TopTop

നായികമാര്‍ കൂടെ അഭിനയിക്കാന്‍ തയ്യാറല്ല, സംവിധായകനെ കരയിപ്പിച്ചു,ഡബ്ബിംഗ് കുളിമുറിയില്‍; ചിമ്പുവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നായികമാര്‍ കൂടെ അഭിനയിക്കാന്‍ തയ്യാറല്ല, സംവിധായകനെ കരയിപ്പിച്ചു,ഡബ്ബിംഗ് കുളിമുറിയില്‍; ചിമ്പുവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തമിഴ നടന്‍ ചിമ്പുവിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് മിഖായേല്‍ രായപ്പന്‍. ചിമ്പുവിന്റെ 'അന്‍പാനവന്‍, അസറാതവന്‍, അടങ്ങാതവന്‍' (ആആആ) എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് മിഖായേല്‍ രായപ്പന്‍. ഈ ചിത്രത്തിന്റെ വന്‍ പരാജയത്തിനു കാരണം ചിമ്പുവാണെന്നും ചിമ്പുകാരണം തനിക്ക് ഏറെ നഷ്ടങ്ങളാണ് ഉണ്ടായതെന്നും മിഖായേല്‍ രായപ്പന്‍ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനടയില്‍ അദ്ദേഹം നല്‍കിയ പരാതി പരിഗണിച്ച് സംഘടന ചിമ്പുവിന് തമിഴ് സിനിമയില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ചിമ്പുവില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന നഷ്ടങ്ങളും മാനസികപീഢനങ്ങളും വിശദമാക്കി മിഖായേല്‍ രായപ്പന്‍ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഇതില്‍ ചിമ്പുവിനെതിരേ ഉള്ളത്.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി സിനിമ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് മിഖായേല്‍ പറയുന്നു. നാടോടിഗള്‍, മിറുതന്‍ തുടങ്ങി 12 സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഞാന്‍ ചെയ്ത സിനിമകളില്‍ ചിലതൊക്കെ പരാജയമായിട്ടുണ്ട്. പക്ഷേ ആ പരാജയങ്ങളില്‍ പോലും ഞാന്‍ സന്തോഷം അനുഭവിച്ചിട്ടുണ്ട്. കാരണം, കുറഞ്ഞത് അഞ്ഞൂറോളം പേര്‍ക്കെങ്കിലും ജോലിയും കൂലിയും കൊടുക്കാന്‍ സാധിച്ചല്ലോ. ഈ ചിന്തയാണ് എന്നെ വീണ്ടും വീണ്ടും സിനിമകള്‍ എടുക്കാനും പ്രേരിപ്പിച്ചത്. പക്ഷേ എന്റ സ്വപ്‌നത്തില്‍ പോലും ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് കരുതിയില്ല, ചിമ്പു അത്തരമൊരു ദുര്‍ഘടസന്ധിയിലേക്കാണ് എന്നെ തള്ളിയിട്ടത്; മിഖായേല്‍ പറയുന്നു.കഥ കേട്ടശേഷം ചിമ്പു തന്നെയാണ് സംവിധായകന്‍ ആദിക് രവിചന്ദ്രനെ തന്റെയടുത്തേക്ക് പറഞ്ഞു വിട്ടതെന്ന് മിഖായേല്‍ പറയുന്നു. മൂന്നു വ്യത്യസ്ത കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യാമെന്നും ചിമ്പു സമ്മതിച്ചിരുന്നു. ദിണ്ടിഗലില്‍ തുടങ്ങി ദുബായില്‍ എത്തി അവിടെ നിന്നും മദ്രാസില്‍ ചെന്ന് കാശിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു സിനിമ. ഈ സ്ഥലങ്ങള്‍ തന്നെ ലൊക്കേഷനുകളായി നിശ്ചയിച്ചു.

2016 മേയ് അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ആദ്യത്തെ പ്രശ്‌നം, തമിഴിലെ ഒരു നായികയും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ല. തൃഷയെയായിരുന്നു തീരുമാനിച്ചത്. അഡ്വാന്‍സും കൊടുത്തു. പക്ഷേ കൊടുത്ത അഡ്വാന്‍സ് തിരികെ തന്ന് തൃഷ പിന്മാറി. ലക്ഷ്മി മേനോനെ സമീപിച്ചു. അവരും തയ്യാറായില്ല. പലരേയും നോക്കി നോക്കി ഒടുവില്‍ ശ്രേയ ശരണ്‍ അഭിനയിക്കാന്‍ തയ്യാറായി.

