TopTop
Begin typing your search above and press return to search.

ഈ കഥയ്ക്കും കഥാപാത്രത്തിനും ജീവിച്ചിരിക്കുന്ന ഒരാളോട് സാമ്യമുണ്ട് (തികച്ചും ആക്‌സമികം)

ഈ കഥയ്ക്കും കഥാപാത്രത്തിനും ജീവിച്ചിരിക്കുന്ന ഒരാളോട് സാമ്യമുണ്ട് (തികച്ചും ആക്‌സമികം)

രാമലീല എന്ന ചിത്രം ദിലീപിന്റെ ജീവിതത്തില്‍ അറംപറ്റലായിരിക്കുകയാണോ? ആണെന്നു തന്നെയാണ് സിനിമയുടെ പിന്നണിക്കാര്‍ പറയുന്നത്. പക്ഷേ അതു തികച്ചും യാദൃശ്ചികമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. തിരക്കഥയില്‍ മുന്നേ എഴുതിവച്ചിരിക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചു കാണുമ്പോള്‍ അത്ഭുതവും അമ്പരപ്പും തോന്നുകയാണത്രേ!

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രാമലീലയുടെ രചയിതാവ് സച്ചിയാണ് ഈ അറംപറ്റലുകളുടെ കഥ പറയുന്നത്. രാമലീല ഇപ്പോള്‍ റിലീസ് ചെയ്യുന്നത് ദിലീപിന് അനുകൂല സഹതാപതരംഗം ഉണ്ടാക്കാനാണെന്നും നടിയോടുള്ള പിന്തുണയായി ചിത്രം ബഹിഷ്‌കരിക്കണമെന്നുള്ള കാമ്പയിനുകളും സോഷ്യല്‍ മീഡിയയില്‍ നടക്കുമ്പോഴാണ് സച്ചി ചില യാദൃശ്ചികതകളെ കുറിച്ച് വാചാലനാകുന്നത്.

രാമലീലയിലെ നായക കഥാപാത്രമായ രാമനുണ്ണിയുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അതേപോലെ ദിലീപിന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്നുവെന്നാണ് സച്ചി പറയുന്നത്. എന്നാല്‍ താന്‍ എഴുതിവച്ചതൊക്കെ എത്രയോ മുന്‍പായിരുന്നുവെന്നും നിലവിലെ സാഹചര്യങ്ങളില്‍ നിന്നും ഒന്നുപോലും സിനിമയില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും സച്ചി ഉറപ്പിച്ചു പറയുന്നു.

രാമലീലയിലെ രാമനുണ്ണി ജനപ്രിയനായ എംഎല്‍എയായിരുന്നു. ചില രാഷ്ട്രീയ ഉപജാപങ്ങളുടെ ഇരയായി അയാള്‍ അറസ്റ്റിലാകുന്നു. പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കാനായി രാമനുണ്ണി നടത്തുന്ന പോരാട്ടമാണ് രാമലീല. ഇപ്പോള്‍ ദിലീപിന്റെ കാര്യത്തില്‍ നടക്കുന്ന വിചാരണയും ഇതുമായി കൂട്ടിവച്ചു നോക്കുമ്പോള്‍ വളരെ സാദൃശ്യം തോന്നുന്നുവെന്ന് എഴുത്തുകാരന്‍ പറയുന്നു.

ദിലീപിന്റ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നോക്കി കാണുമ്പോഴാണ് തിരക്കഥയില്‍ പറയുന്ന പലതും തന്നെയാണല്ലോ ഇതെല്ലാമെന്ന് തോന്നുന്നത്. ജയിലില്‍ നിന്നും അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുന്നുണ്ട് രാമനുണ്ണി. ഇപ്പോഴിതാ ദിലീപിനും അതേ സാഹചര്യം നേരിടേണ്ടി വന്നിരിക്കുന്നു; യാദൃശ്ചികതകള്‍ ചൂണ്ടിക്കാട്ടുന്നു സച്ചി.

ഈ സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുന്നതിനു പിന്നില്‍ നടന് അനുകൂലമായ സഹതാപം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യമുണ്ടോ എന്ന ചോദ്യത്തോട് സച്ചി പ്രതികരിക്കുന്നത് ഇങ്ങനെയാണ്; ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ്. അതായത് നടി ആക്രമിക്കപ്പെടുന്നതിനും മുന്നേ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടയിലാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. മുന്നേ എഴുതിവച്ച തിരക്കഥയിലെ പല കാര്യങ്ങളും പിന്നീട് യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയായിരുന്നു.

സച്ചി

ചിത്രത്തിലെ ചില ഡയലോഗുകള്‍ സഹിതം നിലവിലെ അവസ്ഥകള്‍ തന്റെ തിരക്കഥയിലും ഉണ്ടായിരുന്നതായി സച്ചി വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മുകേഷ് അവതരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് ദിലീപിന്റെ രാമനുണ്ണി ചോദിക്കുന്നു; പ്രതി ഞാനാവും എന്നൊരു തീരുമാനം ഉള്ളതുപോലെ...

അതിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി; തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാവണമെന്നുള്ളത്...

സമാനമായ ചോദ്യങ്ങളും സംശയങ്ങളും ഇപ്പോള്‍ ദിലീപ് കേസില്‍ സമൂഹം ഉയര്‍ത്തുന്നുവെന്നാണ് സച്ചി പറയുന്നത്.

