TopTop
Begin typing your search above and press return to search.

മോഹന്‍ലാല്‍ വേണ്ട; ചൂടാറാതെ മലയാള സിനിമാലോകം

മോഹന്‍ലാല്‍ വേണ്ട; ചൂടാറാതെ മലയാള സിനിമാലോകം

ചരിത്രത്തില്ലാത്തവിധം ഉണ്ടായ വിവാദത്തിന്റെ പേരിലാണ് 2017 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വാര്‍ത്തയായത്. പുരസ്‌കാരജേതാക്കളില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി നല്‍കുകയും ചെയ്യുന്നതിനെതിരേ ഉണ്ടായ പ്രതിഷേധം മന്ത്രിയുടെ കൈയില്‍ നിന്നും തങ്ങള്‍ പുരസ്‌കാരം വാങ്ങുന്നില്ലെന്നു പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കുകയായിരുന്നു പുരസ്‌കാര ജേതാക്കളില്‍ ഒരു വലിയ വിഭാഗം. മലയാള ചലച്ചിത്രലോകം ഏറെ നേട്ടം കൊയ്ത വര്‍ഷം കൂടിയായിരുന്നു 2017 ലെ ദേശീയപുരസ്‌കാരം. എന്നാല്‍ രണ്ടു പേര്‍ ഒഴികെ മലയാളത്തില്‍ നിന്നുള്ള ബാക്കിയെല്ലാ പുരസ്‌കാര ജേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ച് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഇതിന്റെ പ്രത്യാഘാതം എന്ന നിലയ്ക്ക് സംഘപരിവാര്‍-ബിജെപി അണികളില്‍ നിന്നും വ്യാപാകമായ അപമാനങ്ങളും ഏല്‍ക്കേണ്ടി വന്നു.

ദേശീയ പുരസ്‌കാരത്തിന്റെ ഏതാണ് അതേ പാതയിലുള്ള മറ്റൊരു വിവാദത്തിനാണ് 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങും സഞ്ചരിക്കുന്നത്. കാലങ്ങളായുള്ള കീഴ്വഴക്കം അനുസരിച്ച് രാഷ്ട്രപതി ജേതാക്കാള്‍ക്ക് എല്ലാവര്‍ക്കും പുരസ്‌കാരം വിതരണം ചെയ്യുന്ന രീതി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ദേശീയതലത്തില്‍ പ്രതിഷേധമെങ്കില്‍ കേരള സര്‍ക്കാരിന്റെ പുരസ്‌കാര വിതരണം വിവാദമാകുന്നത് ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയാണ്.

മോഹന്‍ലാലിനെയാണ് ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയായി സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ഈ ചടങ്ങില്‍ ആവശ്യമില്ലെന്നാണ് വാദം ഉയര്‍ന്നിരിക്കുന്നത്. മോഹന്‍ലാല്‍ വരുന്നതിനെതിരേ ആ തീരുമാനം പുറത്തുവന്നപ്പോള്‍ തൊട്ട് എതിര്‍പ്പുകള്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ചലച്ചിത്രമേഖലയില്‍ പല രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവരും സാഹിത്യകാരന്മാരും ചലച്ചിത്ര നിരൂപകരും മാധ്യമപ്രവര്‍ത്തകരും അടക്കം നൂറില്‍ അധികം പേര്‍ പേര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന തന്നെ ഈ വിഷയത്തില്‍ പുറത്തു വന്നിരിക്കുകയാണ്.

ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടലും ആണെന്നാണ് ഈ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടതെന്നും സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കിയാല്‍ മതിയെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകുമെന്നുമാണ് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹത്തെ ക്ഷണിക്കുന്നതിലെ പിഴവായി ഈയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാക്കളായ എല്ലാവര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന കീഴ്‌വഴക്കം റദ്ദ് ചെയ്ത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത് ഇനിവരുന്ന കാലത്ത് തെറ്റായൊരു തീരുമാനം ആകുമെന്ന് പറഞ്ഞതുപോലെ, സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി നല്ല സന്ദേശമാകില്ലെന്നും ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്‌വഴക്കം ആയി മാറുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്മാരായ എന്‍ എസ് മാധവന്‍, സേതു, ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, സി വി ബാലകൃഷ്ണന്‍, സംവിധായകരായ രാജീവ് രവി, ഡോ. ബിജു, പ്രിയനന്ദന്‍, അഭിനേതാക്കളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രകാശ് ബാരെ, തുടങ്ങി പല പ്രമുഖരും ഈ സംയുക്ത പ്രസ്താവനയുടെ ഭാഗമായിട്ടുണ്ട്. ചലച്ചിത്ര പുരസ്‌കാര ജൂറിയില്‍ അംഗമായിരുന്നു ഡോ. ബിജു അടക്കം സൂപ്പര്‍താരത്തെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ തുടക്കം മുതല്‍ രംഗത്തു വരികയും സര്‍ക്കാര്‍/അക്കാദമി തീരുമാനത്തിനെതിരേ നിശിതമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നല്‍കിയ നിവേദനം അംഗീകരിച്ച് മോഹന്‍ലാലിനെ ഒഴിവാക്കിയില്ലെങ്കില്‍ ജൂറി അംഗം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരിക്കും ഉണ്ടാവുക എന്നും അറിയുന്നു. അങ്ങനെയെങ്കില്‍ ദേശീയ പുരസ്‌കാര വിതരണ ചടങ്ങിനെക്കാള്‍ വലിയ വിവാദത്തിലേക്ക് സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങ് മാറും.

