TopTop
Begin typing your search above and press return to search.

സംഘപരിവാറുകാരേ, ആ 'രാജ്യദ്രോഹി' ഫഹദ് ഫാസിലിന്റെ സിനിമ ഹൗസ്ഫുള്‍ ആയി ഓടുന്നുണ്ടേ...

സംഘപരിവാറുകാരേ, ആ രാജ്യദ്രോഹി ഫഹദ് ഫാസിലിന്റെ സിനിമ ഹൗസ്ഫുള്‍ ആയി ഓടുന്നുണ്ടേ...

വരത്തന്‍ തിയേറ്ററില്‍ എത്തുമ്പോള്‍ അംബുജാക്ഷന് ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. ഫഹദ് ഫാസിലായിരുന്നു കാരണം. വരത്തന്‍ എന്ന ഫഹദ് ചിത്രം തിയേറ്ററില്‍ ആളു കയറാതെ വന്‍ പരാജയമായിപ്പോകുമോ എന്നതായിരുന്നു ആശങ്ക. ഇത് കേട്ട്, ഈ അംബുജാക്ഷന്‍ ഇതുവരെ ഫഹദിന്റെ സിനിമകളൊന്നും കണ്ടിട്ടില്ലേ എന്ന് പുരികം ചുളിയുന്നുണ്ടായിരിക്കും നിങ്ങള്‍ക്ക്. ഫഹദിന്റെ ചിത്രം മാത്രമല്ലല്ലോ, സംവിധായകന്‍ ആരാണെന്നു കൂടി നോക്കായിരുന്നില്ലേ അംബൂജാക്ഷാ എന്നും നിങ്ങള്‍ പറയുന്നത് കേള്‍ക്കാം. ഒക്കെ ശരി തന്നെ, പക്ഷേ, ഒന്ന് പറയട്ടെ, അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചോര്‍ത്തോ, അമല്‍ നീരദ് എന്ന സംവിധായകനില്‍ വിശ്വാസമില്ലാതിരുന്നിട്ടോ ഒന്നുമായിരുന്നില്ല ആശങ്ക. അത് തികച്ചും രാഷ്ട്രീയപരമായ ആശങ്കയായിരുന്നു!

കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ചില സംഭവങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരം ഫഹദിനായിരുന്നല്ലോ, പക്ഷേ, ആ അവാര്‍ഡ് അയാള്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ എത്തി സ്വീകരിച്ചോ? ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയെന്നത് ശരി, പക്ഷേ വാങ്ങിച്ചോ? ഇല്ല! ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചു. ആ ധിക്കാരത്തിന് ഫഹദിനനെതിരേ ആര്‍എസ്എസ്-സംഘപരിവാര്‍ സംഘങ്ങള്‍ രംഗത്ത് ഇറങ്ങിയത് ഓര്‍മയില്ലേ. ഫഹദിന്റെ സിനിമകള്‍ ഇനി മുതല്‍ ആര്‍എസ്എസ്-സംഘപരിവാര്‍ അനുകൂലികളായവര്‍ മാത്രമല്ല, യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആരും തന്നെ കാണില്ലെന്നായിരുന്നു 'രാജ്യ സ്‌നേഹികളുടെ' ഭീഷണി. ബിജെപി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനമെങ്കില്‍ ഇനിയൊരിക്കല്‍ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിന് ഉണ്ടായിരിക്കില്ലെന്ന താക്കീതും കൊടുത്തിരുന്നു. ഫഹദ് ഫാസില്‍ എന്ന നടനെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മതമൗലികവാദിയാക്കി പോസ്റ്ററും ഒട്ടിച്ചു സംഘപരിവാര്‍. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളോട് ഇനി മുതല്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളൊന്നും കാണേണ്ടെന്ന് സംഘപരിവാര്‍ തിട്ടൂരം എഴുതി നല്‍കിയിട്ടുള്ളതിനാല്‍ വരത്തന്‍ ആളുകയറാതെ തിയേറ്റര്‍ വിട്ട് പോകാന്‍ ഒരാഴ്ച പോലും വേണ്ടി വരില്ലെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. ഹിന്ദു സ്ത്രീകളെ മോശക്കാരികളാക്കിയെഴുതിയ മീശ എന്ന നോവലിന്റെ രണ്ട് ഭാഗം പ്രസിദ്ധീകരിച്ചുപോയ കുറ്റത്തിന് മാതൃഭൂമി പത്രത്തിന്റെ സര്‍ക്കുലേഷനില്‍ ലക്ഷങ്ങളുടെ കുറവ് വരുത്തിച്ച ആള്‍ക്കാരണല്ലോ ഫഹദിനെയും വെല്ലുവിളിച്ചിട്ടുള്ളതെന്നോര്‍ത്തപ്പോള്‍ വരത്തന്റെ ഗതി അധോഗതി തന്നെയാണെന്ന് ഉറപ്പിക്കാന്‍ മറ്റെന്ത് തടസം!

