Top

വെളിച്ചത്തില്‍ നടക്കുന്ന ബലാല്‍ഭോഗങ്ങള്‍; അവാര്‍ഡില്‍ ഞെട്ടിച്ച 'ഒറ്റമുറി വെളിച്ചം' മലയാളിയെ ഞെട്ടിക്കും

വെളിച്ചത്തില്‍ നടക്കുന്ന ബലാല്‍ഭോഗങ്ങള്‍; അവാര്‍ഡില്‍ ഞെട്ടിച്ച
മികച്ച സിനിമയ്ക്കുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് കിട്ടിയപ്പോഴാണ് നമ്മളിൽ പലരും ഈ സിനിമയെ പറ്റി കേട്ടത്. രാഹുൽ റിജി നായർ എന്ന പുതുമുഖ സംവിധായകനെയും. സംവിധായകനെയും സിനിമയെയും സംബന്ധിച്ച അപൂർണമായ അറിവുകളെ ഇപ്പോഴും ഇവിടത്തെ ഭൂരിഭാഗം പ്രേക്ഷകർക്കും ഉള്ളൂ. നാല് അവാർഡുകളിലൂടെ ഈ അധികം കേൾക്കാത്ത സിനിമ നമ്മളെ ഞെട്ടിച്ചു കളഞ്ഞു. കൗതുകമുണ്ടാക്കുന്ന ഭംഗിയുള്ള പേരാണ് പിന്നെ പ്രേക്ഷകർ ശ്രദ്ധിച്ചത്. കഴിഞ്ഞ വർഷത്തെ ഫിലിം ബസാർ റെക്കമെൻഡേഷൻ അടക്കം രാജ്യാന്തര ശ്രദ്ധ നേടിയ ശേഷമാണ് 'ഒറ്റമുറി വെളിച്ചം' സംസ്ഥാന അവാർഡിലൂടെ നമുക്ക് പരിചിതമാകുന്നത്. മികച്ച എഡിറ്റർ ആയി അപ്പു എന്‍ ഭട്ടതിരിയേയും അഭിനയത്തിലെ പ്രത്യേക ജൂറി പരാമർശത്തിലൂടെ വിനീത കോശിയെയും പൗളി വൽസനെയും തിരഞ്ഞെടുത്താണ് മികച്ച സിനിമയ്ക്ക് പുറമെ സംസ്ഥാന അവാർഡ് ഒറ്റമുറി വെളിച്ചത്തെ അംഗീകരിച്ചത്. ഒരു പുതുമുഖ സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്നെടുത്ത സിനിമയ്ക്ക് ഇതൊക്കെ വലിയ അംഗീകാരങ്ങൾ തന്നെയാണ്.

മലയാള സിനിമ, ഒരർത്ഥത്തിൽ കേരളം തന്നെ അധികം പരിഗണിക്കാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഒറ്റമുറി വെളിച്ചം സംസാരിക്കുന്നത്. ഗാർഹിക പീഡനമാണ് സിനിമയുടെ വെളിച്ചം. ബോണക്കാട് തേയില തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ അരണ്ട അന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. സുധ എന്ന അനാഥയായ പെൺകുട്ടി ഒരു മലയോര മേഖലയിലേക്ക് വിവാഹിതയായി വരുന്നു. അവളുടെ അപരിചിത്വത്തിന്റെ പകപ്പുകളിലാണ് സിനിമ തുടങ്ങുന്നത്. ഓരോ ഇടവും അവൾക്ക് അപരിചിതമാണ്. ഭർത്താവ് ചന്ദ്രൻ (ദീപക് പറമ്പോൾ) മാത്രമാണ് അവളുടെ പ്രതീക്ഷ. ആ പ്രതീക്ഷയോടെ അവൾ അയാളെ നോക്കുന്നുണ്ട്. പക്ഷെ കാർക്കശ്യം കലർന്ന ഒരു ഭാവം മാത്രമാണ് അയാളുടെ സ്ഥായീഭാവം. വാതിലില്ലാത്ത, അടയ്ക്കാൻ പറ്റാത്ത ജനാലകൾ ഉള്ള, അയാളുടെ നിറം മാറുന്ന വെളിച്ചം എപ്പോഴും നിറഞ്ഞു കത്തുന്ന മുറിയിൽ വച്ച് അവൾ ക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടുന്നു. മുൻകോപമായാണ് അയാളുടെ അമ്മ ഈ പീഡനത്തെ പറ്റി അവളോട് പറയുന്നത്. അയാളുടെ അച്ഛൻ തനിക്കു നൽകിയ പീഡനങ്ങളുടെ തുടർച്ചയായേ അവർ ഇതിനെ കാണുന്നുള്ളൂ. ഈ പീഡനങ്ങളോടുള്ള സുധയുടെ പ്രതിരോധങ്ങളും അതിജീവന ശ്രമങ്ങളുമാണ് ഒറ്റമുറി വെളിച്ചം.

