TopTop
Begin typing your search above and press return to search.

ഞാന്‍ എന്തുകൊണ്ടൊരു ഫ്രീക്കനാണ്-ബാലു വര്‍ഗ്ഗീസ്/അഭിമുഖം

ഞാന്‍ എന്തുകൊണ്ടൊരു ഫ്രീക്കനാണ്-ബാലു വര്‍ഗ്ഗീസ്/അഭിമുഖം

നവാഗതരില്‍ ശ്രദ്ധേയനായ ബാലു വര്‍ഗ്ഗീസിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ചാന്ത്‌പൊട്ട് എന്ന സിനിമയില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചിരുന്ന കൊമ്പന്‍ കുമാരന്‍ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ചെയ്തു കൊണ്ടായിരുന്നു. ബാലതാരമായ തലപ്പാവ്, മാണിക്യകല്ല് തുടങ്ങിയ സിനിമകള്‍ കഴിഞ്ഞെടുത്ത ചെറിയൊരു ബ്രെയ്ക്കിന് ശേഷം പ്രേക്ഷകന് മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് അമ്മാവനായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി എന്ന സിനിമയിലൂടെയായിരുന്നു. അതിന് ശേഷം ബാലുവിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല താനും. കൈ നിറയെ പടങ്ങള്‍. സഹനടനായും, കോമഡി കഥാപാത്രമായുമെല്ലാം തിളങ്ങി നില്ക്കുന്ന ബാലു ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ചങ്ക്‌സില്‍ ഹണി റോസിന്റെ നായകനായെത്തുന്നു. ബാലു വര്‍ഗ്ഗീസ് മാധ്യമ പ്രവര്‍ത്തക അനു ചന്ദ്രയുമായി പങ്കുവെച്ച വിശേഷങ്ങള്‍ വായിക്കാം:

അനു ചന്ദ്ര: ചാന്ത്‌പൊട്ടില്‍ നിന്നിങ്ങോട്ടുളള പന്ത്രണ്ട് വര്‍ഷങ്ങള്‍. അഭിനയം അനായാസമായോ?

ബാലു വര്‍ഗ്ഗീസ്: സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ നല്ലൊരു അഭിനേതാവൊന്നും ആയിരുന്നില്ല. അക്കാലങ്ങളില്‍ സിനിമ എന്ന് പറയുന്നത് ഒരു വലിയ ലക്ഷ്യമൊന്നുമല്ലായിരുന്നു. എന്താണ് പരിപാടി എന്നറിയാനുള്ള ആകാംക്ഷ മാത്രമേ ഉണ്ടായിരുന്നൊളളൂ പൊതുവില്‍. ചാന്ത്‌പൊട്ട് എന്ന സിനിമയില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കൊമ്പന്‍ കുമാരന്റെ ചെറുപ്പകാലം ചെയ്യുമ്പോഴും ആ ഒരു ആകാംക്ഷയേ വാസ്തവത്തില്‍ മനസ്സിലുണ്ടായിരുന്നുളളൂ. ചാന്ത്‌പൊട്ടില്‍ ചെറുപ്പകാലം ചെയ്യാന്‍ ഒരു പയ്യനുവേണ്ടി അവര്‍ അന്വേഷണം നടത്തുന്ന സമയത്താണ് ലാലങ്കിള്‍ സംവിധായകനായ ലാല്‍ജോസ് സാറിന് എന്നെ സജസ്റ്റ് ചെയ്യുന്നത്. അല്‍പം നിറമില്ലെങ്കിലും ഇന്ദ്രജിത്തിന്റെ നുണക്കുഴി അവര്‍ക്കാവശ്യമായിരുന്നു. അങ്ങനെ ആ സിനിമയിലെക്ക് തെരഞ്ഞെടുക്കുന്നു, ആദ്യ ടേക്കില്‍ തന്നെ ഓകെ ആകുന്നു, ലാല്‍ജോസ് സാര്‍ നല്ല അഭിപ്രായം പറയുന്നു. അവിടത്തെ ലൊക്കേഷന്‍ അനുഭവങ്ങള്‍ നല്ലതായതുകൊണ്ടാകാം ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്ന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചു. പിന്നീടവിടന്നങ്ങോട്ട് ബന്ധങ്ങളുടെ പുറത്ത് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. ചെറുപ്പം മുതലേ വീട്ടില്‍ വളരെ നാണക്കാരനായ, പാവമായ ഒരു പയ്യനായിരുന്ന എന്റെ സിനിമയിലേക്കുളള എന്‍ട്രി തന്നെ ഇങ്ങനെയാണ്. ഞാന്‍ ഒരു മഹത്തായ നടനാണെന്നൊന്നും പറയുന്നില്ലെങ്കില്‍ കൂടിയും എനിക്ക് തോന്നുന്നു ഒരു ട്രാക്കിലോട്ട് എത്തിപ്പെട്ട് അത്യാവശ്യം ഒരു ഐഡിയ കിട്ടി കഴിഞ്ഞാല്‍ ആക്ടിംങ് ഒരു വലിയ കടമ്പ ഒന്നുമല്ലെന്ന്.