https://www.azhimukham.com/trending-award-ceremony-boycott-pakistan-behind-fahad-faasil-bhagyalakshmi-bjp-pathanamthitta-fb-post/

പക്ഷേ, അംബുജാക്ഷന് തെറ്റി. ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ തിയേറ്ററുകളില്‍ വല്ലാത്ത തിക്കും തിരക്കും. ഒരു ഫഹദ് ഫാസില്‍ ചിത്രം ആദ്യ ദിനം നേടുന്ന കളക്ഷന്റെ റെക്കോര്‍ഡും വരത്തന്റെ പേരിലായത്രേ! സംഘപരിവാറുകാരും ആര്‍എസ്എസ്സുകാരും സകലമാന ഹിന്ദുസംഘടനക്കാരും പിന്നെ ഇവരുടെയൊക്കെ ആവശ്യപ്രകാരം കേരളത്തിലെ ആബാലവൃദ്ധം ഹിന്ദുക്കളും ഫഹദിന് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിട്ട്, ഇതെങ്ങനെ സംഭവിച്ചു! ഒരുപക്ഷേ, അഹിന്ദുക്കളുടെ കൂട്ടമായിരിക്കുമോ? ആ സംശയം അസ്ഥാനത്താണെന്ന് സോഷ്യല്‍ മീഡിയ മനസിലാക്കി തന്നപ്പോഴാണ് അംബുജാക്ഷന്‍ വലിയൊരു സത്യം തിരിച്ചറിഞ്ഞത്; സംഘപരിവാറുകാരൊക്കെ പറയുന്നത് കേട്ട് വെറുതെ കേറി ആശങ്കപ്പെടരുത്. സ്വയം വിഡ്ഡിയാകും. ഒന്നുമില്ലെങ്കില്‍, മെര്‍സല്‍, പദ്മാവത് തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചെങ്കിലും ഓര്‍ക്കേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എങ്കില്‍ ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു.

അല്ല സുഹൃത്തുക്കളേ, നിങ്ങളില്‍ ചിലരെങ്കിലും അന്ന് സംഘപരിവാറുകാര്‍ പറഞ്ഞതൊക്കെ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ! ഫഹദിനെ ഒരൊറ്റ ദിവസം കൊണ്ട് മതമൗലിക വാദിയാക്കി മാറ്റിയവര്‍ ഹിന്ദുക്കളോട് ആ നടനെക്കുറിച്ച് പറഞ്ഞതെന്തൊക്കെയാണെന്ന് അംബുജാക്ഷന്‍ മറന്നിട്ടില്ല. ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാതിരുന്നത് ഫഹദ് ഒരു മതമൗലിക വാദിയായതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതുസ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും അവര്‍ ആരോപിച്ചു. ഫഹദ് ഫാസില്‍ എന്നാല്‍ തികഞ്ഞ തീവ്രവാദിയും സുഡാപ്പിയുമാണെന്നും ഫഹദ് തീവ്രവാദികളുടെ രാഷ്ട്രീയമാണ് കളിച്ചതെന്നും അവര്‍ പറഞ്ഞു. ദേ ഇങ്ങനൊരു ഡയലോഗ് കൂടി അന്ന് 'മലയാളികളുടെ മാനം കളഞ്ഞ' ഫഹദിനെതിരേ ഉയര്‍ന്നിരുന്നു; ടാ..നാറി എന്റെ രാജ്യം നല്‍കിയ അവാര്‍ഡ് വേണ്ട എന്ന് പറയാന്‍ നീ കണ്ട് പിടിച്ച കാരണം കൊള്ളാം, അത് നല്‍കുന്ന ആളുടെ പാര്‍ട്ടി നിനക്ക് ഇഷ്ടം അല്ല അല്ലേ..വെറുതേ ഷോ കാണിച്ച് മലയാളിയുടെ മനം കളഞ്ഞു. രാജ്യം തന്ന ആദരം നിനക്ക് സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ ഭാരതീയര്‍ നിങ്ങളുടെ സിനിമ കാണുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്...' ആ ചോദ്യത്തിലെ ഭീഷണി മനസിലായില്ലേ! കേരളത്തില്‍ എന്ന ഇന്ത്യയില്‍ തന്നെ ഫഹദിന്റെ ഒരു സിനിമയും ഇനി ഓടാന്‍ പോണില്ലെന്ന്! ഒരു സാധാരണ ഫഹദ് ഫാസില്‍ ആരാധകന് പേടി തോന്നാന്‍ ഇതിലും വലുതെന്തെങ്കിലും വേണോ? ഈ പറഞ്ഞതൊന്നും അല്ല, അവാര്‍ഡ് ബഹിഷ്‌കരണത്തിന്റെ പിന്നില്‍ കളിച്ചതും ഫഹദ് തന്നെയായിരുന്നുവെന്നും അതിന് വേ്ണ്ടി പാകിസ്താന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുവരെ പറഞ്ഞുവച്ചില്ലേ! കേന്ദ്ര ഇന്റലിജന്‍സുകാര്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഫഹദിലൂടെ ഒരൊറ്റ തുള്ളി ചോര വീഴ്ത്താതെ ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താനു കഴിയുമായിരുന്നുവെന്നാണ് സംഘപരിവാര്‍ വെളിപ്പെടുത്തിയത്. ഫഹദ് എന്ന രാജ്യദ്രോഹിയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ എന്നു പറഞ്ഞ് എത്രപേരാണ് അന്ന് രംഗത്ത് വന്നത്. അവരെല്ലാം കൂടിചേര്‍ന്ന് ഫഹദിന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ എങ്ങനെ പേടിക്കാതിരിക്കാനാണ്, നിങ്ങള്‍ പറയ്!

https://www.azhimukham.com/cinema-sangh-parivar-communal-agenda-against-fahad-fazil/

അംബുജാക്ഷന് ഇപ്പോഴും മനസിലാകാത്ത കാര്യം സംഘപരിവാറുകാര്‍ പറയുന്ന യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആരാണെന്നാണ്? പരിവാറുകാര്‍ ഇത്രയൊക്കെ പറഞ്ഞിട്ടും ഉപദേശിച്ചിട്ടും, 'രാജ്യദ്രേഹി'യായ ഒരുവന്റെ സിനിമ സൂപ്പര്‍ ഹിറ്റ് ആകണമെങ്കില്‍ ഒന്നുകില്‍ ഈ യഥാര്‍ത്ഥ ഹിന്ദുക്കള്‍ക്ക് സംഘപരിവാറുകരോട് ഒരു ബഹുമാനവും ഇല്ലായിരിക്കണം, അതല്ലെങ്കില്‍ സംഘപരിവാര്‍ പറയുന്ന യഥാര്‍ത്ഥ ഹിന്ദുക്കള്‍ എന്നത് അവരവരെക്കുറിച്ച് തന്നെയുള്ള വിശേഷണമായിരിക്കണം. രണ്ടാമത് പറഞ്ഞതുപോലെയാണെങ്കില്‍ ഫഹദ് എന്നല്ല, 'യഥാര്‍ത്ഥ ഹിന്ദുക്കളുടെ' തിരിച്ചടി ഉണ്ടാകുമെന്ന് കേട്ടാല്‍ ഒരു നടനും നടിയും പേടിക്കേണ്ട. ഏതാനും പേര്‍ നിങ്ങളുടെ സിനിമ കണ്ടില്ലെന്നു പറഞ്ഞ് എന്തു പറ്റാനാ...! ഇനി ആദ്യം പറഞ്ഞതുപോലെയാണെങ്കില്‍, അതായത് സംഘപരിവാറുകാര്‍ ഓരോന്നൊക്കെ പറയും, അതൊന്നും കേള്‍ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് കേരളത്തിലെ ഹിന്ദുക്കള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഹിന്ദുക്കളുടെ മൊത്തക്കച്ചവടം ആഗ്രഹിക്കുന്നവരുടെ അവസ്ഥയോര്‍ത്ത് സഹതാപം തോന്നുകയാണ്. ഉത്തരേന്ത്യയില്‍ ചെലവാകുന്ന തന്ത്രങ്ങള്‍ ഇങ്ങോട്ട് വരുത്താന്‍ നോക്കേണ്ട എന്നാണ് മലയാളികള്‍ ഒരിക്കല്‍ കൂടി സംഘപരിവാര്‍ കമ്പനിക്കാരെ വരത്തന്റെ വിജയത്തിലൂടെ ഓര്‍മിപ്പിച്ചിരിക്കുന്നത്. മനസിലാക്കിയാല്‍ മതിയായിരുന്നു.

https://www.azhimukham.com/cinema-national-award-ceremony-boycott-sangh-parivar-cyber-attacking-against-fahad-fazil/


Next Story

Related Stories