എഴുത്തുകാരന്റെ പ്രവചനമാണോ ഇതൊക്കെയെന്നു ചോദിച്ചാല്‍ അതിനുള്ള സച്ചിയുടെ മറുപടി, ചിലസമയത്ത് എനിക്കങ്ങനെ തോന്നുന്നുവെന്നാണ്. സിനിമയുടെ ഡബ്ബിംഗ് സമയത്ത് ഇതേ കാര്യം ദിലീപ് തന്നെ ചോദിച്ചിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് സംശയാസ്പദമായി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ദിലീപ് ഒരു ചെറുചിരിയോടെ ചോദിച്ചത്; അറംപറ്റിയ സ്‌ക്രിപ്റ്റ് ആണല്ലോ ഭായി..., സച്ചി ഓര്‍ക്കുന്നു.

സിനിമയുടെ തിരക്കഥ വായിക്കാന്‍ കൊടുത്ത ഒരു സുഹൃത്തും പിന്നീട് വിളിച്ചു പറഞ്ഞത് അറംപറ്റിയല്ലോ എന്നു തന്നെയായിരുന്നു. ഇപ്പോള്‍ സമൂഹവും മാധ്യമങ്ങളുമെല്ലാം രണ്ടായി പിരിഞ്ഞു നടത്തുന്ന ചോദ്യം ചെയ്യലുകളും വിചാരണകളുമെല്ലാം സിനിമയില്‍ പറയുന്നുണ്ട്... സച്ചി ആ ആകസ്മികത വെളിപ്പെടുത്തുന്നു.

പുറത്തു വന്ന ടീസറും ട്രെയിലറും പാട്ടുമെല്ലാം ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നും ദിലീപിനെതിരേ ഗൂഢാലോചന നടക്കുന്നൂവെന്ന് ഉറപ്പിക്കുന്ന തരത്തില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമമെന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനുള്ള മറുപടിയും അഭിമുഖത്തില്‍ സച്ചി പറയുന്നുണ്ട്.

ഈ സിനിമ ഉണ്ടായിരിക്കുന്നത് പൂര്‍ണമായും എന്റെ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാകട്ടെ ബിജുമേനോന്‍ നായകനാകുന്ന ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന്റെ തിരക്കിലുമായിരുന്നു. രാമലീലയുടെ മാര്‍ക്കറ്റിംഗില്‍ ഒരുതരത്തിലുമുള്ള പങ്കും ഇല്ല. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴയുന്ന ഏതു സ്ട്രാറ്റജിയും സ്വീകരിക്കാന്‍ സംവിധായകനും നിര്‍മാതാവിനും സ്വാതന്ത്ര്യമുണ്ട്.

ഇനി സിനിമ ബഹിഷ്‌കരിക്കണമെന്നു പറയുന്നവരോട് രാമലീലയുടെ രചയിതാവിന്റെ പ്രതികരണം ഇങ്ങനെയാണ്. ഒരു ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായ സച്ചി ആ കണ്ണോടെ കാര്യങ്ങള്‍ നോക്കിക്കണ്ടെന്ന തരത്തിലാണു പ്രതികരിക്കുന്നത്. കോടതി വിധി വരുന്നതുവരെ നമ്മള്‍ കാത്തിരുന്നേ പറ്റൂവെന്നും കുറ്റവാളിയെന്നു കണ്ടെത്തുന്നതുവരെ ദിലീപ് നിരപരാധിയാണെന്നും സച്ചി വാദിക്കുകയാണ്. ഒരു വിനോദകലയെന്ന നിലയില്‍ സിനിമയെ കാണാനുള്ള പക്വത കാണിക്കണമെന്നും സച്ചി ഉപദേശിക്കുന്നു. ദിലീപ് ഈ വിഷയങ്ങളൊക്കെ നടക്കുന്നതിനു മുന്നേ തന്നെ തന്റെ പ്രതിഫലം വാങ്ങുകയും ചിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കുകയും ചെയ്തിരുന്നുവെന്നും സച്ചി പറയുന്നു. അതായത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാമലീല റിലീസ് ചെയ്യുന്നതുകൊണ്ട് ദിലീപിന് വ്യക്തിപരമായി ഒന്നും നേടാനില്ലെന്നാണ് സച്ചി പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

ഒപ്പം ദിലീപ് വിമര്‍ശകര്‍ക്കെതിരേ ഒളിയമ്പ് എയ്യുന്നുമുണ്ട് ഈ അഭിമുഖത്തില്‍ അദ്ദേഹം. കീബോര്‍ഡ് പോരാളികള്‍ക്ക് എതിരാണ് താനെന്നു വ്യക്തമാക്കുന്ന സച്ചി അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വാങ്ങിയ ആളാണെന്നും പറയുന്നു. തന്റെ മാധ്യമം സിനിമയാണെന്നും ഫേസ്ബുക്കോ ട്വിറ്ററോ അല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ആ പിന്‍വാങ്ങല്‍ എന്നും സച്ചി പറയുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അവരവര്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ചിലര്‍ക്ക് സിനിമ കാണാതിരിക്കാമെന്നും സച്ചി പറയുന്നു. പക്ഷേ സിനിമ റിലീസ് ചെയ്യണം. കാണേണ്ടവര്‍ കാണട്ടെ; സച്ചി തന്റെ തത്വം മുന്നോട്ടു വയ്ക്കുന്നു.


Next Story

Related Stories