അനു: കലാകുടുംബത്തിലാണ് വളര്‍ച്ച. ലാല്‍ എന്ന കലാകാരന്റെ, അമ്മാവന്റെ സാന്നിധ്യം...?

ബാലു: വീട്ടിലുള്ള പിളേളരുടെ ഏറ്റവും വലിയ റോള്‍ മോഡലാണ് ലാലങ്കിള്‍. പണ്ട് മുതല്‍ക്കെ ലാലങ്കിളിനെ പോലെയാകണം, ലാലങ്കിളിനെ പോലെ ചെയ്യണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. ഞാനും ജീനേട്ടനും ഒരുമിച്ചാണ് സ്വപ്നം കണ്ട് തുടങ്ങിയത്, സിനിമയെ കുറിച്ചാണെങ്കിലും എല്ലാത്തിനെ കുറിച്ചാണെങ്കിലും. ലാലങ്കിള്‍ ഞങ്ങള്‍ എല്ലാവരുടെയും മനസ്സിലെ പെര്‍ഫക്ട് ജെന്റില്‍മാനാണ്. വീട്ടിലുളള ഒരാള്‍ ആരാധിക്കുവാനുളളപ്പോള്‍ പുറത്തുളള ഒരാളെയും ആരാധിക്കാന്‍ പോയിട്ടില്ല. ഒരു സംവിധായകനെന്ന നിലയില്‍, പ്രൊഡ്യൂസറെന്ന നിലയില്‍, അഭിനേതാവെന്ന നിലയില്‍ അങ്ങനെ എല്ലാ തലത്തിലും എന്തിനേറെ ഒരു വ്യക്തിയെന്ന നിലയില്‍ പോലും അദ്ദേഹം ഞങ്ങളുടെ ആംഗിളില്‍ പെര്‍ഫക്ടാണ്. അതെല്ലാം കണ്ടു വളര്‍ന്നത് കൊണ്ട് തന്നെയായിരിക്കാം ഞാനും വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ ഇപ്പൊഴിങ്ങനെ പോകുന്നത്.

അനു: ജീന്‍പോളെന്ന സഹോദരന്‍ സംവിധായകനായി. അതിനെ കുറിച്ച്..?

ബാലു: ജീനേട്ടന്‍ എപ്പോഴും വെറൈറ്റിയായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണ്. ഹണിബീ ഒരു വലിയ കോമേഴ്‌സ്യല്‍ സിനിമയായിരുന്നു എങ്കില്‍ അടുത്തത് സെയ്ഫ് എന്നതിനപ്പുറത്തോട്ട് കാലിബറിനെ ഫോക്കസ് ചെയ്ത് കൊണ്ട് സംവിധാനം ചെയ്ത സിനിമയാണ് ഹായ് ആം ടോണി. അതൊരു ഹിറ്റ് അല്ലെങ്കിലും സിനിമയെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വര്‍ക്ക് തന്നെയായിരുന്നു. ഒരിക്കലും ഒരു പ്രത്യേക സ്‌റൈറല്‍ ഫോളോ ചെയ്യാനിഷ്ടപ്പെടുന്ന ആളല്ല.

അനു: കിംങ്ലയറിലെ ദിലീപുമൊത്തുളള അഭിനയാനുഭവങ്ങളെ കുറിച്ച്?

ബാലു: അത് വേറെ തരത്തില്‍ ഉളള ഒരു എക്‌സ്പീരിയന്‍സായിരുന്നു. ഓരോ സിനിമകളും ഓരോ തരത്തിലുള്ള അനുഭവങ്ങളടയിരുന്നു. ചാന്ത്‌പൊട്ടില്‍ ലാല്‍ജോസ് സാറിന്റെ ഇന്‍സ്ട്രക്ഷന്‌സിനെ ഫോളോ ചെയ്തു. വളരെ ഫ്രീഡത്തോടെ ചെയ്ത ചിത്രമാണ് ഇതിഹാസ. പല സിനിമകളും എനിക്കൊരു സ്‌ക്കൂള്‍ ആയിരുന്നെങ്കില്‍ കിംങ്ലയര്‍ ഒരു യൂണിവേഴ്‌സിററിയായിരുന്നു. സിദ്ദീഖ്‌ലാല്‍ എന്ന കൂട്ടുക്കെട്ട് ഒരു വശത്ത്. മറുവശത്ത് ദിലീപേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍. പഠിയ്ക്കാനൊരുപാട് ഉണ്ടായിരുന്നു. ദിലീപേട്ടന്‍ തരുന്ന ടിപ്പ്‌സ്, സജക്ഷന്‍സ് എല്ലാം. പിന്നെ സിനിമ ഒരു വണ്‍ മാന്‍ ഷോ അല്ല, പ്രോപ്പറായി എല്ലാവരും വര്‍ക്ക് ചെയ്താലേ നല്ല ഒരു ഔട്ട്പുട്ട് ലഭിക്കൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അനു: സിനിമകളിലെ പോലെ വ്യക്തിജീവിതത്തിലും തമാശ കൈകാര്യം ചെയ്യുന്ന, ഒരു ഫ്രീക്കനാണോ ബാലു?

