' എന്ന സിനിമയ്ക്കുവേണ്ടി ആയിരുന്നുവെന്നതും ഈ അവസരത്തിൽ കൗതുകത്തോടെ ഓർക്കാം. തീർത്തും ലൈറ്റ് മൂഡിലുള്ള എന്റർടൈനർ ആയിരുന്ന 'ഹേയ് ജൂഡി'ൽ ഹ്യൂമറിനായിരുന്നുവല്ലോ അപ്രമാദിത്വം. ക്യാരക്റ്ററുകളുടെ വ്യക്തിത്വം രണ്ട് സിനിമയിലും വെൽ ഡിഫൈൻഡ് ആണെന്നത് ശ്രദ്ധേയമാണ് താനും.

പൃഥ്വിരാജ് സിനിമയെന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ട 'രണ'ത്തിൽ ആദിയായ് കയ്യൊതുക്കമുള്ള പ്രകടനം തന്നെയാണ് ആ നടൻ പുറത്തെടുക്കുന്നത്. ഇടക്കാലത്ത് തന്റെ മേൽ ആരോപിതമായ നാടകീയത 'കൂടെ’യിലെ ജോഷ്വയ്ക്ക് പിറകെ ആദിയാവുമ്പോഴും പൃഥ്വി കുടഞ്ഞുകളയുന്നു. പക്ഷെ, പശ്ചാത്തലത്തിൽ വോയ്സ് ഓവർ ആയി വരുന്ന പൃഥ്വിയുടെ അവതരണത്തിൽ ചില ഭാഗങ്ങളിലൊക്കെ ചെറിയ ബലം പിടുത്തം അനുഭവപ്പെട്ടപോലെ തോന്നുകയും ചെയ്തു. സമഗ്രതയിൽ നോക്കുമ്പോൾ പൃഥ്വിയെ സംബന്ധിച്ച് 'രണ'മോ നായക കഥാപാത്രമോ ഒരു നഷ്ടക്കച്ചവടമാവുന്നേയില്ല.

പ്രതിനായകനായി വരുന്ന ദാമോദർ രത്നം റഹ്മാന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന വേഷമാണ്. റഹ്മാൻ നിറഞ്ഞു നിൽക്കുന്ന റോളുകൾ കഴിഞ്ഞ 35 കൊല്ലത്തിനിടയിൽ പലത് ഉണ്ടായിട്ടുണ്ടാവുമെങ്കിലും നിയന്ത്രിതമായ ചലനങ്ങളോടെ ഇടപഴകി സ്ക്രീൻ പ്രെസൻസിൽ കിടുക്കിക്കളഞ്ഞ ദാമോദർ രത്നം ആ നടന്റെ പ്രസക്തി അങ്ങനെ നഷ്ടപ്പെടുന്നതല്ലെന്ന് മനസിലാക്കിത്തരുന്നു. നന്നായി ഉപയോഗിക്കാൻ കഴിയാത്ത സംവിധായകരെ തെരഞ്ഞെടുക്കുന്നത് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. റഹ്മാന്റെ ആയാലും പൃഥ്വിരാജിന്റെ ആയിരുന്നാലും.

ഇഷാ തൽവാർ ആണ് നായികാസ്ഥാനത്ത് വരുന്നത്. നേരത്തേ പറഞ്ഞ പോലെ പരമ്പരാഗതരീതിയിലുള്ള ഒരു സിനിമാനായിക ഒന്നുമല്ല മുഖ്യസ്ത്രീകഥാപാത്രം എന്നേ പറയാനാവൂ. മമ്താ മോഹൻദാസ് ഡേറ്റ് പ്രശ്നം കൊണ്ട് പിന്മാറിപ്പോയ ആ വേഷം ഐഷ തന്റെ എല്ലാവിധ പരിമിതികളോടെയും ചെയ്തുപോയി എന്ന് മാത്രം. മമ്ത ആയിരുന്നെങ്കിൽ പടത്തിന്റെ എനർജി ലെവൽ ഒരുച്ചിരികൂടി വർധിച്ചേനെ എന്ന് ഓർത്താൽ മനസിലാവും. മകൾ കഥാപാത്രമായ ദീപികയെ അവതരിപ്പിച്ച സെലിൻ എന്ന കുട്ടി മികച്ചു നിന്നു.

നന്ദു, ശ്യാമപ്രസാദ്, അശ്വിൻ കുമാർ തുടങ്ങിയവരെയൊക്കെയാണ് പിന്നീട് പറയാനുള്ളത്. നന്ദുവിന്റെയൊക്കെ ഇതിന്റെ മുന്നിൽ വന്ന ചില ക്യാരക്റ്ററുകളിലെ പെർഫോമൻസ് പുകഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെയൊരു അൾട്ടിമേറ്റ് ഇവിടെ കാണാം. അവസാനത്തെ ക്രെഡിറ്റ് ലിസ്റ്റിൽ നന്ദു എന്നതിന് പകരം നന്ദലാൽ കൃഷ്ണമൂർത്തി എന്നാണ് എഴുതിക്കാണിക്കുന്നത്..

സാങ്കേതികമേഖലയാണ് 'രണ'ത്തെ ഒരു അസ്സൽ ക്രോസ് ഓവർ മൂവി ആക്കുന്നത്. ഒരു മലയാളസിനിമയിൽ നിന്നോ ഇൻഡ്യൻ സിനിമയിൽ നിന്നോ പടത്തെ വേറിട്ടടയാളപ്പെടുത്തുന്നതിൽ അവർ പൂർണമായും വിജയിക്കുന്നു. ഗാനങ്ങളും ബീജിയെമ്മും തയ്യാറാക്കിയ ജേക്ക് ബിജോയ്സ് തന്നെയാണ് അതിൽ ചാമ്പ്യൻ. ടീസറുകളിലൂടെ മനസിൽ കേറിക്കൂടിയ ടൈറ്റിൽ സോംഗും അതിൽ നിന്ന് ഊറ്റിയെടുത്ത ബാക്ക്ഗ്രൗണ്ട് സ്കോറും പടത്തിലെ ഒരു മുഖ്യ കഥാപാത്രം പോലെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതും കൂടെപ്പോരുന്നതുമാണ്. ജിഗ്മെ ടെൻസിംഗ് ആണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ്. നയിച്ച് പണിഞ്ഞിട്ടുണ്ട് രണ്ടാളും.

ഒന്നര മാസത്തോളമായി പറയപ്പെടാവുന്ന വാണിജ്യസിനിമകളൊന്നും റിലീസ് ചെയ്യാത്തതുകൊണ്ടോ പ്രീ പബ്ലിസിറ്റി സൃഷ്ടിച്ച ഹൈപ്പ് കൊണ്ടോ എന്തോ തിയേറ്ററിൽ പ്രതീക്ഷയ്ക്കുമപ്പുറമുള്ള ജനത്തിരക്കായിരുന്നു. ഒരു മാസ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകന് ഇത് എത്രമാത്രം തന്റെ കപ്പ് ഓഫ് ടീ ആണെന്ന് വരുംനാളുകളിൽ തെളിയാനുള്ളതാണ്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം 'രണം' ഒരു മോശം സിനിമയോ ആവറേജ് സിനിമയോ അല്ല. ട്രീറ്റ്മെന്റിന്റെ ആംഗിളിൽ അതൊരു വ്യത്യസ്തത അവകാശപ്പെടാവുന്ന ചിത്രം തന്നെയാണ്.


Next Story

Related Stories