പക്ഷേ, പ്രശ്‌നങ്ങള്‍ ചിമ്പു മൂലം ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ലൊക്കേഷനുകള്‍ മാറ്റണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. മധുരയില്‍ ചൂട് കൂടുതലാണെന്നും ലൊക്കേഷന്‍ മൈസൂറിലേക്കോ ഗോവയിലേക്കോ, കൊച്ചിയിലേക്കോ മാറ്റണമെന്നായിരുന്നു ആവശ്യം. ഇതിന്റെ പുറത്ത് ഷൂട്ടിംഗ് തുടങ്ങാന്‍ മാസങ്ങള്‍ വൈകി. ഒടുവില്‍ ദിണ്ടിഗല്‍ തന്നെ ലൊക്കേഷന്‍ വയ്ക്കാന്‍ തീരുമാനമായി. പക്ഷേ ഷൂട്ടിംഗിന് ചിമ്പു വരുന്നില്ല. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് ദിണ്ടിഗലില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഇല്ലെന്നായിരുന്നു. പൊതുസ്ഥലത്ത് ഷൂട്ടിംഗ് നടത്താന്‍ പറ്റില്ല, ആള്‍ക്കൂട്ടം ഷൂട്ടിംഗ് കാണാന്‍ ഉണ്ടാകാന്‍ പാടില്ല എന്നും നിര്‍ബന്ധങ്ങള്‍ മുന്നോട്ടുവച്ചു. ഞായറാഴ്ച ഷൂട്ടിംഗ് ഉണ്ടാകാനും പാടില്ല. ഒരുവിധത്തില്‍ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങി.http://www.azhimukham.com/film-why-adoor-not-cast-mohanlal-in-his-films-video-interview/

വീണ്ടും ഇടപെടല്‍. കാള്‍ഷീറ്റ് തന്നെങ്കിലും ദിവസവും സമയവും താന്‍ തീരുമാനിക്കുമെന്നായിരുന്നു നിലപാട്. എന്നാല്‍ സമയത്തിനൊരിക്കലും അയാള്‍ സെറ്റില്‍ വന്നിരുന്നുമില്ല.

ആദ്യത്തെ ഷെഡ്യൂള്‍ പാക്ക് അപ്പ് ചെയ്യാന്‍ ഒരു പാട്ട് സീന്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും പ്രശ്‌നം. ശ്രേയ ശരണ്‍ നായികയായി പോര എന്ന് ചിമ്പു. നായികയെ മാറ്റണം. ഒടുവില്‍ ആ പാട്ട് സീന്‍ എടുക്കേണ്ടയെന്നു സംവിധായകനും ഞാനും തീരുമാനിച്ചു.രണ്ടാമത്തെ ഷെഡ്യൂളില്‍ ലൊക്കേഷന്‍ ദുബായ് ആണ്. പക്ഷേ ദുബായില്‍ ഭയങ്കര ചൂടാണെന്നും ലൊക്കേഷന്‍ ലണ്ടന്‍ ആക്കണമെന്നും ചിമ്പു. രണ്ടു മാസം ഇതിന്റെ പേരില്‍ ഷൂട്ടിംഗ് മുടങ്ങി. ഒടുവില്‍ ദുബായില്‍ തന്നെ സമ്മതിച്ചു. രണ്ടാം ഷെഡ്യൂളില്‍ അശ്വിന്‍ താത്ത എന്ന കഥാപാത്രമാണ് ചിമ്പു അവതരിപ്പിക്കേണ്ടത്. അതിനായി ശരീരഭാരം കുറയ്ക്കണമെന്ന് പറഞ്ഞിരുന്നതും ചിമ്പു സമ്മതിച്ചതുമാണ്. പക്ഷേ ചെയ്തില്ല. ഒടുവില്‍ അതേ ശരീരഭാരവുമായാണ് ചിമ്പു അഭിനയിച്ചത്. മുന്നു കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റ്അപ്പുകകളില്‍ വരേണ്ടതാണ്. എന്നാല്‍ ശരീരഭാരത്തില്‍ വ്യത്യാസം വരുത്താനോ മേക്ക് അപ്പ് ചെയ്യാനോ പോലും ചിമ്പു സമ്മതിച്ചില്ല. മുഖത്തെ വ്യത്യാസം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് മാറ്റാനായിരുന്നു ഉപദേശം.

നിശ്ചയിച്ച റിലീസ് തീയതി വീണ്ടും മാറ്റിവയ്ക്കണമെന്നതായിരുന്നു ചിമ്പുവിന്റെ ലക്ഷ്യം. അതിനായി അയാള്‍ ഷൂട്ടിംഗ് വൈകിപ്പിച്ചു. അഭിനയിക്കാന്‍ വരാതെയിരുന്നു.

