TopTop
Begin typing your search above and press return to search.

സന്ദേശത്തെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നു പറയുന്ന കോട്ടപ്പള്ളിമാരോട്

സന്ദേശത്തെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നു പറയുന്ന കോട്ടപ്പള്ളിമാരോട്

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന പ്രഭാകരന്‍ കോട്ടപ്പള്ളിയുടെ താക്കീതിനു സമാണ്, സന്ദേശം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞതിന് ശ്യാം പുഷ്‌കരനു നേരെ ഉയരുന്ന ആക്രോശങ്ങളും. സന്ദേശം സിനിമ എന്തു സന്ദേശമാണ് തരുന്നതെന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് ശ്യാം പറഞ്ഞത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ആവശ്യമില്ലെന്നു പറഞ്ഞുവച്ച് കൊണ്ട് അവസാനിക്കുന്ന സിനിമയോട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ഒരാളെന്ന നിലയില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും നിലപാട് ചൂണ്ടിക്കാണിച്ചതിന് ശ്യാമിനെതിരെയുണ്ടാകുന്ന ആക്ഷേപങ്ങള്‍ ചില്ലറയല്ല. അന്തം കമ്മി വിളി മുതല്‍ ശ്യാമിലെ എഴുത്തുകാരനെതിരേ തീര്‍ത്തും പരിഹാസ്യമായ രീതിയിലുള്ള അവേഹളനങ്ങള്‍ വരെ നടക്കുകയാണ്.

ശ്യാം പുഷ്‌കരനെതിരേ ചമ്മട്ടിയും ചാട്ടവാറും എടുത്തു നില്‍ക്കുന്നവരെ ആദ്യം തന്നെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ; ഈരേഴുലകിലെ എന്തിനേയും വിമര്‍ശിക്കാന്‍ യോഗ്യനായ ശ്രീനിവാസന്‍ സന്ദേശവും വരവേല്‍പ്പും ഏറ്റവുമൊടുവില്‍ ഞാന്‍ പ്രകാശനും എഴുതാന്‍ പേനയില്‍ നിറച്ച അഭിപ്രായ സ്വാതന്ത്ര്യമാണ് ശ്യാമും ഉപയോഗിച്ചിരിക്കുന്നത്. ശ്രീനിവാസന് എഴുതാമെങ്കില്‍ ശ്യാമിനും പറയാം.

സന്ദേശം മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ ആക്ഷേപഹാസ്യമാണെന്നും കാല്‍നൂറ്റാണ്ടിനിപ്പുറവും ആ സിനിമ ചര്‍ച്ചയാകുന്നു എന്നിടത്താണ് ശ്രീനിവാസന്‍ രചനയുടെ മഹത്വവും എന്നു വചനപ്രഘോഷണം നടത്തുന്നവര്‍ക്കു മുന്നില്‍ നിന്ന്, സന്ദേശം ആരാഷ്ട്രീയവാദത്തെക്കുറിച്ചുള്ള ചലച്ചിത്രോപദേശമാണെന്നു പറയാന്‍ ഒരാള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് ശ്യാം പുഷ്‌കരനല്ല, ആരായാലും പറയുക തന്നെ ചെയ്യണം. ഈ സ്വാതന്ത്ര്യം കൂടിയാണ് രാഷ്ട്രീയം. ഒടിച്ചു മടക്കി ദൂരെ എറിഞ്ഞു കളയേണ്ട ഒന്നല്ല രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തനങ്ങളും. ഇന്നത്തെ ഇന്ത്യ അത് ശരിക്കും മനസിലാക്കി തരുന്നുണ്ടല്ലോ!

കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് ചുരുങ്ങിപ്പോകൂ എന്നുള്ള സാരോപദേശം ജനാധിപത്യ വിരുദ്ധമാണ്. താന്‍ താനിലേക്ക് ഒതുങ്ങുന്ന മനുഷ്യന്‍ സൃഷ്ടിക്കുന്നത് അപകടരമായ സമൂഹത്തെയാണ്. അവനവനെ നന്നാക്കാന്‍ വീടകങ്ങള്‍ക്കേ കഴിയൂ എന്ന പ്രസ്താവന സഹവര്‍ത്തിത്വത്തിനെതിരാണ്. രാഷ്ട്രീയം നശീകരണായുധമാണെന്നും ആ തെറ്റു തിരുത്താതെ ഒരുവന് ജീവിത പുരോഗതി ഉണ്ടാകില്ലെന്നുമുള്ള മുന്നറിയിപ്പ് സ്വതന്ത്ര ചിന്തകളെ ദ്രവിപ്പിച്ചുകളയലാണ്.

