Top

'തൊട്ടപ്പന്‍' ആര്‍ക്കും ചെയ്യാം, പക്ഷേ വിനായകന്‍ ചെയ്യുമ്പോള്‍ അതിനൊരു പ്രത്യേക സ്റ്റൈലും ഫീലുമാണ്: ഷാനവാസ് ബാവക്കുട്ടി/അഭിമുഖം

വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയും മൂലം മലയാള കഥാവർത്തമാനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഫ്രാൻസിസ് നൊറോണയുടെ 'തൊട്ടപ്പൻ' എന്ന കഥ. ഇപ്പോഴിതാ അതിലും വലിയ ചർച്ചയോടെ 'തൊട്ടപ്പൻ' സിനിമയായിരിക്കുന്നു. ടൈറ്റിൽ ക്യാരക്ടറായ തൊട്ടപ്പനായി വിനായകൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ബാവക്കുട്ടിയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച തൊട്ടപ്പന്റെ വിശേഷങ്ങൾ സംവിധായകൻ
ഷാനവാസ് ബാവക്കുട്ടി
അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.


ഫ്രാൻസിസ്‌ നൊറോണയുടെ 'തൊട്ടപ്പൻ' എന്ന കഥ താങ്കളുടെ സിനിമയുടെ കഥാതന്തു ആയതെങ്ങനെ?

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനാണ് ഫ്രാന്‍സിസ് നൊറോണ. ഒരു വായനക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ തൊട്ടപ്പൻ എന്ന കഥ ഹൃദയത്തെ സ്പര്‍ശിച്ച ഒന്നാണ്. ആ കഥയിൽ നിന്ന് കിട്ടിയ രണ്ടു കഥാപാത്രങ്ങളെ എനിക്കിഷ്ടപ്പെട്ടു. തൊട്ടപ്പനും കുഞ്ഞാടും. അവർ തമ്മിലുള്ള ബന്ധം, അവർക്കിടയിലെ വൈകാരികതകൾ, അവരുടെ ജീവിതരീതി, അവരുടെ ലോകം അവയൊക്കെയാണ് എന്നെ ആകർഷിച്ചത്. ഒരിക്കലും തൊട്ടപ്പൻ എന്ന കഥയുടെ പൂർണ്ണമായ ചലച്ചിത്രാവിഷ്കാരമല്ല തൊട്ടപ്പൻ എന്ന സിനിമ. ഫ്രാൻസിസ് എഴുതിയ കഥയുടെ സ്വതന്ത്ര ആവിഷ്കാരമാണ് ഇവിടെ തൊട്ടപ്പൻ എന്ന സിനിമ. അതിനർത്ഥം പൂർണമായും കഥയെ തമസ്കരിക്കുന്നു എന്നല്ല. കഥയിൽ നിന്നുകൊണ്ടുതന്നെ കഥയുടെ അടിസ്ഥാനതന്തുവിനെ മാത്രമെടുക്കുന്നു. അല്ലെങ്കിൽ കഥയിലെ രണ്ടു മൂന്നു കഥാപാത്രങ്ങളെ എടുത്തുകൊണ്ട് കഥയിൽ പറയുന്ന കഥാപരിസരവും, കഥാഭൂമികയും നഷ്ടപ്പെടാതെ ഒരു സിനിമ സൃഷ്ടിക്കുന്നു എന്ന് പറയാം. അത് എത്രമാത്രം വിജയിച്ചുവെന്ന് ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെ.

മുഴുനീള നായകനായി വരുന്ന വിനായകൻ തന്നെയാണ് തൊട്ടപ്പന്റെ പ്രധാന ആകർഷണീയത, അല്ലേ?

ഒരു പ്രത്യേക രാഷ്ട്രീയത്തിന് പേരിൽ വിനായകനെ നായകനാക്കാൻ വേണ്ടി നായകനാക്കിയതല്ല തൊട്ടപ്പനിൽ. വിനായകനിലെ നടനെ എനിക്ക് വിശ്വാസമാണ്. പത്തിരുപത്തിയഞ്ച് വർഷമായി അയാൾ ഇൻഡസ്ട്രിയിലുള്ള ആളാണ്. അയാൾ ഇതുവരെയും ചെയ്ത കഥാപാത്രങ്ങളെ ഒരു സിനിമ ആസ്വാദകനെന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ ഇങ്ങനെ ഒരു കഥ ഒത്തുവന്നപ്പോൾ അതിൽ വിനായകൻ തൊട്ടപ്പനായാൽ അതൊരു പ്രത്യേക ഫീൽ ആയിരിക്കുമെന്ന് എനിക്ക് തോന്നി. തൊട്ടപ്പൻ തീർച്ചയായും എല്ലാ നടന്മാർക്കും ചെയ്യാവുന്ന കഥാപാത്രം തന്നെയാണ്. പക്ഷേ വിനായകൻ ചെയ്യുമ്പോൾ അതിനൊരു പ്രത്യേക ഫീൽ ആയിരിക്കും. അതു വിനായകന്റേതായ ഒരു രീതിയും സ്റ്റൈലുമായിരിക്കും. അങ്ങനെ ഒരു പുതിയ രീതിയും പുതിയ സ്റ്റൈലുമുള്ള ഒരു നടൻ വന്നാൽ ആസ്വാദകർക്ക് അത് ഒരു പുതുമയായിരിക്കും, വേറൊരു തലത്തിലുള്ള അനുഭവമായിരിക്കും. അതുകൊണ്ടാണ് വിനായകനെ തിരഞ്ഞെടുത്തത്. സന്തോഷം എന്ന് പറയട്ടെ, ആ കഥാപാത്രം വിനായകന്റെ കയ്യിൽ 100 ശതമാനം  സുരക്ഷിതമായിരുന്നു. വിനായകൻ മികച്ച ഒരു നടനാണ്.