ബാലു: ഞാന്‍ ഒരിക്കലും വളരേ സീരിയസ്സായിട്ടുളള ഒരാളല്ല. അത്യാവശ്യം നല്ല രീതിയില്‍ ഹ്യൂമറും എല്ലാം പറഞ്ഞു പോകുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍ മാത്രമാണ്. പിന്നെ ഫ്രീക്കന്‍ എന്ന് പറഞ്ഞാല്‍ അത് എന്താണെന്ന് പ്രോപ്പറായിട്ട് ഇത് വരേക്കും എനിക്ക് മനസ്സിലായിട്ടില്ല. അടിച്ച് പൊളിച്ച് നടക്കുന്ന, എല്ലാവരുമായിട്ട് സന്തോഷിക്കുന്ന, എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഫ്രീക്കന്‍ എങ്കില്‍ യെസ് ആം എ ഫ്രീക്കന്‍.

അനു: ബാലു നായകനാകുന്ന പുതിയ സിനിമയായ ചങ്ക്‌സിന്റെ വിശേഷങ്ങളിലേക്ക് വരാം..

ബാലു: ഹണിറോസ് ചെയ്യുന്ന കഥാപാത്രത്തിന്റെ നായകനായാണ് ഞാനിതില്‍ വരുന്നത്. എഞ്ചിനീയറിംങ് കോളേജിലെ ബോയ്‌സ് മാത്രമുള്ള മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് ആകെയുളള ഒരു പെണ്‍ സാന്നിധ്യമായി ഹണിറോസ് വരികയും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഈ സിനിമ. ആക്ച്വലി ഹണിറോസിന്റെ നായകനായി എത്തുക എന്നത് വര്‍ക്ക് ഔട്ട് ആകുമോ എന്ന ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ സംവിധായകന്‍ ഒമറിന്റെ കോണ്‍ഫിഡന്‍സാണ് ഈ സിനിമ. പിന്നെ മാക്‌സിമം പെര്‍ഫോം ചെയ്തു .

അനു: ധര്‍മ്മജന്‍ ബോള്‍ഗാട്ടി-ബാലു രണ്ട് പേരും തമാശയെ ഉപയോഗപ്പെടുത്തുന്നവര്‍. ചങ്ക്‌സിലൊന്നിച്ചുളള അനുഭവം?

ബാലു: ധര്‍മ്മജന്‍ ചേട്ടന്‍ നല്ലൊരു സ്‌റേറജ് പെര്‍ഫോമര്‍ ആണ്. ആളുകളെ സ്‌പോട്ടിലെങ്ങനെ ചിരിപ്പിക്കാമെന്ന വളരെ വ്യക്തതയുളള ആള്‍. എന്ത് ചെറിയ സംഭവത്തിലും തമാശ കണ്ടെത്താന്‍ കഴിയുന്ന, അതില്‍ നിന്ന് കോമഡി ഉണ്ടാക്കാന്‍ കഴിയുന്ന അസാമാന്യമായ കഴിവുളളയാള്‍. ചേട്ടന്റെ മുഖത്തെ ആ ഒരു നിഷ്‌കളങ്കതയെ പോലും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. നല്ലൊരനുഭവമായിരുന്നു.

അനു: ഹാപ്പി വെഡ്ഡിംങിന്റെ വിജയത്തിന് ശേഷം ഒമര്‍ ഒരുക്കുന്ന സിനിമ. ചങ്ക്‌സ് പ്രതീക്ഷ തരുന്നുണ്ടോ?

ബാലു: പ്രതീക്ഷയുണ്ട്. അതുപോലെ ഇനി വരാന്‍ പോകുന്ന പ്രൊജക്ട് ധനുഷ് ആദ്യമായി മലയാളത്തില്‍ പ്രൊഡ്യൂസ് ചെയ്യുന്ന തരംഗം എന്ന സിനിമയിലെ കഥാപാത്രം, അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മറ്റൊരു മലയാള സിനിമയായ ലഡ്ഡുവിലെ കഥാപാത്രം, എല്ലാം പ്രതീക്ഷ തരുന്നു.

അനു: ഫ്രീക്കന്‍, ന്യൂജെന്‍ ഇമേജ് എല്ലാം ബ്രെയ്ക്ക് ചെയ്ത് ഒരു ഹീറോ ലെവലിലേക്ക് എത്തുകയാണോ ഈ സിനിമയിലൂടെ?

ബാലു: ഒരിക്കലും ഒരു ഹീറോ അല്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ കളിയ്ക്കാന്‍ വന്ന ആളല്ല ഞാന്‍. നല്ല നടനാണ്, നന്നായി ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാല്‍ തന്നെ ഞാന്‍ ഹാപ്പിയാണ്. എനിക്കൊരു അവാര്‍ഡും വേണ്ട, സൂപ്പര്‍ സ്‌ററാര്‍ ഇമേജും വേണ്ട. നല്ല സിനിമകളില്‍ നല്ല അഭിനയവും കഥാപാത്രവുമായി സാന്നിധ്യം ഉണ്ടായാല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories