സിനിമ

ഉളിദവരു കണ്ടന്തെ അല്ല ഇത്, റിച്ചിയാണ്; ഒരു ശരാശരി പരീക്ഷണ ചിത്രം

Print Friendly, PDF & Email

ആക്ഷന്‍ ഹീറോകളുടെ ബാഹുല്യം കാരണം പൊറുതി മുട്ടിയ തമിഴ് സിനിമയ്ക്ക് ഏതൊക്കെയോ അര്‍ത്ഥത്തില്‍ റിച്ചി പുതുമ തന്നെയാണ്

അപര്‍ണ്ണ

അപര്‍ണ്ണ

A A A

Print Friendly, PDF & Email

നിവിന്‍ പോളിയുടെ തമിഴ് എന്‍ട്രി എന്ന രീതിയിലാണ് റിച്ചി കേരളം മുഴുവന്‍ ആഘോഷിക്കപ്പെട്ടത്. ഗൗതം രാമചന്ദ്രന്റെ മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന ഈ സിനിമ ശ്രമത്തിന്റെ ട്രെയിലറുകള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമായി ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിട്ട്. റിച്ചി എന്ന സിനിമയുടെ പൂര്‍വ ചരിത്രമറിയാത്തവര്‍ക്ക് ഒരു ആക്ഷന്‍ മസാല പാക്കേജ് എന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് ആ ട്രെയിലറുകള്‍ കട്ട് ചെയ്തിരുന്നത്. എന്നാല്‍ നിവിന്‍ പോളിക്കും ഈ മാസ്സ് ട്രെയിലറിനും അപ്പുറമുള്ള ഒരു പശ്ചാത്തലം റിച്ചിക്കുണ്ട്. കാന്‍സ് മേള വരെ എത്തിയ പ്രശസ്ത കന്നഡ ചിത്രം ഉളിദവരു കണ്ടന്തെയുടെ സ്വതന്ത്ര റീമേക്ക് ആണ് റിച്ചി. നിയോ നോയിര്‍ ഗണത്തില്‍ പെട്ട ഈ സിനിമ വിമര്‍ശക ശ്രദ്ധ നേടിയ ഒന്നാണ് (ഡാര്‍ക്ക് സിനിമകളുടെ ഒരു വിഭാഗമാണ് നിയോ നോയിര്‍. അപരന്‍, മുന്നറിയിപ്പ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിവ ഈ ഗണത്തിലുള്ള ചില മലയാളം സിനിമകളാണ്). രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭവും ഏറ്റവും മികച്ച നായക വേഷം എന്നു ബഹുഭൂരിപക്ഷം പേര്‍ പറയുന്ന നായക കഥാപാത്രവുമായിരുന്നു ഈ സിനിമയിലേത്. എന്തായാലും തമിഴ് പശ്ചാത്തലത്തിലുള്ള സ്വതന്ത്ര റീ മേക്ക് മാത്രമാണ് റിച്ചി എന്ന് സംവിധായകനും നിവിന്‍ പോളിയും പല കുറി ആവര്‍ത്തിച്ചിട്ടുണ്ട്. സാന്റാ മരിയ, അവര്‍കള്‍ എന്നീ ദുരൂഹത അവശേഷിപ്പിക്കുന്ന രണ്ടു പേരുകള്‍ മാറ്റിയാണ് സംവിധായകന്‍ റിച്ചി എന്ന നായകന്റെ പേര് തന്നെ സിനിമക്കിട്ടത്. പേരിലെ ദുരൂഹതകള്‍ ബാക്കി വെച്ചില്ലെങ്കിലും സിനിമയുടെ പശ്ചാത്തലവും മറ്റു കഥാപാത്രങ്ങളുടെ റോളും കൃത്യമായി മൂടി വെച്ചാണ് റിച്ചി രണ്ടു ട്രെയിലറുകളുമായി ഈ ഒരു വര്‍ഷം പിടിച്ചു നിന്നത്. സിനിമയുടെ ട്രെയിലര്‍ ഉളിദവരു കണ്ടന്തെയില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നുമുണ്ട്.

