Top

'മമ്മൂക്കയുടെ സിനിമകള്‍ ഓടാത്തത് അദ്ദേഹത്തിന്റെ പ്രശ്‌നം കൊണ്ടല്ല'; കാരണമിതാണ്: സ്ട്രീറ്റ് ലൈറ്റ്സ് സംവിധായകന്‍ ഷാംദത്ത്/ അഭിമുഖം

കട്ടപ്പനയിലെ ഋതിക് റോഷന്‍, റോള്‍ മോഡല്‍സ്, വര്‍ഗം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങള്‍ക്കും വിശ്വരൂപം 2 ഉള്‍പ്പെടെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ച ഷാംദത്ത് സൈനുദീന്‍റെ ആദ്യ സംവിധാന സംരംഭമാണ് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുമായാണ് സ്ട്രീറ്റ് ലൈറ്റ്‌സ് ഒരുക്കിയിട്ടുള്ളത്. മൂന്ന് ഭാഷകളിലും മമ്മൂട്ടി തന്നെയാണ് നായകനും ചിത്രത്തിന്റെ നിര്‍മ്മാതാവും എന്നതും പ്രത്യേകതയാണ്. ചിത്രം 26ന് തീയറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് സംവിധായകന്‍
ഷാംദത്ത് 
അഴിമുഖവുമായി സംസാരിക്കുന്നു.


എന്താണ് സ്ട്രീറ്റ് ലൈറ്റ്സ്?

എന്റര്‍ടെയ്‌നര്‍ സിനിമയാണ്. എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന ചിത്രമാണ്. പക്ഷെ ചിത്രം തീയറ്ററില്‍ തന്നെ കാണണം. എന്നാല്‍ മാത്രമേ സ്ട്രീറ്റ് ലൈറ്റിന്റെ അനുഭവം പൂര്‍ണ്ണമായും പ്രേക്ഷകന് ഉള്‍കൊള്ളാനാകൂ. നേരത്തെ നമുക്ക് നല്ല തീയറ്ററുകളുടെ അഭാവം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നല്ല സൗണ്ട് സിസ്റ്റമൊക്കെയുള്ള തീയറ്ററുകളുണ്ട്. അതുകൊണ്ട് ശരിക്കും തീയറ്ററില്‍ പോയി അനുഭവിക്കേണ്ട ഒരു ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

ചിത്രത്തിന്‍റെ പ്രമേയം?

ഇത് ഒരു ദിവസം നടക്കുന്ന ഒരു കഥയാണ്. ഒരു ചെറുകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ്. ഒരു ദിവസം രാവിലെ മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. മമ്മൂട്ടിയുടെ മറ്റൊരു പൊലീസ് വേഷം. യൂണിഫോം ഇടാത്ത പൊലീസ് ഓഫീസറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അതൊക്കെ ചിത്രം കണ്ടാല്‍ മാത്രമേ മനസിലാകൂ. ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാനാകില്ല. പക്ഷെ ഒരു ദിവസം കുറെയേറെ കഥാപാത്രങ്ങള്‍, അവരിലൂടെയുള്ള യാത്ര. അതാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.എങ്ങനെയാണ് സംവിധാനത്തിലേക്ക് വരുന്നത്?

സിനിമയിലെ എല്ലാ നല്ല ടെക്‌നീഷ്യന്‍സിനും സ്വന്തം സിനിമ എന്നത് ഒരു സ്വപ്‌നമാണ്. എനിക്കും അങ്ങനെ ഒരു സ്വപ്‌നമുണ്ടായിരുന്നു. നല്ല ഒരു കഥ ഒത്തുവന്നു. അങ്ങനെ ആ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് എത്തി എന്നു മാത്രമേ ഇപ്പോള്‍ അതിനെ കുറിച്ച് പറയാനാകൂ.

ആദ്യ സിനിമയില്‍ തന്നെ മമ്മൂട്ടി നായകന്‍?

വെനീസിലെ വ്യാപാരി ഉള്‍പ്പെടെ ചില മമ്മൂട്ടി ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് ഞാനാണ്. ആ സമയത്ത് കഥകളെ കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു. അതുകൊണ്ട് നല്ല ഒരു കഥ വന്നപ്പോള്‍ മമ്മൂക്കയോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചത് ചിത്രത്തില്‍ ഞാന്‍ അഭിനയിക്കാം. ചിത്രം നിര്‍മ്മിക്കുന്നതില്‍ തനിക്ക് എന്തെങ്കിലും വിരോധമുണ്ടോയെന്നാണ്. അതെന്നെ ശരിക്കും ഞെട്ടിച്ചു. അങ്ങനെ മമ്മൂട്ടി, ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും ആയി.അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളൊന്നും വലിയ നേട്ടമുണ്ടാക്കിയവയല്ല. ആശങ്കയുണ്ടോ?

