TopTop
Begin typing your search above and press return to search.

സിനിമയിൽ എത്തിയ ശേഷം ഒരിക്കൽ ഇറക്കിവിട്ട സ്കൂളിൽ അതിഥിയായി എത്തി; സിയാദ് പറയുന്നു

സിനിമയിൽ എത്തിയ ശേഷം ഒരിക്കൽ ഇറക്കിവിട്ട സ്കൂളിൽ അതിഥിയായി എത്തി; സിയാദ് പറയുന്നു

സോഷ്യൽ മീഡിയയിൽ രമണനായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച ചെക്കനാണ് സിയാദ് ഷാജഹാൻ. ആഡാറ് ലൗവി’ൽ കോമഡി റോളിൽ തിളങ്ങിയ ഫ്രാൻസിസ് ജെ മണവാളൻ ഏറെ ശ്രദ്ധേയനായിരുന്നു. ഇപ്പോഴിതാ തന്നെ ഒരിക്കൽ ഇറക്കിവിട്ട സ്കൂളിൽ അതിഥിയായി എത്തിയ അനുഭവം പങ്കുവെക്കുകയാണ് സിയാദ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ഡബ്സ്മാഷിലാണ് തുടക്കം. അന്നൊക്കെ ഒരു നല്ല മൊബൈൽ ഫോൺ പോലും സ്വന്തമായുണ്ടായിരുന്നില്ല. ആദ്യം ഞാന്‍ ഒറ്റയ്ക്കാണ് വിഡിയോ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരും ചേർന്നു. ഡബ്സ്മാഷിന്റെ സമയ ദൈർഘ്യത്തിലൊതുങ്ങി ചെയ്യാൻ പറ്റില്ല എന്നു മനസ്സിലായതോടെ, ആദ്യം വിഡിയോ ഷൂട്ട് ചെയ്ത ശേഷം അതിൽ വോയ്സ് എഡിറ്റ് ചെയ്ത് ചേർക്കാൻ തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടു. ആളുകൾ നല്ലത് പറഞ്ഞു തുടങ്ങിയപ്പോൾ ആവേശമായി. ചെയ്യുന്ന സീനിൽ കഥാപാത്രങ്ങൾക്കനുസരിച്ചുള്ള കോസ്റ്റ്യൂമൊക്കെ റെഡിയാക്കാൻ തുടങ്ങിയത് അങ്ങനെയാണ്

എന്റെ ഡബ്സ്മാഷ് വിഡിയോകളൊക്കെ ഒരുമാതിരി വൈറലായപ്പോൾ, തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചു. ഞാൻ കടമൊക്കെ വാങ്ങി തിരുവനന്തപുരത്തെത്തിയെങ്കിലും അവർ വഞ്ചിച്ചു. ഞാനവിടെയെത്തി, ആ നമ്പരിൽ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല. നിരശനായി മടങ്ങി വന്ന് നമുക്ക് ഡബ്സ്മാഷും ടിക്ടോക്കുമൊക്കെ മതിയെന്നു തീരുമാനിച്ചിരിക്കെയാണ് ‘കിടു’ എന്ന ചിത്രത്തിലും സുധി കോപ്പ ചേട്ടന്‍ പറഞ്ഞിട്ട് ‘നോൺസെന്‍സ്’ എന്ന ചിത്രത്തിലും ചെറിയ വേഷങ്ങൾ കിട്ടിയത്'- സിയാദ് പറയുന്നു.

'മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. പത്താം ക്ലാസിൽ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോൾ എന്നോട് സ്കൂൾ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചില്ല. എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോൾ അവർ വഴങ്ങി. പക്ഷേ എട്ടാം ക്ലാസിൽ നിർബന്ധപൂർവം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പഴയ സ്കൂളിലെ വാർഷിക ദിവസം വലിയ ആഘോഷമാണ്. അങ്ങനെ ഞാൻ വാർഷികം കാത്തിരിക്കാൻ തുടങ്ങി. ആ വർഷം വാർഷിക ദിവസം കൂട്ടുകാരെ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള കൊതിയോടെയാണ് ഞാൻ സ്കൂളിലെത്തിയത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു ടീച്ചർ അടുത്തു വന്ന്, ‘‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ’’ എന്നും ചോദിച്ച് ദേഷ്യപ്പെടാൻ തുടങ്ങി. എനിക്കത് താങ്ങാനായില്ല. കരഞ്ഞു കൊണ്ടാണ് അന്നവിടെ നിന്നിറങ്ങിപ്പോന്നത്. സിനിമയിൽ എത്തിയ ശേഷം, ഈ വർഷത്തെ വാർഷിക ആഘോഷത്തിന് എന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു. ഞാൻ സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറഞ്ഞു. അപ്പോഴും കണ്ണുകൾ നിറഞ്ഞു. പരിപാടിക്കു പോകും മുമ്പ്, ‘നീയിത് അവിടെ പറയണം’ എന്ന് എന്റെ ചേട്ടനും പറഞ്ഞിരുന്നു'- സിയാദ് പറഞ്ഞു


Next Story

Related Stories