ആദ്യസിനിമ കിസ്മത്ത് പറയുന്നത് ജാതിരാഷ്ട്രീയവും, ഇന്‍റര്‍ കാസ്റ്റ് പ്രണയവുമൊക്കെയാണ്. തൊട്ടപ്പൻ പറയുന്നതാകട്ടെ തൊട്ടപ്പന്റെയും കുഞ്ഞാടിന്റെയും ജീവിതവും മരണവുമാണ്. കഥാ തിരഞ്ഞെടുപ്പിലെ ഈ വ്യത്യസ്തതക്ക് പുറകിലെ കാരണം?

ആത്യന്തികമായി നമ്മൾ ഇഷ്ടപെടുന്ന സിനിമ നമ്മൾ ചെയ്യുന്നു. ഏറ്റവും ലളിതമായി ഇങ്ങനെയാണ് എനിക്ക് ഉത്തരം പറയാൻ സാധിക്കുക. നമ്മൾ തിരഞ്ഞെടുക്കുന്ന കഥയായാലും നമ്മൾ ചെയ്യുന്ന ജോലിയായാലും നമ്മളെ തൃപ്തിപ്പെടുത്തണം. അങ്ങനെ തൃപ്തിപ്പെടുത്തുന്നതെന്തോ അത് ചെയ്യുക എന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ എനിക്കിഷ്ടപ്പെട്ട കഥകൾ തേടിപ്പിടിച്ച് ഞാൻ സിനിമ ചെയ്യുന്നന്നേ ഉള്ളു. അത്തരം കഥകൾക്ക് പണം മുടക്കാൻ താത്പര്യം കാണിക്കുന്ന നിർമ്മാതാക്കളെ കിട്ടുന്നു എന്നതും ഭാഗ്യമാണ്.

കിസ്മത്ത് നിരൂപകപ്രശംസ നേടിയിട്ടും അടുത്ത സിനിമയ്ക്കായി എന്തുകൊണ്ടിത്ര താമസിച്ചു?

നമ്മുടെ നിലവിലെ സാഹചര്യമനുസരിച്ച് നടീ, നടന്മാരുടെ ഡേറ്റ്, അത്തരം കുറെ ടെക്നിക്കൽ കാരണങ്ങൾകൊണ്ട് അടുത്ത സിനിമ ചെയ്യാൻ വൈകി. അതുമാത്രമല്ല കിസ്മത്ത് കഴിഞ്ഞശേഷം എന്‍റെ മനസ്സിനിണങ്ങിയ ഒരു കഥ ലഭിക്കാനും സമയമെടുത്തു.

കൃത്യമായ രാഷ്ട്രീയ ബോധത്തോടെ കിസ്മത്തിന് തിരക്കഥയെഴുതിയ താങ്കൾ എന്തുകൊണ്ട് തൊട്ടപ്പനിൽ തിരക്കഥയിൽ നിന്ന് പിന്മാറി?


കിസ്മത്ത് സിനിമയെ സംബന്ധിച്ചടത്തോളം അതിന്റെ തിരക്കഥ ഞാനന്നങ്ങ് എഴുതിപ്പോയതാണ്. അത് എത്രകണ്ട് രസകരമായിരുന്നു, എത്രത്തോളം നന്നായി എന്നൊന്നും എനിക്കിപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ ഫ്രാൻസിസ് നൊറോണയെ പോലെ ഒരു മിടുക്കനായ എഴുത്തുകാരന്റെ തൊട്ടപ്പൻ എന്ന കഥയെ, ആ കഥയുടെ ഫീൽ നഷ്ടപ്പെടാതെ അതിനെ തിരക്കഥയിലേക്ക് ജീവൻ വെപ്പിക്കണമെങ്കിൽ ഒരു മിടുക്കനായ എഴുത്തുകാരൻ വേണം. പിഎസ് റഫീഖ് വളരെ മികച്ച ഒരു എഴുത്തുകാരനാണ്. വളരെ ശക്തമായ ഒരു തിരക്കഥയ്ക്കായി ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ അയാൾ തൊട്ടപ്പൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതി തന്നു. വിനായകനെ പോലെ, സിനിമയുടെ പശ്ചാത്തലം പോലെ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഈ തിരക്കഥ ആകുമെന്നു ഞാൻ വിശ്വസിക്കുന്നു.