സന്ദേശത്തെ വിമര്‍ശിക്കുന്നവരെല്ലാം കമ്യൂണിസ്റ്റുകളല്ല. രാഷ്ട്രീയബോധമുള്ള ആരുമാകാം. താന്‍ അനുഭവിച്ചറിഞ്ഞതിനെയാണ് ശ്രീനിവാസന്‍ തോലുരിക്കുന്നതെങ്കില്‍ കമ്യൂണിസം എന്നത് ശ്രീനിവാസനിലൂടെ മാത്രം പറയേണ്ടതും മനസിലാക്കേണ്ടതുമല്ലെന്ന് ആ മുന്‍ കമ്യൂണിസ്റ്റിന്റെ തമാശകള്‍ കേട്ട് ചിരിക്കുന്നവര്‍ ഓര്‍ക്കുക. തന്റെ കണ്ണിലെ കാഴ്ച്ചകള്‍ മാത്രമാണ് സത്യമെന്നു കരുതുന്നവനും കുരുടനും തമ്മില്‍ വ്യത്യാസമില്ല. പ്രേക്ഷകനെ ബുദ്ധിമുട്ടിച്ച ശ്രീനിവാസന്‍ സിനിമകളില്ലേ, എന്നിരിക്കിലും ശ്രീനിവാസനിലെ എഴുത്തുകാരനെ അദ്ദേഹത്തിന്റെ മോശം സിനിമകളുടെ പേരില്‍ മാത്രമാണോ വിലയിരുത്തുന്നത്. എന്തെങ്കിലുമൊക്കെ പറയാനും എഴുതാനും ചര്‍ച്ച ചെയ്യാനുമൊക്കെ ബാക്കി വയ്ക്കുന്ന സിനിമകളെയാണ് കലാരൂപമെന്നു പറയാന്‍ കഴിയുക, ഉത്സപ്പറമ്പില്‍ പോയി കണ്ണുമഞ്ഞളിച്ചവനെപ്പോലെ തിയേറ്റര്‍ വിട്ടു പോരാന്‍ ഇടയാക്കുന്നവയെയല്ല. ആ അര്‍ത്ഥത്തില്‍ സന്ദേശവും ഒരു നല്ല സിനിമയാണ്. 25 വര്‍ഷത്തിനിപ്പുറവും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, ആ ചര്‍ച്ച ഏകപക്ഷീയമായേ പറ്റൂ എന്നു വാശി പിടിക്കരുത്. സന്ദേശം ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്, അതിറങ്ങിയ കാലത്ത് തൊട്ട്, അതിലെ അരാഷ്ട്രീയതയെ കുറിച്ച് തന്നെയാണ്. ഇന്നിപ്പോഴിത് ശ്യാം പുഷ്‌കരന്‍ ആദ്യമായി പറഞ്ഞതൊന്നുമല്ല.

കോട്ടപ്പള്ളിയില്‍ നിന്നും കെ ആര്‍ പ്രഭാകരനെയും കെആര്‍പിയില്‍ നിന്നും കെ ആര്‍ പ്രകാശനെയും തിരിച്ചെടുക്കുന്ന രാഘവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ ഹീറോ ആണോ? അല്ല. തന്റെ മക്കളെ ഉത്തമന്മാരാക്കിയെടുത്തെന്ന് ആ അച്ഛന് തോന്നുന്നുവെങ്കില്‍, നടന്നിരിക്കുന്നത് അങ്ങനെയല്ല. ഉത്തമരായി മാറിയ പ്രകാശനും പ്രഭാകരനും അവിടന്നങ്ങോട്ട് ഒരു സമൂഹജീവിയില്‍ നിന്നും ചുരങ്ങിപ്പോവുകയാണ്. സമരം ചെയ്യുന്നവനും കൊടിപിടിക്കുന്നവനും അശ്ലീലമായി തോന്നുന്ന മുതലാളിത്വമനോഭാവക്കാരാവുകയാണവര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പുറത്താക്കി സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന കച്ചവടതന്ത്രത്തിന് ഇരുത്തിയഞ്ചു വര്‍ഷം മുന്നേ പിന്തുണ കൊടുത്തവരാണ് പ്രഭാകരനും പ്രകാശനും അവരെ അങ്ങനെയാക്കിയ രാഘവേട്ടനും രാഘവേട്ടനെ സൃഷ്ടിച്ച ശ്രീനിവാസനും. എന്താണ് കാരണമെന്നു തിരക്കാതെ, ' എന്തെങ്കിലും കാരണമില്ലാതെ' എന്ന ഉറപ്പിലേക്ക് എത്തുന്ന പ്രഭാകരനും പ്രകാശനും തന്നെയാണ് ഇന്നീ നാട്ടില്‍ നടക്കുന്ന ഏതൊരു സമരത്തേയും പ്രതിഷേധത്തേയും അന്ധമായി എതിര്‍ക്കുന്നതും.

നല്ലവരായി മാറിയ പ്രകാശനെയും പ്രഭാകരനെയും അവരെ നന്നാക്കിയ രാഘവന്‍ നായരെയും, രാഘവന്‍ നായരുടെ കണ്ണിലെ മാന്യനായ ഉദയഭാനുവിനെയും പോലുള്ളവരാണ് ഈ നാട്ടില്‍ വേണ്ടതെന്ന സന്ദേശമാണ് സന്ദേശം സിനിമ നല്‍കുന്നതെങ്കില്‍ അതുകേട്ട് കോള്‍മയിര്‍ കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയില്ല. കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും സമരം ചെയ്യാനും മനുഷ്യരുള്ളൊരു സമൂഹമാണ് ഇവിടെ നിലനില്‍ക്കേണ്ടത്. അങ്ങനെയൊരു സന്ദേശം നല്‍കാത്ത ആ ശ്രീനിവാസന്‍ സിനിമയെ രാഷ്ട്രീയവാദിയും ജനാധിപത്യവാദിയുമെന്ന നിലയില്‍ അംബുജാക്ഷനും എതിര്‍ക്കുന്നു. #ശ്യാം പുഷ്‌കരനൊപ്പം.

https://www.azhimukham.com/cinema-sreenivasans-left-criticism-in-njan-prakashan-movie/

https://www.azhimukham.com/cinema-social-media-attack-against-script-writer-shyam-pushkaran-on-his-remarks-about-sandesham-and-some-mohanlal-movies/


Next Story

Related Stories