UPDATES

സിനിമ

നടപടി വേണ്ടത് ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന ആമിറിനും അക്ഷയ്ക്കുമെതിരെയോ, ഇരട്ടത്താപ്പ് കാണിച്ച സിദ്ദിഖിനെതിരെയോ!

ഒരാളുടെയും തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം

വിമന്‍ കളക്ടീവ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി എഎംഎംഎ യ്‌ക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം സംഘടനാ പ്രതിനിധിയായി വന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത് വാസ്തവിരുദ്ധമായ കാര്യങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലെ പല അവസരങ്ങളും കേസിലെ കുറ്റാരോപിതനായ നടന്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയെന്ന വിമര്‍ശനത്തെ അസഹിഷ്ണുതയോടെയായിരുന്നു സിദ്ദിഖ് സ്വീകരിച്ചത്. നടിയുടെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് തടഞ്ഞെന്ന് ഏത് സംവിധായകനാണ് പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ വെല്ലുവളിയോടെയുള്ള ചോദ്യം. എന്നാല്‍ നടിയുടെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് തടയുന്നതായി അതേ നടി തന്നെ സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേസ് അന്വേഷണ സമയത്ത് സിദ്ദിഖ് തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ട മൊഴിയില്‍ ഉണ്ട്. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ ‘ അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടിയെന്നും സിദ്ദിഖ് പൊലീസിന് മൊഴി നല്‍കിയിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നത് സിദ്ദിഖിന് സ്വയം ബോധ്യമുണ്ടായിരുന്നിട്ടാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മളേനത്തില്‍ അങ്ങനെയൊരു കാര്യമേ സിനിമയില്‍ നടക്കുന്നില്ലെന്ന തരത്തില്‍ സിദ്ദിഖ് വികാരം കൊണ്ടത്. നടിയുടെ അവസരങ്ങള്‍ മറ്റൊരാള്‍ കാരണം നിഷേധിക്കപ്പെട്ടെന്ന് പറഞ്ഞ സംവിധായകന്റെ പേരോ വിവരങ്ങളോ വ്യക്തമാക്കിയാല്‍ അന്വേഷിക്കാമെന്ന സിദ്ദിഖിന്റെ നിലപാട് യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിട്ടും അതു മറച്ചുവച്ചുകൊണ്ടുള്ള അഭിനയമായിരുന്നുവെന്നാണ് വിമര്‍ശനം.

ഡബ്ല്യുസിസി അംഗങ്ങള്‍ ശ്രമിക്കുന്നത് ദിലീപിന്റെ തൊഴില്‍ അവസരം ഇല്ലാതാക്കാനാണ് എന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം. ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം എന്നായിരുന്നു ഡബ്ല്യുസിസിയെ കുറ്റപ്പെടുത്തിക്കൊണ്ട് സിദ്ദിഖ് ചോദിച്ചത്. എന്നാല്‍ ഇതേ സിദ്ദിഖ് തന്നെയാണ് ഒരു നടി മറ്റൊരാളുടെ വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് തനിക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നു എന്നു പരാതി പറഞ്ഞിട്ടും അക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ചെയ്‌തെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു നടനെ താരസംഘടന സംരക്ഷിക്കുകയാണെന്നും അയാളെ വച്ച് സിനിമകളെടുക്കുകയാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്യുന്നതെന്നുമായിരുന്നു വിമന്‍ കളക്ടീവ് പരാതി പറഞ്ഞത്. ഈ പരാതിയെയാണ് വിമന്‍ കളക്ടീവിലെ ഏതാനും നടിമാര്‍ ചേര്‍ന്ന് ദിലീപിന്റെ തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന തരത്തില്‍ വ്യാഖാനിച്ച് സിദ്ദിഖ് കുറ്റപ്പെടുത്തിയത്.

