TopTop
Begin typing your search above and press return to search.

“എഴുത്ത് കഴിഞ്ഞതിന് ശേഷം ഞാൻ ഫഹദിനോട് പറഞ്ഞു; ഭരത് ഗോപി ചേട്ടനൊക്കെ ചെയ്യുന്ന ടൈപ്പ് ഒരു റോൾ ആണ്‌”: കുമ്പളങ്ങി നൈറ്റ്സ് വിശേഷങ്ങളുമായി ശ്യാം പുഷ്ക്കരന്‍/അഭിമുഖം

“എഴുത്ത് കഴിഞ്ഞതിന് ശേഷം ഞാൻ ഫഹദിനോട് പറഞ്ഞു; ഭരത് ഗോപി ചേട്ടനൊക്കെ ചെയ്യുന്ന ടൈപ്പ് ഒരു റോൾ ആണ്‌”: കുമ്പളങ്ങി നൈറ്റ്സ് വിശേഷങ്ങളുമായി ശ്യാം പുഷ്ക്കരന്‍/അഭിമുഖം

മലയാള സിനിമയുടെ മാറിയ മുഖത്തിന് പിന്നിൽ വലിയ തോതിൽ പങ്കുള്ള ഒരു എഴുത്തുകാരൻ ആണ് ശ്യാം പുഷ്കരൻ. കാൽപനികതയും ഏച്ചുകെട്ടലും ഒന്നും തന്റെ കഥകളിൽ ഉണ്ടാവരുത് എന്ന്‌ നിർബന്ധമുള്ള തിരക്കഥാകൃത്ത്. സോൾട്ട് & പെപ്പറിലൂടെ തന്റെ വരവറിയിച്ച അദ്ദേഹം 22 ഫീമെയിൽ കോട്ടയത്തിലൂടെയും മഹേഷിന്റെ പ്രതികാരത്തിലൂടെയും തൊണ്ടിമുതലിലൂടെയും മായനദിയിലൂടെയും ഒക്കെ ആ വരവ് അരക്കിട്ട് ഉറപ്പിച്ച് ആഘോഷിക്കുകയായിരുന്നു. ദിലീഷ് പോത്തൻ എന്ന സംവിധായകന് ശേഷം മറ്റൊരു നവാഗതൻ കൂടി ശ്യാം പുഷ്കരന്റെ തിരക്കഥയിലൂടെ അരങ്ങേറുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിനും ഭാര്യ നസ്രിയയ്ക്കും സുഹൃത്ത് ദിലീഷ്‌ പോത്തനുമൊപ്പം ആദ്യമായി നിർമ്മാതാവ് കൂടി ആവുകയാണ് ശ്യാം പുഷ്കരൻ. കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ചും തന്റെ സിനിമ കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിക്കുകയാണ്‌ അദ്ദേഹം:

എന്താണ് കുമ്പളങ്ങി നൈറ്റ്സ്?

കുമ്പളങ്ങി നൈറ്റ്സ് രസമുള്ള ഒരു സിനിമ ആയിരിക്കും. ഒരു ഫാമിലി കോമഡി ഡ്രാമ ആയിട്ടാണ് ഉദ്ദേശിക്കുന്നത്, അതിന്‌ വേണ്ടി പരമാവധി ട്രൈ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്ത് ആയിട്ടുള്ള മധു സി നാരായണന്റെ ആദ്യ സിനിമ ആണ്. കുറച്ചു കാലമായുള്ള സുഹൃത്ത് ആണ്‌, ഇപ്പോഴാണ് പുള്ളിക്ക് ഒരു സിനിമ ചെയ്യാൻ അവസരം കിട്ടുന്നത്. അതുകൊണ്ട് ഭയങ്കര സ്പെഷ്യൽ ആണ്‌ ഈ സിനിമ.

വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ, അതിനെക്കുറിച്ച്?

നമ്മൾ കുറേ നാളായി വിചാരിക്കുന്നു നല്ല എനർജി ഉള്ള ഒരു പടം ചെയ്യണമെന്ന്. യൂത്തിന്‌ വേണ്ടി ഒരു സിനിമ ചെയ്യണം എന്ന്‌ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴാണ്‌ അത്‌ ഒത്തുവന്നത്. കുറച്ചുനാളുകൾക്ക് മുന്നേ പ്ലാൻ ചെയ്ത സിനിമ ആണ്‌. അന്ന് ഇവരെല്ലാവരും വലിയ സ്റ്റാർസ് ആയിട്ടില്ല. ഇന്ന് സൗബിൻ, ഷെയിൻ, ഭാസി ഇവരെല്ലാം സ്റ്റാർസ് ആയി മാറിയിട്ടുണ്ട്. ഫഹദ്‌ പിന്നെ കാസ്റ്റിംഗിലേക്ക് വന്ന്‌ ചേരുകയായിരുന്നു.

ഫഹദ്‌ ഫാസിൽ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആയിട്ടാണ് വരുന്നത് എന്ന്‌ കേട്ടു..

അത്‌ സിനിമ കണ്ട്‌ റിവീൽ ചെയ്യേണ്ട ഒരു ക്യാരക്ടർ ആയതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. ആ റോൾ എഴുതി കഴിഞ്ഞ് ഞാൻ ഫഹദിനോട് പറഞ്ഞത് ഭരത് ഗോപി ചേട്ടൻ ഒക്കെ ചെയ്യേണ്ട ടൈപ്പ് ഒരു റോൾ ആണ്‌ എന്നാണ്. പുള്ളിക്കാരന് ആ ക്യാരക്റ്റർ സ്കെച്ച് കേട്ടപ്പോ ഇഷ്ടപ്പെട്ടു. അങ്ങനെ അത്‌ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ നിർമാണ സംരംഭമായി കുമ്പളങ്ങി നൈറ്റ്സ് തിരഞ്ഞെടുക്കാൻ കാരണം?

കുറച്ചു നാളായി പ്രൊഡക്ഷൻ ചെയ്യണം എന്ന്‌ വിചാരിക്കുന്നു. ഇപ്പോഴാണ്‌ അതിന്‌ കറക്റ്റ് സമയം വന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന്‌ ചോദിച്ചാൽ, ഈ സിനിമയുടെ കഥ എല്ലാർക്കും ഇഷ്ടപെട്ടു, എല്ലാവരും പൈസ ഇറക്കാൻ തയാറായി, അത്രേ ഉളളൂ.

ടീസറിലും ട്രെയ്ലറിലും ഒക്കെ നിറഞ്ഞു നിന്നത്‌ സൗബിന്റെ സജി എന്ന കഥാപാത്രം ആയിരുന്നു, അദ്ദേഹത്തിന്റെ കരിയറിൽ ഈ കഥാപാത്രം മറ്റൊരു വഴിത്തിരിവ് ആകുവോ?

സജി ഭയങ്കര ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കഥാപാത്രം ആയിരിക്കും സൗബിന്റെ കരിയറിൽ. ഞങ്ങൾ എല്ലാരും എക്സൈറ്റഡ് ആണ്‌ ആൾക്കാർ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നറിയാൻ വേണ്ടി. എനിക്ക് തോന്നുന്നു സൗബിൻ ഭയങ്കരമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം സുഡാനി ഒക്കെ ആയിട്ട്. ഈ വർഷവും സൗബിന് ഒരു നല്ല വർഷം ആയിരിക്കും എന്ന്‌ തോന്നുന്നു.

മഹേഷിന്റെ പ്രതികാരം ഇടുക്കിയുടെ കഥയായിരുന്നു, ഇപ്പോ കുമ്പളങ്ങി നൈറ്റ്‌സ്‌ കുമ്പളങ്ങിയെ ബേസ് ചെയ്താണ് കഥ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രദേശത്തെ കഥ പറയുന്ന രീതി സ്വീകരിക്കുന്നത്?

ശരിക്കും പറഞ്ഞാൽ കുമ്പളങ്ങി നൈറ്റ്സ് ഒരു നാടിന്റെ കഥയല്ല. ഒരു ഫാമിലിയുടെ കഥയാണ്. ഒരു നാടിന്റെ ബാക്ക്ഡ്രോപ് വേണമെന്ന് തോന്നിയതുകൊണ്ട് കുമ്പളങ്ങിയിൽ പ്ലെയ്സ് ചെയ്തു എന്നേയുള്ളൂ. കുമ്പളങ്ങിയുടെ രാത്രികൾ കാണാൻ ശരിക്കും നല്ല ഭംഗി ആണ്‌. എന്റെ ഒരു സുഹൃത്ത് ഉണ്ട്‌ സജി നെപ്പോളിയൻ. അദ്ദേഹം ഒരു ഡാൻസറും ആക്ടറും ഒക്കെ ആണ്‌. അവന്റെ വീട് കുമ്പളങ്ങിയിൽ ആണ്‌. അവന്റെ വീട്ടിൽ ഞാൻ പണ്ട് പോയി നിന്ന് ഫിഷിങ് ഒക്കെ ചെയ്യുമായിരുന്നു. ആ പരിചയം ആണ്‌ ശരിക്കും എന്നെ കുമ്പളങ്ങിയിലേക്ക്‌ ലീഡ് ചെയ്തത്. സജി കുമ്പളങ്ങി നൈറ്റ്‌സിൽ അഭിനയിച്ചിട്ടുമുണ്ട്.

നമ്മൾ പലപ്പോഴും നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന കാര്യങ്ങൾ ആണ്‌ ശ്യാംപുഷ്‌കരന്റെ കഥകൾക്ക് ആധാരം ആകുന്നത്‌. ഇത്തരം കഥപറച്ചിലുകളുടെ സ്വാധീനം എങ്ങനെയാണ് ഉണ്ടായത്?

ഞാൻ കാണുന്ന കാഴ്ചകളിൽ എന്നെ ആകർഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണോ അതാണ് ഞാൻ എടുക്കാറുള്ളത്. എന്റെ ഒരു ചിന്തയും കാഴ്ചപ്പാടും അങ്ങനെയാണ്. ഒരു സിനിമയുടെ എല്ലാ കാര്യങ്ങളും നമുക്ക് കഥയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. എല്ലാ സ്ക്രീൻടൈമും, എല്ലാ പ്രോപ്പർട്ടീസും അങ്ങനെ എല്ലാം. കൺവിൻസിങ് ആയി അതൊക്കെ ചെയ്യുക എന്ന ഐഡിയയിൽ നിന്നാണ് അങ്ങനത്തെ ഒരു കഥപറച്ചിൽ രീതി അവലംബിച്ചിരിക്കുന്നത്. ഭയങ്കര റിയലിസ്റ്റിക്കും ഡീറ്റൈൽഡ് അല്ലാത്തതും ആയ ഒരു രീതി ഇനി പ്രതീക്ഷിക്കാം.

താങ്കളുടെ കഥപറച്ചിലുകളുടെ ചുവട്‌ പിടിച്ചു ഒട്ടനവധി എഴുത്തുകാരും സംവിധായകരും സിനിമകൾ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒരുപാട് പേരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിനെ പറ്റി എന്താണ്‌ അഭിപ്രായം?

ഇതൊന്നും മനഃപൂർവമായിരുന്നില്ല. ഞാൻ ശരിക്കും രഘുനാഥ് പലേരിയിൽ നിന്നും ഇൻസ്പയേർഡ് ആയിട്ടുള്ള ഒരാളാണ്. പലേരി സാർ ഒക്കെ എഴുതുന്നത് കണ്ട്‌, അവരുടെ ഡീറ്റൈലിംഗ് കണ്ട്‌ ഇൻസ്പയേർഡ് ആയിട്ട് എഴുതുന്നതാണ്. ഞാൻ തന്നെ പോത്തനോട് തമാശയ്ക്ക് ഇടയ്‌ക്ക്‌ പറയാറുണ്ട് പൊന്മുട്ടയിടുന്ന താറാവിന്റെ വികലമായ ഒരു അനുകരണം ആണ്‌ മഹേഷിന്റെ പ്രതികാരം എന്ന്‌. ഇത്തരം മുന്മാതൃകകൾ ഞങ്ങൾക്ക് തീർച്ചയായും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്‌ ട്രെൻഡ്‌ സെറ്റിങ്ങിനെ പറ്റി ഞങ്ങൾ തീരെ ബോതേർഡ്‌ അല്ല.

സോഷ്യൽ മീഡിയകളിൽ ഒക്കെ വളരെ വലിയ ഫാൻ ഫോള്ളോയിങ്ങുള്ള റൈറ്റർ

ആണ്‌ ശ്യാം പുഷ്കരൻ. അത്തരം ചർച്ചകളും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കാറുണ്ടോ? എന്താണ്‌ അഭിപ്രായം?

എല്ലാരേയും പോലെ ഞാനും സോഷ്യൽ മീഡിയയിൽ എന്താണ്‌ ആൾക്കാർ പറയുന്നത്‌ എന്ന് കൃത്യമായി ഫോളോ ചെയ്യുന്നയാളാണ്. എനിക്ക് അതിൽ വരുന്ന ഒരുപാട്‌ എഴുത്തുകൾ ഭയങ്കര ഇഷ്ടമാണ്. കുറച്ചുനാളുകളായി വളരെ സീരിയസ് ആയി ക്രിട്ടിസൈസ് ചെയ്ത് എഴുതുന്ന പോസ്റ്റുകൾ ഒക്കെ ഉണ്ടാവുന്നുണ്ട്. പിന്നെ ഇത്തിരി കുന്നായ്മകൾ ഒക്കെ വേണം, എന്നാലല്ലേ ഒരു രസമുള്ളൂ.

പറയുന്ന കഥകളിൽ വ്യക്തമായ രാഷ്ട്രീയം വേണമെന്ന്‌ നിർബന്ധമുള്ള ആളാണോ?

രണ്ട്‌ മണിക്കൂറുള്ള സിനിമ പറഞ്ഞ് കഴിയുമ്പോ ഒരു ആശയം തീർച്ചയായും വരും. ഇല്ലെങ്കിൽ ആൾക്കാർ പറയും കണ്ടന്റ് ഇല്ലാന്ന്. ഒരു ഉഴുന്ന് വട പോലത്തെ സിനിമ ആണെന്നൊക്കെ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു തുള മാത്രമാണ് അകത്തൊന്നുമില്ല എന്ന്‌. അതുകൊണ്ട്‌ ആശയം ഭയങ്കര ഇമ്പോർട്ടന്റ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിന് മൂന്ന്‌ വയസ്സ് തികഞ്ഞിരിക്കുകയാണ്. കാല്പനികത ഇല്ലാത്ത കഥ പറച്ചിലിലേക്ക്‌ മലയാളി സഞ്ചരിച്ചു തുടങ്ങിയിട്ട് മൂന്ന്‌ വർഷങ്ങൾ ആയിരിക്കുന്നു. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്?

ശരിക്കും ഞങ്ങൾ കാൽപനികത നല്ലോണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ ചെയ്‌തത്‌. ഒരു പ്രതിജ്ഞ, രണ്ട്‌ പ്രേമങ്ങൾ, രണ്ട്‌ സ്റ്റണ്ട് ഇങ്ങനെ ഒരു കാല്പനികമായ അന്തരീക്ഷത്തിൽ ആണ്‌ മഹേഷ് ഉള്ളത്. റിയലിസ്റ്റിക് ആക്റ്റിംഗ് ടെക്‌നിക് ആണ്‌ നമ്മൾ യൂസ്‌ ചെയ്യുന്നത്, അഭിനേതാക്കൾ റിയൽ ആയി സംസാരിക്കുന്നത്‌ പോലെ ചെയ്യുക എന്നുള്ളതാണ്. പിന്നെ ഇപ്പോഴത്തെ മലയാള സിനിമയെ പറ്റി ഒരു പ്രേക്ഷകൻ ആയി പറയുകയാണേൽ നല്ല രസമുള്ള കഥകൾ പറയാൻ ആളുകൾ വരുന്നുണ്ട്. സക്കറിയ ആയാലും, ദിലീഷ്‌ പോത്തൻ ആയാലും, ലിജോ ഒക്കെ കുറേ നാളായി അതിന്‌ തന്നെയാണ് നിൽക്കുന്നത്. മലയാളത്തിന് ഞെട്ടിക്കുന്ന ഒരു ഗ്രോത്ത് ഉണ്ടാവുന്നുണ്ട് എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്. ഇനി വരുന്ന വർഷങ്ങളിൽ വളരെ വ്യക്തമായി നമുക്കത്‌ കാണാൻ സാധിക്കും.

സിനിമയിലെ സ്ത്രീവിരുദ്ധതയും വർണ്ണവിവേചനവും ഒക്കെ ചൂടുള്ള ചർച്ചകൾ ആകുന്ന ഈ സമയത്ത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്തരം പ്രശ്നങ്ങൾ എത്രത്തോളം ഒരു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്?

ഒട്ടും വിലക്കുന്നില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത് വ്യക്തമായി എഴുതുന്നവർക്ക്‌. സ്ത്രീവിരുദ്ധത ഉള്ള കഥാപാത്രങ്ങൾ അല്ലെങ്കിൽ വർണ്ണവെറിയുള്ള കഥാപാത്രങ്ങൾ എഴുതാൻ ഇപ്പോഴും ബുദ്ധിമുട്ടില്ല. നമ്മളുടെ ഉള്ളിൽ സ്ത്രീവിരുദ്ധത വർഷങ്ങളായി ഇൻ ബിൽട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അത്‌ പുറത്തേക്ക്‌ വരുന്നുമുണ്ട്. നമ്മുടെ മുൻകാല സിനിമകളിൽ ഒക്കെ ചെറിയ അത്തരം കാര്യങ്ങൾ വന്നു പോയിട്ടുണ്ട്, അതൊന്നും മനപ്പൂർവ്വം ചെയ്യുന്നതല്ല അറിവില്ലായ്മ കൊണ്ട്‌ സംഭവിച്ചു പോയിട്ടുള്ളതാണ്. ഇപ്പോ കുറച്ചുകൂടി ബോധം വച്ചിട്ടുള്ള സ്ഥിതിക്ക് നമുക്കറിയാം നാട്ടിൽ എന്താണ്‌ നടക്കുന്നത് എന്ന്‌. അതുകൊണ്ട്‌ പുതിയ ആൾക്കാരും പഴയ ആൾക്കാരും വളരെ കോൺഷ്യസ് ആയ ഒരു എഫേർട്ട് എടുത്താൽ നമുക്ക്‌ അത്‌ വലിയ തോതിൽ ഒഴിവാക്കാം. ഇനിയും സ്ത്രീവിരുദ്ധതയുള്ള വർണ്ണവെറിയുള്ള കഥാപാത്രങ്ങൾ ഉണ്ടാകും. പക്ഷേ അത് ഗ്ലോറിഫൈ ചെയ്യപ്പെടില്ല എന്നുള്ളതാണ്‌. സ്ത്രീവിരുദ്ധമായി സംസാരിച്ചു സ്ലോ മോഷനിൽ നടക്കാൻ നമ്മൾ അനുവദിക്കില്ല എന്നാണ്‌ പറഞ്ഞത്‌.

സംവിധായകൻ ആകാൻ ഉള്ള പ്ലാൻ ഉണ്ടോ?

ഉറപ്പായിട്ടും. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ്‌ വന്നത്‌. അന്ന് ഞാൻ അസിസ്റ്റ് ചെയ്യാൻ ചാൻസ് ചോദിച്ചു ചെന്ന ഡയറക്ടേഴ്സ് എല്ലാം എന്നോട് കഥ ചോദിക്കുമായിരുന്നു. കഷ്ടകാലത്തിന്‌ ഞാൻ അന്ന് ജുബ്ബ ഒക്കെ ഇട്ടാണ് നടന്നിരുന്നത്. അപ്പോ എനിക്ക്‌ മനസിലായി ഇവിടെ കഥ എഴുതാൻ ആളുകൾക്ക് നല്ല പഞ്ഞം ഉണ്ടെന്ന്‌. അങ്ങനെ ആണ്‌ എഴുത്തിലേക്ക് കടക്കുന്നത്. അതുകൊണ്ട്‌ സിനിമ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു എന്നുള്ളതാണ്‌ റൈറ്റിംഗ് കൊണ്ടുണ്ടായ ഗുണം. എനിക്ക്‌ പേഴ്സണലി അടുപ്പം ഉള്ള കഥകൾ സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. ഉടനെ അല്ല കുറച്ചു കമ്മിറ്റ്മെന്റ്സ് കൂടെ ഉണ്ട്‌. പിന്നെ ഞാൻ എല്ലാ ജോർണറും പരീക്ഷിച്ചിട്ടില്ല അതിനിടയിൽ എപ്പോ വേണേലും അത്‌ സംഭവിക്കാം.

അടുത്ത പ്രൊജക്റ്റ്?

അടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. വേറെ ഒരു പുതിയ സംവിധായകന്‌ വേണ്ടിയും എഴുതുന്നുണ്ട്‌. കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല.


Next Story

Related Stories