UPDATES

സിനിമ

അഭിമുഖം: ഈ സിനിമ ജീവന്‍ നല്‍കിയത് ഒരു ഭാഷയ്ക്ക്; എന്നിട്ടും കേരളം എന്തുകൊണ്ട് ‘സിഞ്ചാറി’നെ അവഗണിച്ചു? സംവിധായകന്‍ പാമ്പള്ളി വെളിപ്പെടുത്തുന്നു

ലക്ഷദ്വീപ് ഭാഷയായ ജസരിയിൽ പാമ്പള്ളി സംവിധാനം ചെയ്ത സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമായ സിഞ്ചാർ ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാമതു രാജ്യാന്തര ചലച്ചിത്ര മേളയിൽ പോട്ട്പുരി വിഭാഗത്തില്‍ പ്രദർശിപ്പിച്ചു

അനു ചന്ദ്ര

അനു ചന്ദ്ര

ലക്ഷദ്വീപ് ഭാഷയായ ജസരിയിൽ പാമ്പള്ളി സംവിധാനം ചെയ്ത സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമായ സിഞ്ചാർ ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാമതു രാജ്യാന്തര ചലച്ചിത്ര മേളയിൽ പോട്ട്പുരി വിഭാഗത്തില്‍ പ്രദർശിപ്പിച്ചു. ദേശീയ പുരസ്കാരം അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച ചിത്രത്തെ കുറിച്ചും, ചലച്ചിത്രമേള അനുഭവത്തെ കുറിച്ചും സംവിധായകൻ പാമ്പള്ളി അഴിമുഖത്തോട് സംസാരിക്കുന്നു.

ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് ശേഷം ചോദ്യോത്തര വേളയില്‍ സിഞ്ചാർ മതവികാരത്തെ വ്രണപ്പെടുത്തി എന്ന പരാമര്‍ശം ഉയര്‍ന്നു വന്നിരുന്നു. അതിനെ കുറിച്ച് വിശദീകരിക്കാമോ?

സിഞ്ചാറിന്‍റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം ഒരു വിഭാഗം ചെറുപ്പക്കാരാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. സിഞ്ചാറില്‍ മുസ്‌ലിം സമുദായത്തിന് ദോഷകരമായി ഒന്നും തന്നെയില്ല. ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്ക് വ്യക്തമായ മറുപടി ഞാന്‍ നല്‍കിയതാണ്. എന്തിനേയും മതവുമായി കൂട്ടിക്കെട്ടുന്നത് സങ്കടകരമാണ്. സിഞ്ചാറിന് വേണ്ടി മുസ്ലിം പശ്ചാത്തലം ഒരുക്കിയതുപോലും ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഒരിക്കലും അതായിരുന്നില്ല. ലക്ഷദ്വീപിലെ മുഴുവന്‍ ആളുകളും മുസ്‌ലിം സമുദായത്തില്‍ അടിയുറച്ചു വിശ്വസിച്ചു വരുന്നവരാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ഒരു മുക്കുവന്റെ കഥ പറയുമ്പോള്‍ തിര്‍ച്ചയായും മുസ്ലിം പശ്ചാത്തലമല്ലാതെ മറ്റൊന്ന് നമുക്ക് ഉപയോഗിക്കുവാന്‍ സാധ്യമല്ല. ഈ സിനിമയില്‍ ആത്യന്തികമായി ഒരു സന്ദേശം പറയുവാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് സമൂഹത്തോട് സംവദിക്കുകയാണ് ഞാന്‍. ഈ സന്ദേശം പറയുവാന്‍ എനിക്ക് ഏതു മതത്തിനേയോ, ഏതു പ്രദേശമോ വേണമെങ്കില്‍ ഉപയോഗിക്കാമായിരുന്നു. പക്ഷേ, ജസരി എന്നൊരു ഭാഷയാണ് ഈ കഥ പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ തന്നെ നിര്‍മ്മിക്കാമെന്ന അവസാന തീരുമാനത്തിലെത്തിച്ചത്. ഒരു ഭാഷയ്ക്ക് ഒരു സിനിമ ജീവന്‍ നല്‍കുമെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിച്ചു. അല്ലാതെ ഒരു മതത്തെയും അവഹേളിച്ചിട്ടില്ല.

ദേശീയ അവാർഡ് മുതൽ ഐ എഫ് എഫ് കെ വരെയുള്ള സിഞ്ചാറിന്റെ വളർച്ചയെ കുറിച്ച്?

ഏപ്രിൽ മാസത്തിലായിരുന്നു ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നത്. മെയ് മാസത്തിൽ അവാർഡ് സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ ഉള്ള ചെറിയ കാലയളവിനിടയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളിൽ സിഞ്ചാർ പ്രദര്‍ശിക്കപ്പെട്ടു. ഒരുപക്ഷേ ഇന്ത്യയിൽ ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു സിനിമയ്ക്കും ഇത്രയധികം സ്വീകാര്യത കിട്ടിയിട്ടുണ്ടാവില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകളായ ഐ എഫ് എഫ് ഐ, ഐ എഫ് എഫ് കെ, കൊൽക്കത്ത ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നീ മൂന്ന് ഫെസ്റ്റിവലുകളിലും ഒരുപോലെ പ്രദർശനം കിട്ടിയ ഒരേ ഒരു സിനിമയേ ഇത്തവണ ഉള്ളു. അത് സിഞ്ചാർ ആണ്. അതുപോലെ ഷിംല ഇൻറർനാഷണൽ ഫെസ്റ്റിവൽ, ബ്രിസ്ക്ക് ഇൻറർനാഷണൽ ഫെസ്റ്റിവൽ, ആസിയാൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. അത്രയും ഫെസ്റ്റിവലികളിലൂടെ യാത്ര ചെയ്ത് മികച്ച സിനിമയായും മികച്ച ഛായാഗ്രഹണമായും മികച്ച നവാഗത സംവിധായകനായിട്ടും എല്ലാം അംഗീകാരങ്ങൾ സിനിമയെ തേടിയെത്തി. എന്നാൽ ഈ സിനിമ ഐഎഫ്എഫ്കെയിലെ മത്സരവിഭാഗത്തിൽ ചലച്ചിത്ര അക്കാദമി ജൂറി അംഗങ്ങൾ ഉൾപ്പെടുത്തിയില്ല എന്ന കാര്യത്തിൽ നല്ല വിഷമമുണ്ട്. ഇന്ത്യ ഒട്ടാകെ അംഗീകരിക്കപ്പെട്ട ഒരു സിനിമയെയാണ് വെറുമൊരു പ്രദർശന വിഭാഗത്തിൽ മാത്രമാക്കി ചുരുക്കിക്കളഞ്ഞത്. മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കി പോട്ട്പുരി പ്രദർശന വിഭാഗത്തിൽ സിഞ്ചാറിനെ എന്തുകൊണ്ട് ചുരുക്കി എന്ന കാര്യം ഇപ്പോഴും എനിക്കറിയില്ല. എന്തൊക്കെയായാലും ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം തന്നെയായിരുന്നു സിഞ്ചാർ.

ലക്ഷദ്വീപിലെ ജസരി ഭാഷയിലെ ആദ്യത്തെ സിനിമ. അതിനെ കുറിച്ച് വിശദീകരിക്കാമോ?

ലിപി പോലുമില്ലാത്ത ഒരു ഭാഷ നിലനിർത്തുവാൻ വേണ്ടി ഒരു സിനിമ നിർമ്മിക്കുക എന്നത് ഇന്ത്യൻ ചലച്ചിത്ര മേഖലയെ സംബന്ധിച്ചിടത്തോളം വളരെ അപൂർവമാണ്. അത്തരമൊരു ഉദ്ദേശശുദ്ധിയോടെ നിർമ്മിക്കപ്പെട്ട സിനിമയാണ് സിഞ്ചാർ. സിഞ്ചാർ എന്ന സിനിമയിലൂടെ ജസരി ഭാഷയെ ലോകം മുഴുവൻ അറിയുകയാണ് ചെയ്തത്. ഐ എഫ് എഫ് കെയുടെ ഓൺലൈൻ അപ്പ്ളിക്കേഷനിൽ, നാഷണൽ അവാർഡിന്റെ സൈറ്റിൽ തുടങ്ങി എല്ലായിടത്തും ജസരി എന്ന പുതിയ ഒരു ഭാഷ ഉൾപ്പെടുത്തുക എന്നുവെച്ചാൽ അത്ര നിസാരമല്ലാത്ത കാര്യമാണ്. നമ്മൾ വിദേശ ഫെസ്റ്റിവലുകളിലേക്ക് സിനിമ അയക്കുന്ന ചില ഏജൻസികൾ ഉണ്ട്. അവരുടെ ഒക്കെ ക്രെഡിറ്റുകളിൽ ജസരി എന്ന ഒരു പുതിയ ഭാഷ ഉൾപ്പെടുത്തപ്പെട്ടു. ഇതെല്ലാം സിഞ്ചാർ എന്ന സിനിമ കൊണ്ട് സംഭവിച്ചതാണ്. ഇത്രയെല്ലാം മാറ്റങ്ങൾ സംഭവിച്ചിട്ടും വേണ്ടത്ര പരിഗണന ഈ സിനിമയ്ക്ക് കിട്ടിയില്ല. കേന്ദ്രസർക്കാർ നാഷണൽ അവാർഡ് തന്ന് സിനിമയ്ക്ക് വേണ്ട പരിഗണനകൾ തന്നു. പക്ഷേ കേരളത്തിലെ മാധ്യമങ്ങളൊന്നും ഈ സിനിമയ്ക്ക് വേണ്ട പരിഗണന തന്നിട്ടില്ല. ഇപ്പോഴാണ് ആ സിനിമയെക്കുറിച്ച് അറിഞ്ഞിട്ട് ചില റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങുന്നത്. സത്യം പറഞ്ഞാൽ ലക്ഷദ്വീപിലെ ജസരി ഭാഷ ലോകം അറിഞ്ഞു തുടങ്ങുന്നത് തന്നെ ഈ സിനിമയിലൂടെയാണ്. അതുകൊണ്ടുതന്നെ ഒരു ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഈ സിനിമ. കോഴിക്കോട് നിന്നും ഒരു സിനിമയ്ക്ക് രണ്ട് ദേശീയ അവാർഡ് കിട്ടുന്ന ആദ്യ സിനിമയാണ് സിഞ്ചാർ.

സിനിമയ്ക്ക് മുമ്പും സിനിമയ്ക്ക് ശേഷവുമായി താങ്കൾ അറിഞ്ഞ ലക്ഷദ്വീപിനെ കുറിച്ച്?

സിനിമയുടെ ഷൂട്ടിങ് പെർമിഷൻ എടുക്കാൻ പോലും ഒരുപാട് ബുദ്ധിമുട്ടിയ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ഇതിന്‍റെ തിരക്കഥയും, ഷൂട്ടിന് ആവശ്യമായ പേപ്പറുകളും എല്ലാം തയ്യാറാക്കി ഈ സിനിമ ചിത്രീകരിക്കുവാൻ എനിക്ക് എടുക്കേണ്ടി വന്നത് മൂന്ന് വർഷമാണ്. ഷൂട്ട് 16 ദിവസം കൊണ്ട് തീർത്തു. ലക്ഷദ്വീപിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം അവർക്ക് വളരെ എളുപ്പത്തിൽ വന്നെത്താവുന്ന ഒരു സ്ഥലമാണ് കേരളം. എന്നാൽ നമ്മള്‍ക്ക് അങ്ങോട്ട് എത്തിച്ചേരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ധാരാളം പേപ്പറുകൾ ശരിയാക്കി, അതിന് പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു മാസങ്ങളോളം കാത്തിരിക്കണം. സിഞ്ചാറിന് ദേശീയ അവാർഡ് കിട്ടിയതിനു ശേഷം ആ സിനിമ ലക്ഷദ്വീപിലെ ഒരു ഹാളിൽ പ്രദർശിപ്പിക്കാൻ വേണ്ടി അനുമതി തേടിയിട്ട് മാസം അഞ്ചു കഴിഞ്ഞു. ഇതുവരെയും ഒരു പ്രദർശനം നടത്താനുള്ള അവസരം അവിടെ കിട്ടിയിട്ടില്ല. ഇത് എവിടുത്തെ ന്യായമാണ്. ഒരു ഇന്ത്യൻ പൗരന് ഇന്ത്യയിലെവിടെയും സുഗമമായി യാത്ര ചെയ്യാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്.

ചലച്ചിത്രമേളകൾക്ക് അപ്പുറത്ത് സാധാരണ ജനങ്ങളിലേക്ക് സിനിമ എങ്ങനെ എത്തിക്കാമെന്നാണ് കരുതുന്നത്?

ഇത്‌ ഒരു മലയാളം പടം ആയിരുന്നെങ്കിൽ സാറ്റലൈറ്റിന് വേണ്ടി നമുക്ക് പലരെയും സമീപിക്കാമായിരുന്നു. പക്ഷേ ജസരി ആയതുകൊണ്ട് ഒരു മലയാളം ചാനലും ഇതെടുക്കില്ല. അംഗീകാരങ്ങൾ നേടി എന്നതൊഴിച്ചാൽ പ്രൊഡ്യൂസർക്ക് പോലും സാമ്പത്തികമായ യാതൊരു നേട്ടവും ഈ സിനിമയിലൂടെ ലഭിച്ചിട്ടില്ല. തീയേറ്ററുകൾ വഴി എത്തിക്കാൻ ഉള്ള ശ്രമമാണ് നമ്മൾ ഇപ്പോള്‍ നടത്തി വരുന്നത്.

ഷിബു.ജി.സുശീലന്‍ എന്ന പ്രൊഡ്യൂസറെക്കുറിച്ച്?

ഒരു സിനിമ ചെയ്യാന്‍ ഏറെക്കാലം അലഞ്ഞവനാണ് ഞാന്‍. ഒരു സിനിമ നല്ലസിനിമയാണോ എന്ന് തിരിച്ചറിഞ്ഞ് അത് നിര്‍മ്മിക്കാന്‍ തയ്യാറായി സംവിധായകനൊപ്പം അവസാനം വരെ നില്‍ക്കുന്നയാളാണ് മികച്ച പ്രൊഡ്യൂസര്‍. ഷിബു സാര്‍ തികച്ചും ഒരു വേറിട്ട പ്രൊഡ്യൂസറാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആദ്യമായി ചിത്രത്തിന്റെ കഥാംശം സംസാരിച്ചപ്പോള്‍ അതിന്റെ പ്രാധാന്യവും പ്രസക്തിയും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ പറ്റി എന്നത് തന്നെയാണ് സിഞ്ചാറിന്റെ ഏറ്റവും വലിയ വിജയം. മലയാളത്തില്‍ തയ്യാറാക്കപ്പെട്ട കഥയും തിരക്കഥയും സംസാരിച്ചപ്പോള്‍, ലക്ഷദ്വീപില്‍ ഒരു സംസാരഭാഷയുണ്ടെന്നും അത് അധികം താമസമില്ലാതെ നശിച്ചുപോകുമെന്നും അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹമാണ് എന്നാല്‍ ഈ സിനിമ നമുക്ക് ജസരിയില്‍ എടുത്താലോ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. അത് വഴിത്തിരിവായി. ഒരു മികച്ച സിനിമപ്രേമിയും കലാകാരനും സഹൃദയനുമായ ഒരു പ്രൊഡ്യൂസര്‍ക്ക് മാത്രമെ ഇത്തരത്തില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. വിപണനസാധ്യതയോ, മുടക്കു മുതല്‍ തിരിച്ചുവരവോ ഒന്നും തന്നെ ലക്ഷ്യമിടാതെ ഒരു ഭാഷയ്ക്കും സബ്ജക്ടിനും സംവിധായനും വേണ്ടി ഷിബു സാര്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. ഒറ്റകാര്യം മാത്രമെ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ, സിനിമ പരമാവധി ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തീകരിക്കണം. തികച്ചും ന്യായമായ ആ നിര്‍ദ്ദേശം ശിരസ്സാവഹിച്ചാണ് ഞാന്‍ ചിത്രം പൂര്‍ത്തീകരിച്ചത്.

ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ഫിദ പര്‍ദ്ദ ഊരി വലിച്ചെറിയുന്നുണ്ട്. അതിനെക്കുറിച്ചും ശക്തമായ വിമര്‍ശനം ഉന്നയിക്കപ്പെട്ടു, അതിനെക്കുറിച്ച്?

പര്‍ദ്ദ എന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ കാര്യമാണ്. അതിനേക്കാള്‍ ഉപരി പര്‍ദ്ദയിലൂടെ ഞാന്‍ പറയുവാന്‍ ശ്രമിച്ച ഒരു ആശയം ഉണ്ട്. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. പര്‍ദ്ദ ഊരി വലിച്ചെറിയിപ്പിച്ചത് മനപ്പൂര്‍വ്വം തന്നെയാണ്. പക്ഷേ, അത് ആ കഥാപാത്രത്തിന്റെ അവസാന ഘട്ടത്തിലുള്ള ആത്യന്തികമായ വളര്‍ച്ചയിലൂടെ കടന്നുപോവുന്ന ഒരു റീകണ്‍സ്ട്രക്ഷന്‍ മാത്രമാണ്. സിനിമ കണ്ട് അതിന്റെ ഉള്‍ക്കാമ്പ് നിര്‍ണ്ണയിക്കുന്നവര്‍ക്ക് മാത്രമേ അത് മനസിലാവുകയുള്ളൂ. എന്തിനേയും മതവുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കലയെ കലയായി കാണാന്‍ സാധിക്കുകയില്ല.