മേഘ എന്ന പത്രപ്രവര്‍ത്തകയുടെ(ശ്രദ്ധ ശ്രീനാഥ്) ഒരു ക്രൈം  സ്‌റ്റോറിക്കായുള്ള അന്വേഷണത്തിലാണ് റിച്ചി ആരംഭിക്കുന്നത്. ഒരു ജുവനെയില്‍ മേധാവിയുടെ മകള്‍ ആയ മേഘ അവിടത്തെ അന്തേവാസിയായ സവിശേഷ സ്വഭാവങ്ങള്‍ ഉള്ള റിച്ചിയെ കുട്ടിക്കാലം മുതല്‍ പിന്തുടരുന്നുണ്ട്. ആ യാത്രയുടെ തുടര്‍ച്ചയിലാണ് റിച്ചിയുടെ ജീവിതം ഫീച്ചര്‍ ചെയ്യാന്‍ മേഘ അയാളുടെകടലോര ഗ്രാമത്തിലെത്തുന്നത്. അവിടെ നിന്ന് കിട്ടുന്ന പല ജീവിതങ്ങളിലൂടെ പല കഥകളിലൂടെ മേഘ അറിയുന്ന റിച്ചിയും അയാള്‍ക്ക് ചുറ്റുമുള്ളവരും അയാളുടെ കഥകളും 30 കൊല്ലത്തോളമുള്ള ആ തീരദേശ ജീവിതവും ഒക്കെയാണ് ഒരു ഉപരിപ്ലവമായ അര്‍ത്ഥത്തില്‍ സിനിമ. വളരെ ചെറിയ പ്ലോട്ടുകളുള്ള ഓരോരുത്തരുടെയും നരേറ്റീവുകള്‍ ഏതാണ്ട് ഒരു ആന്തോളജി എന്ന മട്ടിലാണ് കൂട്ടിയോജിപ്പിച്ചിട്ടുള്ളത്. ആ യോജിപ്പിക്കലുകള്‍ക്കിടയിലാണ് റിച്ചി തുടങ്ങിയവസാനിക്കുന്നത്. കാക്കാമുരുഗനും ഡെമോക്രസിയും പോലുള്ള ഈ സെഗ്മന്റുകള്‍ തമ്മിലുള്ള സൂക്ഷ്മമായ കൂടി ചേരലുകള്‍ ആണ് സിനിമയെ നയിക്കുന്നത്. ഒരു പത്രപ്രവര്‍ത്തക ഓരോരോ ചെറിയ കോലങ്ങളിലായി തുടര്‍ക്കഥ പറഞ്ഞവസാനിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് തിരക്കഥയും ഫ്രെയിം ചെയ്തിട്ടുള്ളത്. കാക്കാമുരുഗനില്‍ തുടങ്ങിയ കഥ റിച്ചി എന്ന കേന്ദ്രബിന്ദുവില്‍ അവസാനിക്കുന്നു( സസ്‌പെന്‍സ് ഘടകങ്ങള്‍ ഉള്ളതിനാല്‍ പ്രധാന കഥാഗതി പറയുന്നില്ല).

