TopTop
Begin typing your search above and press return to search.

കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം; 'തമാശ'യല്ല പറയുന്നത്

കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം;
ചീകിയൊതുക്കാൻ മുടിയില്ലാത്ത കഷണ്ടിയായ നായകനും തടിയുള്ള നായികയും; മലയാള സിനിമയുടെ പതിവ് ശൈലികൾ പൊളിക്കുകയാണ് നവാഗതനായ അഷറഫ് ഹംസ തന്റെ ചിത്രമായ തമാശയിലൂടെ. എന്നാൽ പേരിനോളം 'തമാശ'യല്ല അഷറഫ് പറഞ്ഞുവയ്ക്കുന്നത്. മലയാളികൾക്കിടയിൽ സാധാരണമായ ബോഡിഷെയ്മിങ്ങിനെ പൊളിച്ചെഴുതുകയാണ് സംവിധായകൻ സിനിമയിലൂടെ.

പ്രേമത്തിലെ അധ്യാപകനോട് തുടക്കത്തിൽ സാമ്യം തോന്നുമെങ്കിലും മലയാളത്തിലെ ഫ്ലക്സിബിളായ നടൻ തന്നെയാണ് താനെന്ന ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ശ്രീനിവാസനിലൂടെ വിനയ് ഫോർട്ട്. മുപ്പതുകളിൽ വിവാഹം ചെയ്യാൻ കൊതിച്ച് നടക്കുന്ന യുവാവായും, ഉള്ളിൽ നിറയുന്ന (സമൂഹം നിറയ്ക്കുന്ന) അപകര്‍ഷതാ ബോധം ഇല്ലെന്ന് നടിക്കുന്ന അധ്യാപകനായും, അനിയന്റെ പ്രണയ സല്ലാപങ്ങളിൽ അസൂയ കൊള്ളുന്ന സഹോദരനായും വിനയ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പൊന്നാനിക്കാരനായ ശ്രീനിവാസന്‍ മാഷായി മാറുമ്പോൾ പ്രേമത്തിലെ അധ്യാപകനേ അല്ല ഈ മലയാളം മാഷ്.

മുന്നു നായികമാരിലുടെ പതിഞ്ഞ താളത്തിൽ നീങ്ങുകയാണ് ചിത്രം. ബബിത ടീച്ചറായെത്തുന്ന ദിവ്യപ്രഭയും സഫിയയായി ഗ്രേസ് ആന്റണിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, സുന്ദരമായ പൊട്ടിച്ചിരികളിലൂടെയും ആകാര ഭംഗിയിലുടെയും പ്രേക്ഷകന്റെ മനം കവരുകയാണ് ചിന്നു എന്ന കഥാപാത്രമായെത്തിയ ചിന്നു ചാന്ദിനി.

നായകനേക്കാൾ സുന്ദരനെന്ന് തോന്നിക്കുന്ന മറ്റൊരാൾ വരുമ്പോള്‍, മനം മാറ്റം പ്രകടിപ്പിക്കുന്ന നായികമാരിലൊരാളും, അതേ അവഗണന നേരിടുന്ന നായകനെ കൊണ്ട് 'അവിടൊരു തടിച്ചി കുട്ടി മാത്രമേയുള്ളു എന്നു' പറയിക്കുന്നിടത്തുമാണ് സംവിധാകയന്റെ നിരീക്ഷണ ബോധം വ്യക്തമാക്കുന്നത്. രണ്ടാം പകുതിയിൽ ഇവിടെ അവസാനിപ്പിക്കാം എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുകയും അ‍ടുത്ത വിഷയത്തിലേക്ക് കടക്കുകയും ചെയ്യുന്ന രീതിയും സിനിമയെ വ്യത്യസ്ഥമാക്കുന്നു.

വ്യക്തിപരമായി ഒരു പരിചയവുമില്ലാത്തവരെ പോലും സോഷ്യൽ മീഡിയ വാളിൽ അതിക്രുരമായി അവഹേളിക്കുന്ന മലയാളി സൈബർ പോരാളികളെയും, അവരോട് തോൽക്കില്ലെന്ന് പറയുന്നവരെ തോറ്റുകൊടുക്കാൻ നിർബന്ധിക്കുന്ന സമൂഹത്തെയും വിമർശിക്കുക കൂടിയാണ് തമാശ. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് വെട്ടുകിളികൂട്ടത്തെ പോലെ സോഷ്യൽ മീഡിയയിൽ ഇടപെടാൻ ഇഷ്ടപ്പെടുന്ന യുവാക്കളെയും സിനിമ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിങ്, കമന്റുകളിലൂടെയുള്ള കടന്നാക്രമണങ്ങളെയും തമാശ അതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ രൂപം, ഞാൻ ഉപയോഗിക്കുന്ന സ്പെയ്സ് നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നാണ് ഒരാളെ രൂപത്തിന്റെ പേരിൽ ആക്ഷേപിക്കുന്നവരോട് സിനിമ ചോദിക്കുന്നു.

