TopTop

ട്രെന്‍ഡിംഗില്‍ കയറി 'ചക്കപ്പാട്ട്', 'എന്റെ ശിവനേ'യും പൊളിച്ചു; സയനോര ഹാപ്പിയാണ്

ട്രെന്‍ഡിംഗില്‍ കയറി
പിന്നണി ഗായിക സയനോര ഫിലിപ്പ് ഇനി ചലച്ചിത്ര സംഗീത സംവിധായിക കൂടിയാണ്. നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലാണ് സയനോര സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും സയനോരയുടേതാണ്. ചിത്രതിലെ രണ്ട് പാട്ടുകള്‍ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. സിനിമയിലെ ഒരു ഗാനത്തിന് വരികള്‍ എഴുതി ആലപിച്ചിരിക്കുന്നതും സയനോരയാണ്. സംഗീത സംവിധായികയുടെ പുതിയ വിശേഷങ്ങളുമായി സയനോര
...


എങ്ങനെയാണ് സംഗീത സംവിധായിക എന്ന അവസരം തേടിയെത്തുന്നത്?
ദുബായില്‍ ആര്‍ ജെ ആയ ജീന്‍ മാര്‍ക്കോസാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ജീനാണ് ഇങ്ങനെ ഒരു ആവശ്യം പറയുന്നത്. ആദ്യം ഞാന്‍ ഒട്ടും കോണ്‍ഫിന്‍ഡന്റ് അല്ലായിരുന്നു. പാട്ടു പാടുന്ന പോലെയല്ല. സംഗീതം ചെയ്ത് പരിചയവുമില്ല. പക്ഷെ ഈ സിനിമയുടെ തുടക്കം മുതല്‍ എല്ലാ ചര്‍ച്ചകളിലും ഞാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ചിത്രത്തെ നന്നായി മനസിലാക്കിയ ആള്‍ എന്ന നിലയ്ക്ക് പിന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പാട്ടുകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ എന്തു തോന്നുന്നു? സിനിമയുടെ പശ്ചാത്തല സംഗീതവും സയനോര തന്നെയാണല്ലോ...
വളരെ സന്തോഷമുണ്ട്. രണ്ട് പാട്ട് റിലീസായി. വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. ചക്കപ്പാട്ട് യൂ ട്യൂബ്  ട്രെന്‍ഡിംഗ് ആയി. ശിവനെ എന്ന ഗാനത്തിനും കുഴപ്പമില്ലാത്ത ഫീഡ്ബാക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ആദ്യ ശ്രമം മോശമാക്കിയില്ല എന്നാണ് തോന്നുന്നത്. പിന്നെ പശ്ചാത്തല സംഗീതം, അത് സിനിമ ഇറങ്ങിയ ശേഷം മാത്രമേ അറിയാനാകൂ. അതിന്റെ ചെറിയ ഒരു ആശങ്കയുണ്ട്. നല്ല രീതിയില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

ആദ്യ സംഗീതം നല്‍കിയ 'ചക്ക' ഗാനം ട്രെന്‍ഡിംഗ് സോംഗ് ആയി മാറിയിരിക്കുന്നു...
അത് സംവിധായകന്റെ ചോയ്‌സ് ആയിരുന്നു. ആ ഗാനം തന്നെ ആദ്യം ചെയ്യണമെന്നുള്ളത്. സയനോര എന്ന് കേള്‍ക്കുമ്പോള്‍ വെസ്‌റ്റേണ്‍ അല്ലെങ്കില്‍ റാപ് ആ തരത്തിലുള്ള സംഗീതമാണ് പലരും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഗാനം പുറത്തിറങ്ങിയപ്പോള്‍ നിരവധി ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു.ഏറ്റവും സന്തോഷം നല്‍കിയ അഭിനന്ദനം?
എല്ലാ അഭിനന്ദനവും സന്തോഷം നല്‍കുന്നവയാണ്. കാരണം അത് നമ്മുടെ ക്രീയേറ്റിവിറ്റിക്ക് കിട്ടുന്ന അംഗീകാരമാണ്. ആ രീതിയില്‍ കുറച്ച് കൂടുതല്‍ സന്തോഷമുണ്ട്. ഗായിക സുജാത ചേച്ചി മെസേജ് അയച്ചിരുന്നു. ലാലേട്ടന്‍ (മോഹന്‍ലാല്‍ )ശിവനെ എന്ന ഗാനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നണി ഗായകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. അവരില്‍ കുറെ പേരൊക്കെ ഓഡിയോ ലോഞ്ചിന് വന്നിരുന്നു.