റിച്ചി എന്ന പേരും ഇവിടത്തെ തീയറ്ററുകളില്‍ നിറഞ്ഞോടിയ ട്രെയിലറും കണ്ട് ഒരു കൂള്‍ മാസ്സ് ആക്ഷന്‍ സിനിമ പ്രതീക്ഷിച്ചു പോയവരെ റിച്ചി ശരിക്കും നിരാശപ്പെടുത്തും. ലഘുവായ അലസ ആസ്വാദനം സാധ്യമായ ഒരു സിനിമയേ അല്ല ഇത്. ചോര ചിന്തിയ ഫൈറ്റും ജയിച്ചു സ്ലോ മോഷനില്‍ പോകുന്ന നായകനും ഒക്കെയാണ് ശരാശരി മലയാളി പ്രേക്ഷകരില്‍ റിച്ചി ഉണ്ടാക്കിയ പ്രതീതി. പക്ഷെ സൂക്ഷമായ കാഴ്ചയും ശ്രദ്ധയും പൂര്‍ണമായി ആവശ്യപ്പെടുന്ന സിനിമയാണ് റിച്ചി. സത്യം, മിഥ്യ, ശരി, തെറ്റ് ഇങ്ങനെ ഒരുപാട് അടരുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ ഭാഗവും മുന്നോട്ടു നീങ്ങുന്നത്. കഥകള്‍ ഒരിക്കലും പൂര്‍ണമാകുന്നില്ല, പൂര്‍ണമാകുന്നത് ഓരോ കാഴ്ചപ്പാടുകള്‍ മാത്രമാണ് എന്നൊക്കെയുള്ള ആശയങ്ങളിലേക്കാണ് സിനിമ നീങ്ങുന്നത്. ഇത്തരം ഒരു കാഴ്ച രീതികള്‍ ആസ്വദിക്കുന്നവര്‍ക്ക് മാത്രം ആസ്വാദിക്കാവുന്ന ഒരു സിനിമയാണ് റിച്ചി. കന്നഡയിലെ നവ തരംഗ സിനിമാ രീതികള്‍ക്ക് തുടക്കമിട്ട ഒരു സിനിമയുടെ റീമേക്ക് ആണ് എന്ന വ്യക്തമായ ബോധ്യത്തോടെ മാത്രം റിച്ചിക്കു കയറുക. ഒരു ശരാശരി മാസ് മസാല പദത്തിന് വേണ്ട ഒന്നും ഈ സിനിമയില്‍ ഇല്ല. എന്താണ് സത്യം, എന്താണ് മിഥ്യ…ഇതിന്റെയൊക്കെ ആപേക്ഷികതകള്‍ ഒക്കെയാണ് എല്ലാ നോയിര്‍ പദങ്ങളെ പോലെ റിച്ചിയും അന്വേഷിക്കുന്നത് റിച്ചിയുടെ എന്ന പോലെ പ്രണയിയായ ബോട്ട് മെക്കാനിക്കിന്റെയും (നടരാജ് ) പീറ്ററിനെയും ഒക്കെ കഥകള്‍ സമാന്തരമായി പറയുന്നുണ്ട് സിനിമ. മേഘയുടെ കഥക്കൊപ്പം ഇവ ഇഴ ചേര്‍ക്കുന്ന രീതി പരീക്ഷണ സങ്കേതങ്ങളുടെ സഹായത്താല്‍ എടുത്തിട്ടുള്ളവയാണ്.

"</p

ഈ പരീക്ഷണങ്ങള്‍ പുതുമ സൃഷ്ടിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ആക്ഷന്‍ ഹീറോകളുടെ ബാഹുല്യം കാരണം പൊറുതി മുട്ടിയ തമിഴ് സിനിമയ്ക്ക് ഏതൊക്കെയോ അര്‍ത്ഥത്തില്‍ റിച്ചി പുതുമ തന്നെയാണ്. നോണ്‍ ലീനിയര്‍ നരേഷനും താരതമ്യേന ദക്ഷിണേന്ത്യന്‍ സിനിമയില്‍ കുറവാണ്. കുട്ടിക്കാലത്തെ അപ്രതീക്ഷിതമായ ദുരന്തത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥയാണ് റിച്ചി. 15 വര്‍ഷത്തെ കാത്തിരിപ്പുണ്ട് ആ പ്രതികാരത്തിന്. ഈ കഥാതന്തുവും സെവന്‍ത് സ്‌റ്റോണ്‍ ഗെയിമിന്റെ പ്രതീകാത്മക ഉപയോഗവും ഒക്കെ സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട്. പീറ്റര്‍ എന്ന കണക്റ്റിങ് ലിങ്കിനെയും ബുദ്ധിപരമായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ പ്രണയം, പ്രതികാരം, കറുപ്പ് വെളുപ്പ് പോലുള്ള ദ്വന്ദങ്ങള്‍ ഒക്കെ ഇപ്പോള്‍ ആരണ്യകാണ്ഡത്തിനും വിക്രം വേദക്കും ഒക്കെ ശേഷം കാണികളെ തരിപ്പിക്കുന്നില്ല. ഡാഷിന്റെയും ഡാഷ് ഡാഷിന്റെയും കഥ പറയുന്ന രീതിയും വിക്രം വേദ ഇറങ്ങിയ ശേഷം അത് ആവശ്യപ്പെടുന്ന പുതുമ സൃഷ്ടിക്കുന്നില്ല. പള്ളീലച്ചന്റെ മകന്‍ ആയ ഗുണ്ട, വസ്ത്രങ്ങളിലൂടെയും കാമറ ടോണിലൂടെയും സൃഷ്ട്ടിക്കുന്ന കറുപ്പ് വെളുപ്പ് ദ്വന്ദം ഒക്കെ ഇവിടത്തെ സിനിമാ ലോകം അടുത്ത കാലത്ത് പരീക്ഷിച്ചതാണ്. ഒന്നാം പകുതിയിലെ സെവന്‍ത് സ്‌റ്റോണ്‍ ഗെയിമും ആയി ചേര്‍ന്നുള്ള രംഗങ്ങള്‍ അത് ഉദ്ദേശിച്ച തീവ്രതയോടെ പ്രേക്ഷകരെ സ്പര്‍ശിക്കുന്നില്ല.

റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെ തെറി വിളിച്ച് മാപ്പ് പറയിച്ചു; നിവിന്‍ പോളി, ഫാന്‍സ് നിലവാരം നോക്കുമ്പോള്‍ താങ്കളും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ

ഏറെ ചര്‍ച്ചയായ ഒരു സിനിമയുടെ റീ മേക്ക് എന്ന രീതിയില്‍ കൂടി റിച്ചിയെ ചര്‍ച്ച ചെയ്യുന്നുണ്ട്. രക്ഷിത് ഷെട്ടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഉളിദവരു കണ്ടന്തെ. ആ നിലക്ക് നിവിന്റെ തമിഴ് എന്‍ട്രിയും സ്വീകരിക്കപ്പെടുമോ എന്നറിയില്ല. മൂല കഥയില്‍ വ്യത്യാസമൊന്നുമില്ലെകിലും ചില സാഹചര്യങ്ങളും കഥാഗതികളും പ്രാദേശിക വ്യതിയാനങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഹിറ്റ് ആയ രക്ഷിത് ഷെട്ടിയുടെ ടൈഗര്‍ ഡാന്‍സ് ഈ സിനിമയില്‍ പരിക്കുകള്‍ ഒന്നും കൂടാതെ നിവിന്‍ അവതരിപ്പിച്ചിട്ടുണ്ട്. 2014 ല്‍ ഉളിദവരു കണ്ടന്തെ തീയറ്ററില്‍ എത്തുമ്പോള്‍ പരീക്ഷണ സിനിമകള്‍ക്ക് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് ഒന്നുകൂടി പുതുമയുണ്ടായിരുന്നു. പ്രധാന കഥാഗതികള്‍ക്ക് മാറ്റം വരുത്താതു കൊണ്ട് തന്നെ ഉളിഡവറു കണ്ടാന്തെ കണ്ടവരുടെ മനസില്‍ റിച്ചി വേറിട്ട ഒരു പരീക്ഷണമായി നില്‍ക്കാനൊന്നും സാധ്യത ഇല്ല. പരീക്ഷണങ്ങള്‍ എന്ന നിലയിലുള്ള വ്യത്യാസങ്ങള്‍ നിരീക്ഷിക്കാം എന്ന് മാത്രം. ടൈഗര്‍ ഡാന്‍സിനിന്റെയും യേശുവിന്റെ കഥയുടെയും മറ്റു പ്രാദേശിക മിത്തിക്കല്‍ സിമ്പല്‍സിന്റെ ഉപയോഗവും രണ്ടു സിനിമയും ഒരേ രീതിയില്‍ തന്നെയാണ് പിന്തുടര്‍ന്നത്. ടെല്‍ എന്‍ഡിങ്ങില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. നിവിന്‍ പോളി സ്വാഗ് ഗെറ്റപ്പിലും ചില സ്‌പ്രെസിഷനിലും കാണികളുടെ മനസില്‍ ഇടംപിടിക്കുന്നുണ്ട്. അയാളുടെ ‘തമിഴാളം’ സംഭാഷണങ്ങള്‍ കഥാപാത്രത്തില്‍ നിന്ന് ചിലപ്പോള്‍ കാണികളെ അകറ്റുന്നുണ്ട്. ഒരു ശരാശരി പരീക്ഷണ ചിത്രം ആസ്വദിക്കുന്നവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ റിച്ചിക്കു കയറാം. പക്ഷെ മാസ്സ് കൂള്‍ കയ്യടികള്‍ക്ക് സിനിമയില്‍ ഇടങ്ങള്‍ ഇല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