അണിയറപ്രവര്‍ത്തകരെ കുറിച്ച്…

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിന്‍ട്രയും മൈഥിലിയുമാണ്. സേതുലക്ഷ്മിയമ്മ, മുസ്തഫ, ബിനോയ്‌ നമ്പാല, ദിലീപ് മുന്‍ഷി, സജാദ്‌ ബ്രൈറ്റ്, യാസര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഛയാഗ്രാഹകന്‍ സഞ്ജയ് ഹാരിസ് ആണ്. സിഞ്ചാര്‍ ഷൂട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ വെറും 19 വയസ്സ് മാത്രം കഴിഞ്ഞു നില്‍ക്കുന്ന യുവാവാണ് സഞ്ജയ്. ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയ്ക്ക് ശേഷമാണ് സഞ്ജയ് ഹാരിസ് സിഞ്ചാറിലേക്ക് ജോയിന്‍ ചെയ്യുന്നത്. എഡിറ്റര്‍ ലിജോ പോള്‍ മലയാളത്തില്‍ തിരക്കുപിടിച്ച എഡിറ്ററാണ്. കൂടാതെ ഓംശാന്തി ഓശാന എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ കുറെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചു. പശ്ചാത്തല സംഗീതം ചെയ്ത ദിലീപ് സിങ് മലയാളം തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഏതാണ്ട് 120 ഓളം സിനിമകള്‍ക്ക് വേണ്ട നിരവധി പ്രസിദ്ധ സംഗീത സംവിധായകര്‍ക്ക് വേണ്ടി പ്രോഗ്രാം ചെയ്ത വ്യക്തിയാണ്. സിഞ്ചാറിലൂടെ ദിലീപ്‌ സിങ് സ്വതന്ത്ര പശ്ചാത്തല സംഗീത സംവിധായകനായി. സിനിമയുടെ പ്രമോഷണല്‍ സോങ് തയ്യാറാക്കിയത് സതീഷ്‌ രാമചന്ദ്രനാണ്. ദേവരാജന്‍മാസ്റ്ററുടെ ശിഷ്യനായ സതീഷ്‌റാം ആണ് സിഞ്ചാറിന് വേണ്ടി ജസരിയിലെ ആദ്യ സിനിമാ ഗാനം തയ്യാറാക്കുന്നത്. അത് പാടിയത് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് ഗായികമാരില്‍ ഒരാളായ ലക്ഷ്മി മേനോന്‍ ആണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ഷൈജു.എം ആണ് നിര്‍വ്വഹിച്ചത്. ഷൈജുവിന്റെ ആദ്യ സിനിമയാണ് സിഞ്ചാര്‍. കൂടാതെ മെയ്ക്കപ്പില്‍ പ്രഗത്ഭനായ, മലയാളസിനിമയില്‍ തിരക്കുള്ള റോണി വെള്ളത്തൂവല്‍ ആണ് മനോഹരമായ മെയ്ക്കപ്പ് കാഴ്ചവെച്ചത്. കുഞ്ഞപ്പന്‍ പാതാളം വസ്താലങ്കാരവും, ത്യാഗു തവനൂര്‍ ആര്‍ട്ടും അജിത്ത് വേലായുധന്‍ അസോസിയേറ്റ് ഡയറക്ടറുമായി.

ഐ.എഫ്.എഫ്.കെ യിലെ മറക്കാനാവാത്ത അനുഭവം

തിങ്ങിനിറഞ്ഞ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ചോദ്യോത്തര വേളയില്‍ കുറച്ചു സിനിമാ പ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞ കാര്യം എനിക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. ‘ഇത്തവണത്തെ ഐ.എഫ്.എഫ്.കെ യില്‍ ഓപ്പണിങ് സിനിമയായി കാണിക്കുവാന്‍ യോഗ്യമായ സിനിമയാണ് സിഞ്ചാര്‍. മത്സര വിഭാഗത്തില്‍പ്പെടുത്താതെ പോയത് വലീയ നഷ്ടമായി’ എന്നതായിരുന്നു അവരുടെ പ്രതികരണം. ഐ.എഫ്.എഫ്.കെയില്‍ ഞങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണചകോരമായി ഈ അംഗീകാരത്തെ ഹൃദയത്തോട് ഞങ്ങള്‍ ചേര്‍ത്തു പിടിക്കും. നിരവധി പേര്‍ എന്തുകൊണ്ട് ഈ ചിത്രം മത്സരവിഭാഗത്തിലോ, നവാഗത സംവിധായ മത്സരത്തിലോ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു. എങ്കിലും പ്രേക്ഷക പ്രശംസ ഏറെ നേടിയ ഐ.എഫ്.എഫ്.കെയിലെ പ്രധാന ചിത്രമായി സിഞ്ചാര്‍. അതുതന്നെ ഏറ്റവും വലീയ അവാര്‍ഡായി ഞങ്ങള്‍ വിശ്വസിക്കുന്നു.