മലയാളത്തില്‍ ആദ്യമായി പശ്ചാത്തല സംഗീതം ചെയ്യുന്ന സ്ത്രീ എന്ന നേട്ടം?
നേട്ടം എന്നൊക്കെ പറയാറായോ എന്ന് അറിയില്ല. ചിത്രം ഇറങ്ങിയ ശേഷം മാത്രമല്ലേ അറിയാനാകൂ. പ്രേക്ഷകരല്ലേ വിലയിരുത്തേണ്ടത്. ഞാന്‍ ഇപ്പോള്‍ ഫുള്‍ ബ്ലാങ്ക് ആണ്. പക്ഷെ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുളള ഫലം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഗായികയും സംഗീത സംവിധായികയും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് അനുഭവപ്പെട്ടത്?
വലിയ വ്യത്യാസമുണ്ട്. പാട്ടുപാടുമ്പോള്‍ ഏറിയാല്‍ രണ്ട് മണിക്കൂര്‍ ചെലവിട്ടാല്‍ മതി. പലരും കഥ പോലും ചോദിക്കാറില്ല. പക്ഷെ ഞാന്‍ ചിത്രത്തിന്റെ പശ്ചാത്തലം അന്വേഷിക്കാറുണ്ട്. പാട്ട് പഠിച്ച് പാടാനുള്ള ഒരു സമയം മാത്രമേ വേണ്ടൂ. പക്ഷെ ഇത് അങ്ങനെ അല്ല. ഒരുപാട് പ്രയത്‌നം, കഠിനാധ്വാനം സമയം ഒക്കെ വേണം. ആ രീതിയില്‍ വലിയ ഡെഡിക്കേഷന്‍ വേണ്ട ഒന്നാണ് സംഗീത സംവിധാനം.സ്ത്രീകള്‍ക്ക് പറ്റുന്ന മേഖലയാണോ?
തീര്‍ച്ചയായും പറ്റുന്ന മേഖല തന്നെയാണ്. പക്ഷേ, അവസരങ്ങള്‍ വളരെ കുറവാണ്. ഇപ്പോള്‍ തന്നെ എനിക്ക് ഒരു അവസരം വന്നത് കൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്. പിന്നെ കുടുംബത്തിന്റെ പിന്തുണ വലിയ പ്രധാനമാണ്. കാരണം രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്യേണ്ടി വരും. സമയം നോക്കാതെ നമ്മള്‍ ഇതിന് ഒപ്പം നില്‍ക്കേണ്ടി വരും. അപ്പോഴൊക്കെ കുടുംബത്തിന്റെ പിന്തുണ വളരെ വലിയ ഘടകമാണ്.

സംഗീത സംവിധാനം എന്നത് എപ്പോഴെങ്കിലും മനസില്‍ ഉണ്ടായിരുന്നോ?
ഒരിക്കലും ഇല്ല. മാത്രമല്ല പശ്ചാത്തല സംഗീതം ചെയ്യാന്‍ എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. കാരണം ആരും അങ്ങനെ ചോദിക്കാറില്ല. മൊത്തതില്‍ സംഗീതത്തോടുള്ള എന്റെ സമീപനം ഇഷ്ടപ്പെട്ടിടാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്.

ഇതുവരെയുള്ള സംഗീത ജീവിതം?
മലയാളം, തമിഴ്, തെലുങ്ക്‌, കന്നഡ, ഹിന്ദി ഭാഷകളിലായി 200 ല്‍ അധികം ഗാനങ്ങള്‍ ആലപിക്കാനായി. ഇപ്പോള്‍ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ...ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല, സംഭവിച്ചതാണ്. പിന്നെ ഈ ചിത്രത്തില്‍ ഒരു ഗാനത്തിന്റെ വരികളും എഴുതി. സോ ഹാപ്പിയാണ്.