മമ്മൂക്കയുടെ സിനിമകള്‍ ഓടാത്തത് അദ്ദേഹത്തിന്റെ പ്രശ്‌നം കൊണ്ടല്ല. സിനിമ എടുക്കുന്നവരുടെ കുഴപ്പമാണ്. നല്ല കഥയും നല്ല സിനിമകളുമുണ്ടായാല്‍ മാത്രമേ വിജയിക്കൂ. മമ്മൂട്ടി ഒരു നടന്‍ മാത്രമാണ്. കഥ പറയാന്‍ എളുപ്പമാണ്. പക്ഷെ അതൊരു നല്ല സിനിമയാക്കാന്‍ നല്ലൊരു ടീം വേണം, ടീം വര്‍ക്ക് വേണം. കൂടെയുള്ള എല്ലാവരും നന്നാവണം. അതുകൊണ്ട് സിനിമ എന്ന് പറയുന്നത് ഒരു കൂട്ടായ്മയുടെ വിജയമാണ്. പലര്‍ക്കും പറയുന്ന കഥ സിനിമയാക്കുമ്പോള്‍ ആ രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. അതിന് നായകനെ കുറ്റപ്പെടുത്തിയിട്ടുണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ച് എനിക്ക് ആശങ്കയില്ല.

സൗബിനും ലിജോ മോളും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്താണ് അവരുടെ റോളുകള്‍?

ഒറ്റ ദിവസം നടക്കുന്ന കഥ ആയതുകൊണ്ട് ആരുടേയും കഥാപാത്രത്തെപ്പറ്റി കൂടുതല്‍ പറയാാനാവില്ല. ചിത്രത്തില്‍ നാല് പാട്ടുകളുണ്ട്. അതില്‍ ഒരു പാട്ട് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാലോ ബാക്കിയുള്ള മൂന്ന് പാട്ടുകള്‍ കാണിച്ചാലോ ചിത്രത്തിന്റെ സസ്‌പെന്‍സ് പൊളിയും.

ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍?


നല്ലൊരു കാമറാമാന്‍ എപ്പോഴും സിനിമയെ നന്നായി പഠിച്ചിട്ടുണ്ടാകും. സിനിമയോടുള്ള ആഴത്തിലുള്ള ഇഷ്ടമാകും അവരെ സിനിമാട്ടോഗ്രാഫര്‍ ആക്കുന്നത്. അങ്ങനെയുള്ളവര്‍ ഒരിക്കലും കാമറയെ ഗിമ്മിക്ക് കാണിക്കാന്‍ ഉപയോഗിക്കില്ല. അവര്‍ക്ക് അത് കഥ പറയാനുള്ള ഉപകരണമാണ്. ഇമോഷന്‍സ് ജനങ്ങളിലേക്കെത്തിക്കാനുള്ള മീഡിയമാണ് അവര്‍ക്ക് ക്യാമറ. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സംവിധായകര്‍ ആകാന്‍ കഴിയൂ.സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തമിഴ് പതിപ്പിനെ കുറിച്ച്?


തമിഴില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍. ലിജോ മോളും തമിഴ് പതിപ്പിലുമുണ്ട്. ബ്ലാക്ക് പാണ്ടി, പാണ്ഡ്യരാജ്, അദ്ദേഹത്തിന്റെ മകന്‍, പസംഗ ശ്രീറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴില്‍ രണ്ടാഴ്ച കഴിഞ്ഞാണ് ചിത്രത്തിന്റെ റിലീസ്. തമിഴ് പതിപ്പ് ഡബ് ചെയ്താണ് തെലുങ്കില്‍ ചിത്രം പുറത്തിറക്കുക.

ആദ്യ ചിത്രം മൂന്ന് ഭാഷയില്‍ ചെയ്യാനുള്ള കാരണം?

ഈ കഥ പറയുന്ന സമയത്ത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു തമിഴിലും തെലുങ്കിനുമൊക്കെ പറ്റിയ കഥയാണെന്ന്. പക്ഷെ ആദ്യ ചിത്രമായതുകൊണ്ട് ആദ്യം മലയാളത്തില്‍ മാത്രം ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷെ മമ്മൂക്ക പറഞ്ഞു തമിഴും ഇപ്പോള്‍ എടുക്കാമെന്ന്. പക്ഷെ മലയാള ചിത്രം തമിഴിലേക്ക് ഡബ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു . അതുകൊണ്ട് തമിഴ്‌നാട് ലൊക്കേഷനാക്കി തമിഴ് പതിപ്പ് ചിത്രീകരിച്ചു.

സംവിധായകനായിട്ടാണോ ഛായാഗ്രഹകനായിട്ടാണോ സജീവമാകാന്‍ ആഗ്രഹിക്കുന്നത്?

രണ്ടും താല്‍പര്യമാണ്. പക്ഷെ സംവിധാനം തുടരണോയെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ക്യാമറ ചെയ്യാന്‍ ഒന്നു രണ്ട് പ്രോജക്ട് ഏറ്റിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്‍ ആ പ്രോജക്ടുകളിലേക്ക് പോകും.

Next Story

Related Stories