ഷൂട്ടിംഗിനിടയില്‍ ഈസിആറിലെ ഹോട്ടലില്‍ താമസിച്ചതിന്റെ എക്‌സ്‌പെന്‍സ് ഡീറ്റെയ്ല്‍സ് ചോദിച്ചതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്ബുവിനെ ഒഴിവാക്കണമെന്നു ചിമ്പു വാശി പിടിച്ചു. സുബ്ബുവിനെ ഒഴിവാക്കിയില്ലെങ്കില്‍ ഷൂട്ടിംഗിന് വരില്ലെന്ന് കട്ടായം പറഞ്ഞതോടെ അയാളെ അനുസരിക്കാതെ വേറെ വഴിയില്ലായിരുന്നു.

ചിമ്പുവിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം മറ്റു താരങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. തമന്ന, കോവൈ സരള, മൊട്ട രാജേന്ദ്രന്‍, മുതിര്‍ന്ന നടന്‍ നീലു എന്നിവരൊക്കെ പലതും സഹിച്ചു. ഒരുപാട് പ്രശ്‌നങ്ങള്‍ തരണം ചെയ്ത് രണ്ടാം ഷെഡ്യൂളും എങ്ങനെയൊക്കെയോ പൂര്‍ത്തിയാക്കി.മൂന്നാം ഷെഡ്യൂള്‍ ദുബായില്‍ ആണ്. പക്ഷേ സിംഗപൂര്‍ മതിയെന്ന് ചിമ്പു. ഒടുവില്‍ പറഞ്ഞു പറഞ്ഞ് തായ്‌ലാന്‍ഡ് ആക്കി ലൊക്കേഷന്‍. ഇതിനിടയില്‍ നായികമാര്‍ പൂജ കുമാര്‍, നീതു ചന്ദ്ര, സന ഖാന്‍ എന്നിങ്ങനെ മാറ്റി മാറ്റിക്കൊണ്ടേയിരുന്നു.

തായ്‌ലാന്‍ഡിലേക്ക് ഷൂട്ടിംഗ് സംഘം പുറപ്പെടുന്നതിനും മുന്നേ ചിമ്പുവിന്റെ ഒരു സംഘം അങ്ങോട്ടേക്ക് പോയിരുന്നു. അവര്‍ അവിടെ ആഘോഷിച്ചു. എന്റെ പണം കൊണ്ട്. എന്നാല്‍ ചിമ്പു മാത്രം അവിടെ എത്തിയില്ല. ഞാന്‍ പരിഭ്രാന്തനായി. അയാളുടെ വീട്ടിലേക്ക് ഓടി. എന്താ ഷൂട്ടിംഗിനു പോകാത്തത്? ഞാന്‍ ചോദിച്ചു. അതിനു ചിമ്പുവിന്റെ മറുപടി; ഈ സിനിമ നന്നായി വരും. അതുകൊണ്ട് നമുക്കിത് രണ്ട് ഭാഗങ്ങളാക്കി റിലീസ് ചെയ്യാം. ഞാനതിന് സമ്മതിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ഭാഗം ഷൂട്ട് ചെയ്യാന്‍ ഇനിയും ഒന്നര വര്‍ഷമെങ്കിലും താമസിക്കുമെന്ന് ചിമ്പു പറഞ്ഞു. ഞാന്‍ ഒരുപാട് ശ്രമിച്ചു നോക്കി, പക്ഷേ അയാള്‍ എന്റെ വാക്കുകള്‍ കേട്ടില്ല. ഞാന്‍ സംവിധായകനെ കാര്യങ്ങള്‍ അറിയിച്ചു. എല്ലാവരോടും തായ്‌ലാന്‍ഡില്‍ നിന്നും തിരിച്ചു പോരാനും ആവശ്യപ്പെട്ടു.

2017 ജൂണ്‍ 23 ന് റിലീസ് ചെയ്യുന്ന തരത്തില്‍ മുന്നോട്ടു പോകാന്‍ ഞാന്‍ ആദികിനോട് പറഞ്ഞു. അയാള്‍ അത് സമ്മതിക്കുകയും ചെയ്തു. പക്ഷേ പടത്തില്‍ ഇതുവരെ ഒരു പാട്ട് മാത്രമെയുള്ളൂ. അഞ്ച് പാട്ടുകളാണ് ചിത്രത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ഒന്നര വര്‍ഷത്തിനുള്ളില്‍ ആകെ ഒരേയൊരു പാട്ടാണ് കംപോസ് ചെയ്തത്. എന്താണ് അതിന്റെ കാരണമെന്ന് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയ്ക്കും ചിമ്പുവിനും മാത്രമെ അറിയൂ. സംവിധായകനു പോലും അതേക്കുറിച്ച് വിവരം കിട്ടിയില്ല.