ഹോളിവുഡ്, ബോളിവുഡ് തുടങ്ങിയ സിനിമാ മേഖലകളില്‍ പോലും സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചവരെ മാറ്റി നിര്‍ത്താന്‍ തയ്യാറായപ്പോള്‍, അവരുടെ പ്രവര്‍ത്തി നീതി കേടാണെന്നും ഒരാളുടെയും തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നുമായിരുന്നു സിദ്ദിഖ് വാദിച്ചത്. ബോളിവുഡില്‍ മീ ടൂ കാമ്പയിനില്‍ കുറ്റാരോപിതരായവരെ ഒഴിവാക്കാന്‍ തീരുമാനം എടുത്ത ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരെ വിമര്‍ശിച്ചാണ് സിദ്ദിഖ് സംസാരിച്ചത്. നടപടിയെടുക്കേണ്ടത് ആമിറിനും അക്ഷയിനുമെതിരെയാണെന്നു വരെ സിദ്ദിഖ് പറഞ്ഞുവച്ചിരുന്നു. ബോളിവുഡിലോ മറ്റേതെങ്കിലും സിനിമ ഇന്‍ഡസ്ട്രിയിലോ നടന്നതിനെക്കാള്‍ ക്രൂരമായ ഒരു ലൈംഗിക പീഡനമാണ് മലയാള സിനിമയില്‍ ഉണ്ടായത്. ആ കേസില്‍ പൊലീസ് പ്രതിയാണെന്നു കണ്ടെത്തുകയും രണ്ടു മാസത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ഒരു നടനെതിരെയാണ് വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതും അയാളെ സംരക്ഷിക്കുന്നതില്‍ നിന്നും ചലച്ചിത്ര സംഘടന നേതൃത്വം പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍ വളരെ ലാഘവത്തോടെയും കുറ്റാരോപിതന്റെ പക്ഷം ചേര്‍ന്നു നിന്നുമാണ് ഈ വിഷയത്തില്‍ സിദ്ദിഖിനെ പോലുള്ള സംഘടന ഭാരവാഹികള്‍ സംസാരിക്കുന്നതെന്ന് പൊതുസമൂഹം തന്നെ കുറ്റപ്പെടുത്തുകയാണ്.

ഒരു ലൈംഗികാതിക്രമ കേസിലാണ് ദിലീപ് കുറ്റാരോപിതനായിരിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയാണ് നടപടി വേണമെന്ന് വനിത കൂട്ടായ്മ ആവശ്യപ്പെടുന്നതും. അതിനെയാണ് സിദ്ദിഖ് വ്യക്തിവൈരാഗ്യമായി ചിത്രീകരിക്കുന്നതെങ്കില്‍, ഒരു കേസിലും കുറ്റാരോപിതയായിരുന്നില്ല, ദിലീപ് അവസരങ്ങള്‍ നിഷേധിച്ച ആ നടിയെന്ന് സിദ്ദിഖിന് ബോധ്യമുള്ളതായിരുന്നില്ലേ, എന്നിട്ടുപോലും ആ നടിക്കു വേണ്ടി എന്താണ് ചെയ്തതെന്നാണ് സിദ്ദീഖിനെതിരേ ഇപ്പോള്‍ ഉയരുന്ന ചോദ്യം. വെറും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു നടിക്ക് സിനിമകള്‍ നഷ്ടമാക്കുകയും അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍, വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇടപെടേണ്ടെന്നു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സിദ്ദിഖിന്റെ സഹപ്രവര്‍ത്തകസ്‌നേഹവും തൊഴില്‍ സ്വാതന്ത്ര്യ ചിന്തകളും എവിടെ പോയെന്നും വിമര്‍ശകര്‍ ചോദ്യം ഉന്നയിക്കുന്നു. ഇത്തരം ഇരട്ടത്താപ്പിനെതിരെയാണ് വിമന്‍ കളക്ടീവ് ശബ്ദം ഉയര്‍ത്തുന്നതെന്നും അവരെ നിശബ്ദരാക്കാന്‍ വേണ്ടി പൊട്ടിത്തെറിച്ചിട്ട് കാര്യമില്ലെന്നും സിദ്ദീഖിനെ കുറ്റപ്പെടുത്തുകയാണ് സിനിമയ്ക്ക് പുറത്തുള്ളവര്‍ കൂടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