വിവാഹത്തിനുള്ളിലെ ബലാൽഭോഗങ്ങളെ ഏറ്റവും പുരോഗമനപരമായി ചിന്തിക്കുന്ന നമ്മുടെ സമൂഹം കാണുന്നത് എങ്ങനെയാണ്? വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ് നമ്മുടെ ചുറ്റും അത്. വേണ്ട എന്നതിനർത്ഥം വേണ്ട എന്ന് തന്നെയാണെന്നുള്ള പാഠങ്ങൾ ഒന്നും അവിടെ വിലപ്പോകാറില്ല. ശരിക്കും പറഞ്ഞാൽ വിവാഹാനന്തരം ബലാൽഭോഗത്തിൽ ഏറ്റവും പുതുമയോടെ ഇരിക്കാൻ കൂടിയാണ് ചില അരുതുകളെ നമ്മുടെ സമൂഹം പഠിപ്പിക്കുന്നത് തന്നെ. സിനിമയിൽ ചന്ദ്രന്റെ അമ്മ അത്തരം ഒരു പരുവപ്പെടലിനു വിധേയായ സ്ത്രീയാണ്. അവരെ സംബന്ധിച്ച് ശാരീരിക പീഡനം വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. പാരമ്പര്യമായി തുടർന്ന് കൊണ്ടിരിക്കുന്ന ഒന്ന്. തന്റെ ഭർത്താവു തന്നെ ചെയ്യുന്നതൊക്കെ തന്റെ മകൻ അയാളുടെ ഭാര്യയെ ചെയ്യുന്നു. കട്ടൻകാപ്പി തിളപ്പിച്ച് കൊടുത്ത് അവർ സുധയോട് വേദനകളെ മറക്കാൻ പറയുന്നു. സുധയും നല്ല പാഠങ്ങൾ പഠിച്ചു തന്നെയാണ് അയാൾക്കൊപ്പമെത്തുന്നത്. അയാൾ മറന്നു വച്ച ഭക്ഷണവുമായി അയാളെ തേടി എത്തുന്നു, എണീക്കാൻ വൈകിയപ്പോൾ ക്ഷമാപണത്തോടെ അയാളെ നോക്കുന്നു. അപേക്ഷാരൂപത്തിൽ മാത്രമാണ് സംസാരിക്കുന്നത്. പക്ഷെ മുന്നിൽ നിൽക്കുന്ന കാട്ടുപന്നിയുടെ അടുത്തുനിന്ന് പിന്നിൽ വടിയുമായി നിൽക്കുന്ന ഭർത്താവിലേക്ക് അവൾ ഒരു നിമിഷം കുതറുന്നുണ്ട്. അതവളുടെ വളരെ സ്വാഭാവികമായ റിഫ്ളക്സ് ആക്ഷനാണ്. തീ കണ്ടാൽ കൈ വലിക്കും പോലെ ഉള്ള ഒന്ന്. അവസാനം വെള്ളപ്പാച്ചിലിൽ നിന്ന് പിന്തിരിഞ്ഞു നടക്കുന്നതും അത്തരം ഒരു റിഫ്ളക്സ് ആക്ഷനാണ്. സുധയുടെ കണ്ണിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കാൽവിരലുകളെ ബോൾട്ട് കട്ടർ കൊണ്ടമർത്തി അകത്തുന്ന ചന്ദ്രന്റെ കാഴ്ചകൾ നമ്മൾ കാണുന്നത് അവളുടെ അടികൊണ്ടു ചതഞ്ഞ മുറിവിന്റെ നീറ്റലുകളിലൂടെയാണ്.വെളിച്ചം എന്ന ബിംബത്തെ തിരിച്ചിടുന്നുണ്ട് ഒറ്റമുറി വെളിച്ചം. എല്ലായിടത്തും വെളിച്ചം പ്രതീക്ഷയുടെ പ്രതീകമാണ്. പക്ഷെ ഇവിടെ വെളിച്ചമാണ് ഏറ്റവും ഭീതിതമായ അനുഭവം. ഭയം ഉണ്ടാക്കുന്ന ഒന്നാണ് സുധയ്ക്ക് വെളിച്ചം. ആ വെളിച്ചമണയ്ക്കുമ്പോൾ ആണ് സുധ ഭയങ്ങളെ അതിജീവിക്കുന്നത്. ആ വെളിച്ചത്തിന്റെ മാറി മാറി വരുന്ന നിറങ്ങൾ അവളെ അനാഥയാക്കുന്നു. ജീവിതത്തിൽ നിറമില്ലായ്മകളെ, ഇരുട്ടിനെ ഒക്കെ സ്നേഹിച്ചവളാണ് സുധ. ഇരുട്ടാണ് അവളുടെ സുരക്ഷിതമായ താവളം. ഭർത്താവിന്റെ അനിയന്റെ കണ്ണുകളെ വെട്ടിച്ചു വസ്ത്രം മാറാൻ, മുറിയാതെ ഉറങ്ങാൻ, ഭർത്താവിന്റെ കടന്നാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവൾക്ക് ഇരുട്ട് കൂടിയേ തീരൂ. പക്ഷെ ഇരുട്ടിൽ ചന്ദ്രന് ഉറങ്ങാൻ പറ്റില്ല. വെളിച്ചമില്ലാത്ത ഇടങ്ങളിൽ അയാൾക്ക് കാലിടറും. ഈ അപനിർമാണമാണ് ഒറ്റമുറി വെളിച്ചത്തിന്റെ ഭംഗി. ഇരുട്ടിലൂടെയും വെളിച്ചത്തിലൂടെയും കാണികളിൽ എത്തുന്ന ബിംബങ്ങൾ മനഃപൂർവം മാറി മറിയുന്നു. ഒരു നാടിന്റെ അവസ്ഥയെയും സുധയുടെ ജീവിതത്തോടൊപ്പം വരച്ചു കാട്ടാൻ ശ്രമിക്കുന്നുണ്ട് ഒറ്റമുറി വെളിച്ചം. പലതരം അധിനിവേശങ്ങൾ കൊണ്ട് തകർന്ന പ്ലാന്റേഷൻ ബിസിനസ്സ്, ആ നാട്ടിൽ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങൾ, മനുഷ്യൻ ചത്താൽ പോലും തിരിഞ്ഞു നോക്കാൻ ആരുമില്ലാത്ത ഇടം എന്ന മട്ടിലുള്ള സൂചനകൾ ഒക്കെ സിനിമയിൽ കടന്നു വരുന്നുണ്ട്. നശിച്ച മനുഷ്യർ എന്ന ചന്ദ്രന്റെ പരാമർശത്തിലുണ്ട് ഒരു ആവാസ വ്യവസ്ഥയുടെ നൈരാശ്യങ്ങൾ.

സുധ കല്യാണം കഴിഞ്ഞ് ഈ നാട്ടിലേക്ക് ഒറ്റയ്ക്ക് വരുമ്പോൾ ഉള്ള പകപ്പുണ്ട്, തീർത്തും അപരിചിതമായ ഇടത്തേക്ക്, അപരിചിതരെ പൂർണമായി ആശ്രയിച്ചുള്ള വരവ്. ഒരിടം തന്റേതല്ലെന്നറിഞ്ഞ് ആ ഇടത്തേക്ക് ആശ്രിതയായി വരുന്ന ഒരുപാട് പെൺകുട്ടികളിൽ കണ്ടിട്ടുണ്ട് ആ പകപ്പ്. ഏറ്റവും അവസാനം അത് കണ്ടത് ഭർതൃ വീട്ടുകാർ അമ്മിയിൽ അരപ്പിച്ചു കൈകൊട്ടുന്ന വൈറൽ വീഡിയോയിലെ പെൺകുട്ടിയിലാണ്. ആ പകപ്പിലുണ്ട് സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. കാടും മാറി വരുന്ന കാലാവസ്ഥകളുമാണ് സിനിമയിൽ സുധയ്ക്കൊപ്പം സഞ്ചരിക്കുന്ന മറ്റു രണ്ടു സാധ്യതകൾ. സുധയും ചന്ദ്രന്റെ അമ്മയും തമ്മിലുള്ള പ്രത്യേക തരം ഇഴയടുപ്പവും സിനിമ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം വൈവാഹിക ജീവിതത്തിലെ ദുരന്തങ്ങൾ ആണ് സുധയെയും കാത്തിരിക്കുന്നത് എന്നവർക്ക് വ്യക്തമായി അറിയാം. പക്ഷെ പ്രതിരോധം എന്നൊരു സാധ്യതയെ കുറിച്ച് അവർക്ക് അറിയില്ല. അത്തരം ശ്രമങ്ങൾക്ക് സാധ്യത ഇല്ലെന്നറിഞ്ഞിട്ടാണ് വേദന മാറാൻ മരുന്ന് പുരട്ടി കൊടുത്ത് അവർ കഥകൾ പറയുന്നത്. പ്രതിരോധങ്ങൾക്കൊടുവിലും അവർക്കൊപ്പം തന്നെ ജീവിക്കാൻ തീരുമാനിച്ച സുധയിലും കൂടിയാണ് ഒറ്റമുറി വെളിച്ചം അവസാനിക്കുന്നത്. അമ്മായി അമ്മ- മരുമകൾ യുദ്ധങ്ങളുടെ കാഴ്ചകളെ കൂടിയാണ് ആ അർത്ഥത്തിൽ സിനിമ മറികടക്കുന്നത്. രണ്ടു തലമുറയിൽ ഒരേ അനുഭവത്തിലൂടെ കടന്നു പോയ സ്ത്രീകളാണ് സുധയും ചന്ദ്രന്റെ അമ്മയും.

വിനീത കോശി എന്ന, വളരെ കുറച്ചു സിനിമകളുടെ ആയുസുള്ള ഒരു താരത്തെ ഇത്രയും ആഴമുള്ള വേഷം ഏൽപ്പിച്ച സംവിധായകന്റെ പ്രതീക്ഷകളെ അവർ തെറ്റിക്കുന്നില്ല. ദീപകും പൗളി വത്സനും ഒക്കെ സിനിമയെ പൊള്ളുന്ന അനുഭവമാക്കുന്നതിൽ തങ്ങളുടെ പങ്ക് ഭംഗിയായി നിർവഹിച്ചു. എഡിറ്റിങ്ങും ക്യാമറയും കൂടിയതാണ് സിനിമയുടെ കാഴ്ച എന്ന് ഒറ്റമുറി വെളിച്ചം ഓർമിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് അതിനാടകീയത ഉള്ള പശ്ചാത്തല സംഗീതം പക്ഷെ ക്‌ളീഷേ ആയി തോന്നി. പാട്ടുകളുടെ അസാന്നിധ്യമുള്ള ഒറ്റമുറി വെളിച്ചം ഒന്ന് കൂടി മനോഹരമാകും എന്നും തോന്നി. ഒരുവൾ സ്വന്തം ഊർജം കണ്ടെത്തുന്ന കഥ കൂടിയാണ് ഒറ്റമുറി വെളിച്ചം. ഒരിക്കലും ഒടുങ്ങാത്ത പ്രതിരോധങ്ങളിലൂടെ സുധ 'സ്വന്തമായൊരു മുറി' കണ്ടെത്തുന്നു. ഇനിയും പ്രതിരോധങ്ങളിലൂടെയാണ് ആ മുറിയിൽ ജീവിക്കേണ്ടത് എന്നവൾക്ക് അറിയാം. പക്ഷെ അവൾ ഭയത്തെ ദൂരെ കളഞ്ഞ് തന്റെ നിരാശയുടെ, നിസ്സഹായതയുടെ ഓർമപ്പെടുത്തലായ പലനിറ വെളിച്ചത്തെ കെടുത്തുന്നു. എന്നിട്ട് സ്വയം ഒറ്റമുറി വെളിച്ചമാകുന്നു. ഈ അർത്ഥത്തിൽ ലിംഗ രാഷ്ട്രീയത്തെ അതിന്റെ അടിസ്ഥാന അവസ്ഥയിൽ നിന്ന് തന്നെ പറഞ്ഞ സിനിമ എന്ന നിലയ്ക്ക് ഒറ്റമുറി വെളിച്ചം കയ്യടി അർഹിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/cinema-pauly-valsan-second-best-actress-interview-rakeshsanal/

Next Story

Related Stories