തൊട്ടപ്പൻ എന്ന കഥ മുമ്പോട്ട് വെക്കുന്ന പുനർചിന്തനകൾ ഉണ്ട്. സിനിമയിലോ?

മതത്തെക്കുറിച്ച്, വിശ്വാസത്തെക്കുറിച്ച്, പെണ്ണിന് നൽകിയ നിർവചനത്തെ കുറിച്ച് തുടങ്ങി അങ്ങനെ തൊട്ടപ്പൻ എന്ന കഥ മുമ്പോട്ട് വയ്ക്കുന്ന ഒരുപാട് പുനർവിചിന്തനകളുണ്ട്. ഇവിടെ സിനിമ എന്നുപറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ നിലപാടുകൾ കൂടി പറയാനുള്ള ഒരു വേദിയാണ്. ഈ സിനിമയിലും ഞാൻ എന്‍റെ ചില നിലപാടുകളും എന്‍റെ ചില അഭിപ്രായങ്ങളും പറയുന്നുണ്ട്. അതു വളരെ ഉറക്കെത്തന്നെ പറയാൻ ശ്രമിക്കുന്നുമുണ്ട്. തൊട്ടപ്പൻ എന്ന കഥയിൽ എന്നെ ഏറെ ആകർഷിച്ചത് ഒരു പുരുഷൻ അയാൾ ജന്മം കൊടുക്കാതെ തന്നെ ഒരു പെൺകുട്ടിയുടെ അപ്പനോ, അപ്പന്‍റെ മുകളിലെ ഒരു സ്ഥാനത്തോ നിൽക്കാൻ സാധിക്കും എന്നുള്ള പങ്കുവെക്കലാണ്. ഒരു പെൺകുട്ടിയുടെ രക്തബന്ധമല്ലാത്ത, പിതാവല്ലാത്ത ഒരാൾക്ക് പിതാവിനെ പോലെ അവളെ സ്നേഹം കൊടുക്കാനും സംരക്ഷിക്കാനും സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു. രക്തബന്ധത്തിനപ്പുറം സ്നേഹബന്ധത്തിലാണ് നമ്മുടെ ലോകത്തിന്റെ നിലനിൽപ്പ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിലൂടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയവും അതാണ്. തൊട്ടപ്പൻ സിനിമയുടെ ഭാഷ സ്നേഹമാണ്. സ്നേഹത്തെപ്പറ്റിയാണ് ഈ സിനിമ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ വളരെ ലളിതമായ സിനിമയാണ്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റിയ ലളിതമായ ഒരു സിനിമയാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റത്ഭുതങ്ങൾ ഒന്നുമില്ല.

പക്ഷേ വിനായകനിലെ ആ നടൻ, അതൊരു അത്ഭുതമല്ലേ?

ഞാൻ മുൻപേ പറഞ്ഞല്ലോ, വിനായകൻ ഒരു നല്ല നടനാണ്. ഒരു നല്ല നടനെ ഒരു സംവിധായകന് കിട്ടുക എന്നത് സംവിധായകന്‍റെ ഭാഗ്യം കൂടിയാണ്. വിനായകൻ എന്ന നടനെ മലയാളസിനിമ ഉപയോഗിച്ച എല്ലാ രീതികളും ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്നും പുതിയതായിട്ട് എന്ത് കൊടുക്കാൻ സാധിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. വിനായകൻ കമ്മട്ടിപ്പാടത്തിൽ ഗംഗയായി നിറഞ്ഞാടിയതാണ്. അതിനപ്പുറത്തേക്ക് അല്ലെങ്കിൽ അതിലും വ്യത്യസ്തമായി എനിക്ക് എന്താണ് വിനായകനിലൂടെ കൊടുക്കാൻ പറ്റുക എന്ന് ഞാൻ ആലോചിച്ചു. അത് വിനായകനുമായി ചർച്ചചെയ്തു, വിനായകന് ബോധ്യപ്പെട്ടു. അയാൾ ആ രീതിയിലുള്ള റിസൾട്ട് തന്നെ എനിക്കു തരികയും ചെയ്തു. വിനായകൻ മാത്രമല്ല ഈ സിനിമയുടെ ക്യാമറക്ക് മുമ്പിലും പിമ്പിലും ആയി നിന്ന ഓരോരുത്തരും ആ അത്ഭുതം എനിക്ക് കാണിച്ചുതന്നു. അതൊരു ടീം വർക്കിലൂടെ സംഭവിക്കുന്നതാണ്.

സിനിമ റിലീസിംഗ്?

ഫെബ്രുവരി അവസാനം മാർച്ച് ആദ്യവാരം ഒക്കെയായിട്ട് തിയേറ്ററിലെത്തിക്കാൻ ശ്രമിക്കുന്നു.

എന്തുകൊണ്ട് തൊട്ടപ്പനായി വിനായകൻ? സംവിധായകൻ വെളിപ്പെടുത്തുന്നു!!വീഡിയോ കാണാം..


Next Story

Related Stories