'മുഖ്യാതിഥി' എന്ന തീരുമാനത്തിനെതിരെയാണ്, അല്ലാതെ ഒരിക്കലും മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെയല്ല എതിര്‍പ്പുകള്‍ എന്ന് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാത്തതിലൂടെ വ്യക്തമാക്കുന്നുണ്ടെങ്കിലും ദിലീപിനെ താര സംഘടനയായ എഎംഎംഎഎയിലേക്ക് തിരികെ എടുക്കുന്ന തീരുമാനത്തിനു പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലവും മോഹന്‍ലാല്‍ ബഹിഷ്‌കരണത്തിനു പിന്നില്‍ ഉണ്ടെന്നാണ് മേല്‍പറഞ്ഞ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന വാദങ്ങള്‍ക്കു പുറമെയുള്ള കാരണങ്ങളായി സിനിമ മേഖലയില്‍ നിന്നുള്ള ചിലര്‍ സൂചിപ്പിക്കുന്നത്. എഎംഎംഎ പ്രസിഡന്റ് കൂടിയാണ് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സംഘടന എടുത്ത നിലപാടുകള്‍ക്ക് അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ അകപ്പെട്ട നടന് അനുകൂലമായ തരത്തില്‍ മോഹന്‍ലാലില്‍ നിന്നുണ്ടായ വാക്കുകള്‍ അദ്ദേഹത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍പ്പെട്ടു നില്‍ക്കുന്ന മോഹന്‍ലാലിനെ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് തടയുകയെന്നത് ഈ ചടങ്ങുമായി ബന്ധപ്പെട്ട ആവശ്യം മാത്രമായിരിക്കില്ല.

വലിയ വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ തന്റെ പുതിയ സ്ഥാനലബ്ദിയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലനെ സന്ദര്‍ശിച്ചിരുന്നു. ആ കൂടിക്കാഴ്ച്ചയുടെ പ്രധാന ഉദ്ദേശം എഎംഎംഎയ്‌ക്കെതിരേ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള എതിര്‍പ്പ് ഒഴിവാക്കിയെടുക്കുകയെന്നതായിരുന്നുവെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അവാര്‍ഡ് വിതരണ ചടങ്ങിലെ മുഖ്യാതിഥിയായി മോഹന്‍ലാലിനെ തെരഞ്ഞെടുക്കുന്നതും. ചലച്ചിത്രപുരസ്‌കാര വിതരണം പോലൊരു വേദി മോഹന്‍ലാലിന് വ്യക്തിപരമായും സംഘടന പ്രമുഖനെന്ന നിലയിലും കാര്യക്ഷമമായി ഉപയോഗപ്പെടുത്താവുന്നതാണ്. ദിലീപ് വിഷയത്തില്‍ മൊത്തം എതിര്‍വികാരവും മോഹന്‍ലാലിനെതിരേ ആകുന്നുവെന്ന ഒരു ഭയം അദ്ദേഹത്തിനും ആ ക്യാമ്പിനും ഇപ്പോഴും ഉണ്ട്. ഇതിന്റെയൊക്കെയൊരു പ്രതിഫലനമായിരുന്നു ദിലീപിനെ തിരികെ എടുക്കുന്ന തീരുമാനം പുതിയ എക്‌സിക്യൂട്ടീവിന്റെത് അല്ലായിരുന്നുവെന്നും മുന്‍ എക്‌സ്‌ക്യൂട്ടീവ്(മമ്മൂട്ടി ജനറല്‍ സെക്രട്ടിയായിരുുന്നപ്പോഴത്തെ) തന്നെയാണ് ഈ അവശ്യം ഉന്നയിച്ചിരുന്നതെന്നും ഇത് ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നുതാണെന്നും ഉള്ള വാര്‍ത്ത പുറത്തു വിട്ടതില്‍ തെളിഞ്ഞത്. ദിലീപ് വിഷയം പരാമര്‍ശിക്കുന്ന അജണ്ട എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാക്കിയ ചാനലിനും മോഹന്‍ലാലിനും തമ്മില്‍ ഏറെ അടുത്തബന്ധമാണ്. ഈ ചാനലിലൂടെ തന്നെ ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നില്‍ ചില താത്പര്യങ്ങള്‍ ഉണ്ടെന്നത് അന്നേ വ്യക്തമായതാണ്. ഇടവേള ബാബുവും ഗണേഷ് കുമാറും തമ്മില്‍ നടന്നൊരു ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപണം നേരിടുന്ന എതിര്‍ ക്യാമ്പിന് കൊടുത്ത തിരിച്ചടിയായാണ് യോഗം അജണ്ട ചാനലിന് എത്തിച്ചു കൊടുത്തതെന്നാണ് പറയപ്പെടുന്നത്.

