TopTop
Begin typing your search above and press return to search.

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്. അത്യാവശ്യം അലമ്പനായ പുരുഷനെ നേരെയാക്കിയെടുക്കാനുള്ള മോറല്‍ ടീച്ചിംഗ് സത്യന്‍ അന്തിക്കാട് തുടങ്ങിയിട്ട് കാലം കുറേയായി. മിക്കവാറും ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നത് സിനിമയിലെ നായിക കഥാപാത്രവുമായിരിക്കും. ഞാന്‍ പ്രകാശനിലും മറ്റൊന്നല്ല സത്യന്‍ അന്തിക്കാട് പറയാന്‍ ശ്രമിക്കുന്നത്.

പ്രകാശന്‍ എന്ന പേര് പുതിയ കാലത്തിനു ചേരുന്നതല്ല എന്ന ‘തിരിച്ചറിവി’ല്‍ പി ആര്‍ ആകാശ് എന്നു ഗസറ്റില്‍ പബ്ലിഷ് ചെയ്തു പേര് മാറ്റുന്നയാളാണ് നായകന്‍. ആ ഒരു കൃത്യത്തില്‍ തന്നെ എന്താണ് ഇയാള്‍ എന്ന വ്യക്തമായ സൂചന സംവിധായകന്‍ തരുന്നുണ്ട്. തന്നെ പ്രകാശന്‍ എന്നു വിളിക്കുന്നവരോടെല്ലാം പി ആര്‍ ആകാശ് എന്നു പറഞ്ഞു തിരുത്തിക്കുന്നുണ്ട് നായകന്‍.

പഠിച്ചത് നേഴ്സിംഗ് ആണെങ്കിലും ആ പണി എടുക്കാന്‍ അയാള്‍ തയ്യാറല്ല. മറിച്ച് എളുപ്പത്തില്‍ എങ്ങിനെ പണം ഉണ്ടാക്കമെന്നതിനെ കുറിച്ചാണ് അയാളുടെ ആലോചന. തടി അനങ്ങി വീട്ടിലേക്ക് ഒരു സഹായം പോലും ചെയ്യാന്‍ അയാള്‍ തയ്യാറല്ല. അങ്ങനെയിരിക്കുമ്പോഴാണ് ജര്‍മ്മനിയിലേക്ക് പോകാനുള്ള സുവര്‍ണ്ണാവസരം അയാളുടെ മുന്‍പില്‍ വന്നു പെടുന്നത്. അതിനു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങള്‍ പ്രകാശന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്.

ഒരു സാമ്പ്രദായിക സത്യന്‍ അന്തിക്കാട് സിനിമയില്‍ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിച്ചു ഞാന്‍ പ്രകാശന്‍ കാണാന്‍ പോകുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പഴയ വീഞ്ഞു തന്നെയല്ലേ പുതിയ കുപ്പിയില്‍ എന്ന ഇച്ഛാഭംഗവുമായി തീയറ്റര്‍ വിട്ടു പുറത്തിറങ്ങാം എന്നു മാത്രം.

പത്രം വായിക്കുകയും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുമുള്ള ഒരു സംവിധായകനും മലയാളി സമൂഹത്തോട് നിരന്തരം കലഹിക്കുകയും ട്രോളുകയും ചെയ്യുന്ന ശ്രീനിവാസനും ഒന്നിച്ചതോടെ കണ്ടിരിക്കാവുന്ന ഒരു സാമൂഹ്യ ആക്ഷേപഹാസ്യം ഉണ്ടായി എന്ന സംതൃപ്തിയില്‍ ഞാന്‍ പ്രകാശന്‍ കണ്ടിറങ്ങാമെന്നു വിലയിരുത്തുന്നതാവും അനുയോജ്യം.

അലസനും ഉത്തരവാദ ബോധമില്ലാത്തവനും ഉഡായിപ്പുകാരനുമായ മലയാളി പുരുഷനെ കുടുംബത്തിനകത്തും പുറത്തും വെച്ചു നേരെയാക്കാന്‍ സത്യന്‍ ശ്രമം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. കൃത്യമായി പറഞ്ഞാല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ മുതല്‍ എന്നു പറയാം. അതിനു ശേഷം ഭാഗ്യദേവതയിലും വിനോദയാത്രയിലും ഒരു ഇന്ത്യന്‍ പ്രണയ കഥയിലും ജോമോന്റെ സുവിശേഷത്തിലുമൊക്കെ ഈ ആണിനെ നമ്മള്‍ കണ്ടുമുട്ടി. നായികയും സംഘവുമൊക്കെ ചേര്‍ന്ന് ഇയാളെ മെരുക്കിയെടുക്കുകയും ഉത്തമനായ കുടുംബപുരുഷനായി മാറ്റി തീര്‍ക്കുകയും ചെയ്യും.

വിനോദയാത്രയിലെ വിനോദ് ആണ് ഇങ്ങനെ മെരുക്കിയെടുക്കപ്പെട്ട കഥാപുരുഷന്‍മാരില്‍ ലക്ഷണയുക്തന്‍. അത്രത്തോളം തന്നെ കിടപിടിക്കാവുന്ന കഥാപാത്രമാണ് ഫഹദ് അവതരിപ്പിക്കുന്ന പ്രകാശന്‍. സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, ടിപി ബാലഗോപാലന്‍ എം എ തുടങ്ങിയ സിനിമകളുടെ കാലത്തെ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന അനായാസ പ്രകടനമാണ് ഫഹദ് പുറത്തെടുത്തിരിക്കുന്നത്. അതിനു നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കുന്നതില്‍ മടിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ പ്രണയ കഥയും വേണുവിന്റെ കാര്‍ബണുമൊക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ കൂടി.

ഞാന്‍ പ്രകാശനിലെ ഹൈലൈറ്റ് മലയാളിയുടെ സാമൂഹ്യ ശരീരത്തില്‍ അനിഷേധ്യ ഭാഗമായി മാറിയ മറുനാടന്‍ തൊഴിലാളികള്‍ തന്നെയാണ്. ബംഗാളികളായ തൊഴിലാളികള്‍ ഞാറ് നടുമ്പോള്‍ പാടുന്ന ബംഗാളി കൊയ്ത്ത് പാട്ട് (?) എന്തായാലും ഗംഭീര അനുഭവമായി. ഇതര സംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ശ്രീനിവാസന്റെ ഗോപാല്‍ജി പറയുന്നതു നമ്മുടെ പാടങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ബംഗാളി കൊയ്ത്ത് പാട്ടാണ് എന്നാണ്.

പ്രകാശനില്‍ ശരിക്കും കയ്യടി നേടിയ ഒരു കഥാപാത്രം പ്രകാശനെ തേച്ചിട്ട് പോകുന്ന നിഖില വിമല്‍ അവതരിപ്പിച്ച സലോമിയാണ്. സലോമി തന്നെ തേച്ചു എന്നു പ്രകാശന്‍ അറിയുന്ന നിമിഷം അതവന് കിട്ടേണ്ടതു തന്നെ എന്നു പ്രേക്ഷകര്‍ ചിന്തിച്ചെങ്കില്‍ അത് ഫഹദിന്റെയും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴിവ് തന്നെ എന്നു ഉറപ്പിച്ച് പറയാം.

അനിവാര്യമായ ക്ലീഷെകളിലേക്കും വൈകാരികതകളിലേക്കും സിനിമ ചെന്നു പതിക്കുന്നുണ്ടെങ്കിലും ഈ വെക്കേഷന്‍ കാലത്ത് കുടുംബ പ്രേക്ഷകര്‍ ആസ്വദിച്ച് കാണാന്‍ സാധ്യതയുള്ള ഒരു സിനിമയായിരിക്കും ഞാന്‍ പ്രകാശന്‍.


Next Story

Related Stories