TopTop
Begin typing your search above and press return to search.

സമത്വസുന്ദര സിനിമാലോകത്തേക്കുറിച്ച് കുട്ടികളെ ഉപദേശിക്കുന്ന തന്തമാര്‍; ചിരിക്കാന്‍ വകയുണ്ട്‌

സമത്വസുന്ദര സിനിമാലോകത്തേക്കുറിച്ച് കുട്ടികളെ ഉപദേശിക്കുന്ന തന്തമാര്‍; ചിരിക്കാന്‍ വകയുണ്ട്‌

അപരന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ഒരു ദിനത്തെക്കുറിച്ച് കണ്ട സ്വപ്‌നത്തേക്കാള്‍ എത്ര ഉദാത്തമാണ്, 'ആണുങ്ങളും പെണ്ണുങ്ങളും എന്ന വേര്‍തിരിവില്ലാത്ത നമ്മള്‍ മാത്രമായ ഒരു സിനിമാ ലോകം' എന്നു സിദ്ദിഖ് കാണുന്ന ആ സ്വപ്നം. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സിദ്ദിഖിന് കഴിയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല, അഭിനയഗുണം മാത്രമല്ല, മോശമല്ലാത്ത, വായനയും സംഗീതബോധവുമെല്ലാമുണ്ട് സിദ്ദിഖിന്. മനോഹരമായി പാടും, സിനിമാ പാട്ടുകളെക്കുറിച്ച് അഗാധമായ അറിവും. മികച്ചൊരു അവതാരകന്‍ കൂടിയാണ്...ഒരു വിഷയത്തില്‍ കൃത്യമായ ധാരണകളോടെ സംസാരിക്കാനേ ശ്രമിക്കൂ. സിനിമാക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനുമാണ് അവരുടെ സിദ്ദിഖാ... സര്‍വ്വംസുഖാനുഭവതി എന്നു മാത്രം ചിന്തിക്കുന്ന സിദ്ദിഖിന് മലയാള സിനിമാലോകത്ത് 'ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍' എന്നു ചിലര്‍ പറഞ്ഞു കേട്ടപ്പോള്‍ ഉണ്ടായൊരിണ്ടല്‍ പറഞ്ഞറിയിക്കാന്‍ സാധ്യമല്ലാത്തതായിരുന്നത്രേ! കുട്ടിക്കളിയായി ചിലര്‍ അതിനെ തളളിക്കളഞ്ഞു, പക്ഷേ ഇത്തരം അവിവേകങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയല്ല, തിരുത്തുകയാണ് വേണ്ടതെന്ന് സിദ്ദിഖിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്; നമ്മള്‍ നമ്മള്‍ എന്നു മാത്രം പറയുന്നൊരു ലോകമാകട്ടെ മലയാള സിനിമയുടേതെന്ന്...

ഓരോ പ്രതികരണങ്ങള്‍ക്കും അതിന്റെ മേലൊരു പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന സാമൂഹ്യതത്വം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് ഒരാള്‍ക്ക് മനസിലാകണമെന്നില്ല! എന്നാല്‍ ഒരു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷുകാരിയുടേയത്ര അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ ഇല്ലെങ്കിലും ജീവിതാനുഭവം ഉണ്ടെങ്കില്‍ ഏതു സിദ്ദിഖിനും ഇതൊക്കെ മനസിലാകും. നിങ്ങള്‍ ഒരാളെ വിമര്‍ശിച്ചാല്‍, ആ വിമര്‍ശനത്തിനു പകരവും വിമര്‍ശനങ്ങള്‍ ഉണ്ടാകാമെന്നാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് സിദ്ദിഖ് ഉപദേശിക്കുന്നത്. അതായത്, പാര്‍വതി എന്ന ആ 'കുട്ടി', കസബ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീന്‍ കണ്ടപ്പോള്‍ തനിക്ക് വലിയ വിഷമം തോന്നിയെന്നും മമ്മൂട്ടിയെ പോലെ ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും തന്റെ അഭിപ്രായം തുറന്നു പറയുന്നു. ആ കുട്ടി പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്നും അതിലൊരു ശരികേടില്ലെന്നും സിദ്ദിഖിന് അറിയാം. അതേസമയം തന്നെ ഇത്തരം അഭിപ്രായങ്ങള്‍ വിതയ്ക്കുന്ന അപകടത്തെ കുറിച്ചും ബോധ്യമുണ്ട്. ഞങ്ങളും നിങ്ങളും വേണ്ടെന്നു പറയുന്ന അതേ നാവുകൊണ്ട് തന്നെ തന്റെ സഹപ്രവര്‍കമാര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് പിന്തുണയ്ക്കുന്ന ആണ്‍ബോധ്യം.

http://www.azhimukham.com/cinema-fans-made-super-stardom-in-malayala-cinema/

ഒരാളെ വ്യക്തപരമായി ആക്ഷേപിക്കുക, അശ്ലീലവാക്കുകള്‍ ഉപയോഗിക്കുക, ഭീഷണി മുഴക്കുക ഇവയൊക്കെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ? അങ്ങനെ വിശ്വസിക്കണമെന്നാണ് സിദ്ദിഖ് പറയുന്നത്. അഭിപ്രായം അംഗീകരിച്ചേ മതിയാകൂ, നിങ്ങള്‍ പറഞ്ഞൊരു അഭിപ്രായത്തോട് വിയോജിച്ചു കൊണ്ട് ഒരാള്‍ നിങ്ങളെ തെറിവിളിച്ചാല്‍, അത് കേള്‍ക്കണം, വിളറി പിടിക്കരുത് എന്നാണ് സിദ്ദിഖിയന്‍ തത്വം. ഏതെങ്കിലും ഒന്നിനെതിരേ നിങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകളെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം എന്നും പറഞ്ഞുവയ്ക്കുകയാണ്.

ഇതൊരു ഭീഷണിയല്ലേ, മുന്നറിയിപ്പല്ലേ എന്നൊക്കെ നമുക്ക് തോന്നിയേക്കാം. ശക്തനായൊരാള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ കഠിനമായിരിക്കുമെന്നും ബുദ്ധിയുള്ളവര്‍ നിശബ്ദതരായിരിക്കണം എന്നൊക്കെയുള്ള ഒരു മുന്നറിയിപ്പ്! എന്നാല്‍ ചില കുട്ടികളുണ്ട്, എടുത്തുചാട്ടക്കാര്‍. അവരവരില്‍ വിശ്വസിക്കുന്നവര്‍, ആത്മാഭിമാനികള്‍; ഇവരാണ് വരുംവരായ്കകള്‍ നോക്കാതെ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നത്. സ്വയം വരുത്തി വയ്ക്കുന്ന വിനകള്‍ പിന്നെ അനുഭവിക്കുകയല്ലേ നിവൃത്തിയുള്ളൂ എന്നാണ് സിദ്ദിഖിലെ തത്വജ്ഞാനി ചോദിക്കുന്നത്. താന്‍ പറയുന്നതെല്ലാം കേട്ടുകൊളളണം അതിനെ ആരും എതിര്‍ക്കരുതെന്നും പറയുന്നത് ശരിയാണോ എന്നു സിദ്ദിഖ് ചോദിക്കുകയാണ്.

അപ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് സിദ്ദിഖിന്റെ ശരികളില്‍ ചില ശരികേടുകള്‍ തോന്നാം. സിനിമലോകത്ത് ഈ പറയുന്ന അഭിപ്രായം ഉണ്ടോ? ' നമ്മള്‍' മാത്രമുള്ള മലയാള സിനിമലോകത്ത് ഒരു പെണ്‍കുട്ടി(നായികയോ ഉപനായികയോ ആരുമാകാം) ചോദിക്കുകയാണ്, എന്നെ കാസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ഞാനൊന്നു വായിച്ചോട്ടേയെന്ന്. ഇതു കേള്‍ക്കുന്ന സംവിധായകനോ തിരക്കാഥാകൃത്തോ ഉടനെ ശരീരം വിറച്ചുകൊണ്ടും ഭാവം കടുപ്പിച്ചുകൊണ്ടും അട്ടഹസിക്കുകയാണ്, നായികമാര്‍ എന്തിനാണ് തിരക്കഥ വായിക്കുന്നത്? നായകനാകുന്നയാള്‍ വായിച്ച് ഇഷ്ടപ്പെട്ടിട്ടല്ലേ സിനിമ തുടങ്ങുന്നത്..... ഈ അട്ടഹാസം കഴിയുമ്പോള്‍ പെണ്‍കുട്ടി സവിനയം വീണ്ടും ചോദിക്കുന്നു, അഭിനയിക്കേണ്ട സിനിമയേക്കുറിച്ചും അതിലെ എന്റെ വേഷത്തെക്കുറിച്ചും ഞാന്‍ മനസിലാക്കായിരിക്കുന്നത് നല്ലതല്ലേ....വീണ്ടും അട്ടഹാസം; നിങ്ങള്‍ അഹങ്കാരിയാണ്, കേവലം ഒരു നടിക്ക് ഇത്ര തലക്കനം പാടില്ല, നീയൊക്കെ ജനിക്കും മുന്നേ ഈ ഫീല്‍ഡില്‍ വന്നവരാണ് ഞങ്ങള്‍...നിന്നെക്കാള്‍ വലിയ നടന്മാര്‍ പോലും തിരക്കഥ വായിക്കാന്‍ ചോദിച്ചിട്ടില്ല. പിന്നെയല്ലേ ഇന്നലെ വന്ന നീ...

സിദ്ദിഖിന്റെ ന്യായപ്രമാണം വച്ച് വിധിക്കുകയാണെങ്കില്‍ ഇവിടെ ആരാണ് കുറ്റക്കാരന്‍? തിരക്കഥ ചോദിച്ച നടിയോ, അതോ അവരെ ചീത്ത വിളിച്ചവനോ? അയാള്‍ ഒരു സംവിധായകനാകാം, നിര്‍മാതാവാകാം, തിരക്കഥാകൃത്താവാം, നായകനടനാകാം...പക്ഷേ എന്നും വിചാരണ ചെയ്യപ്പെട്ടിരിക്കുന്നതും വിധിക്കപ്പെട്ടിരിക്കുന്നതും എതിര്‍കകക്ഷിയാണെന്നതല്ലേ സത്യം! അതിപ്പോള്‍ തിരക്കഥ ചോദിച്ചതിനു മാത്രമല്ല, പ്രതിഫലത്തിന്റെ പേരിലാകാം, ചില സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതിനാകാം, കൂടെ കിടക്കണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍, അതെതിര്‍ക്കുന്നതിനും ആകാം...സാഹചര്യം ഏതുമായിക്കൊള്ളട്ടെ, ബറാബാസുമാര്‍ എപ്പോഴും രക്ഷപ്പെട്ടുകൊണ്ടേയിരുന്നു...

http://www.azhimukham.com/opinion-malayalam-movies-s-racism-male-domination-and-anti-woman-comedy-by-jipsa/

അതിനനര്‍ത്ഥം സിദ്ദിഖിന്റെ ന്യായപ്രമാണത്തിലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അധ്യായം സിനിമാലോകത്ത് ആരും തുറന്നുവയ്ക്കിന്നില്ലെന്നല്ലേ! ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്ന വാദം നിരാകരിക്കപ്പെടേണ്ടതാണെന്ന അദ്ദേഹത്തിന്റെ 'നമ്മള്‍' ന്യായവും പൊള്ളയാണെന്നല്ലേ...

എല്ലാവര്‍ക്കും ഒരേ അവകാശങ്ങളും സ്വീകാര്യതയും ഉള്ളിടത്താണല്ലോ വിഭജനങ്ങളും വിവേചനങ്ങളും ഇല്ലാതാവുന്നത്! അങ്ങനെയൊരു അന്തരീക്ഷം മലയാള സിനിമാലോകത്ത് ഉണ്ടെന്നാണോ സിദ്ദിഖ് അവകാശപ്പെടുന്നത്, അല്ലെങ്കില്‍ അങ്ങനെയൊന്ന് സംഭവിക്കണമെന്നാണോ ആഗ്രഹിക്കുന്നത്. എങ്കില്‍ അതിനുള്ള തടസ്സം ആ പെണ്‍കുട്ടികളാണോ? അവരല്ലേ, വാസ്തവത്തില്‍ സിദ്ദിഖിനെക്കാള്‍ ആത്മാര്‍ത്ഥതയോടെ സ്ഥിതിസമത്വത്തിനുവേണ്ടി വാദിക്കുന്നത്. ഒരു സിനിമയെക്കുറിച്ച് അറിയുമ്പോള്‍ അതിലൊരു അത്യുഗ്രന്‍ വില്ലന്‍ വേഷം ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ അതെനിക്കു വേണമെന്നു വാശി പിടിക്കാനും നേടിയെടുക്കാനും ഒരു നടന് കഴിയുമായിരിക്കും, ആഗ്രഹിച്ചൊരു വേഷം നേടിയെടുക്കാന്‍ ഒരു നടിക്ക് കഴിയാറുണ്ടോ? നടിമാര്‍ എപ്പോഴും മറ്റുള്ളവരാല്‍ നിശ്ചയിക്കപ്പെടുകയല്ലേ... ആ നിശ്ചയിക്കപ്പെടലുപോലും എങ്ങനെയാണ്? ഇത്തരത്തില്‍ മലിനീകരിക്കപ്പെട്ട ഒരന്തരീക്ഷം വൃത്തിയാക്കിയെടുക്കാനല്ലേ ആ കുട്ടികള്‍ ശ്രമിക്കുന്നത്.

ഒരു സംഭവം കേട്ടു, ഈയടുത്ത് പുറത്തിറങ്ങിയ ഒരു കുടുംബചിത്രം. ചിത്രത്തില്‍ തമിഴില്‍ നിന്നുള്ള ഒരു നായികയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. പക്ഷേ ഷൂട്ടിംഗ് തുടങ്ങും മുന്നേ അവര്‍ മാറി. തമിഴ് നായിക എന്തുകൊണ്ടു പോയി എന്നതിനെക്കുറിച്ച് സംശയങ്ങളൊക്കെ കേള്‍ക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ നിര്‍മാതാവിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറേയും ചിലര്‍ മര്‍ദ്ദിച്ചതായി വാര്‍ത്തകള്‍ വന്നത്. തല്ലുകൊണ്ടതെന്തിനാണെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങളുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നും ആദ്യം നിശ്ചയിച്ചിരുന്ന തമിഴ് നായികയോട് ' സഹകരിക്കണം' എന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ അതിനെതിരേ പ്രതികരിച്ചെന്നും സിനിമ ഉപേക്ഷിച്ചു പോയെന്നും സൗത്ത് ഇന്ത്യയിലെ ഒരു പ്രമുഖന്റെ മകളായ അവര്‍ താന്‍ നേരിട്ട അപമാനം വീട്ടില്‍ പറഞ്ഞതോടെയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും തല്ലുകൊണ്ടതെന്നും ചിലര്‍ക്കൊക്കെ അറിയാം. മാത്രമല്ല പ്രസ്തുത ചിത്രം രണ്ടു സംവിധായകരുടെ പേരിലാണെങ്കിലും അതിലൊരു പേരുകാരന്‍ ഈ സംഭവത്തിനുശേഷം ആ സിനിമയോട് സഹകരിച്ചിട്ടേയില്ലെന്നും അറിഞ്ഞു.

http://www.azhimukham.com/film-after-anna-reshma-rajan-mammootty-fans-attack-rima-kallingal-with-abusive-words/