ഹേയ് ജൂഡില്‍ തൃഷയ്ക്ക് വേണ്ടി ഡബ് ചെയ്തു... ആ അനുഭവം ?
വളരെ എക്‌സൈറ്റിംഗ് ആയിരുന്നു ആ ഒരനുഭവം. ഞാന്‍ ഹേയ് ജൂഡില്‍ ഒരു പാട്ട് പാടാന്‍ ആണ് പോയത്. ശ്യാമപ്രസാദ് സാറാണ് ചോദിച്ചത് തൃഷയ്ക്ക് വേണ്ടി ഡബ് ചെയ്യാമോയെന്ന്. അങ്ങനെ ഒന്ന് ശ്രമിച്ച് നോക്കിയതാണ്. ഒരു സംഗീതജ്ഞയുടെ കഥാപാത്രമാണ് തൃഷയ്ക്ക് ഹേയ് ജൂഡില്‍. മാത്രമല്ല തൃഷയ്ക്ക് വേണ്ടി ഒരു പാട്ടും ഉണ്ടായിരുന്നു. അതുകൊണ്ട് ശബ്ദം മാച്ച് ചെയ്യും എന്നുള്ളത് കൊണ്ടാവാം ശ്യാം സാര്‍ എന്നെ കൊണ്ട് ചെയ്യിച്ചത്. പക്ഷെ യഥാര്‍ത്ഥ ശബ്ദത്തില്‍ അല്ല കുറച്ച് ഹൈ പിച്ചിലാണ് ചെയ്തിരിക്കുന്നത്, തൃഷയുടെ മുഖത്തിന് ചേരുന്ന പോലെ. പിന്നെ എനിക്ക് ഡബിംഗില്‍ നേരത്തെ ഒരു ഗ്രൂമിംഗ് കിട്ടിയിരുന്നു. സൗ സദാനന്ദന്റെ ഡോക്യൂമെന്ററി റാപിഡ് സോളില്‍. അത് കുറച്ച് ഡിപ്രഷന്‍ ഒക്കെയുള്ള ഒരു കഥാപാത്രമായിരുന്നു. അങ്ങനെ അതിന് വേണ്ടിയെടുത്ത ട്രയിനിംഗ് ഹേയ് ജൂഡിലും ഗുണകരമായി എന്ന് തോന്നുന്നു.

പുതിയ പുതിയ മേഖലകളിലേക്ക് കടന്ന് ചെല്ലാനുളള ധൈര്യം ?
അത് ഒരു വലിയ പരിധി വരെ കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ്. ഞാന്‍ ഇങ്ങനെയൊക്കെ ആയിത്തീരണം എന്ന് കരുതി വന്ന ആളല്ല. എന്റെ അച്ഛന്‍ ഒരു മ്യൂസിഷന്‍ ആണ്. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ പഠിപ്പിച്ചതൊക്കെ. ഭയങ്കര സ്ട്രിക്റ്റായിരുന്നു. പ്രാക്ടീസൊക്കെ മസ്റ്റായിരുന്നു. അതിന്റെയൊക്കെ ഗുണം കിട്ടിയിട്ടുണ്ടാകും. പിന്നെ എന്ത് ചെയ്യുന്നതിനും ഭര്‍ത്താവിന്റെയും കുടംബത്തിന്റെയും ഒരു വലിയ പിന്തുണയുണ്ട് അത് തന്നെയാണ് ധൈര്യം. അത് തന്നെയാണ് വിജയം.

സയനോര വളരെ പോസിറ്റീവ് ആണല്ലേ...
എല്ലാവരും പറയാറുണ്ട്. പിന്നെ എനിക്ക് സന്തോഷമായിട്ട് ഇരിക്കാനാണ് ഇഷ്ടം. ദു:ഖങ്ങളൊന്നും കൊണ്ട് നടക്കാനൊന്നും ഇഷ്ടമല്ല. പിന്നെ എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ പെട്ടെന്ന് മറികടക്കാന്‍ ശ്രമിക്കും.

ഭാവി പരിപാടികള്‍?
ചാക്കോച്ചന്റെ (കുഞ്ചാക്കോ ബോബന്‍) അടുത്ത പടത്തിന് വേണ്ടി രണ്ട് ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്യാനുണ്ട്. പിന്നെ സ്വപനം എന്ന് പറയുന്നത് ഒരു ഇന്റര്‍നാഷണല്‍ ആല്‍ബം ചെയ്യണമെന്നതാണ്.


Next Story

Related Stories