തമാശയിലെ ശ്രീനിവാസനെ ഇമേജുകളുടെ ഭാരമില്ലാത്ത ഒരാളെ ഏല്‍പ്പിക്കണമായിരുന്നു: സംവിധായകന്‍ അഷ്‌റഫ് ഹംസ/അഭിമുഖം

അതേസമയം, സുഡാനിക്ക് ശേഷം മലപ്പുറത്തിന്റെ നന്മയിലൂന്നിക്കൊണ്ട് കഥ പറയാനുള്ള ശ്രമം കുടിയാണ് തമാശ. അതുകൊണ്ട് തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് നവാസ് വള്ളിക്കുന്നിന്റേത്. സുഡാനിയിൽ മജീദിന്റെ ചങ്ങായിയായി തിളങ്ങിയ നവാസ് ടൈമിങുള്ള കൊമേഡിയനും സ്വാഭാവികമായി അഭിനയിക്കുന്ന നടനുമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പതിവിൽ നിന്നും വിപരീതമായി സഹനടന്റെ പ്രണയവും ജീവിത സാഹചര്യവും കൃത്യമായ ഇടവേളകളി‍ൽ ചേർക്കാനും സംവിധായകന് കഴിയുന്നു. റഹീം എന്ന കഥാപാത്രമായി നവാസ് മികച്ചു നിൽക്കുന്നു.

പൊന്നാനിയുടേയും കൊച്ചിയുടേയും ബിനാലെയുടെയും സൗന്ദര്യം സമീര്‍ താഹിറിന്റെ ക്യാമറ അതിന്റെ തനിമയോടെ പകർത്തുന്നു. സംവിധായകന്‍ മുഹ്‌സിന്‍ പെരാരിയുടെ വരികളും ഷഹബാസ് അമന്റേയും റെക്‌സ് വിജയന്റേയും സംഗീതവും മാറ്റുകൂട്ടുന്നു. മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും മനസുകൂടിയാണ് സമീര്‍ താഹിറിന്റെ ക്യാമറ പകര്‍ത്തുമ്പോൾ‌ നവാഗതനെന്ന തോന്നിപ്പിക്കാതെ കഥപറയാൻ അഷറഫ് ഹംസയ്ക്ക് കഴിയുന്നു.

തടികുറയ്കാൻ വഴി ഉപദേശിക്കുന്നവരോട് പറയാനുള്ളത്, കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം എന്ന് വ്യക്തമാക്കുന്ന ചിന്നുവും, ആൾക്കാർ എന്തെങ്കിലും പറയട്ടെ, അത് അത് നമ്മളെന്തിന് നോക്കണമെന്ന് പറയുന്ന റഫീമുമാണ് സിനിമയുടെ ഹൈലൈറ്റ്. എന്നാൽ ഷേക്‌സ്പിയര്‍ ഗാന്ധിജിയും വൈക്കം മുഹമ്മദ് ബഷീർ എന്നിവരുൾപ്പെടെ മുടിയില്ലാത്തവരാണെന്ന് പറയുന്ന ശ്രീനിവാസന്‍ കഷണ്ടി ഒരു ‘കുറവല്ല’ എന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഓരോ തവണയും ശ്രമിച്ച് അയാള്‍ പരാജയപ്പെടുന്നതും കാണാം.

ലിജോ ജോസ് പെല്ലിശ്ശേരി, സമീര്‍ താഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈജു ഖാലിദ് ഇവരുടെ കൂട്ടായ്മയിൽ പിറന്ന തമാശയിൽ ഒരു കൂട്ടം നവാഗതനായ നല്ല താരങ്ങളും അണിയറ പ്രവർത്തകരും ചേരുമ്പോള്‍ മലയാള സിനിമയിലെ പതിവ് രീതികൾ മാറുക തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.

സിനിമയിൽ പത്തു വർഷമായി ഞാൻ കാണിക്കുന്ന ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും റിസൾട്ട് തന്നെയാണ് ‘തമാശ’: വിനയ് ഫോർട്ട്/അഭിമുഖം


Next Story

Related Stories