എങ്ങനെ നോക്കി കാണുന്നു ഐ.എഫ്.എഫ്.കെ 2018 നെ?

ഇത്തവണത്തെ ഐഎഫ്എഫ്കെ എന്നെ സംബന്ധിച്ചിടത്തോളം എൻറെ ആദ്യത്തെ ഐഎഫ്എഫ്കെ എന്നുതന്നെ വേണമെങ്കിൽ പറയാം. എന്തെന്നാൽ എന്റെ ആദ്യത്തെ പടം പ്രദർശിപ്പിച്ച വർഷമാണ് ഇത്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷത്തോളമായി ഐ എഫ് എഫ് കെയിലെ സ്ഥിരം ഡെലിഗേറ്റ് ആയിരുന്നു ഞാൻ. ഒരുപാട് സിനിമകൾ കണ്ടതും, ഒരുപാട് ഓപ്പൺ ഫോറങ്ങളിൽ പങ്കെടുത്തതും, സിനിമയ്ക്കു അകത്തും പുറത്തുമായി നിരവധി ബന്ധങ്ങൾ കണ്ടെത്തിയതും എല്ലാം ഈ ഐഎഫ്എഫ്കെയിൽ ലഭിച്ച ഇടങ്ങളിലൂടെ ആയിരുന്നു. അവിടങ്ങളിൽ നിന്നും ഓരോ വർഷവും സിനിമ കണ്ടിറങ്ങുമ്പോഴും സ്വന്തം സിനിമ അവിടെ പ്രദർശിപ്പിക്കണമെന്ന ഒരു സ്വപ്നം അവശേഷിപ്പിച്ചുകൊണ്ട് തന്നെയായിരുന്നു വിട്ടിറങ്ങിയതെല്ലാം. തീർച്ചയായും ആ ഒരു സ്വപ്നമാണ് ഇത്രയും വർഷങ്ങൾക്കു ശേഷം യാഥാർത്ഥ്യമായത്. എൻറെ ആദ്യ സിനിമ തന്നെ ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കാൻ സാധിച്ചു എന്നത് ഒരു വലിയ കാര്യമായി തന്നെ ഞാൻ കാണുന്നു. അതുകൊണ്ട് തന്നെ ഈ വർഷത്തെ ചലച്ചിത്രമേള എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രാധാന്യമുള്ളതാണ്. പിന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഐ എഫ് എഫ് കെ ഒരു ക്ലാസിക് ഫെസ്റ്റിവൽ ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമ അത്യധികം ഇഷ്ടപ്പെടുന്ന സിനിമാ പ്രേമികൾ മാത്രമാണ് ഇത്തവണമേളയില്‍ വന്നത്. വെറുതെ ടൈംപാസിന് വരുന്നതോ, വെറുതെ ബഹളങ്ങൾ ഉണ്ടാക്കാൻ വരുന്നതോ ആയ ആളുകളൊന്നും ഉണ്ടായിരുന്നില്ല. പ്രളയത്തിന് ശേഷം ഡെലിഗേറ്റ് ഫീസ് വർധിപ്പിച്ചത് ഒരുതരത്തിൽ മേളയുടെ മൂല്യം വർധിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. രൂപ വർധിപ്പിച്ചതിൽ പരക്കെ പ്രതിഷേധം ഉണ്ടെങ്കിലും അതിനെ കാര്യമാക്കേണ്ടതില്ല. കാരണം സിനിമ കാണാൻ താല്പര്യമുള്ളവർ 2000 രൂപ അല്ല ഇനി 4000 രൂപ ആക്കിയാലും ആ ക്യാഷ് എടുത്തു സിനിമ കാണാൻ വരും. അത്തരത്തിലുള്ള പ്രേക്ഷകർ മതി എന്നുള്ളത് തന്നെയാണ് എന്റെയും പക്ഷം.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