റിലീസ് തീയത് നിശ്ചയിച്ചിട്ടും മൂന്നാമത്തെ കഥാപാത്രമായി അഭിനയിക്കാന്‍ ചിമ്പു തയ്യാറായില്ല. തിക്കു ശിവ എന്ന കഥാപാത്രത്തെ ചെയ്യാന്‍ താത്പര്യമില്ലെന്നാണ് പറഞ്ഞത്. സംവിധായകന്‍ ആദിക് ചിമ്പുവിന്റെ മുന്നില്‍ ചെന്ന് കരഞ്ഞു. ഒരു മണിക്കൂര്‍ എനിക്ക് സമയം തരൂ, ഈ സിനിമ എന്താണെന്ന് വിശദീകരിക്കാന്‍ എന്ന് ആദിക് കരഞ്ഞു പറഞ്ഞു.

ഒടുവില്‍ ചിമ്പു ഒകെ പറഞ്ഞു. പക്ഷേ ഒരു നിബന്ധന, ഷൂട്ടിംഗ് തന്റെ വീട്ടില്‍ വച്ചായിരിക്കണം. സമ്മതിക്കാതെ വഴിയില്ലായിരുന്നു. പക്ഷേ സ്വന്തം വീട്ടില്‍ നടന്ന ഷൂട്ടിംഗില്‍ അയാള്‍ക്ക് തോന്നുമ്പോലെയാണ് പങ്കെടുത്തത്.

റിലീസ് തീയത് അടുത്ത് വരികയാണ്. ഡബ്ബിംഗിന് എങ്കിലും വരുമെന്ന് കരുതി. പക്ഷേ ബാത്ത്‌റൂമില്‍ വച്ച് ശബ്ദം റെക്കോര്‍ഡ് ചെയ്ത് അയച്ചു തരികയാണ് ഉണ്ടായത്. ആ ശബ്ദം ഒട്ടും ക്വാളിറ്റി ഉള്ളതായിരുന്നില്ല, ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് പറഞ്ഞത്. പക്ഷേ റിലീസിംഗ് തീയത് അഞ്ചു ദിവസം മാത്രം മുമ്പിലാണ്. ഒടുവില്‍ ആ ശബ്ദം തന്നെ വോയ്‌സ് മോഡ്യുലേഷന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.

ഈ പ്രതിസന്ധികളെല്ലാം സഹിച്ച് ഞങ്ങള്‍ സിനിമ പുറത്തിറക്കി. പകുതി പൂര്‍ത്തിയായൊരു സിനിമ മാത്രമായിരുന്നു അത്. ഒരു വന്‍ പരാജയമായി മാറി സിനിമ. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും മനസിലായല്ലോ.

താരങ്ങളുടെ കോള്‍ഷീറ്റ് വാങ്ങിയതില്‍പോലും വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. തമ്മന്നയുടെ കൈയില്‍ നിന്നും 30 ദിവസത്തെ കോള്‍ഷീറ്റാണ് വാങ്ങിയത്. പക്ഷേ അവരെ ഉപയോഗിച്ചത് ആകെ 13 ദിവസം മാത്രം. ശ്രേയ ശരണിന്റെ 15 ദിവസത്തെ കോള്‍ഷീറ്റില്‍ ആകെ ഏഴു ദിവസം മാത്രമാണ് അവരെ വച്ച് ഷൂട്ട് ചെയ്തത്. ആകെ 76 ദിവസമായിരുന്നു ഷൂട്ടിംഗ് ദിവസം പ്ലാന്‍ ചെയ്തത്. ഷൂട്ടിംഗ് നടന്നതാകട്ടെ 47 ദിവസവും. ഇതില്‍ 38 ദിവസം മാത്രമാണ് ചിമ്പു ഷൂട്ടിംഗിന് വന്നത്.

ചിമ്പു കാരണം ഞാന്‍ അനുഭവിച്ചതുപോലെ, മറ്റൊരു നിര്‍മാതാവിനും ഇത്തരത്തില്‍ അവസ്ഥ ഉണ്ടാകരുതെന്നാണ് എന്റെ പ്രാര്‍ത്ഥന.

Next Story

Related Stories