https://www.azhimukham.com/offbeat-mohanlal-says-black-humour-stage-show/

പ്രതിരോധിച്ചും തിരിച്ചടിച്ചുമെല്ലാം സ്വയം രക്ഷ നോക്കിയെങ്കിലും എഎംഎംഎ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മോഹന്‍ലാലിന്റെ പ്രസ്താവനകളെല്ലാം തന്നെ വീണ്ടും അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ ആരാധക കൂട്ടത്തിന്റെ ഉടമയാണെങ്കിലും പ്രസ്തുത വിവാദങ്ങളെല്ലാം തന്നെ തന്റെ കരിയറിനെ സാരമായി ബാധിക്കുമെന്ന തിരച്ചറിവില്‍ പരാമവധി തന്നെത്തന്നെ രക്ഷിച്ചെടുക്കാനുള്ള വഴി മോഹന്‍ലാല്‍ നോക്കുന്നുണ്ട്. അതിനു പറ്റിയൊരു വേദിയായിരുന്നു ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ്. എന്നാല്‍ നിലവിലെ അവസ്ഥ അവിടെയും അദ്ദേഹത്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

ഒരുപക്ഷേ, ഈ എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നേക്കുമെന്നും സൂചനകള്‍ വരുന്നുണ്ട്. അങ്ങനെയൊരു വിട്ടുനില്‍ക്കല്‍ പോലും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പരാജയം തന്നെയാണ്. മോഹന്‍ലാലിനെ പോലൊരാള്‍ക്കെതിരെ ഇത്തരം എതിര്‍പ്പുകള്‍ വരുന്നത് തന്നെ മുന്‍കാല മാതൃകകളില്ലാതെയാണ്. തങ്ങള്‍ നിലനിര്‍ത്തി പോന്നിരുന്ന ആധിപത്യത്തിന് തകര്‍ച്ച ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഇതെല്ലാമെന്ന് സൂപ്പര്‍ മെഗാതാരങ്ങള്‍ക്ക് കിട്ടുന്ന സന്ദേശങ്ങള്‍. ഒറ്റ തിരിഞ്ഞുള്ള പ്രതിഷേധങ്ങളല്ല, സംഘമായി നടക്കുന്ന പ്രതിഷേധങ്ങളാണ്. അതിനെ ഒതുക്കി തീര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പ്രതിരോധം ബുദ്ധിപൂര്‍വമായിരിക്കണമെന്നും അവര്‍ക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ അതെല്ലാം തന്നെ ഒന്നൊന്നായി പൊളിഞ്ഞു പോവുകയാണ്.

അതേ സമയം മോഹന്‍ലാലിനെ ഒഴിവാക്കണം എന്ന ആവശ്യത്തിനെതിരേയും ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഇത്തരം എതിര്‍പ്പുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനായി മാത്രം ഉണ്ടാകുന്നതാണെന്നും ഇതിനെ ചെറുക്കുമെന്നും സിനിമമേഖലയില്‍ നിന്നു മാത്രമല്ല, ബിജെപി പോലുള്ള രാഷ്ട്രീയ പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഇത്തവണ വലിയൊരു വാര്‍ത്തയായി മാറുമെന്നതില്‍ സംശയമില്ല, മോഹന്‍ലാല്‍ പങ്കെടുത്താല്‍ അങ്ങനെ, പങ്കെടുത്തില്ലെങ്കില്‍ ആ രീതിയില്‍...

ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നിലപാട് എടുക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമാണ് സിനിമ മന്ത്രി എ കെ ബാലന്‍ പറഞ്ഞത്. അതായത് ശേഷം ഭാഗം സ്‌ക്രീനില്‍. മോഹന്‍ലാല്‍ വരുമോ, ഇല്ലയോ എന്ന് നോക്കിയിരിക്കാം.

https://www.azhimukham.com/news-update-amma-president-mohanlal-wants-to-expell-from-kerala-state-film-award-protests/


Next Story

Related Stories