2017 ഫെബ്രുവരി 18 നുശേഷമാണ് ഈ സംഭവം നടന്നത്. സിനിമയിലെ സമത്വത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചുമൊക്കെ വാചാലരാകുന്നവരെ ഒന്നോര്‍മിപ്പിച്ചതാണ്. കൊച്ചിയിലെ ആ ഭീകര രാത്രി ഒന്നിന്റെയും അവസാനമല്ലായിരുന്നുവെന്നും തുടര്‍ച്ച മാത്രമായിരുന്നുവെന്നും കുറച്ചൊക്കെ ഈ പറയുന്ന മലയാള സിനിമയെ അടുത്തു നിന്നു നോക്കുന്നവര്‍ക്ക് മനസിലാകുന്നതേയുള്ളു. ഇനിയും തങ്ങളിലൊരാള്‍ ഒരു വാടകഗുണ്ടയുടെ കൈയില്‍ പെടരുതെന്നും ഇനിയും ഞങ്ങളിലാര്‍ക്കു നേരെയും കിടപ്പറക്ഷണവുമായി ഒരാളും വരരുതെന്നും ഇനിയും ഞങ്ങളിലൊരാളും അവകാശത്തെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ അഹങ്കാരിയായി മുദ്ര കുത്തരുതെന്നും ചില സ്ത്രീകള്‍ തീരുമാനം എടുക്കുകയും അതിനായി ശബ്ദം ഉയര്‍ത്തുകയും ചെയ്യുമ്പോള്‍, അവരെ സംശയിക്കാതെ അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതല്ലേ യഥാര്‍ത്ഥ സഹിഷ്ണുത. ഒരേ മേഖലയില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയാണല്ലോ വഴിയില്‍ ആക്രിക്കപ്പെട്ടതും, ഇപ്പോള്‍ അപവാദങ്ങളും ആക്ഷേപങ്ങളും കേട്ടുകൊണ്ടിരിക്കുന്നതും ഒരേ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ തന്നെയാണല്ലോ. പക്ഷേ ഇതൊക്കെ വെറും കുട്ടിക്കളിയാണെന്നും പക്വത കുറവാണെന്നുമൊക്കെ പറയുന്നൊരാള്‍ തന്നെ സമത്വത്തെക്കുറിച്ചും പറയുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ഇതേ സിദ്ദിഖ് എഴുതിയിരുന്നു; രാത്രികാലങ്ങളില്‍ ഒറ്റയ്ക്കിറങ്ങി നടക്കുന്ന സ്ത്രീകള്‍ സ്വയം അപകടം വരുത്തിവയ്ക്കുകയാണെന്ന്. ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം എത്രത്തോളമുണ്ടെന്നും ഒരു പുരുഷനില്‍ നിന്നും വളരെ വ്യത്യസ്തമാണ് സ്ത്രീയുടെ സ്വാതന്ത്ര്യങ്ങളുമെന്നൊക്കെ തന്റെതായ ധാരണകള്‍ വച്ചു പുലര്‍ത്തുന്നൊരാളാണല്ലോ ഇപ്പോള്‍ ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുന്നതെന്നു കേള്‍ക്കുമ്പോള്‍ ആ തമാശ ഇരട്ടിക്കുകയാണ്.

പ്രായം പക്വതയെ നിശ്ചയിക്കുന്ന ഘടകമൊന്നുമല്ല. വയസ് ഒരു കണക്ക് മാത്രമാണ്. ആ കണക്കില്‍ തന്നെക്കാള്‍ താഴെ നില്‍ക്കുന്നവരെ കുട്ടിയെന്നു വിളിക്കാനൊക്കെ ഒരാള്‍ക്ക് കഴിയുന്നതിനെ അത്രകണ്ട് വിമര്‍ശിക്കുന്നില്ല. പക്ഷേ അതിന്റെ അടിസ്ഥാനത്തില്‍ മുട്ടുന്യായങ്ങള്‍ പറഞ്ഞ് തന്തമാരാകാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ പുച്ഛമാണ് തോന്നുക. കുട്ടിത്തമെന്നു പോലും പറയാന്‍ കഴിയാത്തത്ര ചെറുതായ മനോനിലയില്‍, ആണത്താധികാരത്തിന്റെ പരിഹാസമായിട്ടേ സിദ്ദിഖിന്റെ ഉപദേശങ്ങളെ കാണാന്‍ കഴിയൂ എന്നും പറയേണ്ടി വരികയാണ്, ക്ഷമയോടെ സഹിഷ്ണുതയോടെ അത് കേള്‍ക്കുമെന്ന വിശ്വാസത്തോടെ...

http://www.azhimukham.com/film-actress-padmapriya-says-casting-couch-gender-discrimination-in-cinema/